കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 23
[ad_1]
രചന: റിൻസി പ്രിൻസ്
കുളികഴിഞ്ഞ് മുടി കോതി കൊണ്ടിരിക്കുമ്പോഴാണ് ഫോൺ ബെൽ അടിക്കുന്നത് അവൾ കേട്ടത്…. സാധാരണ ഈ സമയത്ത് വിളിക്കാറുള്ളത് നന്ദനയാണ്, അവൾ ആണെന്ന് കരുതിയാണ് അവിടേക്ക് ചെന്നത്…
“സുധി കോളിംഗ്” എന്ന് കണ്ടപ്പോൾ അവളുടെ നെഞ്ച് ഒന്ന് പിടച്ചു, ഇങ്ങനെ ഒരാൾ വിളിക്കുമെന്ന് പ്രതീക്ഷ മനസ്സിൽ ഉണ്ടായിരുന്നില്ല, നമ്പർ വാങ്ങിയതിനു ശേഷം ആ കാര്യം പൂർണമായും മറന്നു പോയി എന്നതാണ് സത്യം, എടുക്കണോ വേണ്ടയോ എന്നറിയാത്ത ഒരു അവസ്ഥയിലായിരുന്നു അവൾ, ഒരു നിമിഷം അവൾ നിശ്ചലയായി നിന്നു പോയിരുന്നു. ഒരു റിംഗ് മുഴുവന്‍ അടിച്ച് ഫോൺ കട്ടായി , അവൾക്ക് ചെറിയൊരു ആശ്വാസം തോന്നി എന്തായിരിക്കും ഫോൺ എടുക്കാത്തത്…? ഉറങ്ങിയിട്ടുണ്ടാവുമോ.? അവൻ സംശയത്തോടെ ക്ലോക്കിലേക്ക് ഒന്നുകൂടി നോക്കി, സമയം 8. 5 ആയിട്ടേയുള്ളൂ ഈ സമയം കൊണ്ട് ഉറങ്ങിയിട്ടുണ്ടാവില്ലല്ലോന്ന് അവന് തോന്നി, വീണ്ടും അടുപ്പിച്ച് വിളിക്കുന്നത് മോശമാണെന്ന് തോന്നിയെങ്കിലും വികാരം വിചാരത്തെ തടഞ്ഞു… അവളോട് ഒന്ന് സംസാരിക്കാൻ വെമ്പൽ പൂണ്ട് നിൽക്കുന്ന മനസ്സിനുണ്ടോ ഇതു വല്ലതും മനസ്സിലാവുന്നത്, വീണ്ടും ദ്രുതവേഗം അവന്റെ കൈവിരലുകൾ മൊബൈലിലേക്ക് തന്നെ തിരികെ വന്നു.. ഒരിക്കൽ കൂടി അവൻ വിളിച്ചു, വീണ്ടും ഫോൺ ബെൽ അടിച്ചപ്പോൾ ഇത്തവണ ശരീരത്തിലൂടെ ഒരു വിറയിൽ പാഞ്ഞു പോകുന്നത് അവൾ അറിഞ്ഞിരുന്നു… ഇനിയും എടുക്കാതിരിക്കുന്നത് ശരിയല്ലന്ന് തോന്നി, വിറക്കുന്ന കരങ്ങളോടെ അവൾ ഫോൺ എടുത്തു,
” ഹലോ….
വിക്കി വിക്കിയാണ് അവൾ മറുപടി പറഞ്ഞത്…
ശ്രവണങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടതായി തോന്നിയ ശബ്ദമായാണ് അവന് തോന്നിയത്…. ഏറെ ആഗ്രഹിച്ച സ്വരമാധുര്യം കർണാപുടങ്ങളെ തുളച്ച് ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയത് പോലെ അവന് തോന്നി….
” ഉറങ്ങിയിരുന്നോ..?
ഒരു ഭംഗി വാക്ക് പോലെ അവൻ ചോദിച്ചു,
” ഇല്ല..! പതിഞ്ഞ സ്വരത്തിൽ അവളുടെ മറുപടിയെത്തി,
” ആദ്യം ഫോൺ എടുക്കാതിരുന്നപ്പോൾ ഞാൻ കരുതി ഉറങ്ങിയിട്ടുണ്ടാവുമെന്ന്…
” ഉറങ്ങാനുള്ള സമയം ഒന്നും ആയില്ലല്ലോ ഞാൻ അടുക്കളയിലായിരുന്നു,ഫോൺ അടിച്ചത് കേട്ടില്ല…എന്താ വിളിച്ചത്..?
അൽപ്പം മടിയോടെ അവള് ചോദിച്ചു,
” അങ്ങനെ പ്രത്യേകിച്ച് കാരണമൊന്നും ഉണ്ടായിട്ട് വിളിച്ചതല്ല വെറുതെ ഒന്ന് വിളിക്കണം എന്ന് തോന്നി. അതുകൊണ്ട് വിളിച്ചതാ,
അവന്റെ വാക്കുകളിൽ നാണം കലർന്നിരുന്നോ.? അങ്ങനെ അവൾക്ക് തോന്നി, ഇനിയും എന്തു പറയണം എന്നറിയാതെ രണ്ടുപേരും മൗനത്തെ കൂട്ടുപിടിച്ചു…
” ഇത് സ്വന്തം ഫോൺ അല്ലേ? അതോ അമ്മയുടെയോ മറ്റോ ഫോൺ ആണോ..?
” അല്ല എന്റെ ഫോണ് ആണ്…
അത് പറഞ്ഞുകഴിഞ്ഞാൽ താൻ പറഞ്ഞത് അബദ്ധമായി പോയി എന്ന് അവൾക്ക് തോന്നിയത്.. അമ്മയുടെ ഫോൺ ആണെന്ന് പറഞ്ഞിരുന്നുവെങ്കിൽ ഒരുപക്ഷേ അവൻ ഇനി വിളിക്കാതിരുന്നെങ്കിലോ..
” ഭക്ഷണം കഴിച്ചോ?
എന്തെങ്കിലും ചോദിക്കണ്ടേ എന്ന് കരുതി അവൻ ചോദിച്ചു,
” ഇല്ല കഴിക്കാൻ തുടങ്ങുന്നേയുള്ളൂ…
” എന്നാൽ കഴിച്ചോളു, ഞാൻ വെറുതെ വിളിച്ചതാ…
” ശരി…
തന്റെ മറുപടിക്ക് പോലും കാക്കാതെ അവൾ ഫോൺ വച്ചപ്പോൾ അവന് ഒരു നേരിയ ദുഃഖം ഉള്ളിൽ എവിടെയോ ഉടലെടുത്തിരുന്നു…. തന്നോട് സംസാരിക്കാൻ അവൾ കൂട്ടാക്കുന്നില്ല, അതിന്റെ കാരണം എന്താണെന്ന ചിന്ത അവന്റെ മനസ്സിനെ അലട്ടി കൊണ്ടിരുന്നു… ഈ നിമിഷം വരെ താനവൾക്ക് അപരിചിതനായ ഒരു വ്യക്തിയാണ്, അങ്ങനെ ഒരാളോട് മനസ്സ് തുറന്ന് സംസാരിക്കാനുള്ള ഒരു ബുദ്ധിമുട്ടായിരിക്കാം അവളെ അകറ്റുന്നതെന്ന് അവന് തോന്നിയിരുന്നു, അങ്ങനെ ആശ്വസിക്കാൻ ആയിരുന്നു അവനും ഇഷ്ടം… ഇല്ലെങ്കിൽ താൻ എത്ര തവണ ചോദിച്ചതാണ് വിവാഹത്തിന് താല്പര്യം ആണോന്ന്, അല്ലായിരുന്നുവെങ്കിൽ അപ്പോഴൊക്കെ അവൾക്ക് പറയാമായിരുന്നല്ലോ, അവസരങ്ങൾ ഏറെയുണ്ടായിരുന്നു… തന്നോട് ഇഷ്ട കുറവല്ല പകരം തന്നോടുള്ള പരിചയക്കുറവാണ് അവളുടെ പ്രശ്നമെന്ന് അവൻ മനസ്സിൽ ഒരു അനുമാനത്തിൽ എത്തി… എന്തൊക്കെയാണെങ്കിലും അവളുടെ സ്വരം കേട്ടത് കൊണ്ട് തന്നെ ആശ്വാസത്തോടെയാണ് അന്നവൻ നിദ്രയെ പുണർന്നത്,
രാവിലെ ഉണർന്നതും ആദ്യം കൈനീട്ടതും ഫോണിലേക്ക് തന്നെയാണ്, വാട്സ്ആപ്പ് ഓണാക്കി അവൾക്ക് രാവിലെ ഒരു ഗുഡ്മോണിങ് മെസ്സേജ് വെറുതെ അയച്ചിട്ടു,
രാവിലെപിടിപ്പത് പണികൾ ഉള്ളതുകൊണ്ട് തന്നെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അവൾ നെറ്റ് ഓണാക്കിയത്, വാട്സാപ്പിലേക്ക് ആദ്യം വന്ന മെസ്സേജ് അവന്റെ തന്നെയായിരുന്നു, ഗുഡ്മോർണിംഗ് മെസ്സേജ് കണ്ടു അവൾ വീണ്ടും ഞെട്ടിപ്പോയിരുന്നു.. മറുപടി എന്ത് അയക്കുമെന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു അവൾ, പെട്ടെന്ന് അവൾ അവന്റെ മെസ്സേജ് ക്ലിക്ക് ചെയ്തു നോക്കി ഗുഡ്മോണിങ്ങും ഒരു പുഞ്ചിരിയുമാണ് അയച്ചിരിക്കുന്നത്… തിരിച്ചു മറുപടി ഒന്നും പറയാതെ വാട്സ്ആപ്പിൽ നിന്നും ഇറങ്ങാൻ തുടങ്ങി, ആ നിമിഷം തന്നെ ആൾ ഓൺലൈനിൽ വന്നു, ഉടനെ തന്നെ ഒരു ഹായ് അയക്കുകയും ചെയ്തു, തന്നെ ഓൺലൈനിൽ കണ്ടിട്ടാണ് ഹായ് അയച്ചത് എന്ന് അവൾക്ക് മനസ്സിലായി, അതുകൊണ്ടു തന്നെ ഇനി മറുപടി അയക്കാതിരിക്കാൻ പറ്റില്ല. തിരികെ അവളും ഒരു ഹായ് മെസ്സേജ് അയച്ചു, തിരിച്ചു മറുപടിയൊന്നും വരാതിരുന്നപ്പോൾ ആശ്വാസം തോന്നിയെങ്കിലും, ആ ആശ്വാസം അടുത്ത നിമിഷം തന്നെ ഇഷ്ടക്കേടിനു വഴി മാറിയിരുന്നു, ഉടനെ തന്നെ വന്നത് ഒരു വോയിസ് കോൾ ആണ് .. ഫോൺ എടുക്കണോ വേണ്ടയോന്ന് അറിയാതെ വീണ്ടും അവൾ ഒന്ന് പകച്ചു, അവസാനം കോൾ ബട്ടനിൽ അവൾ കൈ അമർത്തി…
“ഹലോ…
“ഹലോ.
” ഒരു ഗുഡ്മോണിങ് അയച്ചിട്ട് മണിക്കൂറുകളായി, ഒരു റെസ്പോണ്ട്സ് ഇല്ലല്ലോ… ഇപ്പോഴാണോ അത് കാണുന്നത്..?
ഏറെ പരിചിതരെ പോലെ ഫോൺ എടുത്ത പാടെയുള്ള അവന്റെ സംസാരം അവൾക്ക് അത്ര ഇഷ്ടമായിരുന്നില്ല…
” ഞാനിപ്പഴാ കണ്ടത്…
അത്ര താല്പര്യമില്ലാതെ അവൾ മറുപടി പറഞ്ഞു ,
” എനിക്ക് മനസ്സിലായി ഞാൻ വെറുതെ പറഞ്ഞതാ.. എന്തെടുക്കുവായിരുന്നു,
ഒരുപാട് അടുപ്പമുള്ള വ്യക്തിയെ പോലെ അവൻ ചോദിച്ചു,
” ഞാൻ ഇവിടെ കുറച്ച് പണികൾ ഉണ്ടായിരുന്നു, അതൊക്കെ കഴിഞ്ഞിട്ട് ഇപ്പോൾ ഫോൺ ഒന്ന് ഓൺ ആക്കി നോക്കിയതാ, കുളിക്കാൻ തുടങ്ങുകയായിരുന്നു…
അവനെ ഒഴിവാക്കാൻ വേണ്ടി അവൾ പറഞ്ഞു..
” അമ്മ എവിടെ….
” അമ്മയ്ക്ക് തൊഴിലുറപ്പിന്റെ പണിയുണ്ടായിരുന്നു, അതിന് പോയി ,..
” അവിടെ അടുത്ത് തന്നെയാണോ..
“ആഹ് കുറച്ചു ദൂരം ഉണ്ട് ,
” അപ്പോൾ താൻ ഫ്രീ ആണെന്ന് അർത്ഥം, ജോലിയൊക്കെ ഒതുക്കി ഇരുന്നതല്ലേ ഇനി നമുക്ക് കുറച്ചുനേരം സംസാരിക്കാല്ലേ…?
അവന്റെ ആ ചോദ്യത്തിന് എന്ത് മറുപടി പറയണമെന്ന് അവൾക്ക് അറിയില്ലായിരുന്നു,
” എന്ത് സംസാരിക്കാനാ..?
താല്പര്യമില്ലാതെയാണ് അവൾ ചോദിച്ചത്,
” താനല്ലേ പറഞ്ഞത് എന്നോട് സംസാരിക്കാനും എന്നെക്കുറിച്ച് അറിയാനും ഒക്കെ ഒരുപാട് സമയം വേണമെന്ന്, എന്നിട്ട് ഒന്നും സംസാരിക്കാൻ ഇല്ലെ…?
അവന്റെ ചോദ്യത്തിന് അവളുടെ കയ്യിലും മറുപടി ഉണ്ടായിരുന്നില്ല,
” കുറെനേരം ഇങ്ങനെ സംസാരിച്ച ഒരാളെ നമുക്ക് മനസ്സിലാക്കാനും അറിയാനും ഒക്കെ പറ്റൂ, ഒരാളോട് സംസാരിച്ചാൽ എന്നല്ല, ഒരു പത്ത് വർഷമായി ഒരുമിച്ച് ജീവിച്ചാൽ പോലും നമുക്ക് ഒരാളെ മനസ്സിലാക്കാൻ ഒന്നും പറ്റില്ല, അതൊക്കെ അല്പം ബുദ്ധിമുട്ടുള്ള കാര്യമാ, പിന്നെ കോമൺ ആയിട്ടുള്ള ചില കാര്യങ്ങളൊക്കെ മനസ്സിലാക്കാമെന്നേയുള്ളൂ, അയാളുടെ ഇഷ്ടങ്ങൾ അനിഷ്ടങ്ങൾ പിന്നെ എങ്ങനെയുള്ള ആളാണ് ഏകദേശം ക്യാരക്ടർ അതൊക്കെ കിട്ടും,
അവൻ പെട്ടെന്ന് വാചാലനായി…
” എന്നെക്കുറിച്ച് തനിക്ക് ഒന്നും അറിയാനില്ലേ…?
ആ സ്വരം ആർദ്രമായിരുന്നു, കല്യാണ സ്വപ്നങ്ങൾ നെഞ്ചിലേറ്റി ഏറെ പ്രതീക്ഷയോടെ ഭാവി വധുവിനോട് സംസാരിക്കുന്ന ഒരു കാമുകന്റെ സ്വരം ആയിരുന്നു ആ നിമിഷം അവന്റെ വാക്കുകൾക്ക്…. സഹതാപം തോന്നി അവൾക്ക് അവനോട്,
” ഞാനെന്താ ചോദിക്കാ… അങ്ങനെ ചോദിക്കാൻ ഒന്നും എനിക്കറിയില്ല ,
” എന്നേ തനിക്ക് ഇഷ്ടമായിരുന്നോ..? സത്യമായിട്ടു പറയണം,
വീണ്ടും അവളെ കുഴക്കി കളഞ്ഞിരുന്നു ആ ചോദ്യം…
” എന്താ ഇപ്പൊൾ അങ്ങനെയൊരു ചോദ്യം…
അവൾ മറുചോദ്യം എയ്തു…
” ചോദിക്കാനുള്ള കാര്യമുണ്ട്, തനിക്ക് എന്നോട് സംസാരിക്കാൻ ബുദ്ധിമുട്ട് പോലെ, ഞാൻ അത് ഓപ്പൺ ആയിട്ട് പറയുന്നത് കൊണ്ട് തനിക്കൊന്നും തോന്നരുത്, ഒഴിഞ്ഞുമാറുന്ന പോലെ എനിക്ക് തോന്നി, സാധാരണ വിവാഹ നിശ്ചയം കഴിഞ്ഞ ഒരു പെൺകുട്ടി പ്രതിശ്രുത വരനോട് സംസാരിക്കുന്നത് ഇങ്ങനെ ആയിരിക്കില്ലല്ലോ… വിവാഹനിശ്ചയം കഴിഞ്ഞ സമയത്ത് ഇങ്ങനെ ഒരു ചോദ്യം തന്നെ ശരിയല്ലെന്ന് എനിക്കറിയാം. എങ്കിലും….
അവൻ ഒന്ന് നിർത്തി, അവന്റെ മനസ്സിന്റെ വ്യഥ വ്യക്തമായി ആ വാക്കുകളിൽ അവൾക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു…
സത്യമല്ലേ..? താൻ അവനെ ഒഴിവാക്കുകയാണ് താൻ അവഗണിക്കുന്നതായി അവനു മനസ്സിലാക്കാനും സാധിക്കുന്നുണ്ട്, ഏതായാലും താൻ ഇങ്ങനെ ഒരു വേഷം കെട്ടി. ഇനി ആ വേഷത്തിന് ഒപ്പിച്ചു തുള്ളുക മാത്രമേ തനിക്ക് മുൻപിൽ മാർഗ്ഗമുള്ളൂ.. അല്ലെങ്കിൽ ആദ്യം തന്നെ തനിക്ക് ഇഷ്ടമല്ലായിരുന്നുവെന്ന് അവനോട് തുറന്നു പറയണമായിരുന്നു, തന്റെ അതിബുദ്ധിയാണ് കാര്യങ്ങൾ ഇവിടെ വരെ കൊണ്ട് എത്തിച്ചത്, അന്ന് ഇഷ്ടമാണോന്ന് അവൻ ചോദിച്ചപ്പോൾ തനിക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നുവെന്നും അതിന്റെ വേദനയിലാണ് താനെന്നും പറഞ്ഞിരുന്നുവെങ്കിൽ ഒരുപക്ഷേ ഈ വിവാഹാലോചന മാറിപ്പോയേനെ. അപ്പോൾ താൻ തന്നെയാണ് വിവാഹത്തിന് കൂടുതൽ സമയം വേണമെന്ന് അവനോട് ആവശ്യപ്പെട്ടത്, അതു തന്റെ മൗന സമ്മതമായി അവൻ കണക്കാക്കിയെങ്കിൽ ഒരിക്കലും തനിക്ക് അവനെ തെറ്റുപറയാൻ സാധിക്കില്ല, എല്ലാംകൊണ്ടും ബഹുമാനം തോന്നേണ്ട ഒരുവനാണ് അവൻ. അവനോട് എന്തിനാണ് താനകലം കാണിക്കുന്നത്, സത്യത്തിൽ തന്നോട് യാതൊരു തെറ്റും അവൻ ചെയ്തിട്ടില്ല.. തന്നോട് ഉള്ള ഇഷ്ടം കൊണ്ട് തന്റെ എല്ലാ ഡിമാൻഡുകളും അംഗീകരിക്കുകയായിരുന്നു ചെയ്തത്, ഒരു രൂപ പോലും സ്ത്രീധനം ഇല്ലാതെ തന്നെ വിവാഹം ചെയ്യാൻ തയ്യാറാണെന്ന് പറഞ്ഞ ആണൊരുത്തനാണ് അവൻ, കറിവേപ്പില പോലെ തന്നെ വലിച്ചെറിഞ്ഞവന് വേണ്ടി എന്തിനാണ് താൻ അവനോട് അവഗണന കാണിക്കുന്നതെന്ന് ഒരു നിമിഷം അവൾ അവളുടെ മനസാക്ഷിയോട് തന്നെ ചോദിച്ചിരുന്നു,
” ഹലോ താൻ കേൾക്കുന്നുണ്ടോ…?
അവൻ ഒരിക്കൽ കൂടി മറുപുറത്തു നിന്നും ചോദ്യം ഉന്നയിക്കുന്നുണ്ട്,
” കേൾക്കുന്നുണ്ട്…
” എന്താ ഞാൻ പറഞ്ഞത് ഇഷ്ടമായില്ലേ,
” പറഞ്ഞത് ന്യായമാണല്ലോ അതില് എന്താണ് ഇഷ്ടക്കുറവ്..?
ഇഷ്ടമാണോന്ന് ചോദിച്ചാൽ അതിന് വ്യക്തമായ ഒരു മറുപടി എന്റെ കയ്യിൽ ഇല്ല, അങ്ങനെ ഇഷ്ടമാണെന്ന് പറയാനും മാത്രം നമ്മൾ തമ്മിൽ ഒരു പരിചയവും ഉണ്ടായിട്ടില്ല, കുറച്ചു ദിവസങ്ങളുടെ പരിചയം മാത്രമേയുള്ളൂ, ഇനി ഇഷ്ടപ്പെട്ട് വരികയാണ് വേണ്ടത്,
അത് അവളുടെ ഹൃദയത്തിൽ നിന്നുള്ള മറുപടി തന്നെയായിരുന്നു …
” അപ്പോൾ കഷ്ടപ്പെട്ട് ഇഷ്ടപ്പെടണമെന്നാണോ താൻ പറഞ്ഞതിന്റെ അർത്ഥം…
” എനിക്ക് അങ്ങനെ അർത്ഥം പറഞ്ഞുതരാൻ ഒന്നും അറിയില്ല, പക്ഷേ തുറന്നു പറയുകയാണെങ്കിൽ ഒരു കാര്യം മാത്രം ഞാൻ പറയാം എനിക്ക് ഇഷ്ടക്കുറവും ഇല്ല ഇഷ്ടക്കൂടുതലുമില്ല , ഞാൻ ഇങ്ങനെ പറഞ്ഞത് വിഷമമാവരുത് തുറന്നു പറയാൻ പറഞ്ഞതുകൊണ്ട് ആണ് അങ്ങനെ പറഞ്ഞത്,
ഒരു നിമിഷം അവന്റെ മുഖം ഒന്ന് വാടിയിരുന്നു… അവളിൽ നിന്ന് ഒരിക്കലും അങ്ങനെ ഒരു മറുപടി പ്രതീക്ഷിച്ചിരുന്നില്ല,
” ഹലോ….
അവൾ ഒരിക്കൽ കൂടി വിളിച്ചു,
” കേൾക്കുന്നുണ്ട്….താൻ പറഞ്ഞൊ..,
അവന്റെ ശബ്ദം ഇടറി തുടങ്ങിയത് അവൾക്ക് മനസ്സിലായിരുന്നു… താൻ പറഞ്ഞത് അവനിൽ വേദന ഉണർത്തിയെന്ന് അവൾക്ക് വ്യക്തമായി, ആ നിമിഷം അവന്റെ അവസ്ഥയെ ഓർത്ത് അവൾക്ക് വേദന തോന്നി..
” എനിക്ക് ഉടനെ കല്യാണം വേണമെന്ന് ഇല്ലാരുന്നു, പഠിച്ചു ജോലി ഒക്കെ കിട്ടിയിട്ട് മതിയെന്ന് ആയിരുന്നു, പിന്നെ….
അവളോന്ന് നിർത്തി…
” പിന്നെ…?
അവൻ എടുത്തു ചോദിച്ചു…. മറുപടി പറയാൻ അവൾ വിയർത്തു, ഫോൺ പിടിച്ചിരുന്ന കൈയ്യിൽ വിയർപ്പ് നിറയുന്നത് അവൾ അറിഞ്ഞു……..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]