ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 2.5 കോടി ദിര്‍ഹം സമ്മാനം

ഷാര്‍ജ: ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് പരമ്പരയില്‍ മലയാളിക്ക് 2.5 കോടി ദിര്‍ഹം(57.64 കോടി രൂപ) സമ്മാനം ലഭിച്ചു. സെയില്‍സ്മാനായി ജോലിചെയ്യുന്ന ഷാര്‍ജയില്‍ കഴിയുന്ന മലയാളിക്കാണ് നറുക്കെടുപ്പ് പരമ്പര 269ല്‍ വന്‍തുകയുടെ സമ്മാനം ലഭിച്ചിരിക്കുന്നത്. അരവിന്ദ് അപ്പുക്കുട്ടന്‍ എന്ന പേരില്‍ 20 അംഗങ്ങളുള്ള സംഘം എടുത്ത ടിക്കറ്റിനാണ് നറുക്കെടുപ്പില്‍ സമ്മാനമെങ്കിലും കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
രണ്ട് വര്‍ഷമായി ടിക്കറ്റ് എടുക്കുന്ന സ്വഭാവമുള്ള വ്യക്തിയാണ് അരവിന്ദന്‍. സമ്മാനം നേടിയതിനെക്കുറിച്ച് പറയാന്‍ സുഹൃത്ത് വിളിച്ചിരുന്നു. എന്തുകൊണ്ടോ എനിക്കത് വിശ്വസിക്കാനെ സാധിച്ചില്ല. ഒരിക്കലും ഇത്രയും വലിയൊരു സമ്മാനം തേടിയെത്തുമെന്ന് സ്വപ്‌നത്തില്‍പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നുമായിരുന്നു അരവിന്ദന്റെ പ്രതികരണം. കഴിഞ്ഞ മാസം 22ന് ആയിരുന്നു അരവിന്ദനും സംഘവും 447363 എന്ന ടിക്കറ്റ് വാങ്ങിയത്. അതിന് സമ്മാനം ലഭിച്ച ത്രില്ലിലാണ് ഇവരുടെ സംഘം. സമ്മാനതുക തുല്യമായി പങ്കിടുമെന്നും തുക എന്തുചെയ്യണമെന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും അരവിന്ദന്‍ വ്യക്തമാക്കി.
അബ്ദുല്‍ നാസര്‍ എന്ന മറ്റൊരു മലയാളിക്കും ഒരു ലക്ഷം ദിര്‍ഹം സമ്മാനമായി ലഭിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള വിവരങ്ങളും രഹസ്യമാക്കി വച്ചിരിക്കുകയാണ്. നിര്‍മാണ തൊഴിലാളിയായ എം ഡി മെഹ്ദിയെന്ന വ്യക്തിയാണ് സമ്മാനം ലഭിച്ച മറ്റൊരാള്‍. ഇയാള്‍ 17 സുഹൃത്തുക്കള്‍ക്കൊപ്പമാണ് സമ്മാനമായി ലഭിച്ച 50,000 ദിര്‍ഹം പങ്കിടുന്നത്. ആകാശ് രാജ് എന്ന മറ്റൊരു മലയാളിയും സമ്മാനം നേടിയവരുടെ പട്ടികയിലുണ്ട്. 70,000 ദിര്‍ഹമാണ് ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്.