ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 95
രചന: റിൻസി പ്രിൻസ്
എടി ചേച്ചി വല്യമ്മച്ചിക്ക് ബൈക്കിൽ കേറണം എന്ന് ഭയങ്കര ആഗ്രഹം. അളിയൻ ആദ്യമായിട്ട് വല്യമ്മച്ചി ചോദിച്ചത് അല്ലേ എന്നും പറഞ്ഞ് ബുള്ളറ്റ് കൊണ്ടുപോയിരിക്കുകയാണ്..
” ദൈവമേ തന്നെ നിൽക്കാൻ പറ്റാത്ത വല്യമ്മച്ചിയെയോ.?
അത്ഭുതത്തോടെ അവൾ മൂക്കത്ത് വിരൽ വെച്ചു.
അത്ഭുതപ്പെട്ട് നിൽക്കുന്ന ശ്വേതയുടെ അരികിലേക്ക് ആണ് വല്യമ്മച്ചി ബുള്ളറ്റിൽ വന്നിറങ്ങുന്നത്. തലയിൽ തോർത്ത് ഒക്കെ കെട്ടിയുള്ള ആ വരവ് കണ്ടപ്പോൾ തന്നെ അവൾക്ക് ചിരി വന്നിരുന്നു. ഒപ്പം സാമും ബുള്ളറ്റിൽ നിന്ന് ഇറങ്ങി ഷർട്ട് കോളർ ഒന്ന് പൊക്കിയതിനു ശേഷം എങ്ങനെയുണ്ട് എന്ന രീതിയിൽ അവളെ ഒന്ന് നോക്കി..
“വല്യമ്മച്ചി ഇത് എന്നാ പണിയാ കാണിച്ചത് എവിടെങ്കിലും മറിഞ്ഞുവീണായിരുന്നെങ്കിൽ എന്ത് ചെയ്തേനെ
പേടിയോടെ ശ്വേത പറഞ്ഞു.
അപ്പോഴാണ് ആ കാഴ്ച കണ്ട അകത്തുനിന്ന് സാലി ഇറങ്ങി വന്നത്
“എന്നതാ ഇവിടെ? അമ്മച്ചി ഇത് എവിടെ പോയിട്ട് വന്നു നിൽക്കുവാ..?
അവരുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് സാലി ചോദിച്ചു.
“ഞാനൊരു ആഗ്രഹം പറഞ്ഞു എന്റെ കൊച്ചുമരുമകൻ അതങ്ങ് സാധിച്ചു തന്നു. അത്രയേ ഉള്ളൂ,
ഒരു കൂസലും ഇല്ലാതെ പറഞ്ഞ് അകത്തേക്ക് പോകുന്ന വല്യമ്മച്ചിയെ നോക്കിക്കൊണ്ട് ഒരു ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കുന്നുണ്ട് സാം
“ഇച്ചായെനെങ്കിലും കുറച്ചു ബോധം വേണ്ട.? ഒന്നുമല്ലെങ്കിലും ഇത്രയും പ്രായമായ ആളല്ലേ.? വഴിയിൽ എങ്ങാനും വീണു പോയായിരുന്നെങ്കിൽ എന്ത് ചെയ്തേനെ?
” എന്ത് ചെയ്തേനെ നേരെ ഞാൻ ആശുപത്രി കൊണ്ടുപോയേനെ. അല്ലാതെ ഒന്നും ചെയ്യാൻ പോകുന്നില്ല. ഒന്നുമല്ലെങ്കിലും ഇത്രയും പ്രായമായ ആളല്ലേ ഇപ്പോഴെങ്കിലും ഈ ആഗ്രഹങ്ങളൊക്കെ സാധിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എപ്പോഴാ.? നമ്മൾ അങ്ങ് മരിച്ചു ചെല്ലുമ്പോൾ കർത്താവ് തമ്പുരാൻ വരെ ചോദിക്കും എന്താണ് ഇങ്ങനെ ആഗ്രഹങ്ങളൊന്നും സാധിക്കാതെ നീ തിരിച്ചുവന്നത് ഞാൻ നിനക്ക് നല്ലൊരു ജീവിതം തന്നതല്ലേ ആ ജീവിതം നീ വലിയ രീതിയിൽ ഉപയോഗിക്കാത്ത കൊണ്ടല്ലേ ഇപ്പോൾ തിരിച്ചു വരേണ്ടി വന്നത് എന്ന്.? അതുകൊണ്ട് ആഗ്രഹങ്ങളൊന്നും നമ്മള് പിന്നെത്തേക്ക് മാറ്റിവയ്ക്കാൻ പാടില്ല. മനസ്സിലായോ.? അത്രയും പറഞ്ഞ് അവളുടെ തലയ്ക്ക് ഒരു കൊട്ടും കൊടുത്ത് സാലിയുടെ അടുത്തേക്ക് നടന്നിരുന്നു സാം
” അമ്മച്ചിയെ ചപ്പാത്തിയും മുട്ടക്കറിയും എടുത്തോ ഇപ്പോൾ വിശപ്പായി,
അവന്റെ ആ പോക്കും പറച്ചിലും ഒക്കെ കണ്ടപ്പോൾ അറിയാതെ ഒരു പുഞ്ചിരി ശ്വേതയുടെ ചുണ്ടിലും നാമ്പിട്ടിരുന്നു. അവന് അരികിലേക്ക് ചെന്ന് ചപ്പാത്തി എടുത്തു കൊടുത്തതും വിളമ്പി കൊടുത്തതും ഒക്കെ ശ്വേത തന്നെയാണ്. അപ്പോഴേക്കും നല്ല ഏലക്ക മണമുള്ള ചായയുമായി സാലിയും എത്തിയിരുന്നു. വലിയ സന്തോഷത്തോടെയാണ് ആ പ്രഭാതം കടന്നുപോയത്. എല്ലാവരോടും കളിതമാശകൾ പറഞ്ഞ് ആരോടും ഒരു അപരിചിതത്വവും കാണിക്കാത്ത സാം ശ്വേതയ്ക്ക് ഒരു അത്ഭുതമായിരുന്നില്ല. എങ്കിലും സാലിക്ക് അത് വലിയൊരു സംഭവം തന്നെയായിരുന്നു. പലപ്പോഴും താൻ ജോലി ചെയ്യുന്ന സമയത്തൊക്കെ അവനെ കാണുമ്പോൾ ഒരു പുഞ്ചിരിയിൽ അപ്പുറം നൽകിയിട്ടില്ല. എപ്പോഴും ജെസ്സിയോട് എന്തെങ്കിലുമൊക്കെ പറഞ്ഞ് സംസാരിക്കുന്നത് കാണാമായിരുന്നു. അപ്പോഴും തങ്ങളുടെ കുടിലിൽ വന്ന് വളരെ സന്തോഷത്തോടെ എല്ലാവരോടും ഒരുപോലെ ഇടപെടുന്ന ഒരു വ്യക്തിയായി അവൻ മാറുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ആ സന്തോഷം അവരുടെ മുഖത്ത് പ്രതിഫലിച്ചിരുന്നു. ശ്വേതയ്ക്ക് അത് മനസ്സിലാക്കാൻ സാധിച്ചിരുന്നു.
” നിങ്ങൾ ഏതായാലും ഉച്ചയ്ക്ക് കഴിച്ചിട്ടല്ലേ പോകത്തുള്ളൂ.. ഞാൻ ഉച്ചക്കത്തേക്ക് എന്തെങ്കിലും ഒന്ന് ഉണ്ടാകട്ടെ,
സാലി പറഞ്ഞു
“വല്യമ്മച്ചിയുടെ ഒരു സ്പെഷ്യൽ എല്ലും കപ്പയും ഇല്ലേ..? അത് കിട്ടുമോ.?
കഴിക്കുന്നതിനിടയിൽ സാം ചോദിച്ചപ്പോൾ ശ്വേത അവന്റെ മുഖത്തേക്ക് നോക്കി. പണ്ട് എങ്ങോ താൻ പറഞ്ഞ ഓർമ്മയാണ് അവന്റെ മനസ്സിലുള്ളത്.
” ഒരിക്കൽ അവിടെ ഫ്ലാറ്റില് ശ്വേത ഉണ്ടാക്കിയിരുന്നു. നല്ല ടേസ്റ്റ് ആയിരുന്നു, അപ്പോൾ പറഞ്ഞു വല്യമ്മച്ചി ഇതിലും കിടിലൻ ആയിട്ട് ഉണ്ടാക്കുമെന്നു അപ്പോൾ മുതലുള്ള ആഗ്രഹം ആണ് അതൊന്ന് ടേസ്റ്റ് ചെയ്യണമെന്ന്. ഇപ്പോൾ വേണമെന്നില്ല പിന്നെ എപ്പോഴെങ്കിലും സമയം പോലെ ഉണ്ടാക്കി തന്നാലും മതി.
സാം പറഞ്ഞപ്പോൾ വല്യമ്മച്ചി തന്നെ അതിന് മറുപടി പറഞ്ഞു..
” മോൻ മുമ്പേ പറഞ്ഞതുപോലെ നമ്മുടെ ആഗ്രഹങ്ങളൊക്കെ അപ്പോൾ തന്നെ ചെയ്യണം ചിലപ്പോൾ നാളത്തേക്ക് മാറ്റിവച്ചാൽ പിന്നെ അതിന് സാധിച്ചില്ലെങ്കിലോ ഈ പറഞ്ഞതു പോലെ വല്യമ്മച്ചി ഇനി എത്ര കാലം ഉണ്ടെന്ന് ആർക്ക് അറിയാം. അതുകൊണ്ട് ഇന്ന് തന്നെ അത് ഉണ്ടാക്കാം. എടി സാലിയെ കപ്പ ഇരുപ്പില്ലേ നീ കുറച്ച് ഇറച്ചിയും കൂടി പോയി മേടിച്ചോണ്ട് വാ. നമുക്ക് ഇന്ന് തന്നെ ഉണ്ടാക്കാം,
“അമ്മച്ചി വയ്യാതെ അതുണ്ടാക്കണ്ട, ഞാനുണ്ടാക്കി കൊടുക്കാം എനിക്കറിയാലോ
സാലി പറഞ്ഞു
” പിന്നെ നീ ഉണ്ടാക്കുന്നത് കഴിക്കണമെന്നല്ല ആ കൊച്ചൻ പറഞ്ഞത് ഞാൻ ഉണ്ടാക്കിയത് കഴിക്കണമെന്ന് ആണ്. കുറച്ച് കപ്പയും ഇറച്ചിയും ഉണ്ടാക്കി എന്നും പറഞ്ഞ് എനിക്കിപ്പോ ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഞാൻ തന്നെ ഉണ്ടാക്കിക്കോളാം. നീ എല്ലാം ആവശ്യമുള്ള പോലെ എടുത്തുവെച്ചു തന്നാൽ മതി. ബാക്കി ഞാൻ ഏറ്റു.
ഒരംഗത്തിന് പുറപ്പെടുന്ന ആർജ്ജവത്തോടെ വല്യമ്മച്ചി എഴുന്നേറ്റപ്പോൾ ചെറുചിരിയോടെ എല്ലാവരും നോക്കി നിന്നിരുന്നു.
“വല്യമ്മച്ചി ഞാനെന്റെ ഒരു ആഗ്രഹം പറഞ്ഞെന്നേയുള്ളൂ നിർബന്ധമൊന്നുമില്ല. വയ്യ എന്നുണ്ടെങ്കിൽ ഉണ്ടാക്കണ്ട
സാം പറഞ്ഞു
” എനിക്ക് ഒരു വയ്യാഴ്കയും ഇല്ല കൊച്ചേ, ഇത്തിരി പ്രായമായി എന്നും പറഞ്ഞ് ഇവരെ എന്നെക്കൊണ്ട് ഒന്നും ചെയ്യിപ്പിക്കത്തില്ല. അതല്ലേ പ്രശ്നം, എനിക്കാണെങ്കിൽ അടുക്കളയിൽ കേറാത്ത കൊണ്ട് എന്നാ വിഷമാണെന്ന് അറിയാമോ.? ഞാൻ പണ്ട് അടുക്കളയിലേക്ക് വരുമ്പോൾ ഉണ്ടാകുന്ന ആഹാരത്തിന് ഒക്കെ എന്നാ രുചിയായിരുന്നു. അഭിമാനത്തോടെ വല്യമ്മച്ചി പറഞ്ഞപ്പോൾ ശ്വേത അത് ഏറ്റുപിടിച്ചിരുന്നു.
” അത് സത്യം വല്യമ്മച്ചി ഉണ്ടാക്കുന്നതിനൊക്കെ ഒരു പ്രത്യേക ടേസ്റ്റ് ആയിരുന്നു. അതിപ്പോ മുളക് ചുട്ടരച്ച ചമ്മന്തി ആണെന്ന് പറഞ്ഞാലും അടിപൊളി ടേസ്റ്റ് ആയിരുന്നു. അതൊക്കെ ഇപ്പോൾ ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്.
അതും പറഞ്ഞ് വല്യമ്മച്ചി കാണാതെ സാലിയുടെ മുഖത്ത് നോക്കി ഒന്ന് കണ്ണ് ഇറുക്കി കാണിച്ചിരുന്നു ശ്വേത. സന്തോഷനിമിഷങ്ങളിലൂടെ കടന്നു പോകുന്ന അവർക്ക് ഇതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല. ചെറു ചിരിയോടെ അവർ അകത്തേക്ക് പോയിരുന്നു. സച്ചുവിനെ വിട്ട് കുറച്ച് ഇറച്ചിയും എല്ലുമൊക്കെ വാങ്ങിപ്പിക്കുകയും ചെയ്തു.
ആ സമയം കൊണ്ട് വിശ്രമിക്കാൻ സാമിനോട് സാലി പറഞ്ഞു. ശ്വേതയുടെ മുറി ഭംഗിയായി തന്നെ അവർ ഒരുക്കി ഇട്ടിട്ടുണ്ടായിരുന്നു. മുറിക്കുള്ളിലേക്ക് കയറിയപ്പോൾ തന്നെ സാമിന് ആ മുറിയുടെ വൃത്തി മനസ്സിലാക്കാൻ സാധിച്ചിരുന്നു. ഒരുപാട് പുസ്തകങ്ങൾ അടുക്കി വെച്ചിട്ടുണ്ട്. പുസ്തകങ്ങൾ വായിക്കുന്ന കൂട്ടത്തിൽ ആണ് ശ്വേത എന്ന് അത് കാണുമ്പോൾ തന്നെ അറിയാം. അടുക്കളയിൽ ചെന്ന് അമ്മച്ചിയെയും വല്യമ്മച്ചിയും ഒക്കെ കുറച്ചുനേരം സഹായിച്ചു കൊടുത്ത് സാമിന്റെ അരികിലേക്ക് ശ്വേതയും വന്നിരുന്നു. അവൻ അപ്പോൾ അവളുടെ പുസ്തകങ്ങളും മറ്റും നോക്കുന്ന തിരക്കിലാണ്.
“തനിക്ക് വായനാശീലമുള്ള കൂട്ടത്തിലാണല്ലേ,
അവളുടെ മുഖത്തേക്ക് നോക്കി സാം ചോദിച്ചു
“അങ്ങനെ ഒരു ശീലം ഉണ്ടായിരുന്നില്ല. കോളേജ് കഴിഞ്ഞപ്പോഴോ മറ്റോ തുടങ്ങിയതാ അവിടെ ലൈബ്രറി ഉണ്ടായിരുന്നു. ആ സമയത്ത് വെറുതെ ബുക്ക് എടുത്ത് വായിച്ചു തുടങ്ങിയത്. പിന്നെ ഒരു അഡിക്ഷൻ പോലെയായി.
” നല്ല ശീലമാ. എനിക്ക് ഭയങ്കര മടിയാ കുത്തിയിരുന്ന് വായിക്കാൻ. ചിലപ്പോൾ സ്റ്റോറി ടെല്ലിങ് ഒക്കെ കേൾക്കും.
” ഫോണില് മറ്റൊരാൾ കഥ പറഞ്ഞു തരുന്നതും നമ്മൾ അത് വായിച്ച് ഇമാജിൻ ചെയ്യുന്നതും തമ്മിൽ വ്യത്യാസമില്ലേ.? നമ്മൾ വായിക്കുമ്പോൾ അതിലെ കഥാപാത്രങ്ങൾക്ക് ഒക്കെ നമുക്ക് ഇഷ്ടമുള്ള രൂപം കൊടുക്കാം. അത് നമ്മുടെ മനസ്സിൽ ഒരു പ്രത്യേക രീതിയില് തെളിയുകയും ചെയ്യും. എനിക്ക് ഒരാൾ വായിച്ചു തരുന്നത് ഇഷ്ടമല്ല. സ്വന്തമായിട്ട് ചെയ്യുന്നത് ആണ് ഇഷ്ടം.
ശ്വേത പറഞ്ഞു
“അപ്പൊൾ ഇതാണ് എന്റെ രാജകുമാരിയുടെ ലോകം..
അവളുടെ തോളിൽ പിടിച്ച് അവളെ തന്നോട് ചേർത്തുകൊണ്ട് പറഞ്ഞപ്പോൾ അവൾ പെട്ടെന്ന് കതക് തുറന്നു. കിടക്കുന്ന കാര്യം ഓർമിച്ചത്. അവന്റെ മുഖത്തേക്ക് അവൾ നോക്കിയപ്പോൾ തന്നെ അവൾക്ക് കാര്യം പിടികിട്ടി. അവൻ പെട്ടെന്ന് തന്നെ കതക് അടച്ചു കുറ്റി ഇട്ടിരുന്നു.
“ഇന്ന് നേരം വെളുത്ത് ഈ സമയം വരെ തന്നെ എനിക്ക് സൗകര്യത്തോടെ കയ്യിൽ ഒന്ന് കിട്ടിയില്ല. ഇനിയിപ്പോ കുറച്ചുനേരം ഞാൻ ഒന്ന് സ്നേഹിച്ചിട്ട് എങ്ങോട്ടെങ്കിലും പോയാൽ മതി..
അവളെ ഗാഢമായി പുണർന്നുകൊണ്ട് അവൻ പറഞ്ഞു. അവളും അവനു വിധേയപ്പെട്ട് ഇരുകൈകളാൽ അവനെ പുണർന്ന് അവന്റെ നെഞ്ചിൽ ഒരു പ്രാവിനെ പോലെ കുറുകി നിന്നു.
“ഞാനൊരു കൂട്ടം കാണിക്കാം, ഇപ്പോൾ ആണ് അതിനെക്കുറിച്ച് ഓർത്തത്. എന്നെങ്കിലും ഒരിക്കൽ ഞാൻ ഇവിടെ വരികയാണെങ്കിൽ അത് കാണിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചത് ആണ്. കാണിക്കാമേ
അവൾ അലമാരി തുറന്ന് ഒരു ബോക്സ് എടുത്ത് അവന് നേരെ നീട്ടി. അത് തുറന്നതും അവൻ ഞെട്ടി പോയിരുന്നു.
” ഓർമ്മയുണ്ടോ ഇത്..?
.അവൾ ചോദിച്ചപ്പോൾ അവൻ അത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് നോക്കി…..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…