Novel

ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 35

[ad_1]

രചന: റിൻസി പ്രിൻസ്‌

ഓരോ സ്വപ്നങ്ങളും സാക്ഷാത്കരിക്കുമെന്ന് വിശ്വാസം ഉള്ളിൽ ആ നിമിഷം ഉണ്ടായിരുന്നു, പക്ഷെ അപ്പോഴും ആ ഒരുവൻ ഒരു വിങ്ങലായ് ഉള്ളിൽ കിടന്നു…! എത്ര സ്നേഹവസന്തങ്ങൾ കാത്തിരിക്കണം ഞാൻ നിന്റെ പ്രണയചെണ്ടിനായി…

കോളേജ് കാലഘട്ടം എന്ന് പറയുന്നത് വളരെയധികം ബുദ്ധിമുട്ടേറിയതായിരുന്നു.  ദിവസവും  ഒരുപാട് ബുദ്ധിമുട്ടിയാണ് അമ്മ തനിക്ക് ഉള്ള പണം പോലും ഉണ്ടാക്കി തന്നിരുന്നത്. ഇതിനിടയിൽ ബയോളജി എടുത്ത് ബികോമിന് ചേർന്നതുകൊണ്ട് തന്നെ ആദ്യത്തെ ഫസ്റ്റ് സെമസ്റ്റർ ഒന്നും തന്നെ മനസ്സിലാക്കാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല.  ട്യൂഷന് വിടാനുള്ള അമ്മച്ചിയുടെ ബുദ്ധിമുട്ടു കൊണ്ട് അതിനു പോകാൻ പറ്റിയില്ല. ആഴമേറിയ സൗഹൃദങ്ങൾ ഒന്നും തന്നെ കോളേജ് കാലഘട്ടത്തിൽ ഉണ്ടായിരുന്നില്ല. അടുത്തുള്ള കുട്ടികൾക്ക് ട്യൂഷൻ എടുത്തു മറ്റും ചെറിയ വരുമാനം താനും കണ്ടെത്തിയിരുന്നു.  അതുകൊണ്ടാണ് ഡിഗ്രി പഠിച്ചെടുക്കാൻ സാധിച്ചത്.  ഇതിനിടയിൽ പഠിപ്പിച്ചിരുന്ന സാർ തന്നെ ഒരു പ്രണയ അഭ്യർത്ഥന നടത്തിയിരുന്നു.  ഓരോ പ്രണയ അഭ്യർത്ഥന വരുമ്പോഴും അറിയാതെ ആ പ്രിയപ്പെട്ട ഒരുവനെ കുറിച്ച് ഓർക്കും.  പഠനത്തിൽ മാത്രമാണ് ശ്രദ്ധ എന്നു പറഞ്ഞ് അതൊക്കെ ഒഴിവാക്കും.  അപ്പോഴും ഉള്ളിന്റെയുള്ളിൽ അവൻ ഇങ്ങനെ തെളിഞ്ഞു നിൽക്കും..!  പ്രായമാധികരിക്കും തോറും ആ മുഖത്തിന് മിഴിവ് കൂടുകയായിരുന്നു,  എന്തേ അവനെ മറക്കാൻ സാധിക്കാത്തതെന്ന് പലതവണ മനസ്സിനോട് ചോദിച്ചു. ഉത്തരം പലപ്പോഴും മൗനമായിരുന്നു. എത്രയോ വർഷങ്ങളായി ആ പേര് ഈ ഹൃദയത്തിൽ ഇങ്ങനെ വരച്ചിട്ടിരിക്കുന്നു. ഒരുപാട് കാര്യങ്ങളിൽ മാറ്റങ്ങൾ വന്നു ഇഷ്ടാനിഷ്ടങ്ങൾ ഒരുപാട് മാറി അഭിരുചികൾ മാറി, സൗഹൃദങ്ങൾ മാറി, രൂപം മാറി, മാറ്റം വരാത്തതായി ഒന്നു മാത്രമേ ഇന്നും അന്നും മനസ്സിലുള്ളൂ,  അത്  ആ ഒരുവന്റെ മുഖം മാത്രം  

അവസാന വർഷ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ആയിരുന്നു വീണ്ടുമൊരു കൂടിക്കാഴ്ച തമ്മിൽ ഉണ്ടായത്.  അവിചാരതമായി പള്ളിയിൽ വച്ച് കണ്ടതാണ്. ഈസ്റ്ററിന്റെ കുർബാന കൂടി തിരികെ ഇറങ്ങുമ്പോഴാണ് എല്ലാവരോടും സംസാരിച്ചു നിൽക്കുന്ന ആളെ കണ്ടത്.  എത്ര നോക്കേണ്ടത് ശ്രമിച്ചിട്ടും കണ്ണുകൾ ആർത്തിയോടെ ആ ഒരുവനെ തന്നെ ഉഴിയുകയായിരുന്നു,  ആൾക്ക് കുറച്ച് തടി വച്ചിട്ടുണ്ട്.  മീശയും താടിയും ഒക്കെ നന്നായി കട്ടി വച്ചിട്ടുണ്ട്. മുടിയൊക്കെ നന്നായി ചീകി ഒതുക്കി വെച്ചിട്ടുണ്ട്.  പീലികൾ നിറഞ്ഞ  കുഞ്ഞ് കണ്ണ്, കുറച്ചുകൂടി നിറം വച്ചു.അതുമാത്രമാണ് ഒരു പ്രത്യേകതയായി പറയാനുള്ളത്.  മുഖത്തെ മൂടി തന്നെ ദീക്ഷ നിൽക്കുന്നു. ആൾ തന്നെ കണ്ടില്ല എന്ന് ഉറപ്പുവരുത്തി ആരുടെയോ പുറകിൽ നിന്ന് മതിവരുവോളം ആ മുഖം കണ്ടു.  മനസ്സിൽ ആ രൂപം ഒന്നുകൂടി പകർത്തി. പഴയ പൊടിമീശകാരനിൽ നിന്നും യൗവനത്തിൽ എത്തിനിൽക്കുന്ന ഒരു പുരുഷനിലേക്ക് മനസ്സിലുള്ള അവന്റെ രൂപം മാറി.  ആ പ്രിയപ്പെട്ടവനെ മനസ്സിൽ ഒരു പുതിയ സ്ഥാനത്ത് തന്നെ പ്രതിഷ്ഠിച്ചു. അന്ന് രാത്രി ഉറങ്ങിയില്ല എന്നതാണ് സത്യം.  അല്ലെങ്കിലും തന്റെ നിദ്രകളിൽ കട്ടെടുക്കുവാനുള്ള എന്തോ ഒരു മാന്ത്രികത അവന്റെ കണ്ണുകളിൽ ഒളിപ്പിച്ചുവെച്ചിട്ടുണ്ടല്ലോ.

പിറ്റേദിവസം അമ്മച്ചിക്കൊപ്പം മില്ലിൽ അരി പൊടിക്കാൻ പോയപ്പോഴാണ് ഒരു നോക്ക് വീണ്ടും കണ്ടത്.  വീടിന്റെ മുന്നിൽ നിൽക്കുകയാണ്,  തന്നെയും അമ്മച്ചിയും കണ്ടുകൊണ്ട് ജെസ്സി ആന്റി സംസാരിക്കാൻ വന്നപ്പോൾ തന്റെ മുഖത്തേക്ക് അവൻ ഒന്ന് സൂക്ഷിച്ചു നോക്കിയിരുന്നു, ഉള്ളിൽ എവിടെയോ ഒരു കുഞ്ഞു വാശി ഇപ്പോഴും ഉറഞ്ഞുകൂടുന്നത് കൊണ്ട് തന്നെ ആ മുഖത്തേക്ക് മനപൂർവം നോക്കിയില്ല. എങ്കിലും ആ മിഴികൾ തന്നെ ഒപ്പിയെടുത്ത നിമിഷം വല്ലാത്തൊരു സന്തോഷവും ആവേശവും ഒക്കെ തോന്നിയിരുന്നു. ആ നിമിഷം നെഞ്ച് ഒന്ന് പിടഞ്ഞു പിന്നെ ആളു കാണാതെ മിഴികളെ പിടിച്ചു കെട്ടിയാണ് ആ സമയം അത്രയും നിന്നത്. ജെസ്സി ആന്റിയുടെ സംസാരത്തിൽ നിന്നും ആളിപ്പോൾ ഹൈദരാബാദിലാണ് ജോലി ചെയ്യുന്നത് എന്നും 10 ദിവസത്തെ ലീവിന് മാത്രമാണ് വന്നിരിക്കുന്നത് എന്നും ഒക്കെ മനസ്സിലായിരുന്നു. ഇടയ്ക്ക് കണ്ണുകൾ തമ്മിൽ കോർത്ത ഒരു നിമിഷം തനിക്ക് വേണ്ടി ഒരു പുഞ്ചിരി ആൾ  നൽകിയിരുന്നു.  ഏറെ വർഷങ്ങൾക്ക് ശേഷമുള്ള ഒരു കൂടിക്കാഴ്ച ആയതുകൊണ്ട് തന്നെ തിരികെ ഒരു കുഞ്ഞു പുഞ്ചിരി നൽകാതിരിക്കാൻ തനിക്കും സാധിച്ചില്ല. ആളെ വീണ്ടും കണ്ടുകഴിഞ്ഞപ്പോൾ മുതൽ മനസ്സ് ഇങ്ങനെ ചിറകടിച്ചു പറക്കുകയാണ്,പിന്നെ ഉറക്കവും ഊണും ഉണ്ടായിരുന്നില്ല.  ആള് പോകുന്ന ദിവസം വരെ വെറുതെ മില്ലിന്റെ അരികിൽ കൂടി നടന്ന് ദീപയുടെ വീട്ടിൽ പോകും,  പക്ഷേ പിന്നീട് ഒരുവട്ടം പോലും ആളെ കാണാൻ സാധിച്ചിട്ടില്ല…

ഇതിനിടയിൽ അനീറ്റ പറഞ്ഞ് റിയ ചേച്ചി ഗൾഫിന് പോകാണെന്നും സൗദിയിൽ ജോലി റെഡിയായി എന്നുമൊക്കെ അറിഞ്ഞിരുന്നു.  പുള്ളിക്കാരിയെ പിന്നെ ഒരു വട്ടമാണ് കണ്ടത്.  അപ്പോഴേക്കും ഒരുപാട് മാറി പോയിരുന്നു.  ചുണ്ടിലൊക്കെ നിറച്ച് ലിപ്സ്റ്റിക്കും മുടിയൊക്കെ ക്രോപ്പും ചെയ്തു തനിക്ക് പരിചയമില്ലാത്ത ഒരാളാണെന്ന് തോന്നിയിരുന്നു. പള്ളിയിൽ വച്ച് ഒരിക്കൽ കണ്ടപ്പോൾ തന്റെ മുഖത്തേക്ക് പോലും ആളൊന്നു നോക്കിയില്ല.  ചമ്മലും ഒപ്പം ഇപ്പോഴത്തെ കുറച്ച് ജാഡയും കൂടി ചേർന്നതോടെ നോക്കാൻ താല്പര്യമില്ലാതായി എന്നതാണ് സത്യം. ജീൻസും ഷർട്ട് ഒക്കെ ഇട്ടാണ് ആൾ വന്നത്.  അതുകൊണ്ട് പെട്ടെന്ന് മനസ്സിലാക്കി എടുക്കാൻ സാധിച്ചിരുന്നില്ല. ഇരുവരെയും കുറിച്ചുള്ള ഓർമ്മകൾ വീണ്ടും മനസ്സിലേക്ക് തികട്ടി വന്നപ്പോൾ മനപ്പൂർവം ആ മുഖങ്ങൾ മറക്കാൻ ശ്രമിച്ചിരുന്നു. അവരെ മറക്കാൻ വേണ്ടി എപ്പോഴും കണ്ടെത്തിയ മാർഗം പഠനം തന്നെയായിരുന്നു.  അവരെക്കുറിച്ച് ഓർക്കുമ്പോൾ വാശിയോടെ പഠിക്കാൻ തോന്നും. അല്ലെങ്കിലും ജീവിതത്തിൽ എവിടെ നിന്നാണോ അവഗണനകൾ ലഭിച്ചത് ആ ഓർമ്മകൾ ആണല്ലോ ഏതൊരു വ്യക്തിക്കും പുതിയ ജീവിതത്തിനുള്ള പ്രചോദനം നൽകുന്നത്. ഡിഗ്രി കഴിഞ്ഞതിനു ശേഷം ഒരുപാട് ജോലിക്ക് അപ്ലൈ ചെയ്തിരുന്നു.  ഡിഗ്രി കഴിഞ്ഞ സമയം മുതൽ തന്നെ അമ്മച്ചിയെ പലരും കളിയാക്കാൻ തുടങ്ങിയിരുന്നു.  കൂടുതലും അമ്മച്ചിയുടെ വീട്ടിൽ നിന്നുതന്നെയായിരുന്നു,  ആങ്ങളയും നാത്തൂനും നിരന്തരമായി അമ്മച്ചിയെ വേദനിപ്പിക്കാൻ തുടങ്ങി. എന്തിനാണ് എന്നെ ഡിഗ്രിക്ക് വിട്ടത് എന്നും എന്റെ വാക്ക് കേട്ട് വിട്ടതല്ലെന്നും ഒക്കെ പറഞ്ഞ് കുത്തുവാക്കുകൾ പറയാൻ തുടങ്ങി. ആ സമയത്ത് വീണ്ടും ആർജ്ജവത്തോടെ ജോലി നോക്കി അങ്ങനെ ടെക്നോപാർക്കിൽ അത്യാവശം നല്ലൊരു കമ്പനിയിൽ തന്നെ ജോലി ശരിയായി.  ഇന്റർവ്യൂവിന് അമ്മച്ചിയെയും കൂട്ടിയാണ് തിരുവനന്തപുരത്ത് പോകുന്നത്.  ഇന്റർവ്യൂ പാസായി എന്ന് അറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷമായിരുന്നു, അത് അമ്മച്ചിയുടെ മുഖത്തും ഉണ്ടായിരുന്നു. 12000 രൂപയാണ് ശമ്പളമായി പറഞ്ഞിരുന്നത്.  അതിൽ ആകെ കയ്യിൽ കിട്ടുന്നത് 8000 മാത്രമാണ്. 2000 രൂപ കമ്പനി തന്നെ പിടിച്ചിടുന്നതാണ് ബാക്കി 2000 രൂപ ഹോസ്റ്റലിനായി പോവുകയും ചെയ്യും. എങ്കിലും അന്നത്തെ സാഹചര്യത്തിൽ അതൊരു വലിയ തുകയാണ്. ഒരിക്കൽ അമ്മച്ചിയോടൊപ്പം അമ്മച്ചിയുടെ വീട്ടിൽ ചെന്നപ്പോൾ നീ ഇനി എം കോമിന് ചേരുന്നില്ലേ എന്ന് അമ്മാച്ചൻ കളിയാക്കി ചോദിച്ചിരുന്നു.

” എംകോമിന് അല്ല സിഎക്ക് ചേരാന താൽപര്യം അതിന്റെ ഒരു പരീക്ഷ പതിനഞ്ചാം തീയതി ഉണ്ട് അത് എഴുതാൻ വേണ്ടി ഇരിക്കുകയാണ്…

” അതെന്താ കേട്ടിട്ട് പോലും ഇല്ലല്ലോ…

കളിയാക്കി അമ്മാച്ചൻ പറഞ്ഞപ്പോൾ ഒന്ന് ചിരിച്ചു മാത്രം കാണിച്ചു.. ഒന്നും മനസ്സിലാവാതെ അമ്മച്ചി തന്റെ മുഖത്തേക്ക് നോക്കിയപ്പോൾ താൻ പറഞ്ഞത് എന്താണെന്ന് അമ്മച്ചിക്ക് മനസ്സിലായിട്ടില്ല എന്ന് തോന്നിയിരുന്നു.

പോകും മുൻപ് അതുവരെ ഉണ്ടാക്കിയ ചെറിയ സമ്പാദ്യത്തിൽ നിന്നും നല്ല ഒരു തുക തന്നെ വലിയമ്മച്ചിയുടെ കയ്യിൽ വച്ചു കൊടുത്തു. അപ്പോൾ ഉണ്ടായ ചാരിതാർത്ഥ്യം വളരെ വലുതായിരുന്നു. വേണ്ടെന്ന് പല കുറി പറഞ്ഞിട്ടുണ്ട് ആ തുക വല്യമ്മച്ചിയുടെ കയ്യിൽ തന്നെ കൊടുത്തു. കൊച്ചുമകളുടെ ജോലിയിൽ നിന്നും ഒരു വിഹിതം വാങ്ങാൻ സാധിച്ചതിന്റെ സന്തോഷം ആ മുഖത്ത് ഉണ്ടായിരുന്നു ഒരു അഭിമാന നിമിഷത്തിന് സാക്ഷ്യം  വഹിച്ചത് പോലെ അമ്മച്ചി എന്നെ നോക്കി ഒന്ന് ചിരിച്ചു. ആ ചിരിയും പുതിയൊരു ഊർജ്ജമായിരുന്നു നൽകിയത്. എന്തൊക്കെയോ ചെയ്യുന്നതുപോലെ. സ്വന്തമായി ഒരു അഭിമാനം തന്നെ വലയം ചെയ്തു.

തിരികെ പോയപ്പോൾ ബസ്സിൽ ഇരുന്ന് അമ്മച്ചി ചോദിച്ചതും എന്ത് കോഴ്സ് ആണ് പഠിക്കുന്നത് എന്നായിരുന്നു.

” ചാർട്ടേഡ് അക്കൗണ്ടന്റ് എന്നുപറയും. ബാങ്കിലൊക്കെ പെട്ടെന്ന് ജോലി കിട്ടും, ബാങ്കിൽ മാത്രമല്ല എവിടെ വേണമെങ്കിലും ജോലി കിട്ടും. ഇനിയിപ്പോൾ ജോലി കിട്ടിയില്ലെങ്കിൽ എനിക്ക് സ്വന്തമായിട്ട് ഒരു ഓഫീസ് ഇട്ടു ചെയ്യാവുന്നതേയുള്ളൂ,  നല്ല ശമ്പളം ഉണ്ട് .

” അത് പഠിക്കാനും അത്രയ്ക്ക് പൈസ ആവില്ലേ..?

“അതേ അമ്മച്ചി,  അതിന് അമ്മച്ചി എന്നെ സഹായിക്കണം.

”  ഞാനോ ഞാൻ എങ്ങനെ സഹായിക്കാനാ,  എന്റെ കയ്യിൽ ഒന്നുമില്ല എന്ന് നിനക്കറിഞ്ഞുകൂടെ,

”  നമ്മുടെ വീടും സ്ഥലവും പണയം വെച്ച് അമ്മച്ചി എനിക്ക് കുറച്ചു പണം വാങ്ങിച്ചു തരണം.  എങ്കിൽ മാത്രമേ എനിക്ക് അത് പഠിക്കാൻ പറ്റു,  രണ്ടുവർഷംകൊണ്ട് ഞാൻ അതിന്റെ മുഴുവൻ പേപ്പറും എഴുതിയെടുക്കും. പിന്നെ എനിക്ക് നല്ല ജോലി കിട്ടും.  എന്നെ വിശ്വാസം ഉണ്ടെങ്കിൽ അമ്മ അത് ചെയ്തു തന്നാൽ മതി, ഞാൻ 2 വർഷം കൊണ്ട് ആ കടം വീട്ടും.

ഞാൻ ഉറപ്പോടെ പറഞ്ഞപ്പോൾ അന്തിച്ച് തന്നെ അമ്മച്ചി നോക്കുന്നുണ്ട്.

” ഞാൻ കാരണം നിങ്ങൾ ആരും പെരുവഴിയിലേക്ക് ഇറങ്ങേണ്ടി വരില്ല,

”  അതുവെച്ച് എത്ര കിട്ടുമെന്ന് വച്ചാ നീ എടുത്തോ..? പഠിക്കാൻ വേണ്ടിയല്ലേ, എനിക്ക് സമ്മത കുറവൊന്നുമില്ല.

ക്ഷീണ അവസ്ഥയിലും അമ്മച്ചി അങ്ങനെ പറഞ്ഞപ്പോൾ മനസ്സ് ഒന്ന് കുളിർന്നിരുന്നു. വല്യമ്മച്ചിയോടും വിഷയം അവതരിപ്പിച്ചത് അമ്മച്ചിയായിരുന്നു. വല്യമ്മയ്ക്ക് അത്ര വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല. അപ്പച്ചൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ മണ്ണാണ് അതുകൂടി നഷ്ടമായാൽ എവിടെ ഇറങ്ങും എന്നൊക്കെ അമ്മയോട് ചോദിക്കുന്നത് കേട്ടു. എല്ലാത്തിനും കർത്താവ് ഒരു വഴി കണ്ടുപിടിക്കും എന്ന് പറഞ്ഞാണ് അമ്മച്ചി വലിയമ്മച്ചിയെ കൊണ്ട് സമ്മതിപ്പിച്ചത്.  പിന്നെ പെട്ടെന്ന് തന്നെ ലോണിന് വേണ്ട കാര്യങ്ങളൊക്കെ ചെയ്തു.  നല്ലൊരു തുക തന്നെയാണ് ലോൺ എടുത്തിരുന്നത്. ആ കാശുമായി നേരെ ചെന്നത് ഒരു സിഎ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ആയിരുന്നു.  പരീക്ഷയെഴുതി അവിടെക്കുള്ള അഡ്മിഷൻ റെഡിയാക്കിയിരുന്നു. ജോലി കളയാൻ പറ്റാത്ത സാഹചര്യമായതു കൊണ്ട് തന്നെ ഈവനിംഗ് ക്ലാസിനാണ് ചേർന്നത്.  രണ്ടുവർഷം കൊണ്ട് സിഎ എന്ന സ്വപ്നം പൂർത്തീകരിക്കാമെന്ന് കരുതിയെങ്കിലും പഠിച്ചു തുടങ്ങിയപ്പോഴാണ് എത്രയും ബുദ്ധിമുട്ട് ഏറിയതാണ് ഈ പഠനം എന്ന് മനസ്സിലാക്കിയത്. ജോലിയും പഠിത്തവും കൂടി ഒരുമിച്ച് പോകാൻ വലിയ ബുദ്ധിമുട്ടായിരുന്നു.  പ്ലസ്ടുവിനും ഡിഗ്രിക്കുമൊക്കെ നല്ല മാർക്ക് വാങ്ങി വിജയിച്ചു എങ്കിലും സിഎക്ക് എത്തിയപ്പോൾ അത് തട്ടിയും മുട്ടിയും മാത്രമുള്ള വിജയമായി മാറി. എങ്കിലും ഒരു പേപ്പർ പോലും ഫെയിൽ ആവാതെ എഴുതിയെടുക്കാൻ സാധിച്ചു. ഇതിനിടയിൽ കുറച്ച് സമ്പാദ്യം കൂട്ടിവെച്ച് വീട്ടിലേക്ക് കൊടുക്കുന്നുണ്ടായിരുന്നു.   ടെക്നോപാർക്കിൽ ജോലിക്ക് കയറിയ സമയത്ത് തന്നെ അമ്മച്ചിയോട് ഇനി ജോലിക്ക് പോകേണ്ട എന്ന് പറഞ്ഞിരുന്നു.  ലഭിക്കുന്ന ശമ്പളത്തിൽ നിന്നും വെറും ആയിരം രൂപ മാത്രം എനിക്കുള്ള ചെലവിനായി മാറ്റിവച്ച് ബാക്കി 7000 രൂപയും വീട്ടിലേക്ക് അയച്ചു കൊടുക്കുമായിരുന്നു. സി എ കഴിഞ്ഞതോടെ ഒരു പ്ലേസ്മെന്റ്ലൂടെ തന്നെ ബാംഗ്ലൂരിലേക്ക് ജോലി കിട്ടി. പെട്ടെന്ന് തന്നെ അവിടേക്ക് പോകേണ്ടത് കൊണ്ട് വീട്ടിൽ വന്ന് രണ്ട് ദിവസം നിൽക്കാനേ സാധിച്ചിരുന്നുള്ളൂ. അന്ന് വീട്ടിലേക്ക് വന്നത് തന്റെ കയ്യിൽ ഉണ്ടായിരുന്ന പണത്തിൽ നിന്നും കുറച്ച് അധികം ഷോപ്പിംഗ് നടത്തിയാണ് അമ്മച്ചിക്കും സച്ചുവിന് വല്യമ്മച്ചിയ്ക്കും കുറെ സാധനങ്ങളുമായി ആയിരുന്നു എത്തിയത്. വല്യമ്മച്ചിക്ക് ഒരു കമ്പനി പുതപ്പ് വേണമെന്ന് പറഞ്ഞതുകൊണ്ട് നല്ല ഒന്ന് തന്നെ വാങ്ങിയിരുന്നു. അമ്മച്ചിക്കും വാങ്ങി നല്ല രണ്ടു സാരി നൈറ്റിയും ഒക്കെ ഇനിയെങ്കിലും ആരുടെയും പഴയതല്ലാത്ത സ്വന്തമായി തുണിയുടുത്ത് നടക്കട്ടെ എന്ന് കരുതി. സച്ചു പിന്നെ അവൻ ആവശ്യമുള്ളതൊക്കെ വിളിച്ചു പറയുകയായിരുന്നു അവൻ പറഞ്ഞതൊക്കെ അവനും കൊണ്ടുകൊടുത്തു. തനിക്കായി വാങ്ങിയത് ഒരു ക്യാമറ സെറ്റിന്റെ മൊബൈൽ ഫോൺ മാത്രമാണ്. ജോലി ചെയ്യുന്ന സമയത്തും കൂട്ടുകാരിയുടെ ഫോണിൽ നിന്നും ആയിരുന്നു വീട്ടിലേക്ക് വിളിക്കുന്നത് അമ്മച്ചിക്ക് ഒരു നോക്കിയ സെറ്റിന്റെ ഫോൺ ഉണ്ടായിരുന്നു. ബാംഗ്ലൂരിൽ പോകുമ്പോൾ ഒരു ഫോൺ അത്യാവശ്യമാണ് എന്ന് തോന്നിയത് കൊണ്ട് തന്നെ നോക്കിയയുടെ ഒരു മെസഞ്ചർ ഫോൺ വാങ്ങി.   രണ്ടുദിവസം കൊണ്ട് പറ്റുന്ന രീതിയിൽ എന്തൊക്കെയോ അമ്മച്ചി ഉണ്ടാക്കിത്തന്നു.  ചെറിയൊരു ബാഗ് വാങ്ങി അതിൽ കൊള്ളുന്ന സാധനങ്ങളുമായി ജീവിതത്തിന്റെ പുതിയ യാത്ര തുടങ്ങാൻ ബാംഗ്ലൂരിലേക്ക് യാത്ര തിരിച്ചു. അത്രയും ദൂരം ആദ്യമായി വീട്ടിൽ നിന്നും മാറി നിൽക്കുന്നതിന്റെ ബുദ്ധിമുട്ട് ഒക്കെ തന്നെ തുടക്കത്തിൽ ഉണ്ടായിരുന്നു.  എങ്കിലും പതുക്കെ അവിടവുമായി ഇണങ്ങി. 

ആദ്യം ചെറിയ ശമ്പളത്തിൽ ആയിരുന്നു ജോലി ചെയ്തത് എങ്കിലും ഓരോ മാസം കൂടുന്തോറും ആ ശമ്പളം വർദ്ധിച്ചു കൊണ്ടിരുന്നു. അമ്മച്ചിയോട് ഉറപ്പു പറഞ്ഞതു പോലെ രണ്ടുവർഷം കൊണ്ട്  തന്നെ ബാങ്കിലേ കടം തീർക്കാൻ പറ്റി.  ബാങ്കിലെ കടവും തീർത്ത ആധാരം അമ്മച്ചിയുടെ കൈകളിലേക്ക് എടുത്തു കൊടുത്തിരുന്നു. ആ സമയം കണ്ണ് നിറഞ്ഞ് അമ്മച്ചി തന്റെ മുഖത്തേക്ക് നോക്കി. പിന്നെ പഴയ വീട് തന്നെ കൊണ്ട് ആവുന്ന വിധത്തിൽ ചെറുതായി ഒന്ന് പുതുക്കി പണിതു. വീട്ടിൽ ആവശ്യമുള്ള സാധനങ്ങൾ എല്ലാം തന്നെ വാങ്ങി. ചെറുതെങ്കിലും നല്ലൊരു തുക സമ്പാദ്യമായി ബാങ്കിൽ ഉണ്ട്.  ഇപ്പോൾ ഈ ബാംഗ്ലൂർ നഗരത്തിന്റെ ഭാഗമാകാൻ സാധിച്ചിട്ട് മൂന്നു വർഷമാകുന്നു.  എല്ലാ കടങ്ങളും തീർത്ത് ജീവിതത്തിൽ പുതിയ പുതിയ കാര്യങ്ങൾ നേടിക്കൊണ്ടിരിക്കുന്നു.  ഒന്നുമില്ലാതെ കിടന്ന ജീവിതത്തിൽ നിന്നും അഞ്ചക്ക സംഖ്യ എല്ലാ മാസവും ശമ്പളം വാങ്ങാൻ തക്കവിധം  വിദ്യാഭ്യാസം തന്നെ ഉയർത്തിയിരിക്കുന്നു. ഉള്ളിന്റെയുള്ളിൽ എന്നും ഒരു നോവു മാത്രം, “സാം” അതിങ്ങനെയെന്നും ചുട്ടുപൊള്ളിക്കുന്നുണ്ട് തന്നെ.  അല്ലെങ്കിലും എന്തെങ്കിലും ഒരു വേദന ഇല്ലെങ്കിൽ മനുഷ്യന്റെ ജീവിതത്തിന് എന്ത് ത്രില്ലാണുള്ളത്.? കോളിംഗ് ശബ്ദിച്ചപ്പോഴാണ് ഓർമ്മകളിൽ നിന്നും ശ്വേതയ്ക്ക് മുക്തി ലഭിച്ചത്……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button