ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ 26 കിലോ സ്വർണം തട്ടിപ്പ് കേസ്; പ്രതിയായ മുൻ ബാങ്ക് മാനേജർ പിടിയിൽ
ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിൽ നിന്നും 26 കിലോ സ്വർണം തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. മുൻ ബാങ്ക് മാനേജർ മധ ജയകുമാറാണ് അറസ്റ്റിലായത്. തെലങ്കാനയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മധ ജയകുമാറിനെ കസ്റ്റഡിയിലെടുക്കാനായി കേരളാ പോലീസ് സംഘം തെലങ്കാനയിലേക്ക് പുറപ്പെട്ടിട്ടുണ്ട്
17 കോടിയുടെ സ്വർണമാണ് വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ നിന്ന് നഷ്ടമായത്. മൂന്ന് വർഷമായി ബാങ്കിലുണ്ടായിരുന്ന മാനേജർ സ്ഥലം മാറി പോകുകയും പുറകെ എത്തിയ പുതിയ മാനേജർ പരിശോധന നടത്തുകയും ചെയ്തപ്പോഴാണ് സ്വർണതട്ടിപ്പ് വ്യക്തമാകുന്നത്.
ബാങ്കിലെ 26 കിലോ സ്വർണം വ്യാജമാണെന്ന് തെളിയുകയായിരുന്നു. സ്ഥലം മാറിപ്പോയ മധ ജയകുമാർ പുതിയ സ്ഥലത്ത് ചുമതല എടുക്കാതെ നിൽക്കുകയും ഫോൺ ഓഫാക്കി വെച്ചതോടെയും തട്ടിപ്പിന് പിന്നിൽ ഇയാളെന്ന് വ്യക്തമായി.
എന്നാൽ എല്ലാത്തിനും പിന്നിൽ സോണൽ മാനേജറാണെന്നും സ്വകാര്യ ധനകാര്യ സ്ഥാപനവുമായി ചേർന്ന് വൻ തട്ടിപ്പാണ് നടന്നതെന്നും വ്യക്തമാക്കി മധ ജയകുമാർ വീഡിയോ പുറത്തുവിട്ടിരുന്നു. സോണൽ മാനേജരുടെ നിർദേശപ്രകാരമാണ് താൻ ഇങ്ങനെ ചെയ്തതെന്നും ഇയാൾ പറഞ്ഞിരുന്നു. മധ ജയകുമാറിനെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.