പ്രഷർ കുക്കർ പഴകിയാൽ ഭക്ഷണം വിഷമാകുമോ? കാലാവധി അറിയാം

കാലങ്ങളോളമായി ഒരേ പ്രഷർ കുക്കർ തന്നെയാണോ ഉപയോഗിക്കുന്നത്? എങ്കിൽ നിങ്ങളുടെ ഭക്ഷണം വിഷമയമാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഡോക്റ്റർമാർ. സമാനമായൊരു സംഭവം മുംബൈയിൽ അടുത്തയിടെ റിപ്പോർട്ട് ചെയ്തിരുന്നു. 20 കൊല്ലം പഴക്കമുള്ള കുക്കറിൽ വേവിച്ച ഭക്ഷണം കഴിച്ച 50കാരനാണ് ലെഡ് വിഷബാധയെത്തുടർന്ന് ഗുരുതരാവസ്ഥയിലായത്. ഇന്‍റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. വിശാൽ ഗബാലേ ആണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ പങ്കു വച്ചിരിക്കുന്നത്.
ഗുരുതരമായ രീതിയിലാണ് അദ്ദേഹത്തിന്‍റെ ശരീരത്തിൽ ലെഡിന്‍റെ അംശം കണ്ടെത്തിയിരുന്നത്. ഒരു ഡെസിലിറ്റർ രക്തത്തിൽ 22 മൈക്രോഗ്രാം ലെഡ് ആണുണ്ടായിരുന്നത്. എന്താണ് കാരണമെന്ന് വ്യക്തമായിരുന്നില്ല. വീട്ടുകാരോട് വിശദമായി ചോദിച്ചപ്പോഴാണ് കഴിഞ്ഞ 20 വർഷമായി അവർ ഒരേ കുക്കറിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന് വ്യക്തമായത്. അലുമിനിയത്തിൽ നിർമിച്ച കുക്കറിൽ അസിഡിക് അംശത്തോടു കൂടിയ ഭക്ഷണം പാകം ചെയ്യുമ്പോൾ അലുമിനിയം, ലെഡ് കണികകൾ ഭക്ഷണത്തിലേക്ക് കലരും. അതു നിങ്ങളുടെ ന്യൂറൽ കാൽഷ്യം ചാനലുകളെ തടസപ്പെടുത്തുമെന്നും ഡോക്റ്റർ പറയുന്നു.ചെലേഷൻ തെറാപ്പിയിലൂടെയാണ് അദ്ദേഹത്തിന്‍റെ ശരീരത്തിൽ നിന്ന് ലെഡിന്‍റെ അംശം നീക്കം ചെയ്തത്.
ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ മാരകമാണ് ലെഡ് വിഷബാധ. തലച്ചോർ, നാഡികൾ, രക്തം, വൃക്ക, ദഹനവ്യവസ്ഥ എന്നിവയെയെല്ലാം ലെഡ് വിഷബാധ ഗുരുതരമായി ബാധിക്കും. ഇതു മൂലം മറവി, തലകറക്കം, വേദന എന്നിവയെല്ലാം അനുഭവപ്പെട്ടേക്കാം.