10 മാസം കൊണ്ട് 18 കിലോ കുറച്ചു; വണ്ണം കുറച്ചത് എങ്ങനെയെന്ന് വെളിപ്പെടുത്തി യുവതി
ശരീരഭാരം കുറയ്ക്കുന്നതിനുള്ള ടിപ്സുകൾ ഇൻസ്റ്റഗ്രാം പേജിൽ ഇടയ്ക്കിടെ പേഴ്സണൽ കോച്ചായ മാഡി സെയ് ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ 10 മാസത്തിനുള്ളിൽ താൻ 18 കിലോ കുറച്ചതിനെക്കുറിച്ചുള്ള അവരുടെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെയും വ്യായാമത്തിന്റെയും സഹായത്തോടെയാണ് താൻ ലക്ഷ്യം കൈവരിച്ചതെന്ന് അവർ പറയുന്നു.
”ശരീര ഭാരം കുറയ്ക്കാനുള്ള യാത്ര തുടങ്ങിയിട്ട് ഒരു വർഷമായെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. നിങ്ങളുടെ ലക്ഷ്യത്തിൽ ഉറച്ചു നിൽക്കുകയും അതിനോട് പ്രതിജ്ഞാബദ്ധത കാട്ടുകയും ചെയ്താൽ വിജയം നേടാമെന്നതിന്റെ യഥാർത്ഥ തെളിവാണിത്. തുടക്കത്തിൽ, ആത്മവിശ്വാസക്കുറവ്, ലക്ഷ്യങ്ങൾ നേടാനാകുമോയെന്ന ഭയം എന്നിവയൊക്കെ എന്നെ അലട്ടിയിരുന്നു. ദഹനപ്രശ്നങ്ങൾ, മോശം ശീലങ്ങൾ ഞാൻ നേരിട്ടു. എന്നാൽ ഇപ്പോൾ, എന്റെ യാത്രയിൽ എനിക്ക് എക്കാലത്തേക്കാളും ആത്മവിശ്വാസവും ഊർജ്ജസ്വലതയും ആവേശവും തോന്നുന്നു,” ഇൻസ്റ്റഗ്രാമിൽ അവർ എഴുതി.
2024 ജനുവരിയിലാണ് മാഡി ശരീര ഭാരം കുറയ്ക്കാനുള്ള തന്റെ യാത്ര തുടങ്ങിയത്. 2024 ഒക്ടോബറിൽ ലക്ഷ്യം കൈവരിച്ചു. എങ്ങനെയാണ് താൻ ശരീര ഭാരം കുറച്ചത് എന്നതിനെക്കുറിച്ചും അവർ വിശദീകരിച്ചിട്ടുണ്ട്.
വ്യായാമം: ആഴ്ചയിൽ നാല് മുതൽ ആറ് തവണ വരെ മാഡി സ്ട്രെങ്ത് ട്രെയിനിങ്ങും 30 മിനിറ്റ് കാർഡിയോ വ്യായാമവും ചെയ്തു.
ഭക്ഷണക്രമം: ശരീരഭാരം കുറയ്ക്കാനുള്ള ഒരു ഡയറ്റ് പിന്തുടർന്നു, അതിൽ 80% ആരോഗ്യകരമായ ഭക്ഷണങ്ങളും 20% അവർ ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങളും ഉൾപ്പെടുത്തി. എല്ലാം മിതമായ അളവിൽ മാത്രം.
ജലാംശം: ദിവസം മുഴുവൻ ശരീരത്തിൽ ജലാംശം നിലനിർത്താൻ ദിവസവും 2-3 ലിറ്റർ വെള്ളം കുടിച്ചു.