തസ്മിത്തിനായി വ്യാപക തെരച്ചിൽ; കന്യാകുമാരിയിൽ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ കണ്ടെത്താനായില്ല
കഴക്കൂട്ടത്ത് നിന്നും കാണാതായ 13കാരി തസ്മിത്തിനായി കന്യാകുമാരിയിൽ നടത്തിയ പരിശോധനയിൽ കാര്യമായ പുരോഗതിയില്ല. റെയിൽവേ സ്‌റ്റേഷനിൽ നിന്ന് സിസിടിവി ദൃശ്യം ലഭിക്കാനുള്ള സാധ്യത പോലീസ് തള്ളി. പരിസരത്തെ കടകളിലും ഫോട്ടോഗ്രാഫർമാരെയും കുട്ടിയുടെ ചിത്രം കാണിച്ചു. കന്യാകുമാരിയിൽ പൊലീസ് പരിശോധന വ്യാപകമാക്കി. ബസ് സ്റ്റാന്റിൽ ഉൾപ്പടെ പൊലീസിന്റെ പരിശോധന തുടരുകയാണ്. കുട്ടിയുടെ ഫോട്ടോ ആളുകളെ കാണിച്ചാണ് പരിശോധന.
കുട്ടി കന്യാകുമാരിയിൽ എത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതായി കഴക്കൂട്ടം എസ്പി നിയാസ് പറഞ്ഞു. കേരള പൊലീസ് സംഘത്തിന്റെ തെരച്ചിൽ തുടരുകയാണ്. അന്വേഷണത്തിന് തമിഴ്നാട് പൊലീസിന്റെയും സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൽ ശുഭപ്രതീക്ഷയെന്ന് ഡിസിപി ഭരത് റെഡ്ഡി പറഞ്ഞു. കന്യാകുമാരിയിൽ കണ്ടെന്ന് മൊഴി ലഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും ഡിസിപി പറഞ്ഞു.
പുലർച്ചെ 5.30 ന് സമീപത്തെ ഓട്ടോഡ്രൈവർമാർ കുട്ടിയെ കണ്ടതായി പൊലീസിന് വിവരം നൽകി. കന്യാകുമാരി ബീച്ചിന് സമീപത്തുള്ള ഓട്ടോ ഡ്രൈവർമാരാണ് കുട്ടിയെ കണ്ടത്. പൊലീസിന്റെ ആദ്യസംഘം കന്യാകുമാരിയിലെത്തി. ഇന്നലെ ഉച്ചയ്ക്ക് ബെംഗളൂരു-കന്യാകുമാരി ട്രെയിനിലാണ് കുട്ടി കന്യാകുമാരിയിലേക്ക് പോയത്.