Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 34

[ad_1]

രചന: റിൻസി പ്രിൻസ്

 

ആ ഗൗരവം എത്രത്തോളം വലുതാണെന്ന് മനസ്സിലാക്കാൻ ഫോൺ വെച്ച് നിമിഷങ്ങൾക്കകം മാധവിയുടെ ഫോണിലേക്ക് അവന്റെ വിളി എത്തിയപ്പോൾ മീരയ്ക്ക് മനസ്സിലായിരുന്നു..

സുധി ആണെന്ന് മനസ്സിലാവാതെയാണ് മാധവി ഫോൺ എടുത്തത്,

“ഹലോ.. അമ്മേ,  ഞാനാ സുധി…

 അപ്പുറത്തു നിന്നും പരിചയപ്പെടുത്തൽ  കേട്ടപ്പോൾ മാധവിയുടെ മുഖത്ത് സന്തോഷം നിറഞ്ഞു, അത് കേട്ടുകൊണ്ടാണ് അവൾ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി വന്നത്.

തന്നെ വിളിച്ച് വച്ചതേയുള്ളൂ, അമ്മയെ വിളിക്കാൻ എന്താണ് കാരണം എന്ന് അവൾ ചിന്തിച്ചു.  താൻ പറഞ്ഞ കാര്യം വല്ലതും അമ്മയോട് പറയാനാണോ ഈ വിളിയെന്നാണ് അവൾ ആദ്യം ഭയന്നത്, കേട്ടാൽ പിന്നെ അമ്മയ്ക്ക് അതുമതി.  താനി കാര്യങ്ങളൊക്കെ അവരോട് പറഞ്ഞു, എന്നറിഞ്ഞാൽ അമ്മ പിന്നെ തന്നോട് ദേഷ്യപ്പെടുമെന്ന് അവൾക്ക് ഉറപ്പായിരുന്നു,  ആ ഒരു പേടിയോടെ തന്നെയാണ് വാതിലിനരികിൽ അവൾ നിന്നത്.

” ഡേറ്റിന്റെ കാര്യം അമ്മ വിളിച്ചു പറഞ്ഞിട്ടുണ്ടാവും അല്ലേ?

 ഒന്നുമറിയാത്തതു പോലെ അവൻ ചോദിച്ചു.

“ആഹ് മോനെ… അമ്മ വൈകുന്നേരം വിളിച്ചിരുന്നു,  മോൻ ഡേറ്റ് എടുത്ത കാര്യം പറഞ്ഞു,  കുഴപ്പം ഇല്ലാത്ത ഡേറ്റ് ആണ്. ഒരു രണ്ട് രണ്ടര മാസം സാവകാശം ഉണ്ടല്ലോ…

മാധവി ആശ്വാസത്തോടെ പറഞ്ഞു.. 

 ” എന്തായി കല്യാണത്തിന്റെ ഒരുക്കങ്ങൾ അവിടെ..?

”  ഇനിയിപ്പോൾ എല്ലാം തുടങ്ങണം മോനെ

” അമ്മ ഇല്ലാത്ത പണമുണ്ടാക്കി വലിയ ബുദ്ധിമുട്ടിൽ കാര്യങ്ങളൊന്നും നീക്കണ്ട,  ഞാൻ പറഞ്ഞല്ലോ എനിക്ക് ഒന്നും നിർബന്ധമില്ല.  കല്യാണം കഴിഞ്ഞ് മീര പോകും പിന്നെയും രണ്ടുപേരുണ്ട് അവർക്കും പഠിക്കാനും വിവാഹം കഴിക്കാനും ഒക്കെ ഉള്ളതാ,  ആദ്യത്തെതിന് തന്നെ അമ്മയുടെ സമ്പാദ്യം എല്ലാം നഷ്ടപ്പെടുത്തി കഴിഞ്ഞാൽ പിന്നെ രണ്ടുപേരെ അയക്കണമെങ്കിൽ എന്ത് ചെയ്യും..?

സുധി ചോദിച്ചു…

”  മോൻ എന്തൊക്കെയാ പറയുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല,  പക്ഷേ ഞാൻ ഉറപ്പ് പറഞ്ഞതല്ലേ അവൾക്കുവേണ്ടി 10 പവൻ സ്വർണം ഞാൻ കരുതി വെച്ചിട്ടുള്ളത് ആണ്… അതെന്താണെങ്കിലും അവൾക്ക് കൊടുത്തല്ലേ പറ്റൂ,

മാധവി പറഞ്ഞു..

” എങ്കിൽ അതില് ഒരു അഞ്ചു പവൻ സ്വർണം കൊടുത്താ മതി,  ഞങ്ങളുടെ വകയായിട്ട് മീരയുടെ അനിയത്തിമാരുടെ പഠിത്തത്തിനു വേണ്ടി അമ്മ എടുത്തോളൂ, ഇതെന്റെ തീരുമാനമാണ്. വിവാഹം കഴിക്കുന്നത് ഞാനാണ്.  ചില കാര്യങ്ങളിൽ മാത്രമേ എനിക്ക് നിർബന്ധമുള്ളൂ,  അതിൽ വലിയ നിർബന്ധമുള്ള ഒരു കാര്യമായിരുന്നു വിവാഹം കഴിക്കുന്ന പെണ്ണിനോട് സ്വർണം ഒന്നും വാങ്ങരുത് എന്ന്. അത് അമ്മ സമ്മതിക്കുന്നില്ല, അപ്പോൾ ഈ ആവശ്യമെങ്കിലും എനിക്ക് നടത്തി തന്നുടെ, അമ്മയെത്രയാണോ പറഞ്ഞത് അതിന്റെ പകുതി മതി. കാരണം ഞാൻ വിവാഹം കഴിക്കുന്ന പെണ്ണിന് ആവശ്യമുള്ള ആഭരണങ്ങൾ വാങ്ങി കൊടുക്കേണ്ടത് എന്റെ കടമയാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.  അതുകൊണ്ടു തന്നെ ബാക്കി കുട്ടികളുടെ ചെലവിന് വേണ്ടി വെച്ചോളൂ,  രണ്ടാളും വലിയ വലിയ ക്ലാസുകളിലേക്ക് എത്തും. പിന്നെ ബുദ്ധിമുട്ടുകൾ ഏറെ ഉണ്ടാവും. അമ്മയ്ക്കും ബുദ്ധിമുട്ടാവും.  പ്രായം കൂടി വരികയല്ലേ ഇപ്പൊൾ എനിക്ക് ആരോഗ്യം ഉണ്ട്,  കഷ്ടപ്പെടാനുള്ള ഒരു മനസ്സും ഉണ്ട്. അമ്മ അധ്വാനിച്ചു ഉണ്ടാക്കുന്ന പണം കൊണ്ട് മീരയെ പൊന്നിൽ കുളിപ്പിച്ച് വീട്ടിലേക്ക് വിടണ്ട. അത് എന്റെ ഒരു നിർബന്ധമാണ് എന്ന് കൂട്ടിക്കോളൂ, അതിനു വേണ്ടി ഇല്ലാത്ത കടങ്ങൾ ഒന്നും വരുത്തി വയ്ക്കുകയും വേണ്ട.  പിന്നെ അതിന്റെ പേരിൽ മീരയ്ക്ക് അവിടെ ഒരു ബുദ്ധിമുട്ടും ഉണ്ടാവാൻ പോകുന്നില്ല.  ഇത് ഞാൻ അമ്മയ്ക്ക് തരുന്ന ഉറപ്പ് ആണ്. കാരണം അമ്മയുടെ മകളെ കൊണ്ടുപോകുന്നത് ഞാനാണ്. എനിക്ക് ഒപ്പമാണെങ്കിലും അല്ലെങ്കിലും അവളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് എന്റെ ഉത്തരവാദിത്വമാണ്.  അത് ഞാൻ ചെയ്തിരിക്കും കൃത്യമായി തന്നെ.  അമ്മ പേടിക്കേണ്ട.  5 പവൻ സ്വർണം, അതുമതി മീര പന്തലിൽ കയറുമ്പോൾ. ബാക്കി അമ്മയ്ക്ക് മകളെ സർവ്വഭരണ വിഭൂഷിതയായി കാണണമെങ്കിൽ ഇമിറ്റേഷൻ ഇട്ടാൽ മതി.  ഇപ്പോൾ എല്ലാവരും അങ്ങനെയാണ്.  എനിക്ക് പരിചയമുള്ള ഒരു കടയുണ്ട്.  അവിടുന്ന് ഇടാനുള്ള ബാക്കി ആഭരണങ്ങൾ ഞാൻ തന്നെ സെറ്റ് ചെയ്തു കൊടുത്തു വിട്ടേക്കാം,

സുധി ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

“അങ്ങനെ അല്ലല്ലോ മോനെ അതിന്റെ ശരി. നിങ്ങൾ വീട്ടിൽ വന്ന സമയത്ത് ഞാൻ പറഞ്ഞത് സ്വർണം 10 പവൻ കൊടുക്കാമെന്ന്  അല്ലെ..? അതുതന്നെ കുറവാണ് ഇന്നത്തെ കാലത്ത്. അതിലും അഞ്ചു കുറയ്ക്കാന്ന് പറഞ്ഞാൽ അത് ശരിയല്ല മോനെ,

”  അത് ശരിയാണ്.  ഞാനല്ലേ പറയുന്നത് അമ്മയോട്.  മറ്റാരെങ്കിലും ആയിരുന്നു ഇത് പറഞ്ഞതെങ്കിൽ കുഴപ്പമില്ലല്ലോ ഞാൻ തന്നെ നേരിട്ട് പറയുമ്പോൾ പിന്നെ അമ്മ എന്തിനാ പേടിക്കുന്നത്..?  ഒരു കുഴപ്പവുമില്ല അങ്ങനെ തന്നെ കാര്യങ്ങൾ മുന്നോട്ടു പോകട്ടെ,  രാത്രി അവിടെ ഒരുപാട് ആയിട്ടുണ്ടാവും.  എനിക്ക് ഭക്ഷണം കഴിക്കാനുള്ള സമയമായി, സമയത്ത് ചെന്നില്ലെങ്കിൽ ഭക്ഷണം കിട്ടില്ല.  ഇടയ്ക്ക് ഞാൻ വിളിക്കാം.

 അത്രയും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തപ്പോൾ മാധവിയുടെ മുഖഭാവം ആയിരുന്നു അവൾ ശ്രദ്ധിച്ചത്.

” മീരേ….

അകത്തേക്ക് നോക്കി അവർ വിളിച്ചപ്പോൾ തന്നെ അല്പം പരിഭ്രമം അവൾക്ക് തോന്നിയിരുന്നു.  എങ്കിലും ആ പരിഭ്രമം മറച്ചു കൊണ്ടാണ് അവൾ പുറത്തേക്കിറങ്ങി വന്നത്.

” എന്താണ് അമ്മേ?

“‘സുധി നിന്നെ വിളിച്ചിരുന്നോ.?

” വൈകുന്നേരം വിളിച്ചിരുന്നു അമ്മേ,

അവൾ ഒരു കള്ളം പറഞ്ഞു.

” നീ ഇവിടുത്തെ കാര്യങ്ങൾ വല്ലതും സുധിയോട് പറഞ്ഞിരുന്നോ.,?

സംശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി അവർ ചോദിച്ചു.

“എന്ത് കാര്യം…?

 അവർക്ക് മുഖം നൽകാതെ അവൾ ചോദിച്ചു,

“സ്വർണം എടുക്കുന്ന കാര്യം വല്ലതും നീ സുധിയോട് പറഞ്ഞിരുന്നോ..,?

അവർ തമ്മിൽ എന്താണ് സംസാരിച്ചത് എന്ന് അറിയാത്തതു കൊണ്ട് തന്നെ അങ്ങനെയാണ് അവൾ പറഞ്ഞത്.

,”ഇല്ല.എന്താ…?

” സുധി എന്നെ വിളിച്ചിരുന്നു.  നമ്മൾ പറഞ്ഞതിലും  പകുതി സ്വർണം ഇട്ടാൽ മതി നിനക്ക് എന്നാണ് പറയുന്നത്. ബാക്കി അവൻ വാങ്ങി തന്നോളുമെന്ന്. അതായത് 5 പവൻ മതിയെന്ന്. അതിൽ കൂടുതൽ ഇടരുതെന്ന്.    എന്താ ഇപ്പോൾ ചെയ്യാ…

 മാധവി പറയുന്നത് കേട്ടപ്പോൾ വീണ്ടും അവനോട് അവൾക്ക് ബഹുമാനം തോന്നിയിരുന്നു.  ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള പുരുഷന്മാർ എത്രപേർ കാണും എന്നാണ് അവൾ ചിന്തിച്ചത്.

”  സുധിയേട്ടൻ പറയുന്നതുപോലെ കേൾക്കുന്നതല്ലേ നല്ലത്..,?  ഇല്ലെങ്കിൽ പിന്നെ അതൊരു ഇഷ്ടക്കേട് ആവില്ല..?

 അവൾ അവരുടെ  മുഖത്തേക്ക് നോക്കി ചോദിച്ചു.

”  അതാ ഞാൻ ഇപ്പോൾ ഓർക്കുന്നത്..?  ഇത്രയും കട്ടായം പറയുമ്പോൾ നമ്മൾ അതിനെ എതിർത്ത് എന്തെങ്കിലും ചെയ്താൽ നാളെ അതും ഒരു കരടായി കിടക്കും, പക്ഷേ അവരുടെ അമ്മയുടെ മുഖമൊക്കെ നീയും കണ്ടതല്ലേ..?  10  പറഞ്ഞപ്പോൾ തന്നെ അവർക്ക് രസിച്ചിട്ടില്ല. അതിന്റെ കൂടെ അഞ്ചും കൂടി കുറഞ്ഞു എന്ന് കേൾക്കുമ്പോൾ എന്താവുമെന്നാ ഞാൻ കരുതുന്നത്.

” അമ്മ സുധിയേട്ടൻ പറഞ്ഞതുപോലെ ചെയ്യ്. ഇപ്പോൾ സുധിയേട്ടൻ പറയുന്നതല്ലേ പ്രധാനം, 

അവൾ അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

”  എങ്കിൽ പിന്നെ അങ്ങനെ തന്നെ ചെയ്യാം.

 അവൾക്കും ഒരു സമാധാനം തോന്നിയിരുന്നു ഒപ്പം സുധിയോട് ബഹുമാനവും ഇഷ്ടവും എല്ലാം നിറഞ്ഞ ഒരു സമിശ്ര വികാരം അവളിലൂടലെടുത്തു. ഈ നിമിഷം അവൻ അരികിൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന് അവൾ ആശിച്ചു പോയി.

 അമ്മാവൻ ആയിരുന്നു സുധി നാട്ടിൽ ഇല്ലാത്തതുകൊണ്ട് കാര്യങ്ങളെല്ലാം തന്നെ ചെയ്തിരുന്നത്.  വീട് പെയിന്റ് അടിക്കുകയും മോഡി പിടിപ്പിക്കുകയും ഒക്കെ ചെയ്തത് അമ്മാവൻ തന്നെയായിരുന്നു,  സുധി പണം അയച്ചു കൊടുക്കാം എന്ന് പറഞ്ഞിട്ടും അതിന് സമ്മതിച്ചിരുന്നില്ല അമ്മാവൻ.  അവന്റെ മുറിയിലും ഉണ്ടായിരുന്നു ചില മാറ്റങ്ങളൊക്കെ വരുത്താൻ,  സിംഗിൾ കോട്ട് കട്ടിലിന്റെ സ്ഥാനത്ത് ഡബിൾകോട്ട് കാട്ടിലിടം നേടി. അതോടൊപ്പം ഒരു അറ്റാച്ച്ഡ് ബാത്റൂമും കൂടി പുതുതായി പണിതിരുന്നു. പഴയ ഫർണിച്ചർ ഒക്കെ പോളിഷ് ചെയ്തു. ഈ മാറ്റങ്ങൾ ഒന്നും തന്നെ സുഗന്ധിക്ക് ഇഷ്ടമാകുന്നുണ്ടായിരുന്നില്ല.  എന്നാൽ ഒന്നും പറയാൻ സാധിക്കാത്ത അവസ്ഥയിലും ആയിരുന്നു സതി. വിവാഹത്തിന് വേണ്ടി ഓടി നടന്നതും കാര്യങ്ങൾ നീക്കിയതും എല്ലാം അമ്മാവൻ തന്നെയാണ്. മണ്ഡപം ബുക്ക് ചെയ്തതും മറ്റും ശ്രീജിത്തും വിനോദും ഒരുമിച്ച് ആയിരുന്നു.

 സുധി വരുന്നതിനു മുൻപ് തന്നെ എല്ലാ കാര്യങ്ങളും ചെയ്തു വെച്ചേക്കാൻ അവൻ തന്നെയാണ് വിളിച്ചു പറഞ്ഞത്.  സാരിയും സ്വർണവും എടുക്കാൻ വീട്ടിൽ നിന്നും പോവുകയാണ് എന്ന് അറിഞ്ഞ നിമിഷം അവളെ കൂടി ഒപ്പം കൂട്ടിയിരുന്നെങ്കിലേന്ന് ഒരു ആഗ്രഹം സുധിയിൽ നിറഞ്ഞിരുന്നു. അവൾക്ക് ഇഷ്ടമുള്ള പുടവ തിരഞ്ഞെടുക്കാമല്ലോ എന്നതായിരുന്നു അവന്റെ ചിന്ത.  അവൻ ഫോൺ വിളിച്ച് സതിയോട് അക്കാര്യത്തെക്കുറിച്ച് സംസാരിച്ചു.

 ” അതിന്റെ ഒന്നും ആവശ്യമില്ല,  കാലാകാലങ്ങളായിട്ട് ചെറുക്കന്റെ വീട്ടുകാർക്ക് ഇഷ്ടപ്പെട്ട പുടവയാണ് തെരഞ്ഞെടുക്കുന്നത്. അതിനു പെണ്ണിനെയും എഴുന്നള്ളിച്ചു കൊണ്ട് പോണം എന്ന് എവിടെയും ഒരു നിയമം ഇല്ല.  സുഗന്ധിയുണ്ട്, രമ്യ ഉണ്ട്, പിന്നെ ഞാനുണ്ട് ഇപ്പോഴത്തെ ഫാഷനുകൾ ഒക്കെ എനിക്ക് അറിയില്ലെങ്കിലും അവർക്ക് അറിയാല്ലോ.? ഇഷ്ടപ്പെട്ട ഒരെണ്ണം തന്നെയായിരിക്കും അവര് തെരഞ്ഞെടുക്കുക.  അതിനിനി അവളെ വിളിച്ചു കൊണ്ട് പോരേണ്ട കാര്യമൊന്നുമില്ല.

സതി കട്ടായം പറഞ്ഞു..

” നിങ്ങള് ആലപ്പുഴയിൽ അല്ലേ ഡ്രസ്സ് എടുക്കാൻ പോകുന്നത്. അവിടുന്ന് വലിയ ദൂരമല്ലല്ലോ അവളുടെ വീട്ടിലേക്ക്. അതാ ഞാൻ പറഞ്ഞത്..

സുധി ന്യായീകരിക്കാൻ ശ്രെമിച്ചു.

”  അതിന്റെ ഒന്നും ആവശ്യമില്ല സുധി,  അതൊക്കെ ഇപ്പോഴത്തെ രീതികളാണ് എനിക്ക് ഈ രീതികളോട് ഒന്നും ഒട്ടും താല്പര്യം ഇല്ല.

സതി അത്രയും പറഞ്ഞു അവന്റെ വായ അടച്ചു കളഞ്ഞിരുന്നു.  പിന്നെ ഒന്നും പറയാൻ അവനും തോന്നിയിരുന്നില്ല.  ചില തിരക്കുകൾ ഉള്ളതിനാൽ അമ്മാവൻ പോകുന്നില്ലന്ന് അറിയിച്ചിരുന്നു. മൂന്നര പവന്റെ താലിമാല എടുക്കണം എന്നതായിരുന്നു സതിയോടായി സുധി ആവശ്യപ്പെട്ടത്.  അതിനാവശ്യമായ പണം അവന് അയച്ചുകൊടുക്കുകയും ചെയ്തതാണ്.  ജ്വല്ലറിയിൽ കയറിയപ്പോൾ രമ്യ ഇതു മതിയൊന്നു ഒരു മാല എടുത്തു  സതിയോട് ചോദിച്ചപ്പോൾ അത് മൂന്നേമുക്കാൽ പവനാണ് എന്ന് അറിഞ്ഞപ്പോൾ തന്നെ സതിയുടെ മുഖം മാറി.

”  അതിന്റെ ഒന്നും ആവശ്യമില്ല.  ആകെ തരുന്നത് 10 പവനാണ് ഒരു രണ്ട്  പവന്റെ മതി. അങ്ങേയറ്റം രണ്ടരയുടെ താലിമാല മതി. അതിന്റെ അർഹതയുള്ളൂ.,

 സതി പറഞ്ഞപ്പോൾ രമ്യയുടെ മുഖത്ത് അമ്പരപ്പ് നിറഞ്ഞിരുന്നു. 

“അയ്യേ അമ്മ എന്താണ് ഈ പറയുന്നത്. ഇന്നത്തെ കാലത്ത് ആരെങ്കിലും രണ്ടര പവന്റെ താലിമാല കൊടുക്കുമോ.?  സുധിയേട്ടൻ അറിഞ്ഞാൽ എന്താ വിചാരിക്കുക..?

രമ്യ ചോദിച്ചു..

 ” അവനിപ്പോൾ അത് തൂക്കി നോക്കാൻ ഒന്നും പോകുന്നില്ലല്ലോ. മാത്രമല്ല രണ്ട് രണ്ടര പവന്  നല്ല പൊലിമ ഉള്ളത് കിട്ടും. 3 ഉണ്ടെന്ന് പറഞ്ഞാൽ മതി. ബാക്കി ഒരു പവന് നമുക്ക് സുഗന്ധിയുടെ മോൾക്ക് ഒരു വള മേടിക്കാം…

 സതി അത് പറഞ്ഞപ്പോൾ സുഗന്ധിയുടെ മുഖവും ഒന്ന് തെളിഞ്ഞിരുന്നു.  ആ പ്രവർത്തി രമ്യയ്ക്ക് അത്ര ഇഷ്ടമായിരുന്നില്ല. പിന്നെ ഒരു കാര്യങ്ങളിലും അവൾ അഭിപ്രായം പറഞ്ഞുമില്ല.  രണ്ടേ കാൽ പവന്റെ ഒരു താലിമാലയാണ് തിരഞ്ഞെടുത്തത്.  എന്നാൽ അതിന്റെ പണി കണ്ടാൽ ഒരു മൂന്നു മൂന്നര കൃത്യമായി പറയുകയും ചെയ്യുമായിരുന്നു.  വാടാമുല്ല നിറത്തിലുള്ള ഒരു സാരിയാണ്  വിവാഹസാരി ആയി തിരഞ്ഞെടുത്തത്.  അതും രമ്യ തന്നെയായിരുന്നു തിരഞ്ഞെടുത്തത്.  അതിനും ഇടംകോലിടാൻ സതി ശ്രമിച്ചിരുന്നുവെങ്കിലും അത് മതി എന്ന തീരുമാനത്തിൽ രമ്യ ഉറച്ചു നിന്നതു കൊണ്ടുതന്നെ ആ സാരി തന്നെ തിരഞ്ഞെടുത്തു.  പഴയ ഫാഷനിലെ മെറൂൺ നിറത്തിലുള്ള സാധാ  കല്യാണസാരി ആയിരുന്നു സതി തിരഞ്ഞെടുത്തത്. ഇന്നത്തെ കാലത്ത് ആരും ഇത് ഉടക്കില്ലെന്ന് പറഞ്ഞ് മാറ്റി വയ്ക്കുകയായിരുന്നു രമ്യ. സെയിൽസ് ഗേൾസ് കൂടി വാടാമുല്ല നിറത്തിലുള്ള സാരിയുടെ അഭിപ്രായം പറഞ്ഞതോടെ സതിയുടെ മുൻപിൽ മറ്റു മാർഗ്ഗമില്ലാതെയായി,

” മീരക്ക് വീട്ടിൽ വരുമ്പോൾ ഇടാനുള്ള ഡ്രസ്സ് ഒക്കെ എടുക്കണ്ടേ..?

രമ്യ സതിയോട് ചോദിച്ചു.

”  പിന്നെ ഇത്രയും വലിയ തുണികടന്ന് അവൾ വീട്ടിലിടാൻ തുണിയെടുക്കാൻ  കോടികളും കൊണ്ടല്ലേ കേറി വരുന്നത്.  അപ്പുറത്ത് വല്ല ആദായ കടയും കാണും,  അവിടുന്ന് ഒന്നോ രണ്ടോ നൈറ്റി മേടിക്കാം. നീ ഇതിന്റെ പൈസയും കൊടുത്തിട്ട് ഇറങ്ങി വരാൻ നോക്ക്.

പേഴ്സ് അവളുടെ കൈയ്യിൽ കൊടുത്തു അതും പറഞ്ഞ് സുഗന്ധിയുടെയും കൈക്ക് പിടിച്ചുകൊണ്ട് സതി നടന്നപ്പോൾ രമ്യയ്ക്ക് അത്ഭുതം തോന്നിയിരുന്നില്ല. വന്നകാലം മുതൽ ഇത് കാണുന്നതാണ്.  50 പവനും ഒരു കാറും കൊണ്ടാണ് താനാ വീട്ടിലേക്ക് വന്നത്.  പോരാത്തതിന് അച്ഛനമ്മമാരുടെ ഒറ്റ മകളും. തന്റെ സമ്പാദ്യം മുഴുവൻ തനിക്കുള്ളതാണ്.  ശ്രീജിത്തിന് തന്നെയാണ് അത് ലഭിക്കുക.  എന്നിട്ടും തന്നോട് കാണിക്കുന്നത് എന്തൊക്കെയാണെന്ന് തനിക്കറിയാം.  ജോലി ഉള്ളതുകൊണ്ട് മാത്രമാണ് വലിയ രീതിയിൽ തന്നോട് പ്രശ്നങ്ങളില്ലാതെ പോകുന്നത്.  കേവലം 10 പവനുമായി കയറി വരുന്നവളുടെ അവസ്ഥയെന്തെന്ന് ഊഹിക്കാൻ ആ നിമിഷം രമ്യയ്ക്ക് സാധിക്കുമായിരുന്നു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button