യുഎഇയില്‍ കൂടുതല്‍ ഓട്ടിസം സെന്ററുകള്‍ വേണമെന്ന് എഫ്എന്‍സി അംഗം

അബുദാബി: രാജ്യത്ത് കൂടുതല്‍ ഓട്ടിസം സെന്ററുകള്‍ വേണമെന്ന് എഫ്എന്‍സി(ഫെഡറല്‍ നാഷ്ണല്‍ കൗണ്‍സില്‍) അംഗമായ ഡോ. മറിയം അല്‍ ബെദ്വാവി ആവശ്യപ്പെട്ടു. നിലവില്‍ 95 ഓട്ടിസം സെന്ററുകളാണ് യുഎഇയിലുള്ളത്. ഇതില്‍ 61 എണ്ണം ചരിത്രപരമായ സേവനമാണ് രാജ്യത്തിനായി ചെയ്യുന്നത്. ഓട്ടിസം ബാധിച്ചവര്‍ക്ക് മിതമായ നിരക്കില്‍ സംരക്ഷണം ഉറപ്പാക്കാന്‍ ഇത് ആവശ്യമാണെന്നും ഇന്നലെ നടന്ന എഫ്എന്‍സി സെഷനില്‍ അജ്മാനില്നിന്നുമുള്ള അംഗമായ മറിയം വ്യക്തമാക്കി.
ഓട്ടിസം ബാധിച്ച കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് കൂടുതല്‍ സെന്ററുകള്‍ സര്‍ക്കാര്‍ സംവിധാനത്തിന് കീഴില്‍ വരുന്നത് അവരുടെ സാമ്പത്തിക ബുദ്ധിമുട്ട് കുറക്കാന്‍ സഹായകമാവും. പലരും വലിയ തുകയാണ് സെന്ററുകളുടെ അഭാവത്തില്‍ കുട്ടികളുടെ സുരക്ഷക്കായി ചെലവഴിക്കേണ്ടി വരുന്നത്. യുഎഇ സര്‍ക്കാര്‍ പ്രത്യേക പരിഗണന ആവശ്യമായ വെല്ലുവിളി നേരിടുന്നവരുടെ കാര്യത്തില്‍ ശക്തമായ നയങ്ങളും പരിപാടികളുമാണ് നടപ്പാക്കിവരുന്നതെന്നും അവര്‍ അനുസ്മരിച്ചു.