20 കോച്ചുള്ള വന്ദേഭാരത് ഒന്ന് കൂടി കേരളത്തിലേക്ക് വരുമോ

20 കോച്ചുള്ള പുതിയ ഒരു വന്ദേ ഭാരത് ട്രെയിൻ കൂടി കേരളത്തിലേക്ക് വരാൻ സാധ്യത. ആലപ്പുഴ വഴി പോകുന്ന കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ട്രെയിനായ തിരുവന്തപുരം- മംഗളൂരു- തിരുവനന്തപുരം (20631/20632) വണ്ടിയാണ് 20 കോച്ച് ആക്കാനൊരുങ്ങുന്നത്.
ആലപ്പുഴ വഴി ഓടുന്ന വന്ദേ ഭാരത് ട്രെയിന് നിലവിൽ 8 കോച്ചുകളാണ് ഉള്ളത്. 20 കോച്ച് ആകുന്നതോടെ സീറ്റിംഗ് കപ്പാസിറ്റി 512 നിന്ന് 1336 ആയി വർധിക്കുകയും ചെയ്യും.
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് 20 കോച്ചുകൾ ഉള്ള പുതിയ വന്ദേഭാരത് ട്രെയിൻ ഇതിനകം പുറത്തിറങ്ങി കഴിഞ്ഞു. ദക്ഷിണ റെയിൽവേയ്ക്കാണ് ട്രെയിൻ അനുവദിച്ചത്. രാവിലെ 6.25 മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 3.05 ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന ട്രെയിൻ വൈകിട്ട് 4.05 തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടു പിറ്റേന്ന് ഉച്ചയ്ക്ക് 12.40ന് മംഗളൂരുവിൽ എത്തിച്ചേരും.
ജനുവരി 10 മുതൽ കോട്ടയം വഴി പോകുന്ന 16 കോച്ചുകളുള്ള തിരുവനന്തപുരം- കാസർകോട് വന്ദേഭാരത് ട്രെയിൻ(20634/20633) 20 കോച്ചുകളാക്കിയിരുന്നു. 20 കോച്ച് ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കായി മംഗളൂരുവിൽ പുതിയ പിറ്റ് ലൈനിനിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.