Kerala

മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം; ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർമാൻ അഡ്വ. എഎ റഷീദ് ആവശ്യപ്പെട്ടു. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ഡിവിഷണൽ ഫോറസ്റ്റ് കൺസർവേറ്റർ, ജില്ലാ കലക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്.

അതേസമയം വന്യജീവി ആക്രമണത്തിൽ ഒരു ജീവൻ കൂടി നഷ്ടപ്പെട്ടത് സങ്കടകരമാണെന്നും വന്യജീവി ആക്രമണം തുടരുമ്പോഴും ഒരു നടപടിയും സ്വീകരിക്കാതെ സംസ്ഥാന സർക്കാരും വനംവകുപ്പും കാഴ്ചക്കാരെ പോലെ നോക്കി നിൽക്കുന്നത് പ്രതിഷേധാർഹമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. വന്യജീവി അതിക്രമം തടയാൻ ഒരു നടപടിയും സ്വീകരിക്കാൻ തയ്യാറാകാത്ത വനംവകുപ്പ് ഈ ചെറുപ്പക്കാരന്റെ മരണത്തിന് മറുപടി പറഞ്ഞേ മതിയാകൂവെന്നും അദ്ദേഹം വാർത്താ കുറിപ്പില്ലൂടെ അറിയിച്ചു

കാട്ടാന ആക്രമണവും ഇതേ തുടർന്നുള്ള മരണവും സംസ്ഥാനത്ത് സ്ഥിരം സംഭവമായിരിക്കുകയാണെന്നും ഇത്രയും ഗുരുതര സ്ഥിതി സംസ്ഥാനത്തുണ്ടായിട്ടും സർക്കാർ നടപടി എടുക്കുന്നില്ലെന്നത് അത്ഭുതകരമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പാവപ്പെട്ട മനുഷ്യരുടെ ജീവൻ നഷ്ടമാകുമ്പോൾ മാത്രമാണ് വനംവകുപ്പും വകുപ്പ് മന്ത്രിയും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പരിഹാര നിർദേശങ്ങളുമായി മുന്നോട്ടു വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related Articles

Back to top button
error: Content is protected !!