തെന്നൽ: ഭാഗം 2
[ad_1]
രചന: മുകിലിൻ തൂലിക
എന്നെ രക്ഷിയ്ക്കണം…. പ്ലീസ്..” ഉതിർന്നു വീണ കണ്ണീർത്തുള്ളികളെ അവൾ പതിയെ തുടച്ചുമാറ്റി.. മനസ്സിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്നത് അമ്മയുടെ മുഖം മാത്രമാണ്… അമ്മയുടെ സ്വപ്നങ്ങൾക്ക് വേണ്ടി എനിക്കിനിയും ജീവിയ്ക്കണം… സാറിനു എന്നെ സഹായിയ്ക്കാൻ കഴിയില്ലേ??” അല്പം മുൻപ് വരെ തെന്നലിന്റെ കണ്ണുകളിൽ വ്യാപിച്ചിരുന്ന സങ്കട ഭാവത്തെ പൂർണമായും പ്രത്യാശ കീഴടക്കിയിരുന്നു… നിവിൻ വീണ്ടും ചിന്തയിലാണ്ടു…
തെന്നലിനെ നിരാശപ്പെടുത്താൻ കഴിയില്ല!! “തന്റെ കയ്യിൽ അവനെതിരെ പ്രയോഗിയ്ക്കാവുന്ന തെളിവുകളോ മറ്റോ ഉണ്ടോ?? ഐ മീൻ കോൾ റെക്കോർഡിങ്ങോ മെസ്സേജിന്റെ സ്ക്രീൻ ഷോട്ടോ അങ്ങനെ എന്തെങ്കിലും??” തണുത്തുറഞ്ഞ നിശ്ശബ്ദതയ്ക്കു നിവിൻ വിരാമമിട്ടു… എന്തോ ഓർത്തിട്ടെന്ന പോലെ അവൾ മൊബൈൽ ഫോണിൽ വേഗത്തിൽ തിരഞ്ഞു.. “ഇന്നലെ രാത്രി അവൻ വിളിച്ചപ്പോൾ റെക്കോർഡ് ചെയ്തിരുന്നതാ…”
അഞ്ചു മിനിറ്റ് നേരത്തെ ഫോൺ സംഭാഷണം അവളെനിയ്ക്ക് മുൻപിൽ പ്ലേ ചെയ്തു… ഭീഷണിപ്പെടുത്തും വിധം അവനയച്ച മെസ്സേജുകളും തെന്നൽ ഡിലീറ്റ് ചെയ്യാതെ സൂക്ഷിച്ചിരുന്നത് ഭാഗ്യമായി.. “നിനക്കവന്റെ വീടറിയോ??” “എന്തിനാ??” തെന്നലിന്റെ മുഖത്തു പരിഭ്രമം!! “യെസ് ഓർ നോ??” “അറിയാം…” അവളുടെ ശബ്ദം മരവിച്ചിരുന്നു… ദൂരെ നിർത്തിയിട്ടിരുന്ന ബൈക്കെടുത്തു നിവിൻ തെന്നലിനരികിലെത്തി… നീളമുള്ള മീശയുടെ തുമ്പ് വീണ്ടും മുകളിലേയ്ക്ക് പിരിച്ചിരുന്നു.. “മമ്.. എങ്കിൽ കേറ്… നമുക്കവന്റെ വീട്ടിലൊന്നു പോണം…” “എന്തിന്??” അവളുടെ കണ്ണുകൾ ഭയത്താൽ വിടർന്നു..
“കേറാൻ പറഞ്ഞാൽ കേറിക്കോണം… നോ മോർ ക്വസ്റ്റ്യൻസ്..” അർധ മനസ്സോടെ അവൾ ബൈക്കിന്റെ പിൻസീറ്റിൽ കയറിയിരുന്നു… അവൾ പറഞ്ഞ വഴികളിലൂടെ വണ്ടിയോടിച്ചു ഒടുക്കം അധികം വലുതല്ലാത്ത ഇരു നില വീടിനു മുൻപിലെത്തിച്ചേർന്നു… “എന്താ സാറിന്റെ പ്ലാൻ??” “സിംപിൾ… അവന്റെ പൂതി ഒന്ന് തീർത്തു കൊടുക്കണം.. എന്നെന്നേക്കുമായി…” “എന്ന് വച്ചാൽ??” “ചില സിനിമകളിലും കഥകളിലും കണ്ടതും കേട്ടതുമായ അറിവുകളെയെല്ലാം ഒന്ന് വിഷ്വലൈസ് ചെയ്തു നോക്കാം…
റിയൽ ലൈഫിൽ എത്രത്തോളം വർക്ക് ഔട്ട് ആവുമെന്നറിയില്ല… ബട്ട് വീ ഷുഡ് ട്രൈ ഇറ്റ്…” ഒന്നും മനസ്സിലാവാതെ തെന്നൽ കണ്ണ് മിഴിച്ചു… കത്തി നിൽക്കുന്ന ഇന്റീരിയർ ലൈറ്റിനു താഴെയുള്ള ബെല്ലിൽ ഒന്ന് രണ്ടു തവണ വിരലമർത്തിയപ്പോഴേയ്ക്കും വാതിൽ തുറക്കപ്പെട്ടിരുന്നു… പാതി നരച്ച തലമുടിയുള്ള ഒരു മനുഷ്യൻ വാതിൽ തുറന്നു സംശയ ഭാവത്തിൽ നിവിനെയും തെന്നലിനെയും മാറി മാറി നോക്കി… “ആരാ??” “സോറി…
ഈ അസമയത്തു ബുദ്ധിമുട്ടിച്ചതിൽ ക്ഷമിയ്ക്കണം… വളരെ പ്രധാനപ്പെട്ടൊരു കാര്യം പറയാനാണ് ഞങ്ങൾ വന്നത്… വിരോധമില്ലെങ്കിൽ നമുക്ക് അകത്തിരുന്നു സംസാരിച്ചൂടെ?” നിവിന്റെ പിരിച്ചു വച്ച മീശയിലേയ്ക്കും ഹാഫ് കയ്യുള്ള ടീ ഷർട്ടിനു മുകളിലൂടെ അൽപം ഉയർന്നു നിൽക്കുന്ന പേശികളിലേയ്ക്കും തെല്ലിട നോക്കി നിന്ന ശേഷം അയാളവരെ അകത്തേയ്ക്ക് ക്ഷണിച്ചു… വിശാലമായ ഹാളിനു നടുവിൽ അർധചതുരാകൃതിയിൽ സജ്ജീകരിച്ചിരുന്ന സോഫയിൽ അവർക്കഭിമുഖമായി അയാളിരുന്നു.. “നിങ്ങൾ രാഹുലിന്റെ അച്ഛനാണ്.. അല്ലെ??” “അതെ…” “യുവർ ഗുഡ് നെയിം??” “ദിനേശ്..”
അയാളുടെ കണ്ണുകളിൽ ആശങ്ക നിറഞ്ഞു.. തൊട്ടടുത്ത മുറിയ്ക്കകത്തു നിന്നും അദ്ദേഹത്തിന്റെ ഭാര്യയെന്നു തോന്നിപ്പിയ്ക്കുന്ന സ്ത്രീ പരിഭ്രമത്തോടെ ഇറങ്ങി വന്നു… അവർക്കു പിറകെ കാഴ്ചയ്ക്ക് തെന്നലിനെക്കാൾ അല്പം പ്രായം തോന്നിപ്പിയ്ക്കുന്ന ഒരു പെൺകുട്ടിയും… “സീ മിസ്റ്റർ ദിനേശ്… ഇത് തെന്നൽ.. നിങ്ങളുടെ മകൻ പഠിച്ചിരുന്ന കോളേജിൽ ഇപ്പോൾ ഡിഗ്രി ഫൈനൽ ഇയർ സ്റ്റുഡന്റ് ആണ്.. കുറച്ചു സമയത്തിന് മുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ച ഈ കുട്ടിയെ ഞങ്ങൾ വളരെ പ്രയാസപ്പെട്ടു രക്ഷിയ്ക്കുകയായിരുന്നു…” ഞെട്ടലോടെ വീട്ടുകാർ പരസ്പരം നോക്കി… “പക്ഷെ… അതും ഇങ്ങോട്ടുള്ള വരവും തമ്മിലുള്ള ബന്ധം??”
“അതും ഇതും തമ്മിലുള്ള ബന്ധത്തിന് ഒരൊറ്റ പേരെ ഉള്ളു.. രാഹുൽ!!” “രാഹുലോ?? നിങ്ങളെന്തൊക്കെ അനാവശ്യമാണ് വിളിച്ചു പറയുന്നത്??” “ആവശ്യമാണോ അനാവശ്യമാണോ എന്നൊക്കെ നമുക്ക് പിന്നീട് തീരുമാനിയ്ക്കാം… അതിനു മുൻപ് നിങ്ങൾ ഇതൊന്നു കേട്ട് നോക്കൂ..” നിവിന്റെ ആവശ്യപ്രകാരം തെന്നൽ റെക്കോർഡ് ചെയ്ത് വച്ചിരുന്ന സംഭാഷണം പ്ലേ ചെയ്തു… ആളുന്ന ഹൃദയത്തോടെ നിൽക്കുന്ന വീട്ടുകാരെ നോക്കി നിവിൻ വാക്കുകൾക്ക് തീ കൊളുത്തി!! “ഗ്രീൻ റൂമിൽ മൊബൈൽ ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തി പിന്നീടതുപയോഗിച്ചു ഭീഷണി!! മാനം മര്യാദയ്ക്ക് ജീവിയ്ക്കുന്ന പെൺകുട്ടികളെ ടാർഗറ്റ് ചെയ്ത് പീഡനശ്രമം!!
ഈ മൊബൈൽ നമ്പറും ശബ്ദവും നിങ്ങളുടെ മകന്റേതല്ലെന്നു പറയാൻ കഴിയോ നിങ്ങൾക്ക്?? അഥവാ അവനിതെല്ലാം നിഷേധിച്ചാലും കോൾ ലിസ്റ്റും ഡീറ്റെയിൽസും നോക്കി അവനെ അകത്താക്കാൻ കഴിയും.. വിത്തിൻ 24 ഹവേഴ്സ്… എഫ് ഐ ആർ ഇട്ടു കേസ് രജിസ്റ്റർ ചെയ്താൽ ജാമ്യം പോലും കിട്ടില്ല.. സംഗതി പെണ്ണുകേസാ…” കൈകൾ രണ്ടും മുഖത്തമർത്തിപ്പിടിച്ചു കരയുന്ന രാഹുലിന്റെ അമ്മയെക്കണ്ടപ്പോൾ നേരിയ സങ്കടം തോന്നി… കണ്ണുകളടച്ചു ഇടതുകയ്യിന്റെ പെരുവിരലും ചൂണ്ടു വിരലും കണ്ണുകൾക്ക് മീതെ വച്ച് ആ അച്ഛൻ തളർന്നിരുന്നു… അൽപ സമയത്തിന് ശേഷം നിശ്ശബ്ദതയെ കീറി മുറിച്ചുകൊണ്ട് അയാളുറക്കെ അലറി…
“രാഹുൽ…!!” മുകൾ നിലയിൽ നിന്നിറങ്ങി വന്ന രാഹുൽ അപ്രതീക്ഷിതമായി എല്ലാവരെയും കണ്ടു അമ്പരന്നിരുന്നു… തെന്നലിനെ കണ്ടപ്പോൾ വല്ലാത്തൊരു ഞെട്ടൽ അവന്റെ മുഖത്തു പ്രകടമായി… രക്തം വറ്റി വിളറിയ അച്ഛന്റെ മുഖവും കരഞ്ഞു തളർന്ന അമ്മയുടെയും പെങ്ങളുടെയും ഭാവവും നടന്നതിനെക്കുറിച്ചുള്ള വ്യക്തമായ ധാരണ അവനു പകർന്നു നല്കിയിരിയ്ക്കണം… “ഞാൻ കേട്ടതൊക്കെ സത്യമാണോ?? ” “അത്.. അച്ഛാ…ഞാൻ… എനിയ്ക്കൊന്നും അറിയില്ല…”
മറുപടി അവസാനിയ്ക്കുന്നതിനു മുൻപേ അയാളുടെ വലതുകൈ രാഹുലിന്റെ കവിളിൽ പതിഞ്ഞിരുന്നു.. അപമാന ഭാരത്താൽ അവൻ വിയർത്തൊഴുകി!! “മീനൂ… നീ അവന്റെ റൂമിൽ പോയി ആ ഫോണും ലാപ്ടോപ്പും എടുത്തോണ്ട് വാ…” അയാൾ ആജ്ഞാപിച്ചു… കരഞ്ഞുകൊണ്ടിരുന്ന പെൺകുട്ടി വേഗത്തിൽ ഫോണും ലാപ്ടോപ്പുമായി വന്നു… “ഇതിന്റെ ലോക്ക് തുറക്ക്…” വീണ്ടും ആജ്ഞാ സ്വരം!! ഭയത്തോടെ രാഹുൽ ഫോണിന്റെയും ലാപ്പിന്റെയും ലോക്ക് തുറന്നു…
“ഇതിലുണ്ടോ നോക്ക്…” അയാളത് തെന്നലിന് നേരെ നീട്ടി… ഒരുപാട് നേരത്തെ തിരച്ചിലിനൊടുവിൽ അവളാ വീഡിയോ കണ്ടെത്തി. പറഞ്ഞതെല്ലാം സത്യമാണെന്നു ബോധ്യപ്പെടുത്താൻ അമ്മയെ മാത്രം അവൾ ആ വീഡിയോ കാണിച്ചു… “ഇതിന്റെ കോപ്പികളോ മറ്റോ മാറ്റി വച്ചിട്ടുണ്ടോടാ??” “ഇല്ല സാർ…” രാഹുലിന്റെ ചുണ്ടുകൾ വിറ പൂണ്ടിരുന്നു!! “എന്നാ വാ… നമുക്ക് നിന്റെ മുറിയും കൂടെ ഒന്ന് പരിശോധിച്ചേക്കാം… അതല്ലേ അതിന്റെ ഒരു ശരി…”
“അവിടെയൊന്നും ഒന്നുമില്ല സാർ… സത്യമാണ്…” ഇടതുകൈകൊണ്ടു രാഹുലിന്റെ കോളറുകളിൽ തെരുപ്പിടിച്ചുകൊണ്ടു നിവിൻ അവന്റെ മുറിയിലേയ്ക്ക് കയറി… അൽപ നേരത്തെ തിരച്ചിലിനൊടുവിൽ ഒന്ന് രണ്ടു പെൻഡ്രൈവുകളുമായി സ്റ്റെപ്പിറങ്ങുമ്പോൾ രാഹുലിന്റെ ദേഹത്ത് അടികൊണ്ട പാടുകളുണ്ടായിരുന്നു… അതെല്ലാം ഭദ്രമായി തെന്നലിനെ ഏൽപ്പിച്ചു നിവിൻ രാഹുലിന് നേരെ തിരിഞ്ഞു.. “എന്നാ പോയാലോ?? ഇനിയുള്ള കാലം ആരോഗ്യമൊക്കെ നോക്കി നമുക്ക് ജയിലിലങ്ങു കൂടാം.. അതാവുമ്പോ വെയിലും കൊള്ളേണ്ട.. നല്ല അടിപൊളി ഫുഡ്ഡും കഴിക്കാം.. ഹാപ്പിയായിട്ടങ്ങു കൂടാം…” സർ…” അവന്റെ ശബ്ദത്തിൽ ഭയം പടർന്നു!!
“മര്യാദയ്ക്ക് കൂടെപ്പോന്നാൽ ദേഹം നോവാതെ എത്തേണ്ടിടത്തു എത്താം… അതല്ല വിളച്ചിലെടുക്കാനാണ് ഭാവമെങ്കിൽ പൊന്നു മോനെ നീ വിവരം അറിയും!!” രാഹുൽ സകല ധൈര്യവും ചോർന്നു നിന്ന് പോയി… “സാറേ… ദയവു ചെയ്ത് അവനോട് ഈ തവണത്തേയ്ക്കൊന്നു ക്ഷമിയ്ക്കണം… അടുത്തയാഴ്ച്ച ഇവളുടെ കല്യാണാ… ആങ്ങള പെണ്ണ് കേസിൽ പെട്ട് ജയിലാണെന്നറിഞ്ഞാൽ ന്റെ കുട്ടീടെ ജീവിതം തകരും…” കരഞ്ഞുകൊണ്ട് ആ അമ്മ നിവിന് നേരെ കൈ കൂപ്പി… “എനിയ്ക്കൊന്നും ചെയ്യാൻ കഴിയില്ല.. പരാതി കിട്ടിയാൽ നടപടിയെടുക്കാതിരിയ്ക്കാൻ കഴിയില്ലല്ലോ…” ” ഇപ്പൊ സാറിവനെ കൊണ്ട് പോയാൽ പിന്നീടിവൾക്കാരും ഒരു നല്ല ജീവിതം കൊടുക്കാൻ തയ്യാറാവില്ല..
സമൂഹത്തിന്റെ മുൻപിൽ ഞങ്ങൾ വില കെട്ടവരാവും.. പെണ്ണ് കേസിൽ അകത്തായ മകന്റെ മാതാപിതാക്കളെന്ന അപമാനഭാരം മരിച്ചാലും ഞങ്ങളെ പിന്തുടരും… ഇത്രയും കാലം കെട്ടിപ്പടുത്ത നല്ല പേരും അന്തസ്സും ചീട്ടുകൊട്ടാരം പോലെ തകർന്നടിയും!!” അവരുടെ തേങ്ങലുകൾക്ക് സാക്ഷിയായി അയാൾ സോഫയിൽ തളർന്നിരിയ്ക്കുന്നുണ്ടായിരുന്നു… “ഇവനെപ്പോലൊരുത്തനെ പ്രസവിച്ചു പോയ തെറ്റിന് എന്റെ കുട്ടീടെ കൂടി ജീവിതം ഇല്ലാതാക്കരുത്… ഞാൻ സാറിന്റെ കാലു പിടിയ്ക്കാം..” പൊട്ടിക്കരഞ്ഞുകൊണ്ട് അവർ നിവിന്റെ കാൽചുവട്ടിലേയ്ക്ക് വീണു.. ഹൃദയം തകർക്കുന്ന തേങ്ങൽ സ്വരം തെന്നലിന്റെ മനസ്സിൽ തറച്ചിറങ്ങി…
“സർ… എനിയ്ക്ക് പരാതിയൊന്നുല്ല… ഞാൻ കാരണം ഈ കുട്ടിയുടെ ജീവിതം നശിയ്ക്കാൻ പാടില്ല.. ഇതുപോലൊരമ്മ എനിയ്ക്കും ഉള്ളതാണ്… അവനെന്നെ ഉപദ്രവിക്കില്ലെന്നു ഉറപ്പു തന്നാൽ മാത്രം മതി… പ്ലീസ്…” “സാർ.. എനിയ്ക്ക്… എനിയ്ക്കൊരബദ്ധം പറ്റിപ്പോയതാ.. ഇനിയൊരിയ്ക്കലും തെന്നലിന്റെ കണ്മുന്നിൽ പോലും ഞാൻ വരില്ല… സത്യം… രക്ഷിയ്ക്കണം…” വിറയാർന്ന സ്വരത്തിൽ രാഹുൽ കൈകൾ കൂപ്പി… “ഓഹ്.. അപ്പൊ സ്വന്തം പെങ്ങളുടെ കാര്യം വന്നപ്പോൾ നിനക്ക് കെഞ്ചാനൊക്കെ അറിയാം അല്ലെ?? അവളും അതുപോലൊരു പെങ്ങളാണ്.. മകളാണ്… സുഹൃത്താണ്.. സ്വന്തം ജീവിതത്തിനു വേണ്ടി എത്ര തവണ ഇവള് നിന്നോട് യാചിച്ചിട്ടുണ്ട്?? നീ കേട്ടോ?? കേട്ടോടാ…??
” സർ… പ്ലീസ്…” രാഹുലിന്റെ ശബ്ദം നേർത്തിരുന്നു… നീ ഇത്രയുമൊക്കെ വിശ്വാസ വഞ്ചന കാണിച്ചിട്ടും ഇവള് നിന്നോട് ക്ഷമിച്ചു!! അതും നിന്റെ പെങ്ങൾക്ക് വേണ്ടി… മനസ്സാക്ഷി മരവിച്ച നിന്നോടതൊക്കെ പറഞ്ഞിട്ടെന്തു കാര്യം? സ്വന്തം സുഹൃത്തിനെ ചൂഷണം ചെയ്യേണ്ടി വരുന്നവനോളം ഗതികെട്ടവൻ ഈ ലോകത്തിൽത്തന്നെ വേറെയുണ്ടാവില്ല!!” നിവിന്റെ കണ്ണുകളിൽ ക്രോധാഗ്നി പടർന്നു.. “ഉള്ള കള്ളും കഞ്ചാവും മുഴുവൻ വലിച്ചുകേറ്റി ഇരുട്ടിന്റെ മറവിൽ പെണ്ണിനെ പിച്ചി ചീന്തുന്ന ഇവമ്മാരെപ്പോലുള്ളവരാണ് ഈ സമൂഹത്തിന്റെ ശാപം!! പെണ്ണ് വെറും ഭോഗ വസ്തുവാണെന്ന മിഥ്യാധാരണ ഹൃദയത്തിൽ പുരണ്ട ഇത്തരം നെറികെട്ടവമ്മാരാണ് സകല പുരുഷൻമാർക്കും അപമാനം!!
കുഴപ്പം ഇവന്റേത് മാത്രമാവില്ല… നിങ്ങൾ പെൺകുട്ടികളെ മാത്രം ബോധവൽക്കരിച്ചും ഉപദേശിച്ചും സംരക്ഷിച്ചു പിടിയ്ക്കും.. ആ നേരത്തു വീട്ടിലെ ആൺകുട്ടികളോട് പറഞ്ഞു കൊടുക്കണം ആണെന്ന വാക്കിന്റെ അർത്ഥവ്യാപ്തി!! ആണിന് കരുത്തും ഉറപ്പും വേണ്ടത് നട്ടെല്ലിനാണ്.. സ്വന്തം അമ്മയെയും പെങ്ങളെയും മറ്റുള്ള സ്ത്രീകളിൽ കൂടി കാണാൻ കഴിയണം.. അവർക്കില്ലാത്തതൊന്നും ഇവർക്കുമില്ലെന്ന ബോധം വരണം.. ഇതൊന്നും ആരും പറഞ്ഞു തന്നിട്ട് അറിയേണ്ടതല്ല.. നിന്റെ പെങ്ങളെ നീ സംരക്ഷിയ്ക്കണമെന്നു ഒരമ്മയും മക്കളോട് പറയില്ല… അതാണ് വിശ്വാസം!!
ഒരു നിമിഷമെങ്കിലും തെന്നലിന്റെ സ്ഥാനത്തു നീ നിന്റെ പെങ്ങളെ സങ്കല്പിച്ചിരുന്നെങ്കിൽ അവളുടെ നിസ്സഹായതയെ ചൂഷണം ചെയ്യാൻ നിന്റെ മനോധൈര്യം തികയാതെ വരുമായിരുന്നു!! നിന്നെയൊന്നും കുറ്റം പറഞ്ഞിട്ടും കാര്യമില്ല.. ശവത്തെ ഭോഗിയ്ക്കുന്ന ചെന്നായ്ക്കളുടെ ലോകത്തു ജനിച്ചു പോയ നിർഭാഗ്യത്തെ വേണം പഴിയ്ക്കാൻ!! ഇത് മുതലെടുപ്പിന്റെ കാലമാണ്.. സ്വന്തം മനസ്സാക്ഷിയെ വരെ മുതലെടുക്കുന്ന കാലം!! അമ്മയെയും പെങ്ങളെയും വരെ ഇരകളാക്കുന്ന കാലം!! ദിനം പ്രതി വേട്ടക്കാർ പെരുകും!! ഇരകളും!! പക്ഷെ ഒന്നോർത്തോ നീ.. കാമക്കറ പുരണ്ട നിന്റെയീ കണ്ണുകൾ ഇനിയൊരു പെൺകുട്ടിയ്ക്ക് മേൽ പതിയാൻ പാടില്ല…
അങ്ങനെ വല്ലതും സംഭവിച്ചാൽ ഞാൻ ആരാണെന്നു നീയറിയും!!” നിവിന്റെ ശബ്ദം ആ വീടിനുള്ളിൽ പ്രകമ്പനം കൊണ്ടു… തെന്നൽ പരാതിയില്ലെന്നു പറഞ്ഞതുകൊണ്ട് മാത്രം തൽക്കാലം ഞാൻ നിന്നെ വെറുതെ വിടുന്നു… ഇനിയൊരു പരാതി നിന്റെ പേരിൽ കിട്ടിയാൽ…” നിവിന്റെ നീട്ടിയ ചൂണ്ടു വിരൽത്തുമ്പിൽ രാഹുൽ വിളറി നിന്നു… പുച്ഛത്തോടെ പടിയിറങ്ങുന്ന നിവിനെ തെന്നൽ അനുഗമിച്ചു… അവരുടെ വീടിന്റെ പടികളിറങ്ങുമ്പോഴും പിറകിൽ നിസ്സഹായമായ മാതൃത്വ വിലാപം ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു.. “നീയെന്റെ വയറ്റിൽ പിറന്നു പോയല്ലോടാ…”
“നമ്മൾ ചെയ്തത് അല്പം കൂടിപ്പോയോ സർ?? അവന്റെ വീട്ടുകാരുടെ മുൻപിൽ വച്ചു…” “ഇതാണ് ശരി… അവന്റെ നട്ടെല്ലിനൊരല്പം ഉറപ്പു കൂട്ടാൻ ഇതേ മാർഗ്ഗമുള്ളു… അവനു ധൈര്യം കുറവാണെന്നള്ളതിന്റെ തെളിവാണ് ഒളിഞ്ഞും തെളിഞ്ഞുമുള്ള ഭീഷണികൾ… ഞാൻ മുതലെടുത്തതും അതാണ്… ഏത് തീവ്രവാദിയും ആത്മാർത്ഥമായി സ്നേഹിയ്ക്കുന്ന ഒരാളെ ഉള്ളു ഭൂമിയിൽ ….അമ്മ!! പെറ്റമ്മയുടെയും പെങ്ങളുടെയും മുൻപിൽ മാന്യതയുടെ മുഖപടം അഴിഞ്ഞു വീഴുമ്പോൾ അവൻ അനുഭവിയ്ക്കുന്ന വേദനയും അപമാനവും… കാമഭ്രാന്തിനുള്ള ഏക മരുന്നും അതാണ്… ഒരാൾ തന്റെ തെറ്റുകൾ മനസ്സിലാക്കുന്നത് മറ്റുള്ളവർ അതിനെതിരെ ശബ്ദമുയർത്തുമ്പോഴല്ലേ?? എനിയ്ക്കുറപ്പുണ്ട്…
ഇനിയൊരിയ്ക്കലും രാഹുൽ ആ പഴയ രാഹുലാവില്ല… കുറഞ്ഞത് അവന്റെ വീട്ടുകാരുടെ മുൻപിലെങ്കിലും അവനു തെറ്റുകൾ തിരുത്തിയെ പറ്റു…” വല്ലാത്തൊരാശ്വാസം ഹൃദയത്തെ പൊതിഞ്ഞു!! തിരിച്ചു ചെന്ന് ഫൂട്ട് പാത്തിനോരം ചേർന്നിരിയ്ക്കുമ്പോൾ ആദ്യമായി തെന്നലിന്റെ മുഖത്തു ചിരി തെളിഞ്ഞു!! “ഈ ഉപകാരത്തിനു ഞാനെങ്ങനെയാ നന്ദി പറയേണ്ടതെന്നറിയില്ല..” ചിരിക്കിടയിലും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു… നിവിൻ മന്ദഹസിച്ചു… “ഇനി ഞാനൊരു കാര്യം പറയാം… തനിയ്ക്ക് ദേഷ്യം തോന്നുന്ന ഒരു കാര്യം..” എന്താണെന്ന അർത്ഥത്തിൽ അവളവനെ നോക്കി.. “ആക്ച്വലി… ഞാൻ പൊലീസൊന്നും അല്ലെടോ…” വാട്ട്??”
“റിയലി…അങ്ങനെ പറഞ്ഞില്ലെങ്കിൽ താൻ വീണ്ടും പോയി ചാടിയേനെ… അതാ.. പണ്ടു കോളേജിൽ പഠിയ്ക്കുന്ന സമയത്തു അല്ലറ ചില്ലറ നാടകങ്ങളിലൊക്കെ വേഷമിട്ടിരുന്നു.. അതിന്റെ ബാക്കിയാ നേരത്തെ കണ്ടതൊക്കെ… പക്ഷെ ആ ഡയലോഗ് മൊത്തം എന്റേതാട്ടോ.. അത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാനൊരു ആണാണെന്നു പറഞ്ഞിട്ടെന്താ കാര്യം? പിന്നെ ആ രാഹുലും വീട്ടുകാരും കാശ്വൽസ് ആയതോണ്ടു രക്ഷപ്പെട്ടു… താനെങ്ങാനും പരാതിയില്ലെന്നു പറഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ തെണ്ടിപ്പോയേനെ…” തെന്നലിന്റെ മുഖത്തെ അമ്പരപ്പ് പതിയെ പൊട്ടിച്ചിരിയ്ക്ക് വഴി മാറി…
“താനാള് കൊള്ളാലോടോ… ബൈ ദ വേ.. ഇയാൾക്ക് പെങ്ങളുണ്ടോ??” “ഉണ്ടെങ്കിൽ??” “ഉണ്ടെങ്കിൽ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെൺകുട്ടി അവളായിരിയ്ക്കും… ഇതുപോലൊരാങ്ങളയെ കിട്ടിയതിൽ…” “കോംപ്ലിമെന്റ് ആണോ…” “അല്ല… ട്രൂത്ത്… ഓരോ പെൺകുട്ടിയും ആഗ്രഹിയ്ക്കുന്നത് ഇതുപോലൊരു സഹോദരനെയാണ്!! സുഹൃത്തിനെയാണ്!! ഭാര്യയെ മറന്ന് പരസ്ത്രീയെ തേടിപ്പോകാത്ത ഭർത്താവിനെയാണ്!! വീണു പോകാതെ ചേർന്ന് നടക്കാൻ ഏതാപത്തിലും കൂടെ നിൽക്കുമെന്നുറപ്പുള്ളൊരു കൂട്ടാണ്…” “ഇതിനൊക്കെ ഞാൻ നേരത്തെ പറഞ്ഞതുപോലെ നട്ടെല്ലിനൽപ്പം ഉറപ്പുണ്ടായാൽ മതി..
എല്ലാ ആണുങ്ങളും ഒരുപോലെ അല്ലെന്നു മനസ്സിലാക്കാത്തത് നിങ്ങൾ ഗേൾസാ..” തെന്നൽ ചിരിച്ചു.. “ഈ ഫോണും ലാപ്പും പെൻഡ്രൈവുമെല്ലാം തല്ലിപ്പൊട്ടിച്ചോ വെള്ളത്തിൽ മുക്കിയോ എന്ത് ചെയ്തിട്ടാണെങ്കിലും നശിപ്പിച്ചോളൂ.. സപ്പോസ് ഞാൻ പൊലീസല്ലെന്നു അവരറിഞ്ഞാലും നമുക്ക് പേടിക്കാനൊന്നുമില്ല… മിസ്റ്റേക്ക് അവരുടെ ഭാഗത്താണെന്ന ഒറ്റ കാരണം കൊണ്ട് നമ്മൾ സേഫ് ആണ്…” പിന്നെ അവിടെ നടന്ന കാര്യങ്ങൾ മുഴുവൻ ഞാൻ ഫോണിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്… ഇനിയൊരിയ്ക്കൽ ആവശ്യം വന്നാൽ ഉപകാരപ്പെടും… ആശ്വാസത്തോടെ തെന്നൽ ചിരിച്ചു..
“അമ്മ ഉണരുന്നതിനു മുൻപ് തന്നെ വീട്ടിലാക്കിത്തരാം… അതുകൂടി കഴിഞ്ഞാൽ എന്റെ ഡ്യൂട്ടി തീർന്നു…” വീശിയടിയ്ക്കുന്ന തണുത്ത കാറ്റിനു പാതിരാ പുഷ്പങ്ങളുടെ സുഗന്ധമുണ്ടായിരുന്നു!! അകലെ നിന്നും ഒഴുകിയെത്തിയ രാക്കുയിൽപ്പാട്ടിനായി തെന്നൽ കണ്ണുകളടച്ചു കാതോർത്തു… നിലാവ് അവരെ നോക്കി ആശ്വാസത്തോടെ പുഞ്ചിരി തൂകി… ഒരു കൊച്ചു വീടിന്റെ മുറ്റത്തു ചക്രങ്ങൾ നിന്നു… “ഞാനൊരിയ്ക്കലും മറക്കില്ലാട്ടോ.. എനിയ്ക്കിപ്പോ ചെയ്തു തന്ന ഉപകാരം എത്ര വലുതാണെന്ന് പറഞ്ഞാൽ ഒരുപക്ഷെ നിവിന് മനസ്സിലാവില്ല… അത്രമാത്രം കടപ്പെട്ടിരിയ്ക്കും… മരണം വരെ …
ഇനിയും എവിടെ വച്ചെങ്കിലും കാണാം..” “നന്ദിയൊന്നും വേണ്ടെടോ… ഇതുപോലെ അഭിമാനത്തിന് ജീവനേക്കാൾ വില കല്പിയ്ക്കുന്നൊരാളുടെ സൗഹൃദം കിട്ടിയല്ലോ… എനിയ്ക്കത് മതി…” തെന്നൽ ചിരിച്ചു… നേരിയ മന്ദഹാസത്തോടെ അവളെ യാത്രയാക്കി തിരിച്ചു വരുമ്പോൾ പ്രിയപ്പെട്ടതെന്തോ നഷ്ടമായ വേദന അവന്റെ ഹൃദയത്തിൽ പതിയെ കൂടു കൂട്ടുന്നുണ്ടായിരുന്നു…….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]