World

ആകാശദുരന്തത്തില്‍ നടുങ്ങി സുഡാന്‍; സൈനിക വിമാനം തകര്‍ന്നു വീണു: നിരവധി മരണം

സുഡാനില്‍ സൈനിക വിമാനം തകര്‍ന്ന് 46 പേര്‍ക്ക് ദാരുണാന്ത്യം. രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ ഓംദുർമാനിലെ സൈനിക വിമാനത്താവളത്തിന് സമീപമുള്ള ജനവാസ മേഖലയിലാണ് ദുരന്തമുണ്ടായതെന്ന്‌ കാർട്ടൂം സ്റ്റേറ്റ് മീഡിയ ഓഫീസ് അറിയിച്ചു. മരിച്ചവരിൽ ഒരു മുതിർന്ന കമാൻഡറും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. വടക്കൻ ഓംദുർമാനിലെ വാദി സയ്ദ്‌ന സൈനിക വിമാനത്താവളത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ടാണ് വിമാനം തകര്‍ന്നത്. കാർട്ടൂമിലെ ഒരു മുതിർന്ന കമാൻഡറായ മേജർ ജനറൽ ബഹർ അഹമ്മദും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

സൈനികരും സാധാരണക്കാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ സുഡാന്‍ സൈന്യം പുറത്തുവിട്ടിട്ടില്ല. സാങ്കേതിക പ്രശ്‌നങ്ങളാണ് അപകടത്തിലേക്ക് നയിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റതായി മീഡിയ ഓഫീസ് വ്യക്തമാക്കി.

https://x.com/SudanTribune_EN/status/1894582890543157389

പ്രദേശത്ത് വലിയ സ്ഫോടന ശബ്ദം കേട്ടതായും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും ദൃക്‌സാക്ഷികൾ വ്യക്തമാക്കി. അപകടത്തെ തുടര്‍ന്ന് സമീപപ്രദേശങ്ങളില്‍ വൈദ്യുതി തടസപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

സുഡാന്റെ അയല്‍രാജ്യമായ ദക്ഷിണ സുഡാനില്‍ കഴിഞ്ഞ മാസമുണ്ടായ വിമാനാപകടത്തില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 20 പേര്‍ മരിച്ചിരുന്നു. ജിപിഒസി എന്ന ചൈനീസ് എണ്ണക്കമ്പനി ചാർട്ടേഡ് ചെയ്ത ചെറുവിമാനമാണ് അന്ന് എണ്ണപ്പാടത്തിന് സമീപം അപകടത്തില്‍പെട്ടത്. ജൂബയിലെ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

Related Articles

Back to top button
error: Content is protected !!