നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് പിൻമാറി; മകളെ പിതാവ് വെടിവെച്ചു കൊന്നു
നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് വിസമ്മതിച്ച മകളെ പിതാവ് വെടിവെച്ച് കൊന്നു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ഗ്വാളിയോർ ഗോല കാ മന്ദിർ സ്വദേശിനി തനു ഗുർജാറിനെയാണ്(20) പിതാവ് മഹേഷ് ഗുർജാർ വെടിവെച്ച് കൊന്നത്. ചൊവ്വാഴ്ച രാത്രി വീട്ടിൽ പോലീസുകാരുടെ കൺമുന്നിൽ വെച്ചായിരുന്നു കൊലപാതകം
ജനുവരി 18നാണ് തനുവിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചത്. എന്നാൽ യുവതിക്ക് ഇതിൽ താത്പര്യമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ തനു ഇക്കാര്യം വീഡിയോ വഴി പുറത്തറിയിച്ചു. വിക്കി എന്നയാളെ വിവാഹം ചെയ്യാനാണ് തനിക്ക് താത്പര്യമെന്നും ഇവർ പറഞ്ഞു
വീട്ടുകാർ പതിവായി തന്നെ മർദിക്കുന്നുണ്ടെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും എന്തെങ്കിലും സംഭവിച്ചാൽ കുടുംബമായിരിക്കും ഉത്തരവാദികളെന്നും യുവതി വീഡിയോയിൽ പറഞ്ഞിരുന്നു. ഇത് അന്വേഷിക്കാനായി എസ് പി ധർമവീർ സിംഗിന്റെ നേതൃത്വത്തിൽ പോലീസ് സംഘം പെൺകുട്ടിയുടെ വീട്ടിലെത്തി
വീട്ടുകാരെയും നാട്ടുപഞ്ചായത്ത് അധികൃതരെയും പെൺകുട്ടിയെയും ഒരുമിച്ചിരുത്തി ചർച്ച നടത്തി. ചർച്ചക്കിടെ തനിക്ക് മഹിളാ മന്ദിരത്തിലേക്ക് മാറണമെന്ന് യുവതി പറഞ്ഞു. ഇതിനിടെ തനുവുമായി സ്വകാര്യമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പിതാവ് വിളിച്ചു കൊണ്ടുപോകുകയും നാടൻ തോക്ക് ഉപയോഗിച്ച് നെഞ്ചിലേക്ക് വെടിയുതിർക്കുകയുമായിരുന്നു
പിന്നാലെ തൊട്ടടുത്തുണ്ടായിരുന്ന രാഹുൽ എന്ന ബന്ധുവും യുവതിക്ക് നേരെ വെടിയുതിർത്തു. പലതവണ വെടിയേറ്റ യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മഹേഷിനെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് കീഴ്‌പ്പെടുത്തിയത്. കൂട്ടുപ്രതിയായ രാഹുൽ ഓടിരക്ഷപ്പെട്ടു.