നാദാപുരം വളയത്ത് നിന്ന് കാണാതായ യുവതിയെയും രണ്ട് മക്കളെയും ഡൽഹിയിൽ കണ്ടെത്തി

വടകര നാദാപുരം വളയത്ത് നിന്ന് കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തി. ഡൽഹി നിസാമുദ്ദീൻ ബസ് സ്റ്റാൻഡിൽ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. യുവതിയുടെ കുടുംബം നടത്തിയ പരിശോധനയിലാണ് ഇന്ന് പുലർച്ചെ 5.30ഓടെ ഇവരെ കണ്ടെത്തിയത്
കഴിഞ്ഞ ദിവസമാണ് ഇവർ വീടു വിട്ടിറങ്ങിയത്. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. യുവതിയും മക്കളും വടകര റെയിൽവേ സ്റ്റേഷനിൽ നിന്നും ബംഗളൂരുവിലേക്ക് ടിക്കറ്റ് എടുത്ത് പോയതായി പോലീസ് കണ്ടെത്തിയിരുന്നു.
പിന്നാലെ അന്വേഷണ സംഘം ബംഗളൂരുവിൽ എത്തുകയും ചെയ്തു. വളയം ചെറുമോത്ത് സ്വദേശിയുടെ ഭാര്യയെയും രണ്ട് മക്കളെയുമാണ് ഫെബ്രുവരി 28 മുതൽ കാണാതായത്. കഴിഞ്ഞ ദിവസം ഇവർ ഡൽഹി നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷന് സമീപത്തെ എടിഎമ്മിൽ നിന്നും പണം പിൻവലിച്ചതായി കണ്ടെത്തിയിരുന്നു
ഇതോടെ യുവതിയുടെ ഭർത്താവും സഹോദരനും ഡൽഹിയിലെത്തി സ്വന്തം നിലയിൽ പരിശോധന നടത്തി. ഇതിനിടയിലാണ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് കയറുന്നതിനിടെ കാണാതായ ആഷിദയെയും മക്കളയും കണ്ടെത്തിയത്.