Novel

പ്രിയമുള്ളവൾ: ഭാഗം 23

[ad_1]

രചന: കാശിനാഥൻ

നന്ദനയും അമ്മുവും മിന്നുവും ഒക്കെ ചേർന്നു ഇരുന്നു നാമം ചൊല്ലി എഴുന്നേറ്റു.

ശേഷം നന്ദന ആണെങ്കിൽ അമ്മുവിന് ഹോം വർക്ക്‌ ചെയ്യാൻ ഒക്കെ സഹായിച്ചു.

“ചേച്ചിയ്ക്ക് ഒരു ടീച്ചർ ആയി കൂടെ… നന്നായിട്ട് ആണല്ലോ പഠിപ്പിക്കുന്നത്…”

ഇടയ്ക്ക് അമ്മു അവളെ നോക്കി ചോദിച്ചു.

മറുപടി ആയി നന്ദു ചിരിച്ചു.

ഭദ്രൻ വിളിച്ചപ്പോൾ നന്ദന അമ്മുന്റെ അടുത്ത് നിന്നും എഴുനേറ്റു മുറിയിലേക്ക് ചെന്നു.

തോർത്തു താ എനിക്ക് കുളിയ്ക്കണം..

അവൻ പറഞ്ഞതും നന്ദു വേഗം തലമുടിയിൽ ചുറ്റിയ തോർത്ത്‌ അഴിക്കാൻ തുടങ്ങി.

പെട്ടന്ന് ആണ് ഒരു നൂല് അവളുടെ കാതിലെ കമ്മലിൽ ഉടക്കിയത്

ആഹ്….

കമ്മലിൽ കയറി പിടിച്ച നൂലോട് കൂടി അവൾ വലിച്ചതും നന്നായി നന്ദനയ്ക്ക് വേദന എടുത്തു.

“എന്താ…….”

ഭദ്രൻ അവളെ നോക്കി.
ഒന്നുല്ല…… ഈ കമ്മലിൽ എന്തോ ഉടക്കി..

പറഞ്ഞു കൊണ്ട് അവൾ മെല്ലെ അത് വിടുവിയ്ക്കുവാൻ ശ്രെമിച്ചു..

കുറച്ചു നിമിഷങ്ങൾ കഴിഞ്ഞിട്ടും അവൾക്ക് അത് അഴിച്ചു മാറ്റാൻ പറ്റിയില്ല.

അപ്പോളേക്കും ഭദ്രൻ അവളുടെ അടുത്തേക്ക് വന്നു.

കാണിച്ചേ… നോക്കട്ടെ..

ഗൗരവത്തിൽ പറഞ്ഞു കൊണ്ട് അവൻ അവളുടെ കാതിൽ തൊട്ടതും നന്ദന ശ്വാസം അടക്കി പിടിച്ചു നിന്നു.

ഇതെന്താ ഈ കാണിച്ചു വെച്ചേക്കുന്നത്… നീ ആദ്യം ആയിട്ട് ആണോടി കുളി കഴിഞ്ഞു തോർത്ത്‌ തലമുടിയിൽ ചുറ്റി വെക്കുന്നത്..

അവളെ ദേഷ്യത്തിൽ നോക്കി കൊണ്ട് അവൻ സാവധാനം അത് അഴിയ്ക്കാൻ നോക്കി.

അവന്റെ ശ്വാസം അവളുടെ കവിളിലൂടെ കഴുത്തിലേക്ക് കടന്നു.

അനങ്ങാൻ പോലും പറ്റാതെ നിൽക്കുകയാണ് നന്ദന.

കുറച്ചു കൂടി അവന്റെ മുഖം തന്നിലേക്ക് അടുത്തതും നന്ദന യ്ക്ക് ഹൃദയത്തിൽ ഒരു വേലിയേറ്റം പോലെ…

പെട്ടന്ന് അവള് ഭദ്രന്റെ കൈയിൽ കയറി പിടിച്ചതും 
ചേച്ചി…. എന്ന് വിളിച്ചു കൊണ്ട് അമ്മു കയറി വന്നതും ഒരുമിച്ചു ആയിരുന്നു.

ഭദ്രൻ പിന്നോട്ട് മാറിയതും അമ്മു അവരുടെ അടുത്തേക്ക് വന്നു.

“അമ്മു
… ഇവളുടെ കമ്മലിൽ എന്തോ ഉടക്കി കോർത്തു കിടക്കുവാ.. നീ ഒന്ന് നോക്കിക്കേ അത്..”

ഭദ്രൻ പറഞ്ഞു.

അമ്മു ആണെങ്കിൽ ഒരു കത്രിക എടുത്തു കൊണ്ട് വന്നു അത് വിടുവിച്ചു.

എന്നിട്ട് തോർത്ത്‌ ഭദ്രന് കൊടുത്തു.

“ഏട്ടാ… നാളെ കവലയ്ക്ക് പോകുമ്പോൾ ഏടത്തിയ്ക്ക് ഒരു തോർത്ത്‌ മേടിയ്ക്ക് കേട്ടോ… “

അമ്മു പറഞ്ഞതും അവൻ ഒന്ന് മൂളി.

അന്ന് രാത്രിയിൽ കിടക്കാൻ നേരത്തും, കട്ടില് മേടിക്കുന്ന കാര്യം സംസാരിച്ചു രാധമ്മ മകനെ വഴക്ക് പറഞ്ഞു.

“അടുത്ത ദിവസം വെല്ലോം മേടിക്കാം അമ്മേ, അതിനു ഇങ്ങനെ മുറവിളി കൂട്ടണോ….”

അവൻ കടുപ്പിച്ചു പറഞ്ഞു കൊണ്ട് അത്താഴം കഴിച്ചു എഴുനേറ്റ് പോയി.

കിടക്കാൻ നേരത്തു അന്നും നന്ദു നിലത്തേക്ക് ഒരു ഷീറ്റ് വിരിച്ചു.

എന്നിട്ട് അതിൽ ചുരുണ്ടു കൂടി.

ഭദ്രൻ ആണെങ്കിൽ ഒരു സിഗരറ്റ് വലിച്ചു കൊണ്ട് അവരുടെ മുറിയുടെ വാതിൽക്കൽ ഉള്ള ഇളം തിണ്ണയിൽ ഇരിക്കുകയാണ്..

കുറെ സമയം ആയിരിക്കുന്നു ഇരുപ്പ് തുടർന്നിട്ട്.

ചിന്തകൾ കാട് കയറി സഞ്ചരിച്ചു കൊണ്ടേ ഇരുന്നു.

എന്തൊക്കെയാണ് ജീവിതത്തിൽ സംഭവിച്ചത്..

രണ്ടു അനുജത്തിമാരെയും കെട്ടിച്ച ശേഷം കല്യാണം കഴിക്കാൻ ഇരുന്ന താൻ ആണ്..
എല്ലാ ആളുകളും എന്തൊക്കെ ആണ് തന്നെ കുറിച്ച് പറഞ്ഞു ഉണ്ടാക്കിയിരിൽകുന്നത്… ഇന്ന് നന്ദന യുടെ വീട്ടിൽ ചെന്നപ്പോൾ ഉണ്ടായ കാര്യങ്ങൾ
.. അത് അതിനേക്കാൾ കേമം ആയിരുന്നു.

ഓർത്തിട്ട് അവനു തലയ്ക്ക് ഭ്രാന്ത് കേറി.

ഫോൺ ഇരമ്പിയതും അവൻ എടുത്തു നോക്കി.

അച്ചായൻ ആണ്.

ഹെലോ… അച്ചായാ.. ഇല്ലില്ല കിടന്നില്ല… ആണോ.. നാളെ എപ്പോ വരണം…. ഹ്മ്മ്… ശരി ശരി.. വന്നേക്കാം… ഒക്കെ..

അവൻ ഫോൺ കട്ട്‌ ചെയ്തു.

നാളെ ലോഡ് കൊടുക്കാൻ കോയമ്പത്തൂരൂ വരെയും പോകുന്ന കാര്യം പറയാൻ ആണ് അച്ചായൻ അവനെ വിളിച്ചത്.

എല്ലാ ആഴ്ചയും ഭദ്രൻ പോകാറുള്ളത് ആണ് ഇവിടെ.
വേറെ ആരു പോയാലും ശരി ഭദ്രൻ ആണെങ്കിൽ പിന്നെ അച്ചായന് ഒരു ധൈര്യം ആണ്..
പാറ മടയിൽ നിന്നും പൊട്ടിക്കുന്ന കല്ലു കയറ്റി കോയമ്പത്തൂർ ഉള്ള ഒരു ഷെട്ടിയ്ക്ക് കൊണ്ട് പോയി കൊടുക്കാൻ വേണ്ടി ആണ്.

നാലു മണി ആകുമ്പോൾ എഴുന്നേറ്റു പോകണം. അതുകൊണ്ട് അവൻ പതിയെ മുറിയിലേക്ക് കയറി വന്നു.

നിലത്തു കിടക്കുന്നവളെ ഒന്ന് നോക്കിയ ശേഷം ഭദ്രൻ കട്ടിലിൽ കയറി കിടന്നു.

മൂന്നരയ്ക്ക് അലാറം സെറ്റ് ചെയ്തു വെച്ച ശേഷം അവൻ മിഴികൾ പൂട്ടി.

***

ഇതെന്താ ഇത്ര നേരത്തെ ഉണർന്നത്.

തല മുടി എല്ലാം വാരി ചുറ്റി ഉച്ചിയിൽ കെട്ടി വെച്ചു കൊണ്ട്, നന്ദു എഴുന്നേറ്റു ഭദ്രനെ നോക്കി.

അവൻ ആ സമയത്തു അലാറം എടുത്തു ഓഫ്‌ ചെയുകയായിരുന്നു.

എനിക്ക് ഓട്ടം പോണം, നാല് മണി ആകുമ്പോൾ… അച്ചായൻ ഇന്നലെ വിളിച്ചു പറഞ്ഞതാ… അമ്മയോട് പറഞ്ഞേക്ക്..

പല്ല് തേപ്പും കുളിയും കഴിഞ്ഞു അവൻ പെട്ടന്ന് തന്നെ, ബൈക്കിന്റെ താക്കോൽ എടുത്തു കൊണ്ട് വെളിയിലേക്ക് ഇറങ്ങി.

വാതിൽ അടച്ചിട്ട് കിടന്നോ…. നേരം ഒന്നും ആയില്ല…

അവൻ പറഞ്ഞതും അവള് തല കുലുക്കി.

ഇനി എപ്പോ വരുന്നതു എന്ന് ചോദിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു, പക്ഷെ ഉള്ളിലെ ഭയം കാരണം അവൾ മിണ്ടാൻ പോയില്ല എന്നത് ആണ് വാസ്തവം.

അവന്റെ ബൈക്ക് കടന്നു പോയ ശേഷം നന്ദു വീണ്ടും നിലത്തേക്ക് തന്നെ കിടന്നു.

**

ലോഡ് കൊടുക്കാൻ പോകുന്നതല്ലേ, ഇനി ഇന്ന് വരുവോ ആവോ, നിന്നോട് വല്ലതും പറഞ്ഞൊ കൊച്ചേ….

രാധമ്മ കാലത്തെ എഴുനേറ്റ് വന്നപ്പോൾ ആയിരുന്നു നന്ദു വിവരം പറഞ്ഞത്..

“അറിയില്ല അമ്മേ… എന്നോട് ഒന്നും പറഞ്ഞില്ല…”

“ആഹ്, കുറച്ചു കഴിഞ്ഞു അവൻ വിളിക്കും, അപ്പോൾ ചോദിച്ചു നോക്കാം അല്ലേ “

അവര് അതും പറഞ്ഞു കൊണ്ട് മുറ്റത്തേയ്ക്ക് ഇറങ്ങി പോയി.

അമ്മുവും മിന്നുവും പതിവ് പോലെ അന്നും സ്കൂളിലേയ്ക്ക് പോയി.

ഒരു പത്തു മണി ആയപ്പോൾ അമ്മ ആടിന് പുല്ല് ചെത്താൻ പോകാൻ ഇറങ്ങി.

ഒപ്പം വരട്ടെ എന്ന് നന്ദു ചോദിച്ചു എങ്കിലും അവര് അത് വിലക്കി.

രാധമ്മ പോയി കുറച്ചു കഴിഞ്ഞതും അവരുടെ ഫോൺ ശബ്ധിച്ചു.

ഭദ്രൻ ആയിരുന്നു അത്.

നന്ദു വേഗം തന്നെ ഫോൺ എടുത്തു കാതിലേക്ക് ചേർത്തു.

ഹെലോ…

ആഹ്… അമ്മ എവിടെ…

നന്ദു ആണെന്ന് മനസിലായതും അവൻ പെട്ടന്ന് ചോദിച്ചു.

അമ്മ… പുല്ല് പറിക്കാൻ പോയതാ… ഭദ്രേട്ടൻ എപ്പോൾ ആണ് തിരിച്ചു വരുന്നത്..

ആദ്യം തന്നെ അവൾ ഭദ്രനോട് ചോദിച്ചത് അങ്ങനെ ആയിരുന്നു.

“രാത്രി ആകും, അമ്മയോട് പറഞ്ഞേക്ക് കേട്ടോ…”

“ഹ്മ്മ്… “

“നീ കാപ്പി കുടിച്ചോ….”

“മ്മ് കഴിച്ചു….”

“ആഹ് എന്നാൽ ശരി വെച്ചേക്കാം…”

മറുതലയ്ക്കൽ ഫോൺ കട്ട്‌ ആയതും അവൾ ഒന്നു നെടുവീർപ്പെട്ടു കൊണ്ട് ഇറങ്ങി വെളിയിലെക്കുപോയി.

തുണി എല്ലാം നനച്ചു ഇടാൻ വേണ്ടി.

അതെല്ലാം കഴിഞ്ഞു വെള്ളം കോരി അവൾ ബക്കറ്റിലും കലത്തിലും നിറച്ചു വെച്ചു.

എന്നിട്ട് വീടിന്റെ ഉള്ളിലേക്ക് കയറി വന്നു എല്ലാം അടിച്ചു വാരി വൃത്തിയാക്കി ഇട്ടു.

ആ സമയത്ത് ആണ് രാധമ്മ പുല്ല് കെട്ടും തലയിൽ വെച്ചുകൊണ്ട് വരുന്നത് കണ്ടത്.

തൊഴുത്തിലേക്ക് അത് ഇട്ട ശേഷം, കുറച്ചു എടുത്തു ആടിന് എല്ലാം കൊടുത്തു.

അപ്പോളേക്കും അവർക്ക് കുടിക്കാൻ വേണ്ടി ഒരു കുറച്ചു സംഭരം ഒരു കപ്പിലേക്ക് പകർന്നു കൊണ്ട് നന്ദു ഇറങ്ങി വന്നിരുന്നു.

അത് മേടിച്ചു അവർ വേഗം തന്നെ കുടിച്ചു തീർത്തു.

വല്ലാത്ത പരവേശം ആയിരുന്നു രാധമ്മയ്ക്ക്.

“എന്തൊരു ഉഷ്ണം ആണ്.. ഹോ മടുത്തു പോയി ഞാന്….”

അവർ തോളിൽ കിടന്ന തോർത്ത്‌ എടുത്തു വീശി കൊണ്ട് ഉമ്മറത്തേക്ക് കയറി.

“ഈ നേരത്ത് ഇനി പോകരുത് അമ്മേ… സൂര്യന്റെ ചൂട് കൂടി വരുന്ന സമയം അല്ലേ… “

“ഇന്ന് വൈകുന്നേരം ഒന്ന് അമ്പലത്തിൽ പോണം, അല്ലെങ്കിൽ ഞാന് നാല് നാലര ആയ ശേഷം ആണ് പോയ്കൊണ്ട് ഇരുന്നത്.

“മ്മ്… അമ്മ എന്നാൽ ചെന്നു റസ്റ്റ്‌ എടുക്ക്, ക്ഷീണം ഒക്കെ മാറട്ടെ…”

“ഓഹ്… അതിന്റെ ആവശ്യം ഒന്നും ഇല്ല കൊച്ചേ, എത്ര കാലം ആയിട്ട് തുടങ്ങിയ പണിയാ ഇതൊക്കെ… ആ ഫോണ് ഇങ്ങോട്ട് എടുത്തേ, ഞാൻ അവനെ ഒന്ന് വിളിക്കട്ടെ…”
. അവര് പറഞ്ഞതും നന്ദു വേഗം തന്നെ മേശപ്പുറത്തു ഇരുന്ന ഫോൺ എടുത്തു അമ്മയുടെ കൈയിൽ കൊടുത്തു.

***

രാത്രി 11 മണി കഴിഞ്ഞു ഭദ്രൻ തിരിച്ചു എത്തിയപ്പോൾ.

നന്ദു മാത്രം ഉറങ്ങിയിരുന്നില്ല.

ബാക്കി എല്ലാവരും നേരത്തെ കിടന്നു.

അവന്റെ ബൈക്കിന്റെ ശബ്ദം കേട്ടതും അവൾ എഴുന്നേറ്റു  ചെന്നു വാതിൽ തുറന്നു.

അവരുടെ റൂമിൽ നിന്നു വെളിയിലേയ്ക്ക് ഇറങ്ങാൻ വാതിൽ ഉള്ളത് കൊണ്ട് അത് തുറന്നു കൊടുത്താൽ മതി.

ബൈക്ക് ഒതുക്കിയ ശേഷം ഭദ്രൻ ഇറങ്ങി.

എന്നിട്ട് പോക്കറ്റിൽ നിന്നു ഒരു സിഗരറ്റ് എടുത്തു ചുണ്ടിലേക്ക് വെച്ചു കൊണ്ട് കേറി വന്നത്.

“അവര് എല്ലാവരും കിടന്നോ “
നന്ദുവിനെ കണ്ടതും അവൻ ചോദിച്ചു.

“ഹ്മ്മ് “

കതക് ചാരി ഇട്ട ശേഷം ഷർട്ട് ന്റെ ബട്ടൺ ഒന്നൊന്നായി അവൻ അഴിച്ചു മാറ്റി അഴയിൽ തൂക്കി.
ബനിയനും കൂടി ഊരി മാറ്റി കൊണ്ട് അവൻ ഒന്ന് മൂരി നിവർന്നു.

“കഴിക്കാൻ എടുക്കട്ടേ.. അതോ കുളിച്ചിട്ടേ ഒള്ളോ “

“എനിക്ക് ഒന്നും വേണ്ടാ… ഞാൻ രണ്ടു ദോശ കഴിച്ചു… നീ കിടന്നോളു, എനിക്ക് ഒന്നൂടെ ഒന്ന് പുറത്തു പോകണം….”

“ഇനി എവിടേയ്ക്ക്, നേരം ഇത്രേം ആയില്ലേ…”

പെട്ടന്ന് അവൾ ചോദിച്ചു പോയി.

“എനിക്ക് പല സ്ഥലത്തും പോകണം… അതൊക്കെ നിനക്ക് അറിയണോ….”

ഭദ്രൻ അവളെ നോക്കി അല്പം ദേഷ്യത്തിൽ ചോദിച്ചു.

നന്ദന ഒന്നും പറയാതെ അവനെ തന്നെ ഉറ്റു നോക്കി നിന്നു.

“എന്താടി നോക്കി പേടിപ്പിക്കുന്നെ “

അവൻ അല്പം കൂടി അവളുടെ അടുത്തേയ്ക്ക് വന്നു.

“മുഖം കുനിച്ചു നിന്നാല്  കവിളിൽ കുത്തി പിടിച്ചു വേദനിപ്പിക്കും, മുഖത്ത് നോക്കിയാലോ, പേടിപ്പിക്കുവാണെന്ന് പറയുന്നു… ഇത് എന്തൊരു കഷ്ടം ആണ് എന്റെ ഈശ്വരാ…”

പിറു പിറുത്തു കൊണ്ട് അവൾ ഒരു ബെഡ് ഷീറ്റ് എടുത്തു നിലത്തേക്ക് വിരിച്ചു. എന്നിട്ട് വേഗത്തിൽ കിടന്നു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button