കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവം; റമീസിന്റെ മാതാപിതാക്കൾ ഒളിവിൽ

കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തിൽ പ്രതി റമീസിന്റെ മാതാപിതാക്കൾ ഒളിവിൽ. പിടികൂടാനുള്ള ശ്രമം പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്. റമീസിന്റെ മാതാപിതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും. യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ റമീസിന്റെ മാതാപിതാക്കളെക്കുറിച്ചും പരാമർശം ഉണ്ടായിരുന്നു.
അതേസമയം നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചുവെന്ന പരാതിയിൽ യുവതിയുടെ സുഹൃത്തിന്റെ മൊഴി ഇന്ന് എടുക്കും. റമീസിനെതിരെ ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. റമീസ് യുവതിയെ മർദിച്ചതിന്റെ തെളിവുകൾ പോലീസിന് കിട്ടിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള വാട്സാപ്പ് ചാറ്റിൽ നിന്നാണ് തെളിവുകൾ ലഭിച്ചത്.
വിവാഹം കഴിക്കാമെന്ന് പറഞ്ഞ റമീസ് വാക്കുമാറിയെന്നും മതം മാറാൻ റമീസും കുടുംബവും നിർബന്ധിച്ചെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. മരിക്കാൻ റമീസ് സമ്മതം നൽകിയെന്നും ഇനിയും വീട്ടുകാർക്ക് ഒരു ബാധ്യതയായി തുടരാൻ സാധിക്കില്ലെന്നും യുവതി ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചിരുന്നു.