World

പാകിസ്ഥാനെ വേണ്ട; ഇന്ത്യയുമായി സൗഹൃദം ദൃഢമാക്കാന്‍ അഫ്ഗാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള സൗഹൃദം വഷളായിക്കൊണ്ടിരിക്കുന്നതിനിടെ ഇന്ത്യയുമായി കൂടുതല്‍ അടുക്കാന്‍ അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. പാകിസ്താനില്‍ നിരന്തരം ആക്രമണം നടത്തുന്ന വിവിധ തീവ്രവാദ സംഘടനകളുടെ പ്രധാന അംഗങ്ങളെ അഫ്ഗാനിസ്ഥാന്‍ സംരക്ഷിക്കുന്നുവെന്ന് പാകിസ്ഥാന്‍ കുറ്റപ്പെടുത്തുന്നതിനിടെയാണ് അഫ്ഗാന്റെ പുതിയ നീക്കം.

താലിബാന്‍ ആക്ടിംഗ് പ്രതിരോധ മന്ത്രി മുഹമ്മദ് യാക്കൂബ് മുജാഹിദുമായി ഇന്ത്യ ബുധനാഴ്ച നടത്തിയ ആദ്യ കൂടിക്കാഴ്ചയിലാണ് അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. താലിബാന്റെ രണ്ടാം വരവില്‍ ഇന്ത്യ ആദ്യമായിട്ടാണ് ഔദ്യോഗിക ചര്‍ച്ച നടത്തുന്നത്. യാക്കൂബും വിദേശകാര്യ ജോയിന്റ് സെക്രട്ടറി ജെ പി സിംഗും തമ്മിലാണ് കാബൂളില്‍ കൂടിക്കാഴ്ച നടത്തിയത്. തങ്ങള്‍ക്ക് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ഏറെ പ്രധാനമാണെന്നും ദില്ലിയിലെ അഫ്ഗാന്‍ എംബസിയില്‍ താലിബാന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നയതന്ത്രജ്ഞനെ നിയമിക്കാന്‍ അനുവദിക്കണമെന്നും മുഹമ്മദ് യാക്കൂബ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയ്ക്കെതിരായ യാതൊരു വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കും അഫ്ഗാന്റെ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍ ജെ പി സിങ്ങിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രതിരോധ മേഖലയിലെ സഹകരണത്തിനും താലിബാന്‍ വഴി തേടുന്നതായാണ് അറിയുന്നത്.

താലിബാനെ ഔദ്യോഗികമായി അംഗീകരിക്കാതെ തന്നെ, രാജ്യത്തിന് സഹായം മാത്രമല്ല, പുനര്‍നിര്‍മ്മാണ ശ്രമങ്ങളിലും സഹായിക്കാന്‍ ഇന്ത്യ തയ്യാറാണെന്നതിന്റെ സൂചനയാണ് കൂടിക്കാഴ്ചയെന്നാണ് അഫ്ഘാന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഖൈബര്‍ പഷ്തൂണ്‍ മേഖലയിലെ പാകിസ്ഥാനുമായുള്ള അതിര്‍ത്തി അഫ്ഘാനിസ്ഥാന്‍ അംഗീകരിക്കുന്നില്ലെന്നതും പാകിസ്താനും അഫ്ഘാനിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാവാന്‍ ഇടയാക്കിയ കാര്യമാണ്.

Related Articles

Back to top button
error: Content is protected !!