യെസ് യുവർ ഓണർ: ഭാഗം 14
[ad_1]
രചന: മുകിലിൻ തൂലിക
” ഇന്ന് ചീരുവും കണ്ണനും മാത്രമല്ല വിവാഹിതരാകാൻ പോകുന്നത്.. നമ്മുടെ ഊരിന്റെ പ്രിയപ്പെട്ട അതിഥികളായ ഇവരേയും നമ്മുടെ ഊരിന്റെ ആചാരങ്ങളോടും നമ്മുടെ തേവരുടേയും അനുഗ്രഹത്തോടെയും ഒരിക്കൽ കൂടി ചേർത്ത് വയ്ക്കുവാൻ പോവുകയാണ്.. ” മൂപ്പന്റെ പ്രഖ്യാപനം കേട്ടതോടെ ഇരുവരുടെയും ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു പോയി.. വിറയലോടെ കണ്ണ് മിഴിച്ച് സായന്തും കല്ല്യാണിയും പരസ്പരം നോക്കി.. ഇരുവരുടേയും സിരകളിലൂടെ ഒഴുകിയിരുന്ന രക്തം ക്ഷണനേരം കൊണ്ട് ആവിയായി പോയത് പോലെ വിളറി നിൽപ്പുണ്ട്..
കല്ല്യാണി എന്തെങ്കിലും ഒരു വഴി കണ്ടെത്തെന്ന് പറയും വിധത്തിൽ സായന്തിനെ അപേക്ഷ ഭാവത്തിൽ നോക്കി.. അവൻ നിസ്സഹായനായിരുന്നൂ.. എന്തെങ്കിലും ഒരു എതിർപ്പ് പ്രകടപ്പിച്ചാൽ എല്ലാവരിലും അത് സംശയത്തിന്റെ തീപ്പൊരി വീഴ്ത്തും.. ഇവിടെ മൗനസമ്മതമാണ് ഏറ്റവും നല്ല ആയുധമെന്ന തിരിച്ചറിവോടെ അവൻ നിന്നു.. മൂപ്പൻ ചെറിയ ചിരിയോടെ സായന്തിന്റെ പുറത്ത് തട്ടി ആകാശത്തേക്ക് നോക്കി.. പൗർണമി..
മൂപ്പൻ ആഞ്ഞിലി മരത്തിൻ ചുവട്ടിലേ തേവരെ തൊഴുത് അതിനു മുന്പിലായി സ്ഥാപിച്ചിരുന്ന പീഠത്തിലേക്കിരുന്നു.. ഒരിക്കൽ കൂടി മാനത്തേക്ക് നോക്കി ” സമയമായി… വിവാഹ ചടങ്ങുകൾ ആരംഭിക്കാം” അത് കേട്ടതും കല്ല്യാണി വിറയ്ക്കാൻ തുടങ്ങി.. തൊണ്ടകുഴിയിലെ വെള്ളം നീരാവിയായി അവളുടെ ചെന്നിയിലൂടെ ഒലിച്ചിറക്കാൻ തുടങ്ങി.. ഇടംകണ്ണിട്ട് സായന്തിന്റെ മുഖത്തേക്ക് നോക്കി.. അവന്റെ മുഖത്ത് കാര്യമായ ഭാവ വ്യത്യാസങ്ങൾ ഇല്ലെങ്കിലും അവന്റെ കണ്ണുകളിൽ പല ആശങ്കകളും അല തല്ലുന്നുണ്ട്..
ആദ്യം ചീരുന്റേയും കണ്ണന്റേയും വിവാഹമാണ് നടത്തുന്നത്.. ആദ്യത്തെ ചടങ്ങ് പെൺകുട്ടിയ്ക്കായി കല്ല്യാണ ചെറുക്കൻ ഒരു വർഷം കൊണ്ട് സ്വരുക്കൂട്ടിയ കാര്യങ്ങളുടെ വിവരങ്ങൾ ഊര് മധ്യത്തിൽ അറിയിക്കുന്നതായിരുന്നു.. കണ്ണൻ അതേ കുറിച്ച് ഉറക്കെ എല്ലാർക്കും മുന്പാകെ വെളിപ്പെടുത്തുന്നുണ്ട്.. കാതിൽ തങ്ങളുടെ ഹൃദയമിടിപ്പ് മാത്രം ഉച്ചത്തിൽ കേട്ടിരുന്നത് കൊണ്ട് കല്ല്യാണിക്കും സായന്തിനും അവർ പറയുന്നതൊന്നും മനസ്സിലാകാത്തത് പോലെ…
പൊട്ടൻ പൂരം കാണാൻ പോയ അവസ്ഥ.. വധൂവരന്മാർ മാതാപിതാക്കൾക്കും മൂപ്പനും ദക്ഷിണ നൽകി താലിക്കെട്ടിനായി ഒരുങ്ങി.. മൂപ്പൻ തേവർക്ക് മുന്പിൽ വച്ച് പൂജിച്ചെടുത്ത താലി കണ്ണന്റെ കൈകളിലേക്ക് നൽകി.. തിരികെ വച്ച തളികയിൽ ഒരു താലി കൂടി കണ്ടത്തോടെ സായന്തിന്റേയും കല്ല്യാണിയുടേയും ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി.. കല്ല്യാണി പിടയ്ക്കുന്ന കണ്ണുകളാൽ സായന്തിനെ നോക്കുന്നുണ്ടെങ്കിലും അവന്റെ ഭാഗത്ത് നിന്ന് ഒരു നോട്ടം പോലും ഉണ്ടാകുന്നില്ല..
ഇതേസമയം മഞ്ഞചരടിൽ തീർത്ത താലി കണ്ണൻ നാണത്താൽ പൂത്തുലഞ്ഞ് നമ്രശിരസ്കയായി നിൽക്കുന്ന ചീരുവിന്റെ കഴുത്തിൽ കെട്ടിയിരുന്നു.. ഊരിലെ തലമുതിർന്ന സ്ത്രീകളെല്ലാം ഒരുമിച്ച് കുരവയിട്ടു.. കണ്ണൻ ചീരുവിന്റെ സീമന്ത രേഖയിൽ സിന്ദൂരവും ചാർത്തി അവളെ സുമംഗലിയാക്കി.. ഇരുവരും പരസ്പരം പുഷ്പഹാരവും ഇട്ടതോടെ കല്ല്യാണ ചടങ്ങുകൾ കഴിഞ്ഞു.. മൂപ്പൻ ഇരുവരുടെയും കൈകൾ ചേർത്ത് വച്ച് അനുഗ്രഹിച്ചു..തന്റെ പ്രിയപ്പെട്ട മകൾക്ക് ദീർഘസുമംഗലി ഭാഗ്യം നേർന്ന് മാരനും ചിന്നമ്മയും ആനന്ദാശ്രു പൊഴിച്ചു..
“ഇനി മക്കൾ വായോ..” മൂപ്പൻ അന്തംവിട്ടു നിന്നിരുന്ന കല്ല്യാണിയേയും സായന്തിനേയും വിളിച്ചു.. മൂപ്പന്റേ ആ വിളി ഇരുവർക്കും ഇടിത്തീ വീഴുന്ന ശബ്ദം കണക്കേയാണ് അനുഭവപ്പെട്ടത്.. മടിച്ച് നിന്നിരുന്ന സായന്തിനെ മൂപ്പൻ തോളിലൂടെ കയ്യിട്ട് വിവാഹവേദിയിലേക്ക് ആനയിച്ചു.. അതേ നിമിഷം തന്നെ മല്ലിയും കല്ല്യാണിയെയും അവിടേക്ക് നിർത്തിയിരുന്നു.. ” മക്കൾ ഒരിക്കൽ വിവാഹിതരായവർ ആണെന്ന് അറിയാം..
എങ്കിലും ഞങ്ങളുടെ തേവരുടെ മുന്പിൽ വെച്ച് വിവാഹം ചെയ്യാൻ ഭാഗ്യം സിദ്ധിക്കാന്ന് വെച്ചാൽ ഇനി ഈരേഴ് പതിന്നാലു ജന്മങ്ങളിലും നിങ്ങൾ ഇണകളായിരിക്കും” മൂപ്പൻ ഇരുവരേയും മാറി മാറി നോക്കി ചിരിച്ചു.. കല്ല്യാണി വിറങ്ങലിച്ചു നിന്നതല്ലാതെ ഒന്നും പ്രതികരിക്കുന്നില്ല.. സായന്ത് വിളറിയ ഒരു ചിരി ചിരിച്ചു.. ശേഷം മൂപ്പൻ നീട്ടിയ തളികയിലേ മഞ്ഞചരടിൽ തീർത്ത താലി കണ്ടതോടെ സായന്ത് ഇത്രയും നേരം സംഭരിച്ച് വെച്ചിരുന്ന ധൈര്യമെല്ലാം ആവിയായത് പോലെ..
ആ നേരം അത്രയും കല്ല്യാണിയെ നോക്കാൻ മടിച്ചിരുന്ന സായന്തിന്റെ കണ്ണുകൾ താലിയിലേക്കും അരുതെന്ന് കണ്ണുകളാൽ കെഞ്ചുന്ന കല്ല്യാണിയുടെ മുഖത്തേക്കും മാറി മാറി പതിച്ച് കൊണ്ടിരുന്നു… അവന്റെ തൊണ്ടയെല്ലാം വറ്റി വരണ്ടു.. “കെട്ട് മോനേ” താലി കൈയ്യിലെടുത്ത് അവന് നേരെ നീട്ടുന്ന മൂപ്പന്റെ ശബ്ദം കേട്ടതോടെ സായന്ത് ഞെട്ടി… വിറയ്ക്കുന്ന കൈകളാൽ താലിയെടുത്ത് അവനെ കണ്ണും നിറച്ച് ഉറ്റ് നോക്കി നിൽക്കുന്ന കല്ല്യാണിയെ ഒരിക്കൽ കൂടി നോക്കിയവൻ ആഞ്ഞ് വലിച്ച ദീർഘശ്വാസത്തിൽ നിന്ന് ലഭിച്ച ധൈര്യത്തിന്റെ പിൻബലത്താൽ കല്ല്യാണിയുടെ കഴുത്തിലേക്ക് മൂന്ന് മുടിച്ചിട്ട് ആ മഞ്ഞൾ താലി അമർത്തിക്കെട്ടി..
അവന്റെ കൈകൾ കല്ല്യാണിയുടെ പിൻകഴുത്തിൽ തൊട്ടതും പൊള്ളലേറ്റപോൽ അവളൊന്നു പിടഞ്ഞു… സജലമായി തുളുമ്പി നിന്നിരുന്ന അവളുടെ കണ്ണിലെ മിഴിനീർതുള്ളിയിലൊന്ന് ആ മഞ്ഞൾ താലിയിലേക്ക് ഇറ്റ് വീണു.. ചുറ്റും നിന്ന് ഉയർന്ന് വരുന്ന കുരവയ്ക്ക് അകമ്പടിയെന്നോണം അവരുടെ ഹൃദയവും പെരുമ്പറ കൊട്ടും കണക്കേ ഇടിക്കുന്നുണ്ട്.. വിറയ്ക്കുന്ന കൈകളാൽ ഒരു നുള്ള് സിന്ദൂരം എടുത്ത് സായന്ത് കല്ല്യാണിയുടെ സീമന്തരേഖയിൽ സിന്ദൂരം ചാർത്തി… ആ നിമിഷം കല്ല്യാണി നിറഞ്ഞമിഴികൾ കൂമ്പി അടച്ച് ആ സിന്ദൂര ചുവപ്പിനെ ഏറ്റ് വാങ്ങി.. സായന്ത് അവളേ തന്നെ നോക്കി നിന്നു..
താൻ കെട്ടിയ താലിയും തൊട്ടു കൊടുത്ത സിന്ദൂരമായി നിൽക്കുന്ന കല്ല്യാണിയെ കാണുമ്പോൾ സായന്തിന്റെയുള്ളിൽ അവൻ മനപൂർവ്വം കുഴിച്ച് മൂടിയ അവളോടുള്ള പ്രണയം പിന്നെയും പുതു നാമ്പുകൾ പൊട്ടി വിരിയുന്നത് പോലെ അനുഭവപ്പെട്ടു.. അവളിൽ തന്നെ ദൃഷ്ടി പതിപ്പിച്ച് ശേഷം മൂപ്പൻ എടുത്ത് നൽകിയ കാട്ടുമുല്ല ഹാരം വിറയ്ക്കുന്ന കൈകളാൽ പരസ്പരം മുഖം കൊടുക്കാതെ ഇരുവരും യാന്ത്രികമായി അണിയിച്ചു.. എല്ലാവരും കാട്ടുപ്പൂക്കളാൽ ഇരുവരുടെയും മേൽ പുഷ്പവർഷം നടത്തി..
കൂടി നിന്നിരുന്ന ഊര് നിവാസികളുടെ മുഖത്ത് രണ്ട് കല്ല്യാണങ്ങൾ കൂടിയത്തിന്റെ സന്തോഷവും ആഹ്ലാദവും തെളിഞ്ഞു കണ്ടപ്പോൾ കല്ല്യാണിയും സായന്തും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് നടന്നതിന്റെ അന്താളിപ്പിലാണ്.. മൂപ്പൻ ഇരു വധുവരന്മാരേയും ചേർത്ത് നിർത്തി അനുഗ്രഹിച്ചു.. ” അർധരാത്രി ആയിരിക്കുന്നു.. ഇനി കാദംബരി പുഴയിലെ മുങ്ങിനീരാട്ടിനുള്ള സമയമാണ്.. വരന്മാർ ഇരുവരും തങ്ങളുടെ വധുക്കളെ കയ്യിലെടുത്ത് മുന്പേ നടന്നോ” മൂപ്പൻ അടുത്ത ആചാരത്തിനായുള്ള നിർദേശം നൽകി..
പറഞ്ഞത് കേൾക്കേണ്ട താമസം കണ്ണൻ ചീരുവിനെ പൊക്കിയെടുത്ത് കഴിഞ്ഞിരുന്നു.. ചീരു നാണത്താൽ കൂമ്പി കണ്ണന്റെ കഴുത്തിലൂടെ ചുറ്റിപിടിച്ചിട്ടുണ്ട്.. സായന്ത് എന്ത് ചെയ്യണമെന്ന് ഒരു രൂപവുമില്ലാതെ അന്തംവിട്ടു നിൽക്കുകയാണ്.. കല്ല്യാണിയാണേൽ ഇനിയൊന്നിനും വയ്യ എന്നുള്ള ഭാവത്തിലാണ് നിൽക്കുന്നത്.. കണ്ണൻ ചീരുവിനെ കൊണ്ട് മുന്പേ നടന്ന് കഴിഞ്ഞിട്ടും സായന്തും കല്ല്യാണിയും അതേപടി നിൽക്കുകയാണ്.. മൂപ്പൻ അവനെ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചതും ശ്വാസം വലിച്ച് വിട്ട് ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി കല്ല്യാണിയെ അവന്റെ ഇരുകയ്യിലും കോരിയെടുത്തു.. ” ചടങ്ങ് എങ്ങിനെയെന്ന് അറിയാലോ..
ഇന്ന് ഇനി ഇങ്ങോട്ട് വരണ്ട.. രണ്ട് കൂട്ടർക്കും ഈ രാത്രി കഴിച്ചു കൂട്ടാനുള്ള സൗകര്യം പുഴയോരതേ രണ്ട് മരങ്ങളിലെ ഏറ്മാടത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്..” മൂപ്പൻ നടന്ന് നീങ്ങിയ അവരോടായി പറഞ്ഞു.. സായന്ത് തിരിഞ്ഞു നോക്കി മൂപ്പനെ നോക്കി ചിരിച്ചെന്ന് വരുത്തി കല്ല്യാണിയെ ഒന്നു കൂടി കയറ്റി പിടിച്ചു.. ആ പിടുത്തതിൽ കല്ല്യാണി അവന്റെ നെഞ്ചോട് ഒന്നും കൂടി ഒട്ടി ചേർന്നു.. അവന്റെ നടപ്പിന്റെ വേഗത കൂടിയപ്പോൾ താഴേ വീഴുമെന്ന് പേടിച്ച് അവൾ പെട്ടെന്ന് അവന്റെ കഴുത്തിലൂടെ കയ്യിട്ട് ചുറ്റി പിടിച്ചു… ആ നടപ്പിലും അവളിൽ നിന്നുയരുന്ന ഗന്ധം പിന്നെയും സായന്തിന്റെ സിരകളിൽ വികരാഗ്നി പടർത്തുന്നുണ്ട്..
അവൻ അവളുടെ ചുണ്ടിലേക്ക് നോക്കി.. മുഖം അവളിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചതും എന്തോ ഓർത്ത് കണ്ണുകൾ ബലമായി അവളുടെ മുഖത്ത് നിന്ന് പറിച്ചെടുത്തു.. കണ്ണനും ചീരുവും കുറേയേറെ മുമ്പിലായി നടക്കുന്നത് നിലാവെട്ടത്തിൽ അവ്യക്തമായി കാണുന്നുണ്ട്.. അവരുടെ പിന്നാലെ സായന്തും വെച്ച് പിടിച്ചു.. കല്ല്യാണി അവന്റെ മുഖത്തേക്ക് ഉറ്റ് നോക്കി അവന്റെ കയ്യിൽ കിടക്കുകയാണ്.. അവനാകെ വിയർത്ത് കുളിച്ച് വിയർപ്പ് കണങ്ങൾ അവളുടെ മുഖത്തേക്ക് ഇറ്റ് വീഴുന്നുണ്ട്.. കല്ല്യാണി പെട്ടെന്ന് അവളുടെ മുന്താണി തുമ്പെടുത്ത് അവന്റെ മുഖം തുടച്ച് കൊടുത്തു.. അവനൊന്ന് അമ്പരന്ന് അവളുടെ മുഖത്തേക്ക് നോക്കി
” എന്ത് മുടിഞ്ഞ വെയ്റ്റാടി എരുമേ നിനക്ക്.. എന്റെ കൈ വേദനിച്ചു തുടങ്ങി” അവൻ അണപ്പോടേ പറഞ്ഞു “എങ്കിൽ എന്നെയങ്ങ് താഴെ നിർത്തിക്കോ.. നമ്മൾ ഇത് ചെയ്യ്താലും ഇല്ലേലും ഒരിക്കലും ഒന്നിച്ച് ജീവിക്കാൻ പോകുന്നില്ല..” കല്ല്യാണി അവന്റെ കയ്യിൽ കിടന്ന് കുതറി ചാടി ഇറങ്ങാൻ നോക്കി.. സായന്ത് അവളെ താഴേ ഇറങ്ങാൻ സമ്മതിക്കാതെ ഒന്നൂടെ ചേർത്ത് പിടിച്ചു.. അത് എന്തിനാന്നുള്ള ഭാവത്തിൽ അവനെ നോക്കിയ അവളോടായി
” എന്തായാലും തുടങ്ങി.. ഇനി ഈ ചടങ്ങും കൂടി കഴിയട്ടെ.. ഒന്നും പാതി വഴിയിൽ നിർത്തുന്ന ശീലം എനിക്കില്ല” ദുർഘടം പിടിച്ച കാട്ട് പാതയാണ് നിലവെട്ടം ഉണ്ടെങ്കിലും കല്ല്യാണിയെ കയ്യിൽ പിടിച്ചിരിക്കുന്നത് കൊണ്ട് താഴെയുള്ളതൊന്നും സായന്തിന് വ്യക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നില്ല.. ഇടയ്ക്കിടെ തട്ടി വീഴാൻ പോകുമ്പോൾ കല്ല്യാണി അവന്റെ കഴുത്തിലുള്ള പിടി വിടാതെ അവന്റെ നെഞ്ചിലേക്ക് ചേരും..
അതൊരു സുഖമുള്ള കാര്യമായത്തിനാൽ സായന്തിന്റെ മുഖത്തൊരു ചിരിയുണ്ട്.. സായന്ത് അവളെ കൂട്ടി നടന്ന് കാദംബരി പുഴയ്ക്കരികിൽ എത്തിയപ്പോഴേക്കും കണ്ണൻ ചീരുവിനേയും കൊണ്ട് പുഴയിൽ മുങ്ങി നിവർന്ന് ഇരുവരും കരയിൽ കയറി ഇരിപ്പായി.. സായന്തിനെ കണ്ടതും യാത്ര പറഞ്ഞ് അവർ തങ്ങളുടെ പ്രഥമരാത്രിയ്ക്കായ് ഒരുക്കിയ ഏറുമാടത്തിലേക്ക് പോയി.. അവർക്ക് ഫസ്റ്റ് നൈറ്റ് വിഷസ് പറയാൻ സായന്ത് മറന്നില്ല..അവർ പോയതും സായന്തും കല്ല്യാണിയും പലകുറി മൂപ്പനും മല്ലിയമ്മയും പറഞ്ഞ് കേട്ട കാദംബരി പുഴയെ നോക്കി.. മാനത്തെ അമ്പിളി നൽകിയ വെള്ളി കമ്പളം പുതച്ച് ശാന്ത സുന്ദരിയായി ഒഴുകുകയാണ് കാദംബരി..
മഞ്ഞ് പൊഴിഞ്ഞ് തുടങ്ങിയിരുന്നതിനാൽ പുഴയിൽ നിന്ന് വീശുന്ന കാറ്റിന് നല്ല തണുപ്പുണ്ട്.. കല്ല്യാണി ആ തണവേറ്റ് വിറച്ച് സായന്തിനോട് പറ്റി ചേർന്നു.. തണുത്ത കാറ്റിൽ അലിഞ്ഞു ചേർന്ന് അവന് ചുറ്റും പരക്കുന്ന കല്ല്യാണിയിലെ ഗന്ധം അവനെ പിന്നേയും ചൂട് പിടിപ്പിക്കാൻ തുടങ്ങിയതും സായന്ത് അവളേയും കൊണ്ട് പുഴയിലേക്കിറങ്ങി.. അവൻ പുഴയിൽ മുങ്ങി നിവരാൻ പോകുകയാണെന്ന് മനസ്സിലാക്കിയതോടെ കല്ല്യാണി കണ്ണുകൾ ഇറുക്കെ അടച്ചു..
കല്ല്യാണിയെ മുറുകെ പിടിച്ച് അവളുടെ മുഖത്തേക്ക് മിഴികൾ ഊന്നി കൊണ്ട് തന്നെ അവൻ പുഴയിലേക്ക് മുങ്ങി നിവർന്നു… തണുത്ത വെള്ളത്തിൽ നനഞ്ഞതും ഇരുവരും വിറയ്ക്കുന്നുണ്ട്.. എങ്കിലും മൂന്ന് തവണ മുങ്ങി നിവർന്ന് സായന്ത് കല്ല്യാണിയെ കൊണ്ട് കരയിൽ കയറി അവളെ താഴെ നിർത്തിയതും അവളവനെ വിട്ടകലും മുന്പേ സായന്ത് അവളെ മുറുകെ കെട്ടിപ്പിടിച്ച് തണുത്ത് വിറച്ചിരുന്ന അവളുടെ ചുണ്ടുകളെ സ്വന്തമാക്കിയിരുന്നു.. കല്ല്യാണി അവനെ അമർത്തി തള്ളി മാറ്റാൻ ശ്രമിക്കുന്നുണ്ട്..അവന്റെ പിടിയിൽ കിടന്ന് കുതറുന്നുണ്ട്.. അവളുടെ എതിർപ്പുകൾ കൂടും തോറും അവൻ അവന്റെ ചുംബനത്തിന്റെ ആഴം കൂട്ടുകയാണ് ചെയ്തത്..
അവളുടെ ചുണ്ട് മുറിഞ്ഞ് രക്തചുവ അവന്റെ ഉമിനീരിൽ കലർന്നിട്ടും സായന്ത് അവളെ വിടാൻ ഒരുക്കമല്ലായിരുന്നു.. അവൻ ആവേശത്തോടെ കല്ല്യാണിയുടെ കീഴ് ചുണ്ടുകളെ നുകരുന്നത് അവസാനിപ്പിച്ച് മേൽ ചുണ്ടിനെ ലക്ഷ്യം വച്ചു.. അവളുടെ വയറിൽ ഓടി നടന്ന അവന്റെ കൈകൾ വയറിൽ നിന്ന് മുകളിലേക്ക് വഴി കണ്ടെത്തി കയറി തുടങ്ങിയതും കല്ല്യാണി അവനെ തന്റെ സർവ്വ ബലമെടുത്ത് പുറകിലേക്ക് തള്ളി അവന്റെ കരണം പുകച്ച് ഒന്നങ്ങ് കൊടുത്തു…
ദേഷ്യവും സങ്കടവും അണപ്പൊട്ടിയൊഴുകുന്ന കണ്ണുകളാലേ അവനെ തീ പാറുന്ന വിധം നോക്കിയവൾ അവിടുന്ന് ഓടി പോയി.. സായന്ത് അവൻ ചെയ്ത തെറ്റിന്റെ കുറ്റബോധം പേറി തലകുനിച്ചു നിൽക്കുകയാണ്.. അവളുടെ കയ്യിന്റെ പാട് അവന്റെ വെളുത്ത മുഖത്ത് ചുവന്ന് കിടന്നു.. അടി കൊണ്ട കവിളിലൊന്ന് തടവി എന്തോ ഓർത്തത് പോൽ സായന്ത് നിറഞ്ഞ വന്ന കണ്ണുകൾ തുടച്ച് കല്ല്യാണി ഓടിയ വഴിയെ അവനും ഓടി.. ഉള്ളിൽ തിങ്ങി തികട്ടി വന്ന കണ്ണീരിന്റെ ഭാരം താങ്ങാനാവാതെ കല്ല്യാണി വലിയൊരു മരത്തിന് ചുവട്ടിലേക്ക് വീഴുകയായിരുന്നു.. ഏങ്ങലടിച്ചു കരയുന്ന അവളുടെ പുകിൽ സായന്ത് വന്ന് നിന്നു..
“കല്ല്യാണി” “എന്റെ അടുത്തേക്ക് വരരുത്” വല്ലാത്തൊരു വീറോടെ ആയിരുന്നു അവളുടെ ശബ്ദം. സായന്ത് സ്തബ്ധനായി അവൾക്കരികിലേക്ക് വെച്ച കാലടി പിന്വലിച്ച് അവളെ നോക്കി.. “ഒരിക്കൽ നിങ്ങളെന്നെ സ്നേഹം കാണിച്ച് കബളിപ്പിച്ചതാണ്.. ഒരിക്കലും നിങ്ങളെ വിശ്വസിക്കാൻ പാടില്ലായിരുന്നു ഞാൻ.. എന്നോട് ഇങ്ങനെ ചെയ്യാൻ നിങ്ങൾക്കെങ്ങനെ മനസ്സ് വന്നു” കല്ല്യാണി മുഖപ്പൊത്തി കരഞ്ഞു.. സായന്ത് ഒരു വിങ്ങലോടെ അവളുടെ മുമ്പിലേക്ക് ഇരുന്നു.. അവന്റെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ട്..അവളെ തൊടാൻ നീട്ടിയ അവന്റെ കൈ അവൾ തട്ടിയെറിഞ്ഞു.. ” എന്നെ തൊടരുത് നിങ്ങൾ” സായന്ത് അവളുടെ മുഖത്തേക്ക് നോക്കി
” കല്ല്യാണി I love you” അവന്റെ ആ വാക്കുകൾ അവളുടെ മുഖത്ത് പുച്ഛമാണ് ഉണ്ടാക്കിയത് ” ഇനിയും പറഞ്ഞു കബളിപ്പിക്കാനുള്ള ഭാവം ആകും അല്ലേ” സായന്ത് അവളുടെ കൈകൾ കൂട്ടിപ്പിടിച്ച് തന്റെ നെഞ്ചിലേക്ക് ചേർത്ത് ” ഒരിക്കലും മാപ്പർഹിക്കാത്ത തെറ്റാണ് ഞാൻ ചെയ്തത്.. എന്റെ വാശി എന്നെ കൊണ്ട് ചെയ്യിച്ചതാണ്.. ഇപ്പോൾ പക്ഷേ നീ എന്റെ പ്രാണനാണ്.. അതെനിക്ക് മനസ്സിലായത് ഈ ദിവസങ്ങളിലാണ്.. നിന്നെ കാണുമ്പോൾ മാത്രമാണ് എന്റെ ഹൃദയത്തിൽ പ്രണയതുടിപ്പ് ഉണ്ടാകുന്നത്.. അന്ന് പക നിറഞ്ഞ ചിത്ത ഭ്രമം ബാധിച്ച മനസ്സായിരുന്നു എനിക്ക്.. അതാണ് നിന്നെ അത്ര അധികം വേദനിപ്പിക്കേണ്ടി വന്നത്..
പക്ഷേ കല്ല്യാണി നീയെന്ന് വെച്ചാൽ എനിക്കിപ്പോൾ ജീവനാണ്.. എന്റെ ജീവവായുവാണ്.. എന്നെയൊന്ന് വിശ്വസിക്ക് കല്ല്യാണി” അവൻ പ്രതീക്ഷയോടെ നിറഞ്ഞ തൂവിയ കണ്ണുകളാൽ കല്ല്യാണിയുടെ മുഖത്തേക്ക് നോക്കി.. അവൾ തലകുമ്പിട്ട് ഏങ്ങലടിക്കല്ലാതെ ഒന്നും പറഞ്ഞില്ല.. “കല്ല്യാണി.. കുറച്ച് നേരത്തെ സംഭവിച്ചത്.. അത്.. ഞാൻ വേണമെന്ന് കരുതി ചെയ്തതല്ല.. നിന്നിൽ നിന്നുയരുന്ന ഗന്ധം എന്നെ ചൂട് പിടിപ്പിക്കുന്നു.. പിടിച്ച് നിൽക്കാൻ സാധിച്ചില്ല…പക്ഷേ.. എന്റെ ഇഷ്ടം ഞാൻ നിന്നെ അറിയിച്ചത് സത്യമാണ് കല്ല്യാണി.. നീ ഇല്ലാതെ എനിക്കിനി പറ്റില്ല.. നിന്റെ വെറുപ്പും ദേഷ്യവും മാറും വരേയ്ക്കും നിന്റെ സ്നേഹത്തിനായി കാത്തിരിക്കാം..
നീ അന്ന് എന്നോട് ചോദിച്ചത് സത്യം ആയിരുന്നു കല്ല്യാണി.. ആ രാത്രിയിൽ നിന്നെ കാണാൻ നിന്റെ വീട്ടിലേക്ക് വന്നത് അന്ന് നിന്നെ കണ്ടില്ലേൽ ഭ്രാന്ത് പിടിക്കുമെന്ന് തോന്നിയപ്പോഴാണ്.. കല്ല്യാണി I love you.. I deeply madly love with you.. plz കല്ല്യാണി നീയില്ലാതെ എനിക്ക് പറ്റില്ല..” അവന്റെ കണ്ണുനീർ അവൻ കൂട്ടിപിടിച്ചിരുന്ന അവളുടെ കൈകളെ നനയ്ക്കുന്നുണ്ട്. അവളൊന്നു പറയാതെ സായന്തിന്റെ കൈകളിൽ നിന്ന് തന്റെ കൈകളെ മോചിപ്പിച്ച് അവന്റെ മുഖത്തേക്ക് നോക്കാതെ എണീറ്റു നടന്നു.. അവളുടെ ആ മൗനം ചുട്ട് പൊള്ളിക്കുന്നത് പോലെ തോന്നിയവന്……..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]