അനധികൃത കുടിയേറ്റം തടയും, ട്രാൻസ്‌ജെൻഡേഴ്‌സിനെ നിരാകരിക്കും: നയം പ്രഖ്യാപിച്ച് ട്രംപ്
അമേരിക്കയുടെ സുവർണയുഗത്തിന് തുടക്കമാകുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസിന്റെ 47ാം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. 2025 ജനുവരി 20 യുഎസിന്റെ വിമോചന ദിനമാണെന്നും ട്രംപ് അവകാശപ്പെട്ടു.
യുഎസ്-മെക്‌സിക്കോ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ഉത്തരവിൽ ഒപ്പുവെക്കും. എല്ലാ അനധികൃത കുടിയേറ്റവും തടയും. രാജ്യത്തേക്ക് അനധികൃതമായി എത്തുന്ന എല്ലാ ക്രിമിനൽ വിദേശികളെയും അവരുടെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കാനുള്ള നടപടികൾ സർക്കാർ തുടങ്ങും.
ഇന്ന് മുതൽ യുഎസ് അഭിവൃദ്ധിപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യും. അമേരിക്കയെ ഞാൻ ഒന്നാമത് എത്തിക്കും. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും തിരിച്ചുപിടിക്കും. ആത്മവിശ്വാസത്തോടെയും ശുഭപ്രതീക്ഷയോടെയുമാണ് തിരിച്ചുവരുന്നത്.
നമ്മുടെ കാലടിക്ക് താഴെ ഒഴുകുന്ന സ്വർണത്തിന്റെ ശേഖരമുണ്ട്. അതുപയോഗിച്ച് യുഎസിനെ വീണ്ടും സമ്പന്ന രാജ്യമാക്കും. എണ്ണ, പ്രകൃതിവാതക ഖനനം വർധിപ്പിക്കും. ഇലക്ട്രിക് വാഹനങ്ങൾ നിർബന്ധമാക്കാനുള്ള ഉത്തരവ് പൻവലിക്കും. യുഎസിൽ സ്ത്രീയും പുരുഷനും എന്ന രണ്ട് വിഭാഗങ്ങൾ മാത്രമേയുണ്ടാകൂവെന്നും ഇതിനുള്ള ഉത്തരവിൽ ഉടൻ ഒപ്പുവെക്കുമെന്നും ട്രംപ് പറഞ്ഞു. ട്രാൻസ്‌ജെൻഡേഴ്‌സിനെ പാടെ തള്ളുമെന്നാണ് പ്രഖ്യാപനം.