ബാറ്ററിയില്ലാത്ത ഇലക്ട്രിക് സ്‌കൂട്ടർ; ഇൻഫിനിറ്റി ഉടൻ ഇന്ത്യൻ വിപണിയിൽ
തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറായ ബൗൺസ് ഇൻഫിനിറ്റി വൈകാതെ ഇന്ത്യൻ വിപണിയിലെത്തുമെന്ന് ബൗൺസ്. പൂർണമായും ഇന്ത്യൻ നിർമ്മിതമായിരിക്കും ഇൻഫിനിറ്റി. അടുത്ത വർഷം ജനുവരിയിൽ വിതരണം ആരംഭിക്കുന്ന സ്‌കൂട്ടറിന്റെ ബുക്കിംഗ് ഡിസംബറിൽ ആരംഭിക്കുമെന്ന് കമ്പനി ശനിയാഴ്ച അറിയിച്ചു. സ്‌കൂട്ടറിന്റെ വില സംബന്ധിച്ചും അടുത്ത മാസമാദ്യം പ്രഖ്യാപനമുണ്ടാകും.
നീക്കം ചെയ്യാൻ കഴിയുന്ന ലിഥിയം- അയോൺ ബാറ്ററിയാണ് സ്‌കൂട്ടറിന്റെ സവിശേഷത. ബാറ്ററി ആവശ്യാനുസരണം പുറത്തെടുത്ത് ചാർജ് ചെയ്യാൻ കഴിയും. ബാറ്ററി ആവശ്യത്തിന് മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഓപ്‌ഷനും കമ്പനി പുറത്തിറക്കി. ഇത് പ്രകാരം, ഉപഭോക്താക്കൾക്ക് ബാറ്ററിയില്ലാതെ സ്‌കൂട്ടർ വാങ്ങാം. രാജ്യത്താകമാനമുള്ള കമ്പനിയുടെ ബാറ്ററി മാറ്റൽ കേന്ദ്രങ്ങൾ മുഖേന ഉപഭോക്താക്കൾക്ക് ഉപയോഗം കഴിഞ്ഞ ബാറ്ററി മാറ്റി റീചാർജ് ചെയ്ത ബാറ്ററി വെക്കാം. ബാറ്ററി അടങ്ങിയ ഇലക്ട്രിക് സ്‌കൂട്ടറുകളെക്കാൾ ഈ ഓപ്‌ഷൻ വഴി വിലയിൽ നാല്പത് ശതമാനം വരെ കുറവ് വരും.
സ്‌കൂട്ടറിന്റെ മറ്റ് സവിശേഷതകളെ കുറിച്ച് വിവരങ്ങൾ കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ 22 മോട്ടോഴ്സിന്റെ നൂറ് ശതമാനം ഓഹരികൾ സ്വന്തമാക്കിയ കമ്പനി അവരുടെ രാജസ്ഥാനിലെ ഭിവാഡിയിലെ സ്‌കൂട്ടർ നിർമാണ പ്ലാന്റും സ്വന്തമാക്കി. പ്രതിവർഷം 180,000 സ്‌കൂട്ടറുകളാണ് ഇവിടെ നിർമ്മിക്കാൻ കഴിയുന്നത്.