Novel

നിലാവിന്റെ തോഴൻ: ഭാഗം 15

[ad_1]

രചന: ജിഫ്‌ന നിസാർ

“ഛേ.. എന്നാലും അവളെവിടെ പോയി ഒളിച്ചു. അതും ഈ പാതിരാത്രി. അവൾക്കിവിടെ അറിയുക പോലുമില്ലല്ലോ?”

അമീന്റെ ഇച്ഛാ ഭംഗം തീരുന്നില്ല.

“ഇയ്യത് ഇനിയും  വിട്ടില്ലെടാ ഹംക്കേ?”
ബാത്റൂമിൽ നിന്നിറങ്ങി വന്നിരുന്ന ഇജാസ് അവനെ നോക്കി കണ്ണുരുട്ടി.

“അങ്ങനങ്ങ് വിട്ട് കളയാൻ തോന്നണ്ടേ ഇജു.. അവളുടെയാ കണ്ണും ചുണ്ടും.. ന്റള്ളോ.. മനുഷ്യനെ കൊതിപ്പിക്കുന്ന ജിന്ന് പോലെ… Uffff”

തലയിണയിലേക്ക് മുഖം പൂഴ്ത്തി അമീൻ പറഞ്ഞു.

ഇജാസ് ഒന്ന് തലയാട്ടി കൊണ്ട് അവനെ നോക്കി ചുണ്ട് കടിച്ചു.

“അവളെ ഓർത്തു വെള്ളമിറക്കുന്നത് നിർത്തി ഇനി കുറച്ചു നേരം ഇയ്യ് ഷാദിയെ കുറിച്ചൊന്നു ഓർത്തു നോക്ക്. അവൻ എടുത്തിട്ട് കുടയുന്നതും കയ്യും കാലും തല്ലി ഒടിച്ചിട്ട് അറക്കൽ വീട്ടിൽ നിന്നും ഇറക്കി വിടുന്നതും.. അങ്ങനെ അങ്ങനെ….”

ഇജാസ് അൽപ്പം ഭാവാഭിനയത്തോടെ പറഞ്ഞത് കേട്ട് അമീൻ അവനെ തലയിണ എടുത്തു എറിഞ്ഞു.

“തൊടങ്ങി.. ഓന്റെ ഷാദി പുരാണം “അമീൻ പല്ല് കടിച്ചു.

“ചൂട് പിടിച്ച നിന്നെ തണുപ്പിക്കാൻ ഇതിനേക്കാൾ നല്ലൊരു മാർഗം എനിക്കറിയാഞ്ഞിട്ടാ മച്ചാനെ “

ഇജാസ് ഇളിച്ചു കൊണ്ടവനെ നോക്കി.

“നാറി.. മനുഷ്യനെ പേടിപ്പിച്ചു കൊല്ലും “
അമീൻ എഴുനേറ്റിരുന്നു.

“ആഹ്.. അവനെ നമ്മൾ പേടിക്കണം അമീ. കാരണം നമ്മളീ കളിക്കുന്ന കോഴിത്തരം പോലെയല്ല. ഓന്റെ കയ്യിലുള്ള കളികൾക്കും ഓന്റെ ചിന്തകൾക്കും കൈ കരുത്തിനും മുന്നിൽ പിടിച്ചു നിൽക്കാൻ നമ്മൾക്കീ മൂപ്പ് പോരെന്റെ അമീ “

ഇജാസ് താടിക്ക് കയ്യ് കൊടുത്തു കൊണ്ടാണ് പറഞ്ഞത്.

“ഇയ്യ് വല്ലാണ്ട് ബിൽഡപ്പ് കൊടുത്തിട്ട് ഓനെ സ്റ്റാർ ആക്കാൻ നോക്കല്ലേ ഇജു. നമ്മൾ കളിക്കുന്ന കളികളൊക്ക പയറ്റി തന്നെയല്ലേ ഓനും ഇപ്പൊ വല്ല്യ ആളായി പോയത്?”

അമീന് ഇജാസിന്റെ വർണന ഒട്ടും പിടിക്കുന്നുണ്ടായിരിന്നില്ല.

“നമ്മൾ ബിൽഡപ്പ് കൊടുത്തിട്ടൊന്നും വേണ്ട അമീ. ഓൻ ഇവിടെ അല്ലേലും സ്റ്റാർ അല്ലേ? എവിടെ പോയാലും അവിടെ ഓനാ ഫസ്റ്റ്. ഇവിടുള്ള മുതിർന്നവരടക്കം പറയുന്നത് കേട്ടിട്ടില്ലേ നീ.. ഷാദിയെ കണ്ട് പഠിച്ചൂടെ ഇങ്ങക്കെന്ന് “

ഇജാസ് ചിരിയോടെ പറഞ്ഞു.

“പിന്നെ…. കയ്യിൽ കാശുള്ളതിന്റെ അഹങ്കാരവും കുറച്ചൊന്നുമല്ല അവന്. അതിന് വളം വെച്ചു കൊടുക്കാൻ ഇവിടെ കുറച്ചു കാർന്നോൻമാരും.”
അമീൻ ഇരുന്നു പിറുപിറുത്തു.

“ചുമ്മാതെ ഒന്നുമല്ല. മാമന്മാരുടെ എല്ലാ കളികളും കൂട്ട് നിന്ന് വിജയിപ്പിച്ചു കൊടുക്കുന്നത് അവനല്ലേ? അപ്പോൾ പിന്നെ അവനെ സപ്പോർട്ട് ചെയ്യാതെ പറ്റില്ലല്ലോ അവർക്ക് “
അമീൻ പറഞ്ഞത് കേട്ട് ഇജാസ് ഒന്ന് തലയാട്ടി ചിരിച്ചു.

“അസൂയ പെട്ടിട്ട് യാതൊരു കാര്യവുമില്ല അമീ.അവൻ കക്കാനും നിക്കാനുമറിയാവുന്ന നല്ല കള്ളനാണ്. അത് കൊണ്ടല്ലേ ഈ പത്തിരുപതഞ്ചു വയസ്സിൽ.. ഇത്രേം പവറോട് കൂടി നാട്ടിലും വീട്ടിലും തിളങ്ങി നിൽക്കുന്നത്.. എന്തൊക്കെ തെണ്ടിത്തരം ചെയ്താലും മാന്യതയുടെയും അഭിമാനത്തിന്റെയും കുപ്പായമിട്ട് നടക്കുന്നതും.ആഹ്.. അവന്റെയൊക്കെ ഒരു യോഗം.അത്ര തന്നെ”

ഇജാസ് നെടുവീർപ്പോടെ പറഞ്ഞു.

                         ❣️❣️❣️

“ഇച്ചാ…”

ഓർമയിലെവിടെയോ ഒരു കൊഞ്ചി വിളി.

ക്രിസ്റ്റിയൊന്നു കുളിർന്നു പോയിരുന്നു…ആ ഓർമകളിൽ.

“അറക്കൽ ഹാജിയുടെ മൂത്ത മകൻ.. സലാമിന്റെയും ഹാജറയുടെയും മകളാണോ നീ?”

ഉള്ളിലുള്ള സംശയത്തിനെ ഒന്നൂടെ ഉറപ്പിക്കാൻ വേണ്ടിയാണ് ക്രിസ്റ്റി പാത്തുവിനോടത് ഒരിക്കൽ കൂടി ഊന്നി ചോദിച്ചത്.

അതേ എന്നവൾ തലയാട്ടി കൊണ്ട് ക്രിസ്റ്റിയെ നോക്കി.

എത്രയൊതുക്കി പിടിച്ചിട്ടുമവന്റെ ഹൃദയം തുള്ളി വിറച്ചു.

ചുണ്ടിലേക്ക് അതിമനോഹരമായൊരു ചിരിയും ഓടി എത്തി.

ബാല്യത്തിന്റെ നിറ പാകിട്ടുകളോരോന്നും അവന് ചുറ്റും വർണങ്ങൾ വാരി വിതറി.
ഇത്രേം കാലം മനസ്സ് മരവിപ്പിക്കുന്ന അനേകം അനുഭവങ്ങൾക്കിടയിലും മറവിക്ക് വിട്ട് കൊടുക്കാതെ സൂക്ഷിച്ചു കൊണ്ട് നടന്നവളാണ്… കാലങ്ങളും കാതങ്ങളും താണ്ടീയീ മുന്നിൽ വന്നു നിൽക്കുന്നതെന്നയോർമ അവനെ തഴുകി തലോടി കടന്ന് പോയി.

കണ്ണെടുക്കാതെ അവനൊരു നിമിഷം അവളിലേക്ക് തന്നെ നോക്കി നിന്ന് പോയി.

പിടക്കുന്ന കണ്ണുകൾക്കുള്ളിൽ എന്നോ കൈവിട്ട് പോയ അവന്റെ കൂട്ടുകാരിയുടെ കുറുമ്പുകൾ തിരഞ്ഞു.

ഭയത്തോടെ വിറക്കുന്ന ആ ചുണ്ടുകൾ.. ഇച്ചാ എന്ന് കൊഞ്ചി വിളിക്കുന്നത് പോലെ..

പറഞ്ഞറിയിക്കാൻ കഴിയാത്തൊരു നിർവൃതിയുടെ നിമിഷങ്ങളിൽ ക്രിസ്റ്റി സ്വയം മറന്ന് കൊണ്ടവളെ നോക്കി നിന്ന് പോയി.

അത് വരെയും തോന്നാത്തൊരു സന്തോഷം അവനെയൊന്നാകെ പൊതിഞ്ഞു നിന്നിരുന്നു.

പാത്തു അവന്റെയാ നോട്ടത്തിന് മുന്നിൽ കൂടുതൽ ചൂളി ചുരുങ്ങി ചുവരിലേക്ക് ചാരി നിന്ന് വിറച്ചു.

അപ്പോഴാണ് താൻ ചെയ്യുന്നതിലെ മര്യാദകേടിനെ കുറിച്ച് ക്രിസ്റ്റിയും ഓർത്തത്.

സ്വയം തലക്കൊന്ന് മേടി കൊണ്ടവൻ കണ്ണുകൾ പിൻവലിച്ചു.

അവൾക്ക് നേരെ വീണ്ടുമൊന്നു കൂടി നോക്കാൻ അവനൊരു ചമ്മൽ തോന്നി.
“സലാമിന്റെ മകളെയും കൊണ്ട് അയാളുടെ ഭാര്യ അവരുടെ വീട്ടിലേക്ക് പോയിയെന്നതാണല്ലോ എനിക്ക് കിട്ടിയ അറിവ്. അത് ശെരിയാണോ?”

ഇനിയും അവളെ അവിടങ്ങനെ നിർത്താനാവില്ലെന്ന് മനസ്സിലാക്കിയ ക്രിസ്റ്റി ഗൗരവത്തോടെ ചോദിച്ചു.

പാത്തു ഒന്നും മിണ്ടാതെ തല കുനിച്ചു.

“ടോമി…”

ക്രിസ്റ്റി വീണ്ടും ടോമിയെ വിളിച്ചത് കേട്ട് പാത്തു പിടഞ്ഞു കൊണ്ടവനെ നോക്കി.

“ആയിരുന്നു.. ഞാൻ ഉമ്മാന്റെ വീട്ടിലായിരുന്നു “
അടുത്ത സെക്കന്റിൽ പാത്തുവിന്റെ മറുപടിയെത്തി.

അവളുടെയാ അവസ്ഥയിൽ ക്രിസ്റ്റിക്ക് നോവ് തോന്നിയെങ്കിലും.. തനിക്കറിയേണ്ടത് മുഴുവനും പറയാതെ അവളെ വിട്ട് കളയാൻ അവന് വയ്യായിരുന്നു.

“പിന്നെങ്ങനെ നീ അറക്കൽ തറവാട്ടിൽ തിരിച്ചെത്തി.? അതും ഇത്രേം വർഷങ്ങൾക്ക് ശേഷം?”

വീണ്ടും ക്രിസ്റ്റിയുടെ ഗൗരവത്തോടെയുള്ള ഉത്തരം.

“ഞാൻ.. മാമന്റെ കൂടെയായിരുന്നു. അവിടെ വന്നിട്ടെന്നെ കൂട്ടിയിട്ട് പോന്നതാ. എളാപ്പമാരും അമ്മായിമാരും “

വീണ്ടും പാത്തുവിന്റെ കണ്ണുകൾ നിറഞ്ഞു.

“നിന്റെ.. നിന്റെ ഉമ്മയില്ലേ കൂടേ..?”

ക്രിസ്റ്റി ചോദിച്ചു.

ഇല്ലെന്നവൾ തലയാട്ടി കാണിച്ചപ്പോൾ കണ്ണുനീർ കവിളിലേക്ക് പടർന്നു.

ക്രിസ്റ്റിക്ക് നന്നായി നോവുന്നുണ്ടായിരുന്നു അത് കണ്ടപ്പോൾ.

“അവരെവിടെ പോയി.?”

ക്രിസ്റ്റി അവളെ തന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു.

“ഉമ്മ.. ഉമ്മച്ചി വേറെ കല്യാണം കഴിച്ചു. ഞാൻ കുറേ കൊല്ലമായിട്ട് മാമന്റെ കൂടെയായിരുന്നു “

ഹൃദയം നുറുങ്ങുന്നത് പോലൊരു തേങ്ങൽ അവനെയും കീറി മുറിച്ചു.

കാരണം… ആ ഒറ്റപ്പെടലിന്റെ നോവ് അവനാരും വിശദീകരിച്ചു കൊടുക്കണ്ടായിരുന്നു…

അൽപ്പനേരം അവനൊന്നും മിണ്ടാതെ നിന്നു.

ഇട്ടിരുന്ന ചുരിദാറിന്റെ ഷാള് കൊണ്ട് പാത്തു മുഖം തുടക്കുന്നുണ്ട്.

അവനൊന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിന്നു.

“ഇതിന് മുന്നേ.. അതായത് നീ തനിച്ചായി പോയെന്നറിഞ്ഞിട്ടും അറക്കൽ തറവാട്ടിൽ നിന്നും ഇതിന് മുന്നേ ആരെങ്കിലും നിന്നെ അന്വേഷിച്ചു വന്നിരുന്നോ? നിനക്കെന്തെങ്കിലും സഹായം ചെയ്തിരുന്നോ?”

ഒട്ടൊരു നേരത്തെ നിശബ്‍ദക്ക് ശേഷമാണ് ക്രിസ്റ്റി വീണ്ടും ചോദിച്ചു തുടങ്ങിയത്.

“ഇല്ല.. ഇവിടെ നിന്നിറങ്ങി പോയതിൽ പിന്നെ ആദ്യമായിട്ടാണ് അവരെന്നെ തേടി വരുന്നത്.ഞാനവരെ കാണുന്നതും “
പാത്തു പതിയെ പറഞ്ഞു.

“പെട്ടന്നുള്ള ആ വരവിന് പിന്നിൽ എന്തെങ്കിലും ദുരുദ്ദേശം ഉള്ളതായിട്ട് ആരും അന്വേഷിച്ചു നോക്കിയതുമില്ലേ?”
ക്രിസ്റ്റിയുടെ ചോദ്യത്തിന് മുന്നിൽ വീണ്ടും പാത്തുവിന്റെ തല കുനിഞ്ഞു.

ഇല്ലെന്ന് തലയാട്ടി കൊണ്ടവൾ വീണ്ടും കണ്ണ് നിറച്ചു.

“അവർക്കെല്ലാം.. ഞാൻ.. ഞാനൊരു ഭാരമായിരുന്നു “
കരച്ചിൽ ചീളിനൊപ്പം പുറത്തേക്ക് വന്ന വാക്കുകളുടെ കൂർത്ത മുനകൾ കൊണ്ട് ക്രിസ്റ്റിക്ക് കൂടി വേദനിച്ചു.

അവൻ അലിവോടെ അവളെ നോക്കി.അങ്ങനൊരു മറുപടി അവൻ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു.

“അറക്കൽ തറവാട്ടിൽ റാണിയായി വാഴിക്കാൻ കൊണ്ട് വന്ന നീ.. പിന്നെങ്ങനെ ഈ ഷീറ്റ് പുരക്കുള്ളിലെത്തി.?”

ക്രിസ്റ്റി മുറുകിയ സ്വരത്തിൽ വീണ്ടും ചോദിച്ചു.

പാത്തു ഒന്നും മിണ്ടാതെ മുഖം കുനിച്ചു.

“നീ പറയാതെ എനിക്കറിയാൻ കഴിയില്ലല്ലോ ഫാത്തിമ നിന്റെ അവസ്ഥ.ഒന്നല്ലങ്കിൽ ജീവനിലുള്ള കൊതി കൊണ്ട്. അതുമല്ലങ്കിൽ മാനം രക്ഷിക്കാൻ. ഇത് രണ്ടിൽ ഏതെങ്കിലുമൊന്നല്ലാതെ.. ഈ നേരത്ത് ഇത് പോലൊരു അവസ്ഥയിൽ നിന്നെ പോലൊരു പെണ്ണിനെ കാണാണ്ടി വരില്ല.”

അവൻ അവൾക്ക് മുന്നിൽ ചെന്ന് നിന്നു.

“കരച്ചിൽ കൊണ്ട് യാതൊരു പ്രയോജനവുമില്ലാത്ത നിരവധി സിറ്റുവേഷൻ നമ്മുക്ക് ജീവിതത്തിൽ നേരിടാനുണ്ടാവും. ആദ്യം നീ കരച്ചിലൊന്ന് നിർത്തി മുഖം ഉയർത്തി നോക്ക്.”

ക്രിസ്റ്റി അവളെ നോക്കി കടുപ്പത്തിൽ പറഞ്ഞു.

“അവരെന്നെ….”

പൊട്ടി വന്നൊരു കരച്ചിൽ പാത്തു ചുണ്ടുകൾ കൂട്ട് പിടിച്ചു കൊണ്ടമർത്തി.

“ആര്..?”

ക്രിസ്റ്റിയുടെ മുഷ്ടി ചുരുണ്ടു.

“അമീൻ എന്നാണവന്റെ പേര്. അത് മാത്രം എനിക്കറിയാം.അതും അവൻ പറഞ്ഞിട്ടുള്ള അറിവാണ്.

“നീ അവിടെത്തിയിട്ട് എത്ര നാളായി?”

“ഒരാഴ്ച..”

“എത്തി ഒരാഴ്ചയായിട്ടും അവിടാരെയും പരിചയപെട്ടില്ലേ?”

“എന്നോടാരും മിണ്ടുന്നില്ല. അവരുടെ കൂടേ ചേർക്കുന്നുമില്ല. ഞാനെന്തോ തെറ്റ് ചെയ്തത് പോലെ.”

പാത്തു ദയനീയമായി ക്രിസ്റ്റിയെ നോക്കി.

“നീ അങ്ങോട്ട് കേറി മിണ്ടാൻ ശ്രമിച്ചില്ലേ?”

“മ്മ്.. പക്ഷേ… അവരെന്നെ നോക്കുന്നത് കൂടിയില്ല “

“ഇന്നലേം ഇവിടെ എത്തിയത് അമീനെ പേടിച്ചിട്ടാണോ?”

“മ്മ്.. ഇന്നലെയാണ് അവനെ അവിടെ കാണുന്നത്. വന്നപ്പോ മുതൽ തുടങ്ങിയ തുറിച്ചു നോട്ടമാണ് അവനെന്നെ.രാത്രി മുറിയിലേക്ക് കയറി വന്നു..”

പാത്തു ഒന്ന് വിതുമ്പി.

“ഇന്നലേം നീ ഇറങ്ങി പോന്നത്  അവിടാരും അറിഞ്ഞില്ലേ?”

ഇല്ലെന്നവൾ തലയാട്ടി.

“എനിക്കാരുമില്ലെന്ന് അറിഞ്ഞിട്ടാ. എന്ത് ചെയ്താലും സഹിച്ചോളുമെന്നു അവർക്കറിയാം “

പാത്തു ക്രിസ്റ്റിയുടെ കണ്ണിലേക്കു നോക്കി പറഞ്ഞു.
അവനുള്ളം വീണ്ടും വേദനിച്ചു.

“തിരിച്ചു പ്രതികരിക്കാതെ എത്ര കാലം നീ ഇങ്ങനെ ഓടിയിറങ്ങി പോരും.? പേടിച്ചോടാൻ തുടങ്ങിയ പേടിപ്പിക്കാനും നിറയെ ആളുകളുണ്ടാവും.നിന്നെയിങ്ങോട്ട് കൊണ്ട് വന്നവരില്ലേ? അവരോട് പറയേണ്ടതായിരുന്നില്ലേ നിന്റെ അവസ്ഥ.?നീ അവിടെ അനുഭവിക്കുന്നത്. അവർക്കല്ലേ അത് തീർക്കാനുള്ള ഉത്തരവാദിത്തം. റാണിയാക്കികൊള്ളാമെന്ന്  പറഞ്ഞു വിളിച്ചോണ്ട് വന്നത് കൊണ്ടായില്ലല്ലോ.?”

ക്രിസ്റ്റി രോഷത്തോടെ പാത്തുവിനെ നോക്കി.

“അവരാരും എന്നോട് മിണ്ടുന്നത് കൂടിയില്ല. എന്നെ കണ്ട ഭാവം പോലുമില്ല “

പാത്തു വീണ്ടും കൈകൾ കൊണ്ട് മുഖം തുടച്ചു.

“ഇനിയെന്താ നിന്റെ പ്ലാൻ?”
തികച്ചും അപ്രതീക്ഷിതമായി ക്രിസ്റ്റിയുടെ ചോദ്യം.

പാത്തു അവനെ പകച്ചു നോക്കി.

“ഉത്തരം പറയ്‌ ഫാത്തിമ. ഇവിടങ്ങനെ ഇരിക്കാനാണോ തീരുമാനം?”

തന്നെ നോക്കികൊണ്ട് നിൽക്കുന്നവളെ കണ്ട് അവൻ നേർത്തൊരു ചിരിയോടെ വീണ്ടും ചോദിച്ചു.

അവളൊന്നും മിണ്ടാതെ വീണ്ടും മുഖം കുനിച്ചു.

“ദേ.. ആ കാണുന്ന തൊട്ടതിനും അപ്പുറം കാടാണ്. ഇഷ്ടം പോലെ വന്യ മൃഗങ്ങൾ നിറഞ്ഞ കാട്. ഇന്നലെ ഇവിടിരുന്നു നേരം വെളുപ്പിക്കാൻ കഴിഞ്ഞത് നിന്റെ ഭാഗ്യം എന്നേ ഞാൻ പറയൂ “

വിറയലോടെയാണ് പാത്തു മുഖമുയർത്തി നോക്കിയത്.

ആ കണ്ണിലെ പിടച്ചിൽ..
ക്രിസ്റ്റിയുടെ നെഞ്ച് പിടഞ്ഞു.

“നിന്നെ ഭയപ്പെടുത്താൻ പറഞ്ഞതല്ല. ഒരു നേരം കഴിഞ്ഞാ ഇവിടെ പുറത്തിറങ്ങി നടക്കാൻ കൂടി പേടിക്കണം ഫാത്തിമ.”

ആ ഭയത്തെ അറിഞ്ഞത് കൊണ്ട് ക്രിസ്റ്റി പെട്ടന്ന് പറഞ്ഞു.

“നിന്നെ… നിന്നെ ഞാൻ അറക്കലേക്ക് തന്നെ ആക്കി തരട്ടെ?”
ക്രിസ്റ്റി ആ ചോദ്യം ചോദിച്ചു മുഴുവനാക്കും മുന്നേ പാത്തു വേണ്ടന്ന് തല വെട്ടിച്ചു.

കണ്ണുനീർ അവളുടെ കവിളിലേക്ക് ഒലിച്ചിറങ്ങി.

“അവൻ.. അവനുണ്ടാവും അവിടെ “
വിറയാർന്ന അവളുടെ സ്വരം.

“പിന്നെ… പിന്നെ ഞാനെന്താ ചെയ്യേണ്ടത്.?കണ്മുന്നിൽ കണ്ടിട്ടും ഇവിടിങ്ങനെ ഉപേക്ഷിച്ചു പോയാൽ…”

പാതിയിൽ നിർത്തി ക്രിസ്റ്റി പാത്തുവിനെ നോക്കി.

അതിനൊരു ഉത്തരം കൊടുക്കാൻ അവൾക്കുമില്ലായിരുന്നു………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button