Kerala

വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; സിറാജുദ്ദീനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം: കേസെടുത്ത് പൊലീസ്

വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശിനി അസ്മയാണ് വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് മരിച്ചത്. യുവതിയുടെ മരണത്തെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അഞ്ചാമത്തെ പ്രസവത്തിലാണ് യുവതിയുടെ മരണം.

അസ്മയുടെ ആദ്യത്തെ രണ്ട് പ്രസവങ്ങള്‍ ആശുപത്രിയിലും മൂന്ന് പ്രസവങ്ങള്‍ വീട്ടിലുമായിരുന്നു നടന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. പോസ്റ്റുമോര്‍ട്ടം നാളെ നടക്കും. അക്യുപംഗ്ചര്‍ ചികിത്സാരീതിയാണ് പ്രസവത്തിനായി അസ്മയും ഭര്‍ത്താവ് സിറാജുദ്ദീനും ഉപയോഗിച്ചതെന്നാണ് വിവരം.

കഴിഞ്ഞ ദിവസം വൈകുന്നേരം ആറിന് ആയിരുന്നു അസ്മ പ്രസവിച്ചത്. രാത്രി ഒന്‍പത് മണിയോടെയാണ് ഭാര്യ മരിച്ചതായി സിറാജുദ്ദീന്‍ മനസിലാക്കുന്നത്. പിന്നാലെ മൃതദേഹം സിറാജുദ്ദീന്‍ പെരുമ്പാവൂരിലെ വീട്ടിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തിയാണ് മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.

കുട്ടി പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വൈകുന്നേരം പ്രസവം നടന്നെങ്കിലും അസ്മയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കരഞ്ഞപേക്ഷിച്ചിട്ടും ഭര്‍ത്താവ് സിറാജുദ്ദീന്‍ അനുവദിച്ചില്ലെന്നാണ് അസ്മയുടെ കുടുംബത്തിന്റെ ആരോപണം.

സിറാജുദ്ദീന്‍ ആലപ്പുഴ സ്വദേശിയാണ്. മലപ്പുറം ചട്ടിപ്പറമ്പില്‍ വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. ഒന്നര വര്‍ഷം മുന്‍പാണ് ഈ കുടുംബം വാടകവീട്ടിലെത്തിയത്. കുടുംബത്തില്‍ നാലുകുട്ടികള്‍ ഉള്ളതുപോലും പ്രദേശവാസികള്‍ക്ക് അറിയിവില്ലായിരുന്നുവെന്നാണ് പറയുന്നത്. കുട്ടികളെ സ്‌കൂള്‍ വണ്ടിയില്‍ വിടാനായി മാത്രമാണ് സിറാജുദ്ദീന്റെ ഭാര്യ പുറത്തിറങ്ങുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

Related Articles

Back to top button
error: Content is protected !!