Novel

ഹൃദയം: ഭാഗം 7

[ad_1]

രചന: മുല്ല

കുളത്തിലെ വെള്ളത്തിൽ ആടി തിമിർക്കുന്നുണ്ട് അനുവും ഗീതുവും… കമിഴ്ന്നു കിടന്നും മലർന്ന് കിടന്നും ഒക്കെ നീന്തുന്ന അവരെ നോക്കി പടവിൽ ഇരുന്നതേ ഉള്ളൂ ദീപു…. കാരണം നീന്തൽ അറിയില്ല എന്നത് തന്നെ….

“ഇറങ്ങി വാ ദീപു….”

അനു വിളിക്കുന്നുണ്ടെങ്കിലും ഇല്ലെന്ന് തലയാട്ടി ദീപു….

“ഇങ്ങു വാന്നേ… പിന്നെ നീയെങ്ങനെയാ കുളിക്കാൻ പോണേ ..”

അനു പറഞ്ഞപ്പോൾ ശെരിയാണല്ലോ എന്നോർത്തു… വെള്ളത്തിൽ ഇറങ്ങാതെ എങ്ങനെ കുളിക്കാൻ പറ്റും… പിന്നൊന്നും നോക്കിയില്ല…. വെള്ളത്തിലേക്ക് ഇറങ്ങി…. ചെറിയൊരു പേടി ഉണ്ടായിരുന്നെങ്കിലും അധികം ആഴം ഇല്ലാത്ത ഭാഗത്തു ഒരു വിധം നിന്നു അവൾ… കഴുത്തോപ്പം വെള്ളം ഉണ്ട്….

ഒരു മേൽമുണ്ട് കൊണ്ട് കച്ച കെട്ടിയത് പോലെ ആയിരുന്നു അവരുടെ മൂവരുടെയും വേഷം…. ആദ്യമായിട്ട് ഇങ്ങനൊരു വേഷം ധരിക്കുന്നത് കൊണ്ട് ദീപുവിന്റെ മുഖത്തൊരു ചമ്മൽ ഉണ്ട്….  നനഞ്ഞതും തന്റെ ദേഹം പരമാവധി വെള്ളത്തിലേക്ക് താഴ്ത്തി നിന്നു അവൾ….. 

നീന്തൽ അവസാനിപ്പിച്ചു കൊണ്ട് ഗീതുവും അനുവും അവളുടെ ചാരെ വന്നു…. അവർക്ക് ആ വേഷത്തിൽ ചമ്മലൊന്നും ഇല്ല…. സ്ഥിരം ആയത് കൊണ്ടാവും…

“ദീപു ചേച്ചി ഇന്ന് പോകുമല്ലേ….”

ഗീതു ചോദിച്ചപ്പോൾ ആയിരുന്നു അങ്ങനെ ഒരു കാര്യം ഉണ്ടല്ലോ എന്ന് ദീപു ഓർക്കുന്നതും… രണ്ട് ദിവസം ഇവരിൽ ഒരാളായി ഇവിടത്തുകാരി ആയി മാറിയിരുന്നു താൻ…. ഇനിയും തന്റെ ഒറ്റപ്പെടലിലേക്ക് പോകണമല്ലോ എന്നോർക്കേ അവളുടെ കണ്ണു നിറഞ്ഞു… ഒപ്പം യദു എന്ന ചിന്ത…. കുഴിച്ചു മൂടാൻ ശ്രമിക്കും തോറും മിഴിവോടെ മനസ്സിൽ തെളിഞ്ഞു വരുന്ന ആ കാഴ്ച… യദുവിന്റെ ഒപ്പം തന്നെ മനസ്സിലേക്ക് കേറി വരുന്ന സാക്ഷി എന്ന പേര്…. വെറുപ്പ് തോന്നി….

“ദീപു … നീ വീണ്ടും അയാളെ തന്നെ ആലോചിച്ച് നിക്കുവാണോ…”

അനു ചോദിച്ചതും ഒന്ന് പുഞ്ചിരിച്ചു…

“പെട്ടെന്നൊന്നും മറക്കാൻ പറ്റില്ലല്ലോ അനൂ… നാലു വർഷം ഞാൻ ജീവനെ പോലെ സ്നേഹിച്ച അവൻ എനിക്ക് ഏൽപ്പിച്ച മുറിവ് ചെറുതൊന്നും അല്ല….”

“എന്നിട്ടും അവനെ മറക്കാൻ പറ്റില്ലെന്നോ….”

“മറക്കാൻ ശ്രമിക്കുന്നുണ്ട് ഞാൻ…. പക്ഷേ ഇപ്പോ മറക്കാത്തത് അവനോടുള്ള ഇഷ്ടമല്ല…. അവനെനിക്ക് കണ്മുന്നിൽ കാണിച്ച കാഴ്ച… അവന്റെ വാക്കുകളിലെ പരിഹാസം… അവഗണന…”

“ഒന്നും ഓർക്കണ്ട ദീപു… ഇപ്പൊ നീ രണ്ട് ദിവസം സന്തോഷിച്ചില്ലേ… അതേ പോലെ ഇനിയും മുന്നോട്ട് പോകണം…. നീയായിട്ട്  തന്നെ വേണം ആ സന്തോഷം കണ്ടെത്താൻ…..”

“അത്‌ നിങ്ങളൊക്കെ ഉള്ളത് കൊണ്ടല്ലേ… എല്ലാവരും കൂടെ ആയപ്പോ ഞാൻ മറന്നു പോയതാ… ഇനിയിപ്പോ ഇന്ന് രാത്രി മുതല് വീണ്ടും എല്ലാം ഓർത്ത് തുടങ്ങും…”

“അപ്പൊ പിന്നെ ചേച്ചി ഇവിടെ തന്നെ നിന്നോ…”

ഗീതു ഒരു സൊല്യൂഷൻ പറഞ്ഞതും ദീപു പുഞ്ചിരിച്ചു….

“നിങ്ങളൊക്കെ ആയിട്ട് ഒരു റിലേഷനും ഇല്ലാത്ത ഞാൻ എങ്ങനെ നിൽക്കാനാ ഗീതൂ ഇവിടെ….”

“റിലേഷൻ ഇല്ലെങ്കിൽ റിലേഷൻ ഉണ്ടാക്കണം….”

വലിയ എന്തോ കാര്യം പോലെ പറഞ്ഞു ഗീതു  .

“എങ്ങനെ…..”

ദീപുവിന്റെ നെറ്റി ചുളിഞ്ഞു…

“ചേച്ചിക്ക് ഇവിടെ നിക്കണെങ്കി ഒറ്റ വഴിയേ ഉള്ളൂ…. ഇവിടത്തെ ഏതെങ്കിലും ഒരു ചേട്ടൻ ചേച്ചിയെ കെട്ടണം…. ഞാനൊരു കാര്യം ചെയ്യാം… ഏട്ടനോട് പറയാം ഈ ചേച്ചിയെ കെട്ടിക്കോളാൻ….”

“ഏട്ടനോടോ… ഏത് ഏട്ടനോട്…”

ദീപുവിന്റെ ശബ്ദം ഉയർന്നു പൊയി..

“എന്റെ ഏട്ടൻ ഏതാ…. ഉണ്ണിയേട്ടൻ… ഉണ്ണിയേട്ടൻ ചേച്ചിയെ കെട്ടിയാല് ചേച്ചിക്ക് സുഖായിട്ട് ഇവിടെ നിന്നൂടെ….”

ദീപു ഞെട്ടിക്കൊണ്ട് അനുവിനെ നോക്കി…. അനു മുഖം തിരിച്ചു അപ്പുറത്തേക്ക് തിരിഞ്ഞു നിന്നു…

പാവത്തിന് വിഷമം ആയിട്ടുണ്ടാവും…. അപ്പൊ ഇവര് ഇഷ്ടത്തിൽ ആണെന്ന് വീട്ടുകാർക്ക് അറിയില്ലായിരിക്കുമോ …

“പിന്നേ…. നീയെന്താ ഗീതു ഈ പറയുന്നേ…. ഗൗതമോ… അപ്പൊ പിന്നെ അനുവോ… അവരുടെ ഇഷ്ട്ടമോ….. ഒരാളെയും വേദനിപ്പിച്ചിട്ട് എനിക്കിവിടെ നിൽക്കണ്ട ഗീതു…..”

“ഇഷ്ട്ടോ… ചേച്ചി എന്താ ഈ പറയണേ…..”

“നീ അനുവിനോട് ചോദിച്ചു നോക്ക്…. നിന്റെ ഏട്ടനും അനുവും തമ്മിൽ ഇഷ്ടത്തിലാ…. അധികം താമസിയാതെ കല്യാണം കഴിക്കാനും പോകുവാ…..”

അവിശ്വസനീയതയോടെ ഗീതു ദീപുവിനെ നോക്കി…. പിന്നെ അനുവിനെയും….

“സത്യാണോ അനു ചേച്ചി….”

അനു ഗീതുവിനെയും ദീപുവിനെയും മാറി മാറി നോക്കി….

”ഞാനും ഉണ്ണിയേട്ടനും ഇഷ്ടത്തിൽ ആണെന്ന് ദീപുവിനോട് എപ്പോഴാ പറഞ്ഞേ ഞാൻ…..”

അനുവിന്റെ മുഖത്ത് അടക്കി പിടിച്ച ചിരി…..

“താൻ അല്ലേ അപ്പൊ എന്നോട് കല്യാണം ഉടനെ ഉണ്ടാകും എന്ന് പറഞ്ഞേ ….”

“അതേ… കല്യാണം ഉടനെ ഉണ്ടാകും… പക്ഷെ അത്‌ ഞാനും ഉണ്ണിയേട്ടനും തമ്മിൽ അല്ല…. ഞാനും വിപിയേട്ടനും തമ്മിലാ….. ഞങ്ങടെ എൻഗേജ്മെന്റ് കഴിഞ്ഞതാ….”

ദീപുവിന്റെ മുഖം ചുളിഞ്ഞു…

“വിപിയോ …..

“ആ… വിപിയേട്ടൻ…. ഇന്നലെ ഉണ്ണിയേട്ടന്റെ ഒപ്പം ശിങ്കാരി മേളത്തില് കൊട്ടാൻ ഉണ്ടായിരുന്നു ആള്…….”

“അപ്പൊ പിന്നെ എന്തിനാ എന്നോട് അങ്ങനൊക്കെ പറഞ്ഞേ….”

“അതോ… അത്‌ ദീപു തന്നെ അല്ലേ ചോദിച്ചേ.. ഭാര്യ ആണോ എന്നൊക്കെ…. അപ്പൊ ഞാനൊരു തമാശക്ക് പറഞ്ഞതാ….”

“എന്നോട് ഇതൊന്നും ആരും പറഞ്ഞില്ല…. പിന്നെ നിങ്ങള് തമ്മിലുള്ള അടുപ്പം കണ്ടപ്പോ ഞാൻ കരുതി…”

“എന്റെ ദീപൂ…. ഉണ്ണിയേട്ടൻ എനിക്കെന്റെ സ്വന്തം ഏട്ടനെ പോലെയാ… ഉണ്ണിയേട്ടനും ഇവള് എങ്ങനെ ആണോ അങ്ങനെ ആണ് ഞാൻ… അല്ലാതെ താൻ വിചാരിക്കുന്ന പോലെ….. അയ്യേ….”

ദീപുവിന് ജാള്യത തോന്നി…..
എന്നാലും ഉള്ളിൽ ഒരു സംശയം…..

“അപ്പൊ ഗൗതം പറഞ്ഞല്ലോ ഇവിടെ അവനെ കാത്തു ഒരു പെണ്ണുണ്ട്… ആ പെണ്ണിനെ അവൻ ആത്മാർഥമായിട്ടാ സ്നേഹിക്കുന്നെ എന്നൊക്കെ…”

“ആണോ…. അങ്ങനെ വരാൻ വഴിയില്ലല്ലോ…”

“അതെന്താ…..”

“ഇവിടെ എന്തായാലും ഉണ്ണിയേട്ടൻ സ്നേഹിക്കുന്ന ഒരു പെണ്ണില്ല…. ഇനിയിപ്പോ അവിടെ എങ്ങാനും ഉണ്ടോ ആവോ….. ഏയ്‌.. ഉണ്ടാവില്ല…. അല്ലാ…. ഇപ്പൊ ഏകദേശം ഒക്കെ ക്ലിയർ ആയില്ലേ…….  ഇനി ഗീതു പറഞ്ഞത് പോലെ നമുക്ക് നോക്കിയാലോ…..”

പെട്ടെന്ന് ദീപുവിന്റെ മുഖം മങ്ങി..

“വേണ്ട… അതൊന്നും ശെരിയാവില്ല….”

“അതെന്താ…. ഇപ്പോഴും ആ ചതിച്ചവൻ ആണോ നിന്റെ മനസ്സില്…..”

ദീപുവിന്റെ കണ്ണ് നിറഞ്ഞു….

“അവനെ മറക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഞാൻ…. ഒരാള് പോയ ഉടനെ മറ്റൊരാളെ എന്റെ ഹൃദയത്തിലേക്ക് ചേർത്ത് വെക്കാൻ എനിക്ക് കഴിയില്ല…. ഇനിയുമൊരു മുറിവ് കൂടി എന്റെ ഹൃദയം താങ്ങില്ല അനൂ…..”

“ഉണ്ണിയേട്ടൻ ഒരിക്കലും നിനക്കൊരു മുറിവ് സമ്മാനിക്കില്ല ദീപു… ആളെ ഞങ്ങൾക്ക് അറിയാം…  പിന്നെ ഒക്കെ നിന്റെ ഇഷ്ട്ടം ആണ്… ഒരാളെ സ്നേഹിക്കണോ അതോ തള്ളി കളയണോ എന്ന് തീരുമാനിക്കേണ്ടത് നീയാണ്…..”

അതേസമയം  തന്നെ കുളത്തിലേക്കുള്ള വാതിലിൽ ആരോ തട്ടി…..

“കഴിഞ്ഞില്ലേ നിങ്ങടെ കുളി…. ഒന്നിറങ്ങുന്നുണ്ടോ മൂന്നും… എനിക്ക് കുളിക്കണം…”

“ദൈവമേ … ഉണ്ണിയേട്ടൻ…..”

അനു പറഞ്ഞതും ദീപുവിന്റെ ദേഹത്തൂടെ ഒരു വിറയൽ കടന്നു പോയി…..

വേഗം കുളിച്ചു മറപ്പുരയിൽ പോയി ഡ്രസ്സ്‌ മാറി ഇറങ്ങി മൂന്ന് പേരും….

വാതിൽ തുറന്നതും അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു ഗൗതം….

“തമ്പുരാട്ടിമാരുടെ നീരാട്ട് കഴിയാൻ ഇത്രേം നേരോ…..”

“പിന്നെ… ഞങ്ങള് മൂന്നാള് ഇല്ലേ ഉണ്ണിയേട്ടാ….”

അനു പറഞ്ഞതും അവൻ ഗൗരവത്തോടെ ഒന്ന് മൂളി….
അവന്റെ നോട്ടം ദീപുവിലേക്ക് എത്തിയതും അവളൊന്ന് ചൂളി…. വേഗം മുഖം കുനിച്ചു….

“ദേ… ഈ മൊതലിനെ സൂക്ഷിച്ചില്ലേ…. നിറഞ്ഞു കെടക്കണ വെള്ളം കാണുമ്പോ വേറെ വല്ലതും ഒക്കെ തോന്നും ഇവൾക്ക്…”

“മതി ഗൗതം… എന്റെ ബുദ്ധിമോശത്തിന് ഞാൻ അപ്പൊ അങ്ങനെ ഒരു തീരുമാനം എടുത്തു പോയി… പിന്നേം പിന്നേം അതിനെ പറ്റി പറഞ്ഞു കുത്തി നോവിക്കേണ്ട  കാര്യം ഇല്ല…..”

അവനെ നോക്കി രൂക്ഷമായി പറഞ്ഞിട്ട് ദീപു വേഗം നടന്നു….

“സമാധാനായല്ലോ ഏട്ടന്….”

ഗൗതമിനെ നോക്കി കണ്ണുരുട്ടി പറഞ്ഞിട്ട് അനുവും ഗീതുവും അവൾക്ക് പിന്നാലെ ഓടി…..

അത്‌ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഗൗതം കുളത്തിലേക്ക് പോയി……………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button