ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത വ്യാഴാഴ്ചയിലേക്ക് മാറ്റി
[ad_1]
നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത വ്യാഴാഴ്ചയിലേക്ക് മാറ്റി. നീറ്റ് പുനഃപരീക്ഷ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികളിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും കേന്ദ്രസർക്കാരും സത്യവാങ് മൂലം സമർപ്പിച്ചിട്ടുണ്ട്. എന്നാൽ കേസിലെ കക്ഷികൾക്ക് ഇതു പരിശോധിക്കാൻ സമയം ലഭിച്ചിട്ടില്ലാത്തതിനാൽ, ഹർജി പരിഗണിക്കുന്നത് ജുലൈ 18ലേക്ക് മാറ്റുന്നതായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ചോദ്യപേപ്പർ ചോർച്ചയുടേയും ക്രമക്കേടുകളുടെയും പശ്ചാത്തലത്തിൽ മെയ് അഞ്ചിന് നടത്തിയ നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും, പുനഃപരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്. വ്യത്യസ്ത ഹർജികളെല്ലാം ഒറ്റ ഹർജിയായി സമർപ്പിക്കാൻ കഴിഞ്ഞതവണ കേസ് പരിഗണിക്കവെ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
അതേസമയം നീറ്റ് പുനഃപരീക്ഷയെ നാഷണൽ ടെസ്റ്റിങ് ഏജൻസിയും കേന്ദ്രസർക്കാരും എതിർക്കുകയാണ്. വ്യാപകമായ ചോർച്ചയുണ്ടായിട്ടില്ലെന്നും ബിഹാറിലെ ഒരു കേന്ദ്രത്തിൽ മാത്രമാണ് ചോർച്ചയുണ്ടായതെന്നും സിബിഐ വ്യക്തമാക്കുന്നു. ക്രമക്കേടിൽ പങ്കുണ്ടെന്ന് കണ്ടെത്തുന്ന ഒരാളെപ്പോലും വെറുതെ വിടില്ലെന്നും, ഭാവിയിൽ എൻടിഎ നടത്തുന്ന പരീക്ഷകൾ കൂടുതൽ സുതാര്യമായി നടത്താൻ നടപടി സ്വീകരിക്കുമെന്നും കേന്ദ്രസർക്കാരും കോടതിയെ അറിയിച്ചു.
[ad_2]