ഓടുന്ന ട്രെയിനിൽ നിന്ന് ഭാര്യയെ തള്ളി താഴെയിട്ടു; പരുക്കുകളോടെ രക്ഷപ്പെട്ട് യുവതി

ഓടുന്ന ട്രെയിനിൽ നിന്ന് ഭർത്താവ് തള്ളി താഴെയിട്ട യുവതി പരുക്കുകളോടെ രക്ഷപ്പെട്ടു. ഉത്തർപ്രദേശിലെ ദേവാരിയ സ്വദേശി ഖുശ്ബൂ കുമാരിയാണ് ട്രെയിനിൽ നിന്ന് വീണ് പരുക്കേറ്റ് റാഞ്ചിയിലെ റിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഭർത്താവ് തന്നെ കൊല്ലാൻ ശ്രമിച്ചതായി ഖുശ്ബു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഖുശ്ബുവും ഭർത്താവും ചൊവ്വാഴ്ചയാണ് ബാർകകാനയിൽ നിന്ന് വാരാണസിയിലേക്ക് പോകാനായി വാരാണസി എക്സ്പ്രസിൽ കയറിയത്.
വെള്ളിയാഴ്ചയോടെ ട്രെയിൻ ബുർകുണ്ഡയ്ക്കും പാത്രാതു സ്റ്റേഷനും ഇടയിൽ എത്തിയ സമയത്താണ് ഭർത്താവ് യുവതിയെ തള്ളി താഴേക്കിട്ടത്. പാളത്തിനു പുറത്ത് വെള്ളം നിറഞ്ഞ കുഴിയിലേക്ക് വീണതിനാൽ യുവതിക്ക് കാര്യമായ പരുക്കുകൾ സംഭവിച്ചില്ല. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സാണ് യുവതിയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.
ഒരു വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. തന്നെ തള്ളി താഴെയിട്ട് കൊല്ലാനും പിന്നീട് അപകടമാണെന്ന് വരുത്തിത്തീർക്കാനുമായിരുന്നു ഭർത്താവിന്‍റെ ശ്രമമെന്ന് ഖുശ്ബു ആരോപിക്കുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.