യൂത്ത് കോൺഗ്രസിനെ അപമാനിച്ചു; ഡിസിസി സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന് കെപിസിസി പ്രസിഡന്റിന് പരാതി

യൂത്ത് കോൺഗ്രസിനെയും നേതാക്കളെയും അപമാനിച്ച കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി കെ സി വിജയനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് പരാതി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനാണ് പരാതി നൽകിയത്. ശ്രീകണ്ഠാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ വന്ന കെസി വിജയന്റെ ശബ്ദസന്ദേശം ചൂണ്ടിക്കാട്ടിയാണ് പരാതി
നാണമുണ്ടോ, യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ കള്ള ഐഡന്റിറ്റി കാർഡ് ഉണ്ടാക്കി. അത്ര അന്തസ്സൊന്നും ചമയണ്ട, തട്ടിപ്പ് കാണിച്ച് എന്തും ചെയ്യാൻ സാധിക്കും. കള്ള വോട്ടും വാങ്ങി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായി ചമഞ്ഞ് നടക്കുന്നു. നിന്റെ മുകളിലുള്ള നേതാവും അങ്ങനെ തന്നെയാണ്. വയനാട്ടിലേക്ക് പിരിച്ചു കൊടുക്കാൻ വേണ്ടിയുള്ള പണത്തിൽ നിന്ന് പിടിച്ചതിന്റെ കണക്ക് അറിയാം. ബാക്കിയുള്ളത് പിന്നെ പറഞ്ഞ് തുടങ്ങാം എന്നായിരുന്നു ശബ്ദസന്ദേശം.
ശ്രീകണ്ഠാപുരം ബ്ലോക്ക് കോൺഗ്രസ് ലീഡേഴ്‌സ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിലായിരുന്നു സന്ദേശം വന്നത്. വയനാട് ദുരിതാശ്വാസത്തിനായി പിരിച്ച പണത്തെ കുറിച്ച് യൂത്ത് കോൺഗ്രസിനെതിരെ ആരോപണം നിലനിൽക്കെയാണ് ഇത് ശരിവെച്ച് ഡിസിസി ജനറൽ സെക്രട്ടറിയും രംഗത്തുവന്നത്.