ഹാത്രാസ് ദുരന്തത്തിന് കാരണം ഭോലെ ബാബയുടെ കാലിനടിയിലെ മണ്ണ് ശേഖരിക്കാൻ ആളുകൾ കൂട്ടം കൂടിയത്
[ad_1]
ഹാത്രാസിൽ 120 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് കാരണം മതപ്രഭാഷണം അവസാനിപ്പിച്ച് മടങ്ങുകയായിരുന്ന ഭോലെ ബാബയുടെ കാലിനടിയിലെ മണ്ണ് ശേഖരിക്കാൻ അനുയായികൾ കൂട്ടം കൂടിയതിനെ തുടർന്നെന്ന് റിപ്പോർട്ട്. തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ 110 പേരും സ്ത്രീകളാണ്. അഞ്ച് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു
അനുവദിച്ചതിലധികം ആളുകളെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയതിന് ഭോലെ ബാബക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാൾ നിലവിൽ ഒളിവിലാണ്. സിക്കന്ദർറാവു പോലീസ് സ്റ്റേഷൻ പിരധിയിലെ പുൽറായ്ക്ക് സമീപം കാൺപൂർ-കൊൽക്കത്ത ഹൈവേയിലാണ് ദുരന്തം. റോഡിന് ഇടത് വശത്തുള്ള വയലിന് സമീപത്താണ് പ്രഭാഷണത്തിന് വേദി ഒരുക്കിയത്
60,000 പേർക്ക് മാത്രം അനുമതി ഉണ്ടായിരുന്നിടത്ത് രണ്ടര ലക്ഷത്തോളം ആളുകളാണ് എത്തിയത്. ഇത്രയും പേരെ നിയന്ത്രിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നില്ല. തലേ ദിവസം മഴ പെയ്തിരുന്നതിനാൽ വയലിൽ വഴുക്കലുമുണ്ടായിരുന്നു. പ്രഭാഷണം കഴിഞ്ഞ് മടങ്ങിയ ഭോലെ ബാബയുടെ കാൽപാദത്തിനടിയിലെ മണ്ണ് ശേഖരിക്കാൻ ആളുകൾ തിരക്ക് കൂട്ടുകയും കൂട്ടമായി വയലിലെ ചെളിയിൽ മറിഞ്ഞ്ു വീഴുകയുമായിരുന്നു
ഇതിനിടയിലും പ്രഭാഷകന്‍ കടന്നുപോകാനായി സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ ആളുകളെ തള്ളി മാറ്റിയതായി ദൃക്സാക്ഷികൾ പറയുന്നു. ഇതോടെ വീണുപോയ ആളുകൾക്ക് എഴുന്നേറ്റ് മാറാനായില്ല. തിരക്ക് വർധിച്ചതോടെ ശ്വാസം കിട്ടാതായതായും കണ്ടുനിന്ന ചിലർക്ക് ഹൃദയാഘാതം സംഭവിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
[ad_2]