Novel

ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 81

[ad_1]

രചന: റിൻസി പ്രിൻസ്‌

ഇപ്പൊ പോയാലേ മേക്കപ്പ് ഒക്കെ നേരത്തെ കഴിയു എന്നാണ് അവർ പറയുന്നത്…  ഇനി ചിലപ്പോൾ എന്നെ വിളിച്ചാൽ കിട്ടില്ല,  ഇവിടെ തിരക്കായിരിക്കും പള്ളിയിൽ വച്ച് കാണാം..

” ആയിക്കോട്ടെ ഞാനും തിരക്കിലാ…

ഫോൺ കട്ട് ചെയ്തപ്പോൾ രണ്ടുപേരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.. ഏറെ ആഗ്രഹിച്ച ആ ജീവിതത്തിന്റെ തുടക്കം ഇന്ന് തുടങ്ങുന്നതിന്റെ പുഞ്ചിരി..

മേക്കപ്പ് സ്റ്റുഡിയോയിലിരുന്ന് ബുദ്ധിമുട്ടുകയായിരുന്നു ശ്വേതയെന്ന് പറയുന്നതാണ് സത്യം.  വളരെ സിമ്പിൾ ആയി കുറച്ചു മേക്കപ്പ് മതി എന്ന് അവൾ പറഞ്ഞിട്ടും ബ്യൂട്ടീഷൻ എന്തൊക്കെയോ ചെയ്യുന്നുണ്ട്.  അവസാനം അവർ ചെയ്തത് എല്ലാം കഴുകികളഞ്ഞ് വീണ്ടും അവൾ സിമ്പിള്‍ മേക്കപ്പ് ചെയ്യിപ്പിച്ചു. ശേഷം തൃപ്തിയായതിനുശേഷം ആണ് അവൾ സമാധാനത്തോടെ ഇരുന്നത്..

പർപ്പിൾ നിറത്തിലുള്ള നെറ്റിൽ ഹാൻഡ് വർക്ക് ചെയ്ത സാരി ആയിരുന്നു വിവാഹനിശ്ചയത്തിനു വേണ്ടി ശ്വേത തിരഞ്ഞെടുത്… അത് ഭംഗിയായി തന്നെ ബ്യൂട്ടീഷൻ ഞൊറിഞ്ഞു ഉടുക്കുകയും ചെയ്തിരുന്നു…  നീളമുള്ള അവളുടെ മുടി മനോഹരമായ ഒരു ക്ലിപ്പ് കൊണ്ട് കെട്ടി അഴിച്ച് ഇട്ടിരിക്കുകയായിരുന്നു… സാരിക്ക് ചേരുന്ന വളരെ സിമ്പിൾ ആയിട്ടുള്ള ഒരു പർപ്പിൾ നിറത്തിലുള്ള കല്ലുകൾ വച്ച നെക്ക്ലൈസ് മാത്രമായിരുന്നു അവൾ ധരിച്ചിരുന്നത്.  അതിനെ ചേരുന്ന നീളമുള്ള  പർപ്പിൾ കല്ലിന്റെ കമ്മൽ,  ഒരു കൈയിൽ സാധാരണ എപ്പോഴും അവൾ ഇടാറുള്ള സ്വർണത്തിന്റെ നേർത്ത കൈചെയിൻ.  മറുകയ്യിൽ പർപ്പിൾ നിറത്തിലുള്ള കല്ലുകൾ പതിപ്പിച്ച വളകളും.. 

” സിമ്പിൾ ആണെങ്കിലും നല്ല എലഗൻറ് ലുക്ക് ആയിട്ടുണ്ട്,

ഒരുക്കി കഴിഞ്ഞപ്പോൾ ബ്യൂട്ടീഷൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞപ്പോൾ കണ്ണാടിയിലേക്ക് നോക്കി സംതൃപ്തി നിറഞ്ഞ ഒരു പുഞ്ചിരി അവളും കാണിച്ചു.

”  സാധാരണ മേക്കപ്പ് കുറവാണെന്നു പറഞ്ഞ എല്ലാവരും വാശി പിടിക്കുന്നത്,  ഇതാദ്യമായിട്ടാണ് ഇട്ട മേക്കപ്പ് മുഴുവൻ കഴുകി കളയിപ്പിക്കുന്ന ഒരാളെ ഞാൻ കാണുന്നത്…

ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി ബ്യൂട്ടീഷൻ പറഞ്ഞപ്പോൾ അവളും ആ ചിരിയിൽ പങ്കുചേർന്നു…

”  എനിക്ക് സത്യത്തിൽ ഇങ്ങനെ കെട്ടി ഒരുങ്ങി നിൽക്കുന്നത് പോലും ഇഷ്ടമല്ല പിന്നെ നമ്മുടെ യഥാർത്ഥ മുഖസൗന്ദര്യം എന്നു പറയുന്നത് നമ്മൾ ഉണർന്നു വരുമ്പോഴുള്ളതാണ് എന്ന് പറയുന്നത് കേട്ടിട്ടില്ലേ..?  അത്തരത്തിൽ എന്നെ കണ്ടിട്ടുള്ള ആളാണ് അവിടെ വന്ന് കൈയിൽ മോതിരം ഇടുന്നത്,  പിന്നെ ഒരുപാട് മേക്കപ്പിട്ട് അങ്ങോട്ട് പോകേണ്ട ആവശ്യം ഒന്നും ഇല്ലല്ലോ…

ചിരിയോടെ അവൾ പറഞ്ഞപ്പോൾ കൂട്ടുകാരികളും ബ്യൂട്ടീഷനും അത് കേട്ട് ചിരിച്ചിരുന്നു….

വീട്ടിലെത്തിയപ്പോൾ ബന്ധുക്കളുടെയും മറ്റും തിരക്കായിരുന്നു,  ഇതിനിടയിൽ ഭക്ഷണം കഴിക്കാൻ അവൾക്ക് സമയം കിട്ടില്ല എന്ന് മനസ്സിലാക്കിയ  സാലി അവൾക്ക് ഭക്ഷണം വാരി കൊടുക്കുകയായിരുന്നു ചെയ്തത്…  ഒരുവിധത്തിൽ ഒരു അപ്പം എങ്ങനെയൊക്കെയോ അകത്താക്കി എന്ന് പറയുന്നതാണ് സത്യം,  സുഹൃത്തുക്കളും ബന്ധുക്കളും അയൽക്കാരും ഒക്കെയായി വീട്ടിൽ ആകെപ്പാടെ തിരക്കായി പോയിരുന്നു…  ഇത്രയും ആളുകൾ ഇപ്പോൾ തന്നെ എത്തും എന്ന് അവരും പ്രതീക്ഷിച്ചിരുന്നില്ല,  വന്നവർക്ക് വേണ്ടി എല്ലാം അപ്പവും ചിക്കൻ സ്റ്റൂവും കരുതിയിരുന്നു…  കൃത്യം പത്തുമണിയായപ്പോൾ തന്നെ പള്ളിയിലേക്ക് ഇറങ്ങാനായി തീരുമാനിച്ചിരുന്നു..  ശ്വേതയുടെ ഒപ്പം വണ്ടിയിൽ  അമ്മയും അനിയനും  വല്ല്യമ്മച്ചിയും ദീപയുമാണ് കയറിയത്.. കുറച്ച് അധികം നാളുകളായി പുറത്തേക്ക് ഇറങ്ങാത്ത വല്ല്യമ്മച്ചി കൊച്ചുമകളുടെ വിവാഹ നിശ്ചയം ആയതുകൊണ്ടാണ് വയ്യായിഴക ഒക്കെ മറന്നു പുറത്തേക്ക് വന്നത്.. 

പള്ളിമുറ്റത്തേക്ക് കാർ കടക്കുമ്പോൾ തന്നെ തൊട്ടിപ്പുറത്തായി അലങ്കരിച്ച മറ്റൊരു കാർ കണ്ടിരുന്നു… ആളെത്തിയിട്ടുണ്ട് എന്ന് അറിഞ്ഞതും അവളുടെ ചുണ്ടിൽ നാണത്തിന്റെ ഒരു പുഞ്ചിരി വിടർന്നിരുന്നു. ഈ പള്ളിക്കുള്ളിൽ വച്ച് എത്ര തവണയാണ് ആളെ കൊതിയോടെ നോക്കി നിന്നിട്ടുള്ളത്…   ആളുടെ ഒരു നോട്ടം തിരികെ കിട്ടിയിരുന്നുവെങ്കിൽ എന്ന് ഒരുപാട് പ്രതീക്ഷിച്ചിട്ടുള്ളത് ഇതേ പള്ളിയിൽ വച്ച് ആണ്… അതേ പള്ളിയിൽ വച്ച് ആളെന്റെ സ്വന്തമാക്കുമെന്ന് ചിന്തിക്കുമ്പോൾ ഉള്ളം വല്ലാതെ തുടികൊട്ടുന്നത് അവൾ അറിയുന്നുണ്ടായിരുന്നു….

ഒരു നോട്ടം കാറിനുള്ളിലേക്ക് നോക്കിയപ്പോൾ ആൾ തന്നെ നോക്കിയിരിക്കുകയാണ്. അതോടൊപ്പം തന്നെ ചിരിയോടെ എന്താണ് എന്ന് കണ്ണുകൾ കൊണ്ട് ചോദിക്കുകയും ചെയ്യുന്നുണ്ട്… തന്റെ സാരിയ്ക്ക് മാച്ച് ചെയ്യുന്ന കസവിന്റെ പർപ്പിൾ നിറത്തിലുള്ള ഫുൾകൈ ഷർട്ടും  അതേ കരയിലുള്ള മുണ്ടുമാണ് ആളുടെ വേഷം. ആ വേഷത്തിൽ ആൾ ഒന്നൂടെ സുന്ദരനാണ് എന്ന് തോന്നുകയും ചെയ്തു. ഒന്നുമില്ല എന്ന് കണ്ണുകൾ കൊണ്ട് കാണിച്ചപ്പോൾ അരികിൽ ഇരുന്ന് ചിരിയോടെ ദീപ ചോദിക്കുന്നുണ്ടായിരുന്നു “ഇപ്പോഴും നീ ഇങ്ങനെ ആളിന്റെ ചോര ഊറ്റി കുടിക്കുകയാണോ എന്ന്”. 
ചിരിയോടെ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി കൈയ്യിൽ നുള്ളുക മാത്രമാണ് ചെയ്തത്.

“എങ്കിലും നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു…

” എന്താടി

മനസ്സിലാവാതെ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു

”  എത്രയൊക്കെ ബുദ്ധിമുട്ടിയാലും നീ സ്നേഹിച്ച ആളിനെ തന്നെ നീ സ്വന്തമാക്കിയില്ലേ…? അത് ചെറിയ കാര്യമല്ല.

” ഞാൻ സ്വന്തം ആക്കിയതോ പിടിച്ചു വാങ്ങിയത് ഒന്നുമല്ല,  ദൈവം ആയിട്ട് എനിക്ക് തന്നതല്ലേ…. എന്റെ സ്നേഹം എത്ര തീവ്രമായിരുന്നു എന്നും അത് നിഷേധിച്ചപ്പോൾ എന്റെ മനസ്സ് എത്ര വിഷമിച്ചു എന്നും മറ്റ് ആരെക്കാളും മനസ്സിലാകുന്നത് എന്റെ ഈശോയ്ക്ക് മാത്രം ആണ്.. ഈ പള്ളിയില്  ആണ് ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചിട്ടുള്ളത്,  ഈ ഒരാളെ എനിക്ക് തന്നെ തരണേ എന്ന് ഉള്ളുരുക്കി ഞാനീ തിരുസ്വരൂപത്തിന്റെ മുൻപിൽ നിന്ന് എത്രവട്ടം പ്രാർത്ഥിച്ചിട്ടുണ്ടെന്ന് നിനക്കറിയോ.? അപ്പോഴൊക്കെ അതെനിക്ക് വെറും പ്രാർത്ഥന മാത്രമായിരുന്നു,  നടക്കുമെന്ന് ഒരു വിദൂരസാധ്യതയും ഇല്ലാത്ത എന്നാൽ എന്റെ ഏറ്റവും വലിയ ആഗ്രഹമായ ഒരു സ്വപ്നമായ ഒരു പ്രാർത്ഥന… ആ സ്വപ്നം എന്റെ ദൈവം എനിക്ക് സാക്ഷാത്കരിച്ചു തന്നു…  അതിലും വലുതായിട്ട് എനിക്ക് ഒന്നുമില്ല. ഈ ജീവിതത്തിൽ ഇനി ഒന്നും എനിക്ക് നേടാൻ ഇല്ലെന്നു തോന്നുന്നു.

ദീപ അവളുടെ കൈകൾക്ക് മുകളിൽ കൈകൾ വച്ചു ശേഷം കണ്ണുകൾ രണ്ടും ഇറുക്കി അടച്ചു കാണിച്ചു. പള്ളിക്കുളിലേക്ക് ചെല്ലുമ്പോൾ പരിചിതരായ ഒരുപാട് പേരുടെ മുഖം അവൾ കണ്ടിരുന്നു…  എങ്കിലും ഉള്ളിൽ തെളിഞ്ഞു നിന്നത് ആ ഒരൊറ്റ ആളുടെ മുഖമാണ്,  ഇന്നത്തെ ദിവസം മറ്റൊരു മുഖവും തനിക്ക് മുൻപിൽ ഇത്രയും പ്രഭയോടെ തെളിഞ്ഞു നിൽക്കില്ല.  എത്ര വർഷത്തെ തന്റെ സ്വപ്നമാണ് തന്റെ ജീവിത ലക്ഷ്യം..!  ഒരേ പള്ളിക്കാരായത് കൊണ്ട് തന്നെ ഇടവകയിൽ ആരെയും വിളിക്കാതിരിക്കാൻ പറ്റില്ല.  അതുകൊണ്ട് ഒരു ഇടവക മുഴുവൻ വന്നിട്ടുണ്ട്. പലരും എന്തൊക്കെയോ അടക്കം പറയുന്നത് കേൾക്കാം, ചിലർ പറയുന്നത് അമ്മ ആളുടെ വീട്ടിൽ ജോലിചെയ്യുന്ന സമയം മുതലേ തങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നു എന്നാണ്.  എത്ര പെട്ടെന്നാണ് ഓരോ കഥകൾ ആളുകൾ മെനഞ്ഞെടുക്കുന്നത്.  ആൾക്കൂട്ടത്തിൽ എവിടെയോ കണ്ടിരുന്നു റിയ ചേച്ചിയുടെ അമ്മയെയും,  ചേച്ചിയെ പോലെ തന്നെയാണ് അമ്മയും മറ്റുള്ളവർക്ക് എന്തെങ്കിലും നല്ല കാര്യം വരുന്നത്  ഇഷ്ടമല്ല,  അതുകൊണ്ടു തന്നെ മുഖത്ത് ആ ഒരു അസൂയ നിറഞ്ഞ് നിന്നിരുന്നു. പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം അച്ഛൻ മനസമ്മതം ചോദിച്ചപ്പോൾ നിറഞ്ഞ മനസ്സോടെ രണ്ടുപേരും സമ്മതം പറഞ്ഞു…

മോതിരം പരസ്പരം അണിയാൻ ആവശ്യപ്പെട്ട സമയത്ത് ആദ്യം മോതിരം അണിഞ്ഞത് അവളാണ്,  എന്തുകൊണ്ടോ എത്ര പിടിച്ചു വച്ചിട്ടും കണ്ണുകൾ അറിയാതെ നിറഞ്ഞു പോയിരുന്നു… സന്തോഷം കൊണ്ടാണെന്ന് അറിയാമെങ്കിലും ആ മിഴിനീർക്കണങ്ങൾ അവന്റെ ഹൃദയത്തിലാണ് പതിച്ചത്.. ഈ ഒരു നിമിഷം അവൾ എത്രത്തോളം സന്തോഷം അനുഭവിക്കുന്നുണ്ട് എന്ന് തന്നെപ്പോലെ മറ്റൊരു വ്യക്തിക്കും മനസ്സിലാക്കാൻ സാധിക്കില്ലെന്ന് അവന് തോന്നി, ആ മിഴിനീർകണങ്ങൾക്ക് അവന് മാത്രം ഗ്രഹിക്കാവുന്ന ഒരുപാട് അർത്ഥങ്ങൾ ഉണ്ട്. അതുകൊണ്ടു തന്നെ മോതിരം അവളുടെ കൈകളിലേക്ക് അണിഞ്ഞ നിമിഷം അവന്റെ ചുണ്ടുകളും ആ കൈകളിൽ പതിഞ്ഞിരുന്നു… ചുറ്റും പലരും നിൽപ്പുണ്ട് എന്നും പലരും തങ്ങളെ തന്നെയാണ് നോക്കുന്നത് എന്നും അറിയാമായിരുന്നിട്ടു പോലും അവൻ ഏറെ പ്രണയത്തോടെ തന്റെ പെണ്ണിന്റെ കൈകളിൽ ചുംബിച്ചു…  ഇനി ഒരിക്കലും ഈ ജീവിതത്തിൽ അവളെ വേദനിപ്പിക്കില്ല എന്ന് പറയാതെ പറയുന്നതുപോലെ………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button