ലോകത്തിലെ ഏറ്റവും ഭംഗിയുള്ള വിമാനത്താവളമെന്ന പദവി സായിദ് രാജ്യാന്തര വിമാനത്താവളത്തിന്

അബുദാബി: ലോകത്തിലെ ഏറ്റവും ഭംഗിയുള്ള വിമാനത്താവളമെന്ന പദവി അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിന് സ്വന്തം. പ്രശസ്തമായ പ്രീ വെര്‍സയില്ലീസ് പുരസ്കാരത്തിലെ എയര്‍പോര്‍ട്ട് വിഭാഗത്തിലെ വേള്‍ഡ് ആര്കിടെക്ചര് ആന്റ് ഡിസൈന്‍ അവാര്‍ഡാണ് വിമാനത്താവളം കരസ്ഥമാക്കിയത്. പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് നടന്ന പരിപാടിയിലാണ് അവാര്‍ഡ് പ്രഖ്യാപനം നടന്നത്.
രാജ്യം 53ാമത് ദേശീയ ദിനം ആഘോഷിക്കുന്ന വേളയില്‍തന്നെ അവാര്‍ഡ് ലഭിച്ചത് ഏറെ അഭിമാനകരമായ നേട്ടമാണ്. വിമാനത്താവളം തുറന്ന് ഒരു വര്‍ഷത്തിനുള്ളിലാണ് വമ്പന്‍ നേട്ടം കൈവരിച്ചിരിക്കുന്നത്. യുഎഇയുടെ മഹത്തായ പാരമ്പര്യം അടയാളപ്പെടുത്തുന്ന അത്യുഗ്രന്‍ രൂപകല്പനയാണ് ലോകത്തിലെ മികച്ച വിമാനത്താവളങ്ങള്‍ ഇഞ്ചോടിഞ്ച് പോരടിച്ച മത്സരത്തില്‍ നേട്ടംകൊയ്യുന്നതില് നിര്‍ണായകമായി മാറിയത്.
7.42 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള വിമാനത്താവളത്തിന്റെ രൂപകല്പന എക്സ് ആകൃതിയിലാണ്. മണിക്കൂറില്‍ 11,000 യാത്രക്കാരേയും 79 വിമാനങ്ങളേയും കൈകാര്യം ചെയ്യാന്‍ ഉതകുംവിധമാണ് ഈ വിമാനത്താവളം സജ്ജമാക്കിയിരിക്കുന്നത്.