കണ്ണേ കരളേ വിഎസ്സേ, ആര് പറഞ്ഞു മരിച്ചെന്ന്; പുന്നപ്രയുടെ മണ്ണിൽ അവസാനമായി എത്തി ജനനായകൻ

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ഒടുവിൽ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെത്തി. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് തിരുവനന്തപുരം നഗരത്തിൽ നിന്ന് ആരംഭിച്ച് 22 മണിക്കൂർ ആകുമ്പോഴാണ് വിലാപയാത്ര പുന്നപ്രയിലെത്തുന്നത്. ജനലക്ഷങ്ങളാണ് തലസ്ഥാന നഗരം മുതൽ പുന്നപ്ര വരെയുള്ള വീഥികളിൽ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനായി കാത്തുനിന്നത്
പുന്നപ്രയിലെ വേലിക്കകത്ത് വീടിനും പരിസരത്തും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തും പതിനായിരങ്ങളാണ് തടിച്ചു കൂടിയിരിക്കുന്നത്. വടക്കൻ കേരളത്തിൽ നിന്നടക്കമുള്ളവർ വിഎസിന് അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി ആലപ്പുഴയിൽ എത്തിച്ചേർന്നിട്ടുണ്ട്. ഇന്നലെ രാത്രി പത്ത് മണിയോടെ വിലാപയാത്ര പുന്നപ്രയിൽ എത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും ഏറെ വൈകിയാണ് ഇപ്പോൾ വിലാപയാത്ര എത്തിച്ചേർന്നിരിക്കുന്നത്
വികാരനിർഭരമായ നിമിഷങ്ങളാണ് വിലാപയാത്ര കടന്നുപോകുമ്പോൾ ആലപ്പുഴയിൽ എവിടെയും കാണാനായത്. കണ്ണുനിറഞ്ഞ് തൊണ്ട പൊട്ടുമാറ് ഉച്ചത്തിൽ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ കണ്ണേ കരളേ വിഎസ്സേ, ആര് പറഞ്ഞ് മരിച്ചെന്ന എന്ന മുദ്രവാക്യം മുഴക്കുകയാണ്. പാർട്ടി നേതാക്കളടക്കമുള്ളവർ വേലിക്കകത്തെ വീട്ടിൽ എത്തിച്ചേർന്നിട്ടുണ്ട്
മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കമുള്ള സിപിഎം നേതാക്കളും, മന്ത്രിമാരും ഇതര രാഷ്ട്രീയ പാർട്ടി നേതാക്കളും വിഎസിന്റെ വസതിയിൽ നേരത്തെ എത്തിച്ചേർന്നിട്ടുണ്ട്.