നിലാവിന്റെ തോഴൻ: ഭാഗം 18
[ad_1]
രചന: ജിഫ്‌ന നിസാർ
ആദ്യമൊന്നു പകച്ചു പോയെങ്കിലും ക്രിസ്റ്റി ഞെടിയിട കൊണ്ട് പുറത്തേക്കുള്ള ലൈറ്റ് ഓഫ് ചെയ്തു.
“നിനക്കുറങ്ങാനായിട്ടില്ലേ?”അത്യാവശ്യം ഉറക്കെ തന്നെയാണ് ക്രിസ്റ്റിയത് ചോദിച്ചത്.
പുറത്ത് നിൽക്കുന്നവൾ അകത്തേക്ക് ഓടി കയറി വരുമോ എന്നവനൊരു ഭയമുണ്ടായിരുന്നു.
വല്ലാത്തൊരു മുറുക്കത്തിൽ അവൻ ദിലുവിനെ നോക്കി.
മനസ്സിലപ്പോഴും പുറത്തെയിരുട്ടിൽ ടോമിയുടെ കൂടെ ഒറ്റയ്ക്ക് നിൽക്കുന്നവളെയോർത്താണ് പിടച്ചത്.
“ഞാൻ… ഞാനിച്ചിരി വെള്ളമെടുക്കാൻ…”
കയ്യിലുള്ള ജെഗ്ഗ് ഉയർത്തി കാണിച്ചു കൊണ്ട് ദിലു വിക്കി.
അവനെ അവിടെ പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ അവൾ നന്നായി ഭയന്ന് പോയിരുന്നു.
ക്രിസ്റ്റിയെ കേൾക്കാതെ അവനെ കുറിച്ച് പറയുമെങ്കിലും ആ മുന്നിൽ വന്നു നിൽക്കാനുള്ള ധൈര്യം അവൾക്കെപ്പോഴുമില്ല.
അവൾക്കെന്നല്ല… അത് റിഷിനുമില്ല.
“കിടക്കാൻ നേരം ഇച്ചിരി വെള്ളമെടുത്തു കൊണ്ട് വെച്ചൂടെ.. ഈ പാതിരാത്രിയിങ്ങനെ ഇറങ്ങി നടക്കാൻ…”
ക്രിസ്റ്റി വീണ്ടും കടുപ്പത്തിൽ പറഞ്ഞു.
“മറന്ന്.. മറന്നു പോയതാ “
തല കുനിച്ചു കൊണ്ട് വീണ്ടും ദിൽന പറഞ്ഞു.
“നിന്ന് വിക്കി കളിക്കാതെ പെട്ടന്ന് വെള്ളമെടുത്തു പോകാൻ നോക്ക് “
ക്രിസ്റ്റി പറഞ്ഞതും ദിൽന വേഗം പൈപ്പ് തുറന്നിട്ട് ജഗ്ഗ് അതിന് കീഴേക്ക് പിടിച്ചു.
ക്രിസ്റ്റി അവളെ തന്നെ നോക്കി നിൽപ്പുണ്ട്.
വൈകുന്നേരത്തെ റോയ്സിന്റെ പെരുമാറ്റത്തെ കുറിച്ച് അവളോട് ചോദിക്കണമെന്നുണ്ടായിരുന്നു ക്രിസ്റ്റിക്ക്.
പക്ഷേ അത്രയും നേരം കൂടി പുറത്ത് നിൽക്കുന്നവളുടെ ഭയത്തെ പരീക്ഷിക്കാൻ വയ്യെന്നത് പോലെ അവനത് മനഃപൂർവം വിട്ട് കളഞ്ഞു.
ക്രിസ്റ്റി സൂക്ഷിച്ചു നോക്കി നിൽക്കുന്നത് കണ്ടിട്ടാണ്…കയ്യിലുള്ള ജഗ്ഗ് നിറയാൻ പോലും കാത്ത് നിൽക്കാതെ ദിൽന കിട്ടിയ വെള്ളവുമെടുത്തു കൊണ്ട് ധൃതിയിൽ അടുക്കളയിൽ നിന്നും ഇറങ്ങി പോയത്.
അവൾ പോയതോടെയാണ് ക്രിസ്റ്റിയുടെ ശ്വാസം നേരെ വീണത്.
അവൾ മുകളിലേക്കുള്ള സ്റ്റെയർ കയറി പോയെന്ന് ഹാളിലെത്തി ഉറപ്പിച്ചതിനു ശേഷമാണ് ക്രിസ്റ്റി വീണ്ടും അടുക്കളയിലെത്തിയത്..
💞💞💞
പുറത്തേക്കുള്ള ലൈറ്റ് ക്രിസ്റ്റി ഓഫ് ചെയ്തതും പാത്തു ശ്വാസം പിടിച്ചു നിന്ന് പോയി.
ടോമിയൊരു പ്രതേക ശബ്ദമുണ്ടാക്കി കൊണ്ട് അവളുടെ അരികിലേക്ക് നീങ്ങി നിന്നിരുന്നു.
അത് കൂടി ആയതോടെ വീണ്ടുമവൾക്ക് ശ്വാസം വിലങ്ങി.
ഉറക്കെ മിടിക്കുന്ന ഹൃദയത്തിന് മുകളിൽ കൈ ചേർത്ത് പിടിച്ചു വിറച്ചു കൊണ്ടവൾ നിന്നു.
അകത്തു നിന്നും ക്രിസ്റ്റിയുടെ ഉറക്കെയുള്ള സംസാരം കേൾക്കാൻ കഴിയുന്നുണ്ട്.
അവിടെയാരോ ഉണ്ടെന്നുറപ്പായി.അതറിയിക്കാൻ വേണ്ടിയാവും അവനുറക്കെ സംസാരിക്കുന്നത്.
കുറച്ചു കൂടി ചുവരിലേക്ക് ചേർന്ന് ആരും കാണാതെ മറഞ്ഞു നിൽക്കണമെന്നുണ്ടായിരുന്നു പാത്തുവിന്.
പക്ഷേ അവൾ ഒന്നനങ്ങിയ നിമിഷം ടോമി വീണ്ടും മുരണ്ടു.
അതിൽ പിന്നെ ഓരോ സെക്കന്റും ഓരോ യുഗം പോലെ..
അകത്തേക്ക് കയറി പോയവനൊന്നു വേഗം തിരികെ വന്നെങ്കിലെന്ന് മാത്രം ചിന്തിച്ചു കൊണ്ട് ശ്വാസം പോലും വിടാൻ പേടിച്ച് അവളതേ.. നിൽപ്പ് തുടർന്നു.
❣️❣️❣️
ധൃതിയിൽ അടുക്കളയിലെ ലൈറ്റ് കൂടി ഓഫ് ചെയ്തിട്ട് മൊബൈൽ ഫ്ലാഷ് പോലുമിടാതെ.. അതിന്റെ സ്ക്രീൻ ലൈറ്റ് മാത്രം തെളിയിച്ചു കൊണ്ട് ക്രിസ്റ്റി വീണ്ടും മുറ്റത്തേക്കിറങ്ങി പാത്തുവിന്റെ അരികിലേക്ക് ചെന്നു.
വാ.. “
പാത്തുവിന് നേരെ കൈ മാടി വിളിച്ചു കൊണ്ടവൻ തിരിഞ്ഞു നോക്കി.
അവളുടെ കാൽ ചുവട്ടിൽ പതിഞ്ഞു കിടന്നിരുന്ന ടോമിയിലാണ് പാത്തുവിന്റെ ശ്രദ്ധയത്രയും.
ടോമി… “
ക്രിസ്റ്റിയുടെ പതിഞ്ഞൊരു വിളി കേട്ടതും ടോമി എഴുന്നേറ്റു മാറി നിന്നു.
“പെട്ടന്ന് വാ..”
ക്രിസ്റ്റി ധൃതി കൂട്ടിയിട്ടും അപ്പോഴുമൊതുങ്ങാത്ത വിറയലോടെ പാത്തു അനങ്ങാൻ കൂടി കഴിയാതെ നിന്ന് പോയി.
“ഇവളെന്നേം കൂടി കൊലക്ക് കൊടുക്കുവോ എന്റെ കർത്താവെ…?”
ക്രിസ്റ്റി അറിയാതെ തന്നെ മുകളിലേക്ക് നോക്കി ചോദിച്ചു പോയി.
“അടുക്കളയിലെന്റെ അനിയത്തി ഉണ്ടായിരുന്നു. അവളെ പറഞ്ഞു വിടാനെടുത്ത ടൈം ആണ്. ഡോണ്ട് വറി. വാ..”
ദയനീയമായി അവനെ നോക്കുന്ന പാത്തുവിന് നേരെ ക്രിസ്റ്റിയുടെ കൈകൾ നീണ്ടു.
ഒരു നിമിഷം കൂടി അങ്ങനെ നിന്നതിനു ശേഷം.. അവൻ നീട്ടി പിടിച്ച കയ്യിലേക്ക് പാത്തു വലതു കൈ ചേർത്ത് വെച്ചു.
അവളിലെ അതേ വിറയൽ ക്രിസ്റ്റിയുടെ ഉള്ളം കയ്യിലേക്കും പടർന്നത് പോലെ.
എങ്കിലും അവനാ കൈകൾ മുറുകെ പിടിച്ചു കൊണ്ട് അകത്തേക്ക് നടന്നു.
❣️❣️❣️
തനിക്ക് മുന്നിലിരിക്കുന്നവന്റെ മുഖത്തേക്ക് ഷാഹിദ് പരിഹാസത്തോടെ നോക്കി.
ഭയം കൊണ്ട് വിറങ്ങലിച്ച ആ മുഖം നിറയെ ജീവിക്കാനുള്ള കൊതിയായിരുന്നു നിറഞ്ഞതത്രയും.
കാരണം… ഷാഹിദിന്റെ കയ്യിലകപ്പെട്ടത്തോടെ തന്റെ വിധിയെന്താവുമെന്ന് അയാൾ ഉറപ്പിച്ചതാണ്.
അങ്ങകലെ തന്നെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവരുടെ കലങ്ങി ചുവന്ന കണ്ണുകൾ അവനെ ആ അവസ്ഥയിലും മുറിപ്പെടുത്തി.
“ബിസ്മി ഗ്രൂപ്പ് ആണ് എതിരെ നിൽക്കുന്നതെന്നറിഞ്ഞിട്ടും പിന്നെന്തിനാണ് ജാബിറെ നീ അത് തന്നെ പ്രോസീഡ് ചെയ്തത്? നിനക്കറിയില്ലേ അതെന്റെയാണെന്ന്?നിനക്കാരും പറഞ്ഞു തന്നില്ലേ എനിക്കെതിരെ കളിക്കാനിറങ്ങിയാലുള്ള പ്രത്യാഘാതം?”
ഇരിക്കുന്ന കസേരയിലേക്ക് ഒന്ന് കൂടി ചാഞ്ഞു കൊണ്ട്.. തീർത്തും ശാന്തമായി ഷാഹിദ് ചോദിക്കുമ്പോൾ.. അവന് മുന്നിലെ കസേരയിൽ കൈകൾ ചേർത്ത് കെട്ടി മുഖമാകെ അടി കൊണ്ട് ചോരയോലിപ്പിച്ചു കൊണ്ടിരിക്കുന്ന ജാബിർ ഭയനീയമായി ഷാഹിദിനെ നോക്കി.
“ഞാൻ ചോദിച്ച ചോദ്യങ്ങൾ നീ കേട്ടില്ലെന്നുണ്ടോ ജാബിറെ? അതോ എനിക്കുത്തരം തരില്ലെന്നുള്ള വാശിയാണോ?”
അപ്പോഴും നേർത്തൊരു ചിരിയുണ്ട് ഷാഹിദിന്റെ ചുണ്ടിൽ.
അവനപ്പോഴും അങ്ങേയറ്റം ശാന്തനാണ്.
സത്യത്തിൽ ആ അപൂർവ ശാന്തത.. അത് തന്നെയാണ് അവനെ അത്രത്തോളം അപകടകാരിയാക്കുന്നതും. എന്നും.. എപ്പോഴും…
മുറിയിൽ മാറ്റാരുമില്ല.
ഷാഹിദ് ജാബിറിനെ തന്നെ നോക്കി ഇരിപ്പാണ്.
ഹൃദയം നുറുങ്ങിയത് പോലൊരു പൊട്ടി കരച്ചിലാണ് ജാബിർ അതിനുത്തരമായി നൽകിയത്.
ഷാഹിദ് അപ്പോഴും ചിരിച്ചു.
നെഞ്ചുലഞ്ഞു ജാബിർ കരഞ്ഞു തീരുവോളം അവനാ ചിരിയോടെ തന്നെ നോക്കിയിരുന്നു.
അല്ല.. അങ്ങനല്ലത്!
ഹൃദയമുരുകി മുന്നിലിരുന്ന് കരയുന്നവന്റെ ആ ഗതികേട്.. അവൻ ആസ്വദിക്കുകയായിരുന്നു ഓരോ നിമിഷവും.
“ഞാൻ.. ഞാൻ പിടിച്ചു നിൽക്കാൻ വേണ്ടിയിട്ടാ. ഗതികെട്ടു കൊണ്ടാ ഞാനീ ഗൾഫിലെത്തിയത്. കടം കൊണ്ടെനിക്ക് നാട്ടിൽ നിൽക്കാൻ വയ്യാത്ത അവസ്ഥയായിരുന്നു. ഒരുപാട് അലഞ്ഞു നടന്നിട്ടാണ് എനിക്കാ ജോലിക്ക് കയറാൻ കഴിഞ്ഞത്. ഒരു കൊല്ലത്തിനുള്ള എഗ്രിമെന്റ് സൈൻ ചെയ്തതിനു ശേഷമാണ് അവരെന്നോട്…”
കരച്ചിൽ കൊണ്ട് ജാബിർ ഉലഞ്ഞു പോകുന്നതാറിട്ടും ഷാഹിദ് ചിരി മായാതെ അവനെ നോക്കിയിരുന്നു.
“അവരെന്നോട് ആവിശ്യപ്പെട്ടത് ചെയ്യാതെ എനിക്കാ കമ്പനിയിൽ തുടരാൻ കഴിയില്ലായിരുന്നു. എനിക്കാ ജോലിയപ്പോൾ അത്രയും അത്യാവശ്യമായിരുന്നു. അത്.. അത് കൊണ്ടാണ് ഞാൻ അങ്ങനൊരു.. എന്നോട് പൊറുക്കണം ഷാഹിദ് സർ…”
കൂട്ടി കെട്ടിയ കൈകൾ ജാബിർ മനസ്സ് കൊണ്ട് ഷാഹിദിനു നേരെ കൂപ്പുന്നുണ്ടായിരുന്നു അത് പറയുമ്പോൾ.
ഷാഹിദ് അപ്പോഴും ഒന്നും പറയുന്നില്ല.
അങ്ങേയറ്റം നിശബ്‍ദമായിരുന്നു.
“നാട്ടിൽ എനിക്ക് പ്രായമായ ഉമ്മയും ഭാര്യയും എന്റെ.. എന്റെ രണ്ടു കുഞ്ഞു മക്കളുമാണ്. അവർക്കുള്ള ഏക ആശ്രയം.. അത് ഞാനാണ് സർ.. എന്നോട് ക്ഷമിക്കണം “
ജാബിർ വീണ്ടും കരഞ്ഞു പോയി.
അത് കൊണ്ടൊന്നും മായാത്ത ചിരിയോടെ തന്നെ ഷാഹിദ് അവന് മുന്നിലിരുന്നു.
“എനിക്കറിയില്ലായിരുന്നു ഇത്.. ഇതൊരു ചതിയാണെന്നും ആ കമ്പനിയും നിങ്ങളുടെ ബിസ്മി ഗ്രൂപ്പും തമ്മിലുള്ള ഇഷ്യുസും ഒന്നും ഒന്നും ഞാനറിഞ്ഞില്ല സർ.ഞാൻ പെട്ടു പോയതാണ്.. അവരെന്നെ.. പ്ലീസ്.. പ്ലീസ് സർ.. ദയവായി എന്നോട്.. എന്റെ.. എന്റെ മക്കളെ ഓർത്തെങ്കിലും..”
ജാബിർ നിറഞ്ഞൊഴുകുന്ന കണ്ണോടെ ഷാഹിദിനെ നോക്കി.
അവനെ തന്നെ നോക്കി അതേയിരുപ്പാണ്.
ഒരക്ഷരം മിണ്ടുന്നില്ലയെങ്കിലും.. ആ മൗനമാണ് ജാബിറിനെ വീണ്ടും വീണ്ടും ഭയപെടുത്തുന്നത്.
“തീർന്നോ?”
ഇത്തിരി നേരത്തെ നിശബ്‍ദക്ക് ശേഷം ഷാഹിദ് ചോദിച്ചു.
ജാബിർ അവനെ പകച്ചു നോക്കി.
ഈ പറഞ്ഞതിൽ ഒരക്ഷരം പോലും അവനെ സ്പർശിചിട്ടില്ലെന്നു ജാബിർ ആ ഒരൊറ്റ ചോദ്യം കൊണ്ട് തന്നെ മനസ്സിലാക്കി.
അവനുള്ളിൽ ഭയത്തിന്റെ കരിവണ്ടുകൾ മൂളി പടർന്നു.
“ബൈ…”
അത്ര മാത്രം പറഞ്ഞു കൊണ്ട് ഷാഹിദ് എഴുന്നേറ്റു.
“സർ.. പ്ലീസ്…”
പിന്തിരിഞ്ഞു നടക്കുന്നവനെ നോക്കി ജാബിർ ഉറക്കെ കരഞ്ഞു കൊണ്ട് വിളിച്ചു.
വാതിൽ കടന്നിറങ്ങും മുന്നേ ഷാഹിദ് അതെ ചിരിയോടെ തിരിഞ്ഞു നോക്കി കൊണ്ട് ജാബിറിനൊരു ഉമ്മ കൊടുക്കുന്നത് പോലെ ആക്ഷൻ കാണിച്ചു.
കരയാൻ പോലും മറന്ന് ഭയന്ന് വിറച്ചിരിക്കുന്നവന്റെ മുന്നിൽ വലിയൊരു ശബ്ദത്തോടെ ആ മുറിയുടെ വാതിലടഞ്ഞു.
അടഞ്ഞു പോയതവന്റെ ജീവിതത്തിന്റെ വാതില് കൂടിയായിരുന്നു.
അനേകം നോവുകളെ ബാക്കി വെച്ചിട്ട്… പറക്കമുറ്റാത്ത പിഞ്ചു കുഞ്ഞുങ്ങളെയും.. സ്നേഹിച്ചു മതി വരാത്ത പ്രിയതമയെയും ഇനിയൊരു ആയുസ്സ് മുഴുവനും വേദനിക്കാനിട്ട് കൊടുത്തിട്ട് ജാബിറിന്റെ വിധിയവിടെ എഴുതി ചേർക്കുന്നുണ്ടായിരുന്നു.
പടച്ചോനല്ല….
പടച്ചോനെ പോലും വെല്ലുവിളിക്കാവുന്നത്രയും ദാർഷ്ട്യത്തോടെയൊരുവൻ..
അറക്കൽ ഷാഹിദ്…
💞💞💞
“പേടിക്കേണ്ട…”
തന്റെ കയ്യിൽ പിടയുന്നത് പാത്തുവിന്റെ ഹൃദയം കൂടിയാണെന്ന് തോന്നി ക്രിസ്റ്റിക്ക്.
വളരെ സൂക്ഷിച്ചു കൊണ്ടാണ് ക്രിസ്റ്റി ഓരോ ചുവടും വെക്കുന്നത്.
ഫോണിന്റെ സ്ക്രീനിന്റെ നേർത്ത വെളിച്ചത്തിൽ അവൻ സ്റ്റെപ്പുകൾ കയറി മുകളിലെത്തി.
ദിൽനയുടെയും റിഷിയുടെയും റൂമുകളിൽ വെളിച്ചമുണ്ടെന്ന് അവൻ മുകളിൽ എത്തിയപ്പോഴാണ് മനസ്സിലാക്കിയത്.
“വേഗം വാ “
തനിക് മറവിൽ പതുങ്ങി നിൽക്കുന്ന പാത്തുവിനെയും വലിച്ചു കൊണ്ടവൻ വലതു സൈഡിലെ തന്റെ മുറിയിലേക്ക് ഓടുകയായിരുന്നു.
“കയറ്.. ഇതാണെന്റെ റൂം “
പാത്തുവിനെ വലിച്ചു വാതിനടുത്തേക്ക് നിർത്തി… കിതപ്പോടെ പിന്നിലേക്ക് നോക്കി ക്രിസ്റ്റി ശബ്ദമടക്കി പറഞ്ഞു..
❣️❣️❣️
“ഷാദി വിളിച്ചോ ഹമീദിക്കാ? “
ഹാളിലെ വലിയ സോഫയിലിരിക്കുകയായിരുന്ന ഹമീദിന് അടുത്ത് വന്നിരുന്നു കൊണ്ട് നിയാസ് ചോദിച്ചു.
“ഇല്ലെടാ… അവനാ കമ്പനിയിൽ കയറി കളിച്ചവനെ കാണാൻ പോകുവാണെന്ന് പറഞ്ഞിരുന്നു. അത് തീർന്ന് കാണില്ല. അത് കഴിഞ്ഞു വിളിക്കുവായിരിക്കും.”
കയ്യിലുള്ള ചായ ഒന്ന് മൊത്തി കൊണ്ട് ഹമീദ് മറുപടി പറഞ്ഞു.
സലാമിന് നേരെ താഴെയുള്ളവനാണ് ഹമീദ്.
അയാൾക്ക് താഴെ രണ്ടു പെങ്ങന്മാരാണ്.
റംലയും സുഹ്‌റയും.
ഏറ്റവും ഇളയവനാണ് നിയാസ്.
അറക്കൽ അഹമ്മദ് ഹാജിയുടെ വിശാലമായ കുടുംബത്തിലെ ഇപ്പോഴത്തെ കാരണവരാണ് ഹമീദ്. അൻപതു വയസ്സിലും.. ദുനിയാവിൽ ഇനിയും എന്തൊക്കെയോ വെട്ടി പിടിക്കാനുണ്ട് എന്ന് മാത്രമാണ് ഹമീദിന്റെ ചിന്ത.
അതിന് വേണ്ടി… ബാങ്കിൽ കുമിഞ്ഞു കൂടുന്ന സമ്പാദ്യങ്ങളുടെ വർധനയ്ക്ക് വേണ്ടി അയാളെന്തും ചെയ്യും.
ഇക്കയെക്കാൾ ഒട്ടും മോശമല്ല ഈ കാര്യത്തിൽ.. നിയാസും.
അഹമ്മദ് ഹാജിയുടെ പെങ്ങൾ സുലേഖയുടെ മകനാണ് ഷാഹിദ്.
അവനാണ് ഹമീദിന്റെയും നിയാസിന്റെയും പറയപ്പെട്ട ദൈവം.
അവനെ പ്രീതി പെടുത്തുകയെന്നത് ആ കുടുംബത്തിലുള്ളവരുടെ പ്രിയപ്പെട്ട വിനോദമാണെന്ന് വേണമെങ്കിൽ പറയാം.
രഹസ്യമായി അവനെ മോഹിക്കുന്നവരായിരുന്നു അറക്കലെ പെൺകുട്ടികളിൽ ഭൂരിപക്ഷവും.
ചെറുപ്പം മുതൽ അറക്കൽ തറവാട്ടിൽ നിന്നാണ് ഷാഹിദ് വളർന്നത്.
അവന് അറിവാകും മുന്നേ തല്ലി പിരിഞ്ഞ ഉപ്പയും ഉമ്മയും..
അഹമ്മദ് ഹാജി പെങ്ങളുടെയും മകന്റെയും ഉത്തരവാദിത്തം മുഴുവനും ഏറ്റെടുത്തു.
ചെറുപ്പം മുതൽക്കേ മിടുക്കനായി ഷാദി വളർന്നു.
എല്ലാവർക്കും പ്രിയപ്പെട്ട ഷാദി.. എല്ലാവർക്കും വേണ്ടപ്പെട്ട ഷാദി..
ആരോടും യാതൊരു വഴക്കിനും പോവാതെ എല്ലാമൊരു ചിരിയോടെ നേരിടാൻ പഠിച്ച ഷാദി വളർച്ചയുടെയും സമൃതിയുടെയും പടവുകൾ മിന്നല് പോലെയാണ് കയറി പോയത്.
പഠിച്ച എല്ലായിടത്തും റാങ്കുകൾ വാരി കൂട്ടി..
മോഹിക്കുന്നതെന്തും നിമിഷങ്ങൾ കൊണ്ട് നേടിയെടുക്കാൻ കഴിയുന്ന അവന്റെ ലോകം വളരുകയായിരുന്നു.. അവനൊപ്പം.
അറക്കൽ ഷാഹിദ്… അങ്ങനെയാണ് അറക്കൽ വീടിന്റെ അവസാനവാക്കായി മാറിയതും… ആ വീടവനെ ചുറ്റി തിരിയാൻ തുടങ്ങിയതും.
അവനിഷ്ടമില്ലാത്തതൊന്നും അവിടെയാരും ചെയ്യാറില്ല.
വളർന്നു വരുന്നൊരു തലമുറയ്ക്ക് മുന്നിലേക്ക് മാതൃകയായി തുറന്നു വെച്ചേക്കുന്ന ഷാഹിദ് എന്ന പാഠപുസ്തകത്തിൽ അനേകം പേജുകളിൽ അനീതിയുടെയും ക്രൂരതയുടെയും ചുവന്ന മഷി പേനയുടെ അടയാളങ്ങളെ അധികമാരും തിരിച്ചറിഞ്ഞതുമില്ല.
അതുമല്ലങ്കിൽ… നേർത്തൊരു ചിരി കൊണ്ട് പൊതിഞ്ഞ അവനെ അവരാരും അറിഞ്ഞില്ല… അറിയാൻ ശ്രമിച്ചവരെ അവൻ നിരാശ പെടുത്തിയതുമില്ല…..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]