Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 39

രചന: റിൻസി പ്രിൻസ്

ചെറുചിരിയോട് അവൾ തലയാട്ടി  നടന്നകലുന്നത് വരെ അവൻ അങ്ങനെ തന്നെ നോക്കി നിന്നു. അവളുടെ നിറഞ്ഞ പുഞ്ചിരി മാത്രം അവന്റെ ഹൃദയത്തിൽ ഒരു ചിത്രം പോലെ കോറി വരയ്ക്കപ്പെട്ടിരുന്നു.  ആ പുഞ്ചിരിയോടെ തന്നെ അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു  .

സുധി വീട്ടിലേക്ക് തിരികെ ചെന്നപ്പോൾ അമ്മാവനും വീട്ടിൽ ഉണ്ടായിരുന്നു.

” നീ എവിടെ പോയതായിരുന്നു..?

”  ഞാൻ താലി മേടിക്കാൻ ഉണ്ടായിരുന്നു, അത് വാങ്ങാൻ വേണ്ടി പോയത് ആണ്..

“താലി വാങ്ങിയോ..? എവിടെ കാണട്ടെ.

 രമ്യ അവനോട് പറഞ്ഞപ്പോൾ തന്റെ പോക്കറ്റിൽ കരുതിയിരുന്ന ചെറിയ ജുവൽ ബോക്സ് എടുത്ത് അവൻ അവളുടെ കൈകളിലേക്ക് കൊടുത്തു. അപ്പോഴേക്കും അത് കാണാനായി സതിയും സുഗന്ധിയും അകത്തുനിന്നും ഓടിയെത്തിയിരുന്നു.  റോസ് നിറത്തിലുള്ള പേപ്പർ തുറന്നു അകത്ത് ഉണ്ടായിരുന്ന കുഞ്ഞി താലി കണ്ട് സുഗന്ധിയും സതിയും പരസ്പരം ഒന്നു നോക്കി.

” ചെറിയ താലിയാണോ ഏട്ടാ എടുത്തത്..?

അകത്തുനിന്ന് ശ്രീലക്ഷ്മി താലി കണ്ടുകൊണ്ട് ചോദിച്ചു.

”  ഇപ്പോഴത്തെ പെൺകുട്ടികൾ അല്ലേ? അവർക്ക് വലിയ താലിയോടൊന്നും വലിയ താല്പര്യമില്ല.

അമ്മാവൻ പറഞ്ഞു…

 ” പക്ഷേ ഈ താലി ആ മാലയിലിട്ടാൽ വലിയ ശ്രദ്ധ കിട്ടില്ല.  ചെറിയ മാലയാ ആ താലിക്ക് നല്ലത്. 

സതി പറഞ്ഞു.

 ” അത് സാരമില്ല,  ഒരു ലോക്കറ്റ് കൂടെ വാങ്ങിച്ചിട്ടാൽ മതി.

 അമ്മാവൻ അതിന് പരിഹാരവും കണ്ടെത്തി.  ഇനി ഒന്നും മറുപടിയില്ലാത്തതുപോലെ നിൽക്കുകയാണ് സതിയും സുഗന്ധിയും.

” നീ എപ്പോൾ വന്നു..? ശ്രീലക്ഷ്മിയോട്  സുധി ചോദിച്ചിരുന്നു.

” ഞാൻ കുറച്ചു മുമ്പ് വന്നതേയുള്ളൂ, വിനയേട്ടൻ വരുന്നുണ്ടായിരുന്നു.

അമ്മാവന്റെ മകനാണ് വിനയൻ.  അവനും ബാംഗ്ലൂര്  ആണ് ജോലി.  ചില ദിവസങ്ങളിൽ അവൻ വരുമ്പോൾ നാട്ടിൽ ഒപ്പം വരാറുണ്ട് ശ്രീലക്ഷ്മിയും.

” വിനയൻ എവിടെ..?

അമ്മാവന്റെ മുഖത്തേക്ക് നോക്കി സുധി ചോദിച്ചു.

”  അവൻ വീട്ടിലേക്ക് പോയി.  വൈകുന്നേരം ഇങ്ങോട്ട് ഇറങ്ങാന്ന് പറഞ്ഞു.  ഇനിയിപ്പോൾ ഇവിടെ കാര്യങ്ങൾ എല്ലാം നടത്തണമെങ്കിൽ നിന്നെക്കൊണ്ട് തന്നെ പറ്റില്ലല്ലോ.  ശ്രീജിത്ത് പിന്നെ കട ഉപേക്ഷിച്ച് ഒരു കാര്യത്തിന് നിൽക്കില്ല.  അതുകൊണ്ട് ഞാൻ വിനയനോട് ലീവെടുത്ത് ഇങ്ങോട്ട് വരാൻ പറഞ്ഞത്. നിന്നെക്കൊണ്ട് തന്നെ ഇനിയുള്ള കാര്യങ്ങൾ ഒന്നും ശരിയാവില്ല. എല്ലാത്തിനും ഓടി നടക്കാൻ ഒരാൾ വേണ്ട..? ഈ വയസാംകാലത്ത് എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നതിന് പരിധികൾ ഉണ്ട്.  അമ്മാവൻ അത് പറഞ്ഞപ്പോൾ രമ്യയുടെ മുഖം ഇരുണ്ടിരുന്നു.  ഒന്നും മിണ്ടാതെ അവൾ അകത്തേക്ക് പോവുകയും ചെയ്തിരുന്നു..

”  അമ്മാവനാ പറഞ്ഞത് അവൾക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല.  അല്ലെങ്കിലും കെട്ടിയോനെ പറയുമ്പോൾ തന്നെ ദേഷ്യം ആണ്…

രമ്യയുടെ കുറ്റമായി സുഗന്ധി പറഞ്ഞു.

” എന്നിട്ട് അജയനെയും കാണാനില്ലല്ലോ,  അവനെയും കൂടി കൂട്ടി തന്നെയാ ഞാൻ പറഞ്ഞത്. ശ്രീജിത്തിന്റെ പേര് മാത്രം എടുത്തു പറഞ്ഞെന്നേയുള്ളൂ,  എല്ലാ കാര്യത്തിനും വന്നു നിന്ന് ഒരു കൂടപ്പിറപ്പിന്റെ സ്ഥാനത്ത് കാര്യങ്ങൾ ചെയ്യേണ്ടത് അളിയന്മാരാ. അവനെയും കാണുന്നില്ലല്ലോ.

 സുഗന്ധിയുടെ വായ അടപ്പിച്ച മറുപടിയായിരുന്നു അമ്മാവൻ പറഞ്ഞത്.

” എല്ലാവർക്കും ഓരോ തിരക്കില്ലേ അമ്മാവാ, ജോലിയൊക്കെ കളഞ്ഞിട്ട് അങ്ങനെ വന്ന് നിൽക്കാൻ പറ്റുമോ..? അത് പോട്ടെ സുധി തന്നെ അതിന് ഒരു മറുപടിയും കണ്ടുപിടിച്ചിരുന്നു.

 പകുതി ആശ്വാസമായി എങ്കിലും താല്പര്യമില്ലാതെയാണ് സുഗന്ധി അവിടെ നിന്നത്. എന്നാൽ സതിയുടെ മനസ്സിൽ എപ്പോഴും താലിമാലയുടെ കാര്യം തന്നെയായിരുന്നു.  ദ്രുതവേഗത്തിലാണ് പിന്നെ കാര്യങ്ങളൊക്കെ നടന്നത്.. വിനോദും വിനയനും സുധിയും ഒരുമിച്ചു ചേർന്നാണ് കാര്യങ്ങളെല്ലാം നടത്തിയത്.  തലേദിവസമാണ് അജയനും ശ്രീജിത്തും ഒക്കെ കാര്യങ്ങൾക്ക് മുൻകൈയെടുത്ത് ഒന്ന് ഇറങ്ങിത്തുടങ്ങിയത് തന്നെ.  മൂന്ന് ദിവസങ്ങൾ കൊണ്ട് തന്നെ വീട്ടിൽ ബന്ധുക്കളെ കൊണ്ട് നിറഞ്ഞിരുന്നു. സുധിയുടെ അച്ഛന്റെ അനുജനായ അനന്തനും ഭാര്യയും ഒക്കെ തലേദിവസം തന്നെ വീട്ടിലേക്ക് എത്തിയിരുന്നു.  പൊതുവേ അവരുമായി അത്ര രസത്തിൽ അല്ലാത്തതുകൊണ്ട് തന്നെ അവരോട് വലിയ  അടുപ്പത്തിലൊന്നും പോയില്ല സതി. എങ്കിലും മകന്റെ ജോലിയെക്കുറിച്ചും മറ്റും വീമ്പ് പറയാനും മറന്നിരുന്നില്ല.

“എത്ര രൂപയാ സ്ത്രീധനം ആയിട്ട്  വാങ്ങുന്നത്.

 അനന്തന്റെ ഭാര്യ സതിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

”  ഇവിടെ ആർക്കും അങ്ങനെ പൈസയുടെ വലിയ അത്യാഗ്രഹം ഒന്നുമില്ല. എനിക്കും അതെ അവനും അതേ. ഞാൻ തന്നെയാണ് പറഞ്ഞത് ഒരു രൂപ പോലും വാങ്ങേണ്ടന്ന്. ഞങ്ങളും ഒരു പെൺകൊച്ചിനെ ഇറക്കി വിട്ടതല്ലേ. അതിന്റെ ബുദ്ധിമുട്ടൊക്കെ ഞങ്ങൾക്കറിയാം.  ഇനി നിൽക്കുന്നു  ഒന്ന്. അതുകൊണ്ട് ഞങ്ങൾ പറഞ്ഞു ഒന്നും വേണ്ടന്ന്. നിങ്ങൾ നിങ്ങളുടെ കുട്ടിക്ക് തരുന്നത്  എന്തോ അത്. പിന്നെ അവൻ ഇപ്പോൾ സ്ത്രീധനം വാങ്ങിയിട്ട് ജീവിക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ.  ഗൾഫിലെ നല്ല ജോലിയാണ്. അവൻ നല്ല ശമ്പളം ഉണ്ട്.  ഇനി കൊണ്ടുവരുന്നവളുടെ പൈസ കൊണ്ട് ജീവിക്കേണ്ട ആവശ്യം ഒന്നും സുധിക്കില്ല.

അങ്ങനെ പറയാനാണ് തോന്നിയത് സതിയ്ക്ക്. സതിയെ നന്നായി അറിയുന്നവർക്കെല്ലാം പറഞ്ഞത് കള്ളമാണെന്ന് വ്യക്തമായി തന്നെ മനസ്സിലാവുകയും ചെയ്തിരുന്നു.  കല്യാണത്തിന് രണ്ടുദിവസം മുൻപ് തന്നെ വീടൊക്കെ നന്നായി അലങ്കരിച്ചിരുന്നു.  അലങ്കാര ബൾബുകൾ കൊണ്ട് മനോഹരമാക്കി ഒരു പന്തലും ഇട്ടിരുന്നു.  വിവാഹ തലേന്ന് പെണ്ണിന്റെ വീട്ടിലേക്ക് പുടവ കൊടുക്കാൻ പോകാൻ ഉണ്ടായിരുന്നു. നിശ്ചയത്തിന് ആരെയും വിളിക്കാത്തത് കൊണ്ട് തന്നെ പെണ്ണിനെ കാണാൻ എല്ലാവർക്കും ഒരു ആകാംക്ഷയുണ്ടായിരുന്നു.  മൂന്നു വണ്ടിക്കുള്ള ആളാണ് പുടവകൊടുപ്പിന് വേണ്ടി എത്തിയിരുന്നത്.  അവിടെയെത്തിയപ്പോൾ തന്നെ പല ബന്ധുക്കളുടെയും നെറ്റി ചുളുങ്ങുന്നതും ചിലർ അടക്കം പറഞ്ഞ് ചിരിക്കുന്നത് ഒക്കെ കണ്ടപ്പോൾ സതിക്ക് വല്ലാത്ത ദേഷ്യമാണ് സുധിയോട് തോന്നിയിരുന്നത്. ചെറുക്കന്റെ വീട്ടിൽ നിന്ന് വരുന്നവർക്ക് വേണ്ടിയും വീടിനടുത്തുള്ള ആൾക്കാർക്ക് വേണ്ടിയും ഒക്കെ ഒരു വലിയ പന്തൽ തന്നെ അവിടെ മാധവിയും ക്രമീകരിച്ചിട്ടുണ്ടായിരുന്നു.  ചെറിയ രീതിയിലുള്ള അലങ്കാരങ്ങളും ആഘോഷങ്ങളും ഒക്കെ ആ കുഞ്ഞു വീട്ടിലും ഇടം പിടിച്ചിട്ടുണ്ടായിരുന്നു.

 സെറ്റ് സാരിയും മുല്ലപ്പൂവും ഒക്കെ വച്ച് നിതംബം മൂടിക്കിടക്കുന്ന മുടി വിടർത്തി മീര ഇറങ്ങി വന്ന നിമിഷം എല്ലാവരും മീരയെ തന്നെ സൂക്ഷിച്ചു നോക്കി പോയിരുന്നു.  അത്രയ്ക്ക് പ്രഭയായിരുന്നു അവൾക്ക്. സുധി പോലും കണ്ണ് എടുക്കാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.  അടക്കം പറഞ്ഞവരും കളിയാക്കിയവരും എല്ലാം ഒരു നിമിഷം സ്തംഭിച്ചു പോയിരുന്നു.  തിരികെ വണ്ടിയിൽ പോകുമ്പോൾ എല്ലാവർക്കും പറയാനുണ്ടായിരുന്നത് മീരയുടെ സൗന്ദര്യത്തെക്കുറിച്ച് തന്നെയായിരുന്നു.  അൽപം അഭിമാനത്തോടെ തന്നെ സുധി അത് കേട്ടു. എന്നാൽ രമ്യയിൽ അത് അസ്വസ്ഥത പടർത്തിയിരുന്നു.  അതോടൊപ്പം തന്നെ സതിക്കും സുഗന്ധിക്കും അത്ര ഇഷ്ടമായില്ല എന്നതാണ് സത്യം. അവസാനം പറഞ്ഞുവന്നവർ മീരയുടെ സൗന്ദര്യം കണ്ടാണ് സുധി വിവാഹത്തിന് സ്ത്രീധനം വേണ്ട എന്ന് പറഞ്ഞത് എന്ന അനുമാനത്തിൽ വരെ എത്തിക്കഴിഞ്ഞിരുന്നു.

അന്ന് പുലരി ഉദിച്ചത് സുധിക്കും മീരയ്ക്കും വേണ്ടിയായിരുന്നു.  വെളുപ്പിനെ എഴുന്നേറ്റ് കുളികഴിഞ്ഞ് ക്ഷേത്രത്തിൽ പോയി തിരികെ വരുമ്പോൾ മീരയ്ക്ക് അത്ഭുതമായിരുന്നു താൻ പ്രതീക്ഷിക്കാത്ത വഴിയിലൂടെയാണ് ഇപ്പോൾ ജീവിതം തന്നെ കൊണ്ടുപോകുന്ന വിധിയെ ഓർത്തു. ഒരു വർഷത്തിനു മുമ്പ് ഈ ദിവസം സ്വപ്നം കണ്ടിരുന്നു.  എന്നാൽ അന്ന് വരന്റെ  സ്ഥാനത്ത് സുധി ആയിരുന്നില്ല മനസ്സിൽ ഉണ്ടായിരുന്നത്.  ജീവിതത്തിൽ വിവാഹം എന്നൊരു സ്വപ്നത്തെക്കുറിച്ച് ആലോചിച്ചപ്പോഴൊക്കെ മുഖം അർജുന്റേതായിരുന്നു, എന്നാൽ ഇന്ന് സുധിയുടെ അല്ലാതെ മറ്റ് ആരുടെയും മുഖം തനിക്ക് ആ സ്ഥാനത്ത് ചിന്തിക്കാൻ പോലും സാധിക്കില്ല.  വളരെ ചെറിയ കാലയളവ് കൊണ്ട് അത്രത്തോളം ആ ആണോരുത്തൻ തന്റെ ഹൃദയത്തിൽ ഇടം നേടി കഴിഞ്ഞു. നന്ദനയുടെ കൂട്ടുകാരിയായ ഒരു പെൺകുട്ടിയായിരുന്നു ബ്യൂട്ടീഷൻ ആയി എത്തിയത്.  അതുകൊണ്ടുതന്നെ വലിയ പ്രതിഫലം ഒന്നും അവർ പറഞ്ഞിരുന്നില്ല.  കസവ് സാരി ഞൊറിഞ്ഞുടുത്ത് ആഭരണങ്ങൾ അണിയിക്കുമ്പോൾ മാധവിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു പോയിരുന്നു.  മാധവിയുടെ സഹോദരനായിരുന്നു പെണ്ണിന് പോകാനുള്ള വാഹനം തയ്യാറാക്കിയത്. ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാറിലേക്ക് സർവാഭരണ വിഭൂഷിതയായി എല്ലാവരുടെയും അനുഗ്രഹങ്ങൾ വാങ്ങി കയറുമ്പോൾ അവൾ ഒരു നൂറ് തവണ ഈശ്വരന് നന്ദി പറഞ്ഞിരുന്നു.  തനിക്ക് അത്രമേൽ മികച്ച ഒരുവനെ പങ്കാളിയായി നൽകിയതിന്.  തന്റെ മുജ്ജന്മ പുണ്യം പോലെ ഒരുവൻ ഇന്ന് തന്റെ കഴുത്തിൽ താലി ചാർത്താൻ പോവുകയാണ്.  നിറഞ്ഞ സന്തോഷത്തോടെയായിരുന്നു അവളാ വീടിന്റെ പടികൾ ഇറങ്ങിയത്.  അതേപോലെതന്നെ അവളിൽ വേദനയും നിറഞ്ഞു.  22 വർഷക്കാലം ജീവിച്ച വീടാണ്.  ഇനിമുതൽ അത് തനിക്ക് അന്യമാണ്.  ഇവിടെ താൻ ഒരു അതിഥി മാത്രമായി മാറും.ചെന്ന് കയറാൻ ഇരിക്കുന്നിടത്ത് തന്നെ കാത്തിരിക്കുന്നത് എന്തൊക്കെയാണെന്ന് അറിയില്ല.  എന്താണെങ്കിലും അത് അത്ര സുഖാനുഭവങ്ങൾ ആയിരിക്കില്ലന്ന് അവൾക്ക് ഉറപ്പായിരുന്നു. സുധിയുടെ സ്നേഹപ്രകാശം  ഒഴിച്ചാൽ അവിടെ തനിക്ക് ലഭിക്കാൻ പോകുന്നത് കൂരിരുട്ട് നിറഞ്ഞ അന്തരീക്ഷം ആയിരിക്കുമെന്നത് മീരയ്ക്ക് ഉറപ്പായിരുന്നു. ….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button