കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 35
[ad_1]
രചന: റിൻസി പ്രിൻസ്
അവിടെ നിന്നും അടുത്ത് കണ്ട ഒരു ചെറിയ കടയിലേക്ക് കയറാമെന്നാണ് സതി പറഞ്ഞത്. രമ്യയും സുഗന്ധിയും സതിയും ഒരുമിച്ചു തന്നെ ആ കടയിലേക്ക് കയറിയിരുന്നു. അവിടെ നിന്നും വിലകുറഞ്ഞ മൂന്നാല് കോട്ടൺ നൈറ്റ് ഡ്രസ്സുകളാണ് വീട്ടിൽ വരുമ്പോൾ ധരിക്കാൻ അവൾക്കായി വാങ്ങിയിരുന്നത്. ഒപ്പം കോട്ടന്റെ തന്നെ വലിയ വിലയില്ലാത്ത രണ്ടുമൂന്ന് ടോപ്പും ലഗിൻസ്സും ഒക്കെ തന്നെ വാങ്ങുകയും ചെയ്തു. സുധി കണ്ടാല് ഇത് എന്ത് ധരിക്കുമെന്ന് ഭയന്ന് മാത്രം കൂട്ടത്തിൽ വിലയുള്ളത് എന്ന് തോന്നിയ രണ്ട് ചുരിദാർ തുണിയും വാങ്ങിയിരുന്നു. ബാക്കി വിവാഹത്തിൽ ഇടാനുള്ള വസ്ത്രങ്ങൾ എല്ലാം തന്നെ എല്ലാവർക്കും എടുത്തത് കല്യാണസാരിയെടുത്ത വലിയ കടയിൽ നിന്ന് തന്നെയാണ്. ഒരു നിമിഷം മീരയുടെ കാര്യം ഓർത്തപ്പോൾ രമ്യയ്ക്ക് സഹതാപം തോന്നിയിരുന്നു. എന്നാൽ അത് തന്നെ ബാധിക്കുന്ന കാര്യമല്ലാത്തതിനാൽ അവളെ അത് വലുതായി അലട്ടിയിരുന്നില്ല.
വൈകിട്ട് കിടക്കുന്ന സമയത്ത് ശ്രീജിത്തിനോട് ഇക്കാര്യത്തെപ്പറ്റി പറയാനും മറന്നില്ല രമ്യ.
” നിങ്ങളുടെ അമ്മ ഭയങ്കര സാധനം തന്നെയാണ്.
” എന്തുപറ്റി..
” ഇന്ന് എന്തൊക്കെ സംഭവങ്ങൾ നടന്നതെന്ന് അറിയുമോ..?സുധിയേട്ടൻ പറഞ്ഞത് മൂന്നര പവന്റെ താലിമാല എടുക്കാനാ. അമ്മ എടുത്തത് രണ്ടര പവൻ. ഒരു പവന്റെ പണത്തിന് സുഗന്ധി ചേച്ചിയുടെ മോൾക്ക് വള എടുത്തു കൊടുത്തു. പിന്നെ കല്യാണസാരിയുടെ കാര്യം പറയണ്ട, നല്ല കല്യാണ സാരി എടുക്കാൻ പറഞ്ഞിട്ട് ജന്മം ചെയ്താൽ കേൾക്കില്ല. അവസാനം 2000 – 3000 രൂപയുടെ പഴയ ഫാഷനിലുള്ള ഒരെണ്ണം എടുത്തു എന്തൊരു നാണക്കേടാ ഞാൻ പിന്നെ പറഞ്ഞു അവസാനം ഒരു 6000 ന്റെ സാരി എടുപ്പിച്ചു. ഒട്ടും ഇഷ്ടമായില്ല. പിന്നെ ഞാൻ എങ്ങാനും സുധിയേട്ടനോട് നിങ്ങളോട് പറഞ്ഞാലോന്നുള്ള ഭയം കൊണ്ടായിരിക്കും എടുത്തത്. അത് കഴിഞ്ഞ് ആ പെൺകുട്ടിയുടെ വീട്ടിൽ ഇടാനും പുറത്ത് എവിടെയെങ്കിലും പോകാനുള്ള ഡ്രസ്സ് വാങ്ങി. അതാണ് രസം, മഹാലക്ഷ്മിയുടെ ഇപ്പറത്തെ ഒരു കടയില്ലേ? ഒരു ആദായ കട. അവിടെ കയറിയാണ് സാധനങ്ങളൊക്കെ വാങ്ങിയത്.
രമ്യ പറഞ്ഞു..
” അയ്യേ അമ്മ ഇതെന്തു പരിപാടി കാണിച്ചത്, ചേട്ടൻ എങ്ങാനും അറിഞ്ഞാൽ എന്തായിരിക്കും കരുതുക, നീയും കൂടി പോയതല്ലേ എന്നൊക്കെ ചേട്ടൻ കരുതില്ലേ…?
ശ്രീജിത്ത് പറഞ്ഞു…
” നിങ്ങടെ ചേട്ടൻ എന്ത് കരുതിയാലും എനിക്ക് കുഴപ്പമില്ല. അങ്ങേരല്ലല്ലോ എനിക്ക് ചെലവിന് തരുന്നത്. പക്ഷേ നിങ്ങടെ അമ്മയെ ഞാൻ സമ്മതിച്ചു തന്നിരിക്കുന്നു. എന്റെ ദൈവമേ ആ പെൺകൊച്ചിന് എന്തൊക്കെ അനുഭവിക്കേണ്ടി വരും. ഇതിലും നല്ലത് നിങ്ങളുടെ ചേട്ടൻ കല്യാണം കഴിക്കാൻ നിൽക്കുന്നത് തന്നെയായിരുന്നു. ഇതിപ്പോൾ കല്യാണം കഴിയുമ്പോൾ അങ്ങേർക്ക് സമാധാനം ഉണ്ടാവില്ല. കയറി വരുന്നവൾക്കും സമാധാനം ഉണ്ടാവില്ല.
” നീ തൽക്കാലം അമ്മയെ പിണക്കാൻ നിക്കണ്ട. നീ ജോലിക്ക് പോകുമ്പോൾ മോളെ നോക്കണമെങ്കിൽ അമ്മ തന്നെ വേണം. അല്ലേലും പിണക്കാതിരിക്കുന്ന തന്നെയാണ് നല്ലത്. നമ്മുടെ സ്ഥലവും പറമ്പും ഒക്കെ അമ്മയുടെ പേരിലാണ്. അമ്മയാ തീരുമാനിക്കുന്നത് ആർക്ക് തരണം എന്നുള്ളത്. അതുകൊണ്ട് നീ അവിടെയും ഇവിടെയും ഇല്ലാത്ത രീതിയിൽ അങ്ങ് പോയാൽ മതി.
ശ്രീജിത്ത് ഉപദേശം പോലെ പറഞ്ഞു..
” ഞാൻ ആരോടും ഒരു വഴക്കിനും പോകുന്നില്ല. എന്റെ കാര്യം നോക്കി ഞാൻ മര്യാദയ്ക്ക് ജീവിക്കുകയാണ് ചെയ്യുന്നത്. പിന്നെ എന്റെ തലേൽ കേറാൻ വന്നാൽ ഞാൻ വെറുതെ ഇരിക്കില്ല. അത് നിങ്ങളുടെ അമ്മയാണെങ്കിലും ശരി, ഇനി ഇങ്ങോട്ട് കയറി വരുന്നവൾ ആണേലും ശരി.
ശ്രീജിത്ത് ഒന്നും മിണ്ടാതെ ലൈറ്റ് ഓഫ് ചെയ്ത് ആ വിഷയം അവസാനിപ്പിച്ചിരുന്നു.
ചിട്ടി അടിച്ചതുകൊണ്ട് സ്വർണം എടുക്കാൻ പോകാമെന്ന് മാധവി മീരയോട് പറഞ്ഞിരുന്നു. ഉച്ചയ്ക്ക് ശേഷം അവൾ അവധിയെടുത്ത് വരാമെന്ന് അറിയിക്കുകയും ചെയ്തു. ഒരു ദിവസം പോലും ക്ലാസ്സ് മിസ്സ് ചെയ്യാൻ പറ്റില്ല. ഒരുപാട് പ്രോജക്ടുകളും മറ്റും ഉണ്ട്. ഒരു ദിവസം പോയാൽ എഴുതാനുള്ളത് ഒരാഴ്ചത്തേക്കുള്ളതാണ്. അതുകൊണ്ടു തന്നെ പൊതുവെ അവധി എടുക്കാറില്ല. സ്വർണം എടുക്കാൻ പോകുന്ന കാര്യം തലേന്ന് തന്നെ അവൾ സുധിയോട് പറഞ്ഞിരുന്നു. എവിടുന്നാണ് സ്വർണം എടുക്കുന്നത് എന്നൊക്കെ തിരക്കുകയും ചെയ്തിരുന്നു. അതറിയില്ലെന്ന് ഉച്ചയ്ക്ക് ശേഷമേ വീട്ടിൽ നിന്ന് ഇറങ്ങുന്ന് മാത്രമായിരുന്നു അവൾ പറഞ്ഞിരുന്നത്. മീര കൂടി വന്നതോടെ സ്വർണം എടുക്കാൻ പോകാൻ മാധവിയും മീനുവും തയ്യാറായിരുന്നു. കുഞ്ഞുമോൾ സ്കൂളിൽ നിന്ന് വരാറാകുന്ന സമയമായപ്പോഴേക്കും തിരികെ എത്താമെന്നാണ് കരുതിയത്. മൂന്നുപേരും കൂടി വീടുപൂട്ടി ഇറങ്ങാൻ നിൽക്കുമ്പോഴാണ് മുകളിൽ ഒരു കാർ കൊണ്ടുവന്ന് നിർത്തുന്നത് കേട്ടത്.
കാറിൽ നിന്നും ഇറങ്ങി വന്ന ആളെ പെട്ടെന്ന് തന്നെ മനസ്സിലാക്കി എടുക്കാൻ മീരയ്ക്ക് സാധിച്ചിരുന്നു. സുധിയുടെ സുഹൃത്ത്. പഠിക്കാനുള്ള തന്റെ കയ്യിൽ തന്നു വിട്ടത് അവനാണ്. പരിചിതമായ ഒരു പുഞ്ചിരി അവൾ അവന് നൽകി. തിരികെ അവനും. ആരാണെന്ന് മനസ്സിലാവാതെ മാധവി ഓർമ്മക്കൂട്ടിൽ ആ മുഖം തിരഞ്ഞു.
“സുധിയേട്ടന്റെ ഫ്രണ്ടാണ്.
മീര മാധവിയോടായി പറഞ്ഞു.
” നിങ്ങൾ പോയോന്ന് ആശങ്കപ്പെട്ടാണ് ഞാൻ വന്നത്. എനിക്കിവിടെ ചങ്ങനാശ്ശേരി വരെ വരണ്ട ഒരു ആവശ്യമുണ്ടായിരുന്നു. സുധി ആണ് പറഞ്ഞത് ഇവിടേക്ക് ഒന്ന് വരണമെന്ന്,
ഒരു ചിരി മാധവി അവന് നൽകി.
കാര്യം മനസ്സിലാവാതെ അവന്റെ മുഖത്തേക്ക് നോക്കി മാധവി.
” മോൻ ഇരിക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം.
” അയ്യോ വേണ്ട ചേച്ചീ വീടെല്ലാം അടച്ചതല്ലേ, എനിക്കും പോയിട്ട് അൽപ്പം ധൃതിയുണ്ട്. ഇത് സുധി ഇവിടെ ഏൽപ്പിക്കണമെന്ന് പറഞ്ഞതാ. അവൻ വിളിച്ചോളാം എന്ന് പറഞ്ഞിട്ടുണ്ട്.
കയ്യിലേക്ക് ഒരു പ്ലാസ്റ്റിക് കവർ വച്ചു കൊടുത്തിരുന്നു വിനോദ്. കാര്യം അറിയാതെ മാധവി അവന്റെ മുഖത്തേക്ക് നോക്കി.
” എന്താ മോനേ ഇത്…?
മാധവി അവനോട് ചോദിച്ചു.
” എനിക്കറിയില്ല ചേച്ചി.. ഇത് ഇവിടെ ഏൽപ്പിക്കണം എന്ന് പറഞ്ഞു. സുധീടെ ഒരു ഫ്രണ്ട് നാട്ടിൽ വന്നിട്ടുണ്ടായിരുന്നു എനിക്ക് പോയിട്ട് ധൃതിയുണ്ട്. ഞാൻ പോട്ടെ അതും പറഞ്ഞ് മീനുവിനെയും മീരയെയും നോക്കി ഒന്ന് പുഞ്ചിരിച്ചതിനു ശേഷം മുകളിലേക്കുള്ള പടവുകൾ കയറിയിരുന്നു വിനോദ്..
മനസ്സിലാവാതെ മാധവി മക്കളെ രണ്ടുപേരെയും നോക്കി. ശേഷം ആ കവർ ഒന്ന് തുറന്നു നോക്കിയപ്പോൾ അവർ ഞെട്ടി പോയിരുന്നു. രണ്ടായിരത്തിന്റെ രണ്ട് കെട്ടാണ് ഉള്ളത്. അമ്പരന്ന് അവർ മീരയുടെ മുഖത്തേക്ക് നോക്കി,
” എന്താ അമ്മേ അതില്..?
മീര ചോദിച്ചു.
” പണമാണ് അതും ഒരുപാടുണ്ട് എന്ന് തോന്നുന്നു.
അമ്പരപ്പോടെ തന്നെ മാധവി പറഞ്ഞു, പെട്ടെന്നാണ് മാധവിയുടെ ഫോൺ റിങ്ങ് ചെയ്തത്. നോക്കിയപ്പോൾ നെറ്റ് നമ്പർ ആണ്. അത് സുധിയാണ് എന്ന് മീരക്ക് മനസ്സിലായിരുന്നു.
” സുധിയേട്ടൻ ആണ് അമ്മെ ഫോൺ എടുക്ക്,
മാധവി പെട്ടെന്ന് ഫോൺ എടുത്തു.
” അമ്മേ വിനോദ് വന്നിരുന്നല്ലോ അല്ലേ..?
” വന്നിരുന്നു മോനെ, എന്താ ഇത്. എനിക്കൊന്നും മനസ്സിലാവുന്നില്ല.
മാധവി ഫോണിലൂടെ ചോദിച്ചു.
” അത് അത്രയ്ക്ക് മനസ്സിലാക്കാൻ ഒന്നുമില്ല.. ഒരു രണ്ട് ലക്ഷം രൂപയാണ്. എനിക്ക് കൂടുതൽ ഇപ്പോൾ അറേഞ്ച് ചെയ്യാൻ പറ്റിയ ഒരു സാഹചര്യം അല്ല. ഇല്ലായിരുന്നെങ്കിൽ ഞാൻ കുറച്ചു കാശും കൂടെ തന്നെനേ ഇതിപ്പോ എനിക്കും അമ്മയ്ക്കും ഒക്കെ സ്വർണ്ണം എടുക്കണ്ടേ.? അതിന് അമ്മയുടെ കയ്യിലുള്ള പണം ചെലവാക്കേണ്ട എന്ന് പറയാനാ. ചെറുക്കന് മാലയോ
ചെയിനോ ഇടുന്ന ഒരു ചടങ്ങ് ഉണ്ടല്ലോ, അതുപോലെ തന്നെ അമ്മയ്ക്കും. അതുകൊണ്ട് അതിന് ഈ പണം ഉപകരിക്കുമെന്ന് കരുതി.. അമ്മയുടെ കയ്യിൽ നിന്ന് അതിനും കൂടി കാശ് പോയാൽ പിന്നെ കല്യാണ ചെലവിനൊന്നും തികയിലുണ്ടാവില്ല. അതുകൊണ്ട് ഞാൻ തന്നെ ഇതിനുള്ള കാശ് തരാം എന്ന് കരുതിയത്. അതെന്താണെങ്കിലും എനിക്ക് വേണ്ടി വാങ്ങുന്നതല്ലേ. അതുപോലെ എന്റെ അമ്മയ്ക്ക് വേണ്ടി വാങ്ങുന്നതല്ലേ അതുകൊണ്ട് അതിന്റെ കാശ് ഞാൻ തന്നെ തന്നേക്കാം എന്ന് കരുതി,
” അയ്യോ മോനെ അതിന്റെ ആവശ്യമുണ്ടായിരുന്നില്ലല്ലോ ഇതിപ്പോ ആകെ നാണക്കേടായില്ലേ..?
മാധവി അമ്പരപ്പൊടെ പറഞ്ഞു.
” എനിക്കൊരു നാണക്കേടും ഇല്ല. വാങ്ങുന്നത് ഒരു നാണക്കേടായി അമ്മയ്ക്ക് തോന്നിയോ..?
” അങ്ങനെയല്ല മോനെ അതൊന്നും ശരിയല്ലല്ലോ.
” ഇതൊക്കെ ആരുണ്ടാക്കിയ ആചാരങ്ങൾ ആണ്. നമ്മുടെ മനുഷ്യർ തന്നെയല്ലേ, ഇതൊക്കെ തെറ്റാണ്. അതൊക്കെ തെറ്റാണ് എന്ന് തെളിയിക്കണം. പിന്നെ എനിക്ക് വാങ്ങുന്നത് മാലയാണെങ്കിലും ചെയിൻ ആണെങ്കിലും ഇത്തിരി കുറഞ്ഞാലും സാരമില്ല അമ്മയ്ക്ക് വാങ്ങുന്നത് അത്യാവശ്യം കട്ടിയുള്ളത് തന്നെ ആയിക്കോട്ടെ,അതിൽ ഇനി അമ്മയ്ക്കൊരു പിണക്കം വേണ്ട.പിന്നെ മാല വാങ്ങണ്ട ചെയിൻ മതി. അതാവുമ്പോൾ പൊലിമ ഉണ്ടാകും, അമ്മയ്ക്ക് സന്തോഷം ആകുമല്ലോ
അത് കണ്ടാൽ. ഞാൻ ഡ്യൂട്ടിയിലാണ് പിന്നെ വിളിക്കാം.
അത്രയും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തപ്പോൾ അറിയാതെ മാധവിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. കാര്യം അറിയാതെ മീനുവും മീരയും മാധവിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ. അവർക്ക് കാര്യം വിവരിച്ചു കൊടുത്തു മാധവി. ആ നിമിഷം മീരയുടെ കണ്ണുകളും അറിയാതെ നിറഞ്ഞു പോയിരുന്നു. തന്റെ ഭാഗ്യമാണ് അവൻ എന്ന് ഒരിക്കൽ കൂടി ഊട്ടി ഉറപ്പിക്കുന്ന പ്രവർത്തി……കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]