
അബുദാബി: രാജ്യത്ത് ശൈത്യകാല ദിനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് എത്തിയെന്ന സൂചന നല്‍കി മഴയുടെ സാന്നിധ്യത്തിലും താപനില ഉയരുന്നു. ഞായറാഴ്ച രാജ്യത്ത് പൊതുവേ 30 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. ചില ഇടങ്ങളില്‍ താപനില 31 ഡിഗ്രിയോളമായിരുന്നു. മേഘാവൃതമായ കാലാവസ്ഥയും ചിലയിടങ്ങളിലെല്ലാം മഴയും ഈ ആഴ്ചയില്‍ ഉണ്ടാവുമെങ്കിലും അടുത്ത ആഴ്ച മുതല്‍ താപനില ഉയരുന്ന പ്രവണതയാവും സംഭവിക്കുക എന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.
അബുദാബിയില്‍ ഇന്നലെ താപനില 31 ഡിഗ്രിവരെ ഉയര്‍ന്നിരുന്നു. രാത്രിയില്‍ 23 ഡിഗ്രിയിലേക്ക് താഴുന്ന പ്രവണതയും അനുഭവപ്പെട്ടു. വ്യാഴാഴ്ച വരെ അബുദാബിയിലും ദുബായിലും താപനില ഉയര്‍ന്നുതന്നെ നില്‍ക്കും. കിഴക്കന്‍ കാറ്റിന്റെ കുറഞ്ഞ മര്‍ദവും പടിഞ്ഞാറന്‍ കാറ്റിന്റെ കൂടിയ മര്‍ദവുമാണ് താപനില ഉയരുന്നതിലേക്ക് നയിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച രാജ്യത്ത് ശൈത്യകാലങ്ങളില്‍ അടുത്തകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ചൂടായ 32.4 ഡിഗ്രി സെല്‍ഷ്യസ് അബുദാബി രേഖപ്പെടുത്തിയിരുന്നു. അന്ന് കുറഞ്ഞ താപനിലയായ 9.1 ഡിഗ്രി സെല്‍ഷ്യസ് റാസല്‍ഖൈമയിലെ ജബല്‍ ജെയ്‌സിലായിരുന്നു അനുഭവപ്പെട്ടത്.