Gulf

സ്‌കൂളുകള്‍ക്ക് തോന്നിയപോലെ ഫീസ് കൂട്ടാനാവില്ലെന്ന് അഡെക്; പരമാവധി വര്‍ധനവ് 15 ശതമാനം മാത്രം

അബുദാബി: ഏത് സാഹചര്യത്തിലായാലും ട്യൂഷന്‍ ഫീസ് 15 ശതമാനത്തില്‍ കൂടുതല്‍ വര്‍ധിപ്പിക്കാന്‍ പാടില്ലെന്ന് അബൂദാബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് നോളജ്(അഡെക്) നിര്‍ദേശം നല്‍കി. അബുദാബിയിലെ സ്വകാര്യ സ്‌കൂളുകള്‍ അസാധാരണമായ രീതിയില്‍ ഫീസ് വര്‍ധനവിന് തുനിയുന്നതിന് മുന്‍പ് സര്‍ക്കാര്‍ നിബന്ധനകള്‍ പാലിക്കണണമെന്നും ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ പുതിയ വിദ്യാഭ്യാസ നയം നിര്‍ദേശിക്കുന്നു.

അബൂദാബിയുടെ വിദ്യാഭ്യാസ ചെലവ് സൂചികയെ അടിസ്ഥാനമാക്കി അസാധാരണമായ ട്യൂഷന്‍ ഫീസ് വര്‍ദ്ധനവിന് അഡെക് പരിധി നിശ്ചയിച്ചിട്ടുമുണ്ട്. ഫീസ് വര്‍ധനവില്‍ ഫീസ് ഡോക്യുമെന്റ് പ്രോസസ്സിംഗ്, മേല്‍നോട്ടം, മെയിലിംഗ് എന്നിവ പോലുള്ള ചെലവുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കണം. വിദ്യാഭ്യാസ ചെലവ് സൂചികയെ അടിസ്ഥാനമാക്കി അസാധാരണമായ ട്യൂഷന്‍ ഫീസ് വര്‍ദ്ധനവിന് അഡെക്ക് നിശ്ചയിച്ചിരിക്കുന്ന പരിധി പരമാവധി നിലവിലെ ട്യൂഷന്‍ ഫീസിന്റെ 15 ശതമാനംവരെയാണ്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ വിദ്യാലയ നടത്തിപ്പിലെ സാമ്പത്തിക നഷ്ടം തെളിയിക്കുകയും ഈ കാലയളവിലെ ഓഡിറ്റ് ചെയ്ത സാമ്പത്തിക പ്രസ്താവനകള്‍ ഫീസ് വര്‍ധിപ്പിക്കാന്‍ യോഗ്യത നേടുന്നതിന് മുന്‍പ് അഡെക്കിന് സ്‌കൂളുകള്‍ നല്‍കണം. കൂടാതെ, അവര്‍ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും പ്രവര്‍ത്തിക്കുകയും സാധുതയുള്ള ലൈസന്‍സ് കൈവശം വയ്ക്കുകയും സ്‌കൂളിന്റെ ആകെ ശേഷിയുടെ കുറഞ്ഞത് 80 ശതമാനം വിദ്യാര്‍ഥികളെങ്കിലും നിലവില്‍ പഠനം തുടരുകയും വേണം. അപേക്ഷയ്ക്ക് അഡെക്കിന്റെ അംഗീകാരം ലഭിച്ചാല്‍, ഓരോ അധ്യയന വര്‍ഷവും ഒരു തവണ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ വിദ്യാലയങ്ങള്‍ക്ക് അധികാരമുണ്ടായിരിക്കും.

ഒരേ സ്‌കൂളില്‍ കുട്ടികളെ ചേര്‍ക്കുന്ന സ്റ്റാഫ് അംഗങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക ഫീസ് കിഴിവുകള്‍, നിര്‍വചിക്കപ്പെട്ട തുകകള്‍, സമയം, റീഫണ്ട് നയങ്ങള്‍, മറ്റ് നിബന്ധനകള്‍ എന്നിവ അവരുടെ കരാറുകളില്‍ വ്യക്തമായി ഉള്‍പ്പെടുത്തിയിരിക്കണം. ഫീസ് വര്‍ദ്ധനയ്ക്കുള്ള സ്‌കൂളുകളുടെ ഏതൊരു അഭ്യര്‍ത്ഥനയും നിരസിക്കാനുള്ള അവകാശം ഡിപ്പാര്‍ട്ട്മെന്റിന് ഉണ്ടായിരിക്കുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. ഫീസ് അമിതമായി വര്‍ധിപ്പിക്കുന്നതായി കാണിച്ച് പല രക്ഷിതാക്കളും അഡെക്കിന് പരാതി നല്‍കിയിരുന്നു.

Related Articles

Back to top button
error: Content is protected !!