ആരാണ് ഈ പോപ്പ്, മാര്‍പാപ്പ, വല്ല ഗായകനാണോ?; അവഹേളിച്ച് തൊപ്പി: വ്യാപകം വിമർശനം

വിവാദങ്ങളിലൂടെ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന യൂട്യൂബ് താരമാണ് തൊപ്പി എന്ന നിഹാദ്. ഗെയിമിങ് പ്ലാറ്റ്‌ഫോമുകളിലൂടെ വൈറലായ കണ്ണൂർ സ്വദേശിയായ നിഹാദിന് ലക്ഷക്കണക്കിന് സബ്‌സ്‌ക്രൈബേഴ്‌സാണ് യൂട്യൂബില്‍ ഉള്ളത്. കഴിഞ്ഞ ദിവസം ബസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടിയ കേസിൽ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വടകര ബസ് സ്റ്റാൻഡിൽ വെച്ചായിരുന്നു സംഭവം. കാറുമായി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ബസ് തൊഴിലാളികൾ തടഞ്ഞ് പോലീസിൽ ഏൽപിക്കുകയായിരുന്നു.
ഇപ്പോഴിതാ, അടുത്ത വിവാദവുമായി എത്തിയിരിക്കുകയാണ് തൊപ്പി. യൂട്യൂബ് ലൈവ് സ്ട്രീമിങിനിടെ മാർപാപ്പയെ പറ്റി തൊപ്പി നടത്തിയ വിവാദ പരാമർശത്തിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. തൊപ്പിയുടെ ലൈവ് സ്ട്രീമിങിനിടെ നിരവധി പേർ മാർപാപ്പയ്ക്ക് അനുശോചനം അറിയിച്ച് കമന്റുകൾ ഇട്ടിരുന്നു. ഇത് കണ്ട തൊപ്പി “ആരാണ് ഈ പോപ്പ്, മാർപാപ്പ, വല്ല ഗായകനാണോ” എന്ന് ചോദിച്ച് അവഹേളിക്കുകയായിരുന്നു.
നേരത്തെയും നിരവധി വിവാദങ്ങളിൽ തൊപ്പിയുടെ പേര് ഉയർന്ന് വന്നിരുന്നു. കഴിഞ്ഞ ദിവസം മലപ്പുറം വളാഞ്ചേരിയിൽ കട ഉദ്ഘാടനത്തിനെത്തിയപ്പോൾ വേദിയിൽ വെച്ച് അശ്ലീല പദപ്രയോഗങ്ങൾ നടത്തിയതിന് തൊപ്പിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സം ഉണ്ടാക്കിയ കേസിലും ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അന്ന് ഫ്ലാറ്റിന്റെ വാതിൽ തുറക്കാൻ ഇയാൾ തയ്യാറാകാത്തതിനെ തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.