രാജാവും കിരീടാവകാശിയും ഇല്ലെങ്കിലും മന്ത്രിസഭ വിളിച്ചുകൂട്ടാന്‍ സഊദിയില്‍ നിയമ ഭേദഗതി
റിയാദ്: സഊദി രാജാവിന്റേയും കിരീടാവകാശിയുടേയും അഭാവത്തിലും മന്ത്രിസഭ ചേരാന്‍ സാധിക്കുംവിധം ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സഊദി. സഊദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് അല്‍ സഊദും ഇല്ലെങ്കിലും ആവശ്യമെങ്കില്‍ മന്ത്രിസഭ ചേരാമെന്ന സുപ്രധാനമായ രാജകല്പനയാണ് സഊദി പുറത്തിറക്കിയിരിക്കുന്നത്.
ഇത്തരം ഒരു സാഹചര്യം ഉരുത്തിരിയുന്ന അവസരത്തില്‍ അബ്ദുല്‍ അസീസ് രാജാവിന്റെ കൊച്ചുമക്കളില്‍ ഉള്‍പ്പെടുന്ന ഏറ്റവും പ്രായംകൂടിയ മന്ത്രിസഭയിലെ അംഗത്തിനായിരിക്കും മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിക്കാന്‍ യോഗ്യതയുണ്ടായിരിക്കുകയെന്നും വ്യാഴാഴ്ച പുറത്തുവിട്ട ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മന്ത്രിസഭാ നിയമത്തിലെ ഏഴാം വകുപ്പില്‍ ആവശ്യമായ ഇളവുകള്‍ വരുത്തിയാണ് സഊദി കിരീടാവകാശിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ രാജാവ് ഉത്തരവിറക്കിയിരിക്കുന്നത്.