യൂട്യൂബ് വീഡിയോ നോക്കി സ്വയം ശസ്ത്രക്രിയ നടത്തി യുവാവ്: ഒടുവിൽ ആശുപത്രിയിൽ

യൂട്യൂബ് വീഡിയോകൾ കണ്ട് പലരും പല കാര്യങ്ങളും പഠിച്ചതായി നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ, യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രീയ ചെയ്തുവെന്ന് കേൾക്കുന്നത് ഇതാദ്യമായിരിക്കും. അങ്ങനെ ഒരു വാർത്തയാണ് ഇപ്പോൾ ഉത്തർപ്രദേശിൽ നിന്നും വരുന്നത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് യൂട്യൂബ് വീഡിയോ കണ്ട് സ്വയം ശസ്ത്രക്രീയ നടത്താൻ ശ്രമിച്ച യുവാവിനെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ഒടുവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം.
കഠിനമായ വയറുവേദനയെ തുടർന്ന് യൂട്യൂബ് വീഡിയോകൾ കണ്ട് സ്വയം ശസ്ത്രക്രിയ നടത്താൻ ശ്രമിച്ചതായിരുന്നു യുവാവ്. ആദ്യം ഡോക്ടറെ സമീപിച്ചെങ്കിലും ആശ്വാസം ലഭിക്കാതെ വന്നതോടെ 32കാരനായ രാജ ബാബു സ്വയം പരിഹാരം കണ്ടെത്താൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ യൂട്യൂബിൽ നിരവധി വീഡിയോകൾ കണ്ട ശേഷം, മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്നുകൾ വാങ്ങി വീഡിയോകളിൽ കണ്ടത് പ്രകാരം സ്വയം ശസ്ത്രക്രീയ ചെയ്യാൻ ശ്രമിച്ചു. തുടർന്ന് രാജ ബാബുവിന്റെ ആരോഗ്യ നില വഷളായതോടെ കുടുംബം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു
കഴിഞ്ഞ കുറച്ച് നാളുകളായി രാജ ബാബുവിന് കഠിനമായ വയറു വേദന അനുഭവപ്പെട്ടിരുന്നു. ഡോക്ടർമാരെ സമീപിച്ചിട്ടും വേദന കുറഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് വേദന അസഹനീയമായതോടെ അദ്ദേഹം മെഡിക്കൽ ഷോപ്പിൽ പോയി സർജിക്കൽ ബ്ലേഡും, തുന്നൽ സാമഗ്രികളും, അനസ്തെറ്റിക് കുത്തിവയ്പ്പുകളും വാങ്ങി തന്റെ മുറിയിൽ വെച്ചുതന്നെ ശസ്ത്രക്രിയ നടത്താൻ ശ്രമിച്ചത്. എന്നാൽ, അനസ്തേഷ്യയുടെ ഫലം കുറഞ്ഞ് തുടങ്ങിയപ്പോൾ അദ്ദേഹത്തിന് അസഹനീയമായ വേദന അനുഭവപ്പെടാൻ തുടങ്ങി. ഇതോടെ നിലവിച്ചുകൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നു. ഇത് കണ്ട വീട്ടുകാർ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി.