യൂത്ത് കോൺഗ്രസ് പ്രവർത്തക മരിച്ച നിലയിൽ; മൃതദേഹം ട്രോളി ബാഗിൽ

ഹരിയാനയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഹരിയാന സോനെപട്ടിലെ കഥുര ഗ്രാമത്തിൽ നിന്നുള്ള ഹിമാനി നർവാളിനെയാണ് (23) കൊന്ന് ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. റോഹ്തക്-ഡൽഹി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാൻഡിന് 200 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.
സംസ്ഥാനത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ദാരൂണമായ സംഭവം നടന്നത്. കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ കഴുത്തിൽ മുറിഞ്ഞതിന്റെ പാടുകൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഫോറൻസിക് ടീം സ്ഥലത്തെത്തി പരിശോധന നടത്തും. പരിസര പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രികരിച്ച് അന്വേഷണം നടത്തുമെന്നു സാംപ്ല എസ്എച്ച്ഒ ബിജേന്ദർ സിങ് പറഞ്ഞു. പെൺകുട്ടിയെ മറ്റൊരു സ്ഥലത്ത് നിന്ന് കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ബിജേന്ദര്‍ സിങ് അറിയിച്ചു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി റോഹ്തക്കിലെ പി.ജി.ഐ.എം.എസ് ആശുപത്രിയിലേക്ക് മാറ്റി. മരണം അന്വേഷിക്കാനായി പ്രത്യേക പോലീസ് സംഘത്തെ നിയമിക്കണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ. ബി.ബി. ബാത്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അതേസമയം ഹിമാനി മരണത്തിൽ ഭൂപീന്ദർ ഹൂഡ അനുശോചനം അറിയിച്ചു. ഒരു പെൺകുട്ടിയെ ഈ രീതിയിൽ കൊലപ്പെടുത്തുകയും അവളുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തുകയും ചെയ്തത് അങ്ങേയറ്റം ദുഃഖകരവും ഞെട്ടിപ്പിക്കുന്നതുമാണ്. ഇത് സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ തകർച്ചയാണെന്നും എക്സിൽ അദ്ദേഹം കുറിച്ചു.
റോഹ്തക് ജില്ലയിലെ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റാണ് മരിച്ച ഹിമാനി നർവാൾ . രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഹരിയാനയില്‍ എത്തിയപ്പോള്‍ ഹിമാനി പങ്കെടുത്തിരുന്നു. റോഹ്തക് എം.പി. ദീപീന്ദര്‍ ഹൂഡയുടെ ഉള്‍പ്പെടെയുള്ള പരിപാടികളിലും ഹിമാനി സജീവസാന്നിധ്യമായിരുന്നു.