ഓഹരി നിക്ഷേപകരുടെ മാനസ ഗുരുവായ 94കാരന്‍ കോക്കക്കോളയില്‍ നിക്ഷേപിച്ചത് 28 ബില്യണ്‍
വാഷിങ്ടണ്‍: ആരാലും വിശേഷണങ്ങളില്‍ ഒതുക്കി തീര്‍ക്കാന്‍ സാധിക്കാത്ത ഒരു പേരാണ് വാറന്‍ ബഫറ്റ് എന്ന നിക്ഷേപകന്റേത്. 94 വയസുള്ള ഓഹരി നിക്ഷേപകരുടെ മാനസഗുരുവായ ഇദ്ദേഹം കൊക്കകോളയെന്ന ബിവറേജ് കമ്പനിയില്‍ മാത്രം നിക്ഷേപിച്ചിരിക്കുന്ന തുക കേട്ടാല്‍ ആരും അത്ഭുതപ്പെട്ടുപോകുമെന്ന് തീര്‍ച്ച. ഒന്നും രണ്ടും കോടിയൊന്നുമല്ല, ഈ മനുഷ്യന്റെ നിക്ഷേപം.
ബഫറ്റിന്റെ നിക്ഷേപ സ്ഥാപനമായ ബെര്‍ക്ക്‌ഷെയര്‍ ഹാത്ത്വേ കൊക്കക്കോള കമ്പനിയുടെ 10 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയിരിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ 28 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കൊക്കക്കോളയുടെ 400 ദശലക്ഷം ഓഹരികള്‍ക്ക് ഉടമയാണ് ബഫറ്റെന്നതാണ് യാഥാര്‍ഥ്യം.
ബിസിനസ് ലോകത്തെ അതികായനെന്നതിനൊപ്പം സമ്പത്ത് സൃഷ്ടിക്കുന്നതില്‍ അഗ്രഗണ്യനായ ബഫറ്റ് ഓഹരി വിപണി നിക്ഷേപകരുടെ കാണപ്പെട്ട ദൈവമായാണ് പരക്കേ അറിയപ്പെടുന്നത്. തന്റെ നിക്ഷേപവുമായി ബന്ധപ്പെട്ട ഒരൊറ്റ ഉപദേശവും ഇന്നേവരെ തെറ്റിയിട്ടില്ലെന്നത് ഇദ്ദേഹത്തിന്റെ വാക്കു കേള്‍ക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു.
ദിവസവും 5 ക്യാന്‍ കൊക്കക്കോള കുടിക്കുന്ന ഒരു വ്യക്തികൂടിയാണ് ഇദ്ദേഹം. കൊക്കക്കോളയുടെ ചെറി കോക്ക് ഫ്ളേവറാണ് ബഫറ്റിന് ഏറെ പ്രിയം. തന്റെ ശരീരത്തിന് ദിനേന ആവശ്യമായ കാലറിയുടെ 25 ശതമാവും കോളയില്‍ നിന്നാണെന്നും അദ്ദേഹം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. തന്നെ നാലായി ഭാഗിച്ചാല്‍ അതില്‍ ഒരു ഭാഗം കൊക്കക്കോള ആയിരിക്കുമെന്നു ബഫറ്റ് പറഞ്ഞത് വെറും ഒരു തമാശയല്ലെന്നു ചുരുക്കം.
ജീവിതത്തെ അത്രമേല്‍ സ്‌നേഹിക്കുന്ന ഈ മനുഷ്യന്‍ ജീവിതം പൂര്‍ണമായും ആസ്വദിക്കാനുള്ളതാണെന്ന വിശ്വാസക്കാരനാണ്. ഏറെ വിചിത്രമായ ഭക്ഷണ ശീലങ്ങളുടെ ഉടമയായ ഇദ്ദേഹം ചൂടന്‍ ഫഡ്ജ് സണ്‍ഡേകളും കോക്കകോളയുമാണ് പതിവായി കഴിക്കുന്നത്. പ്രതിദിനം 2,600 മുതല്‍ 2,700 കലോറി വരെ ആഹാരമാണ് കഴിക്കുന്നത്. തനിക്ക് ഇഷ്ടമുള്ളത് കഴിക്കാന്‍ വേണ്ടി തന്റെ ജീവിതത്തിലെ ഒരു വര്‍ഷം ട്രേഡ് ചെയ്യുമെന്ന പ്രഖ്യാപിച്ച മനുഷ്യന്‍ കൂടിയാണ് ഈ നിക്ഷേപരാജന്‍.
പ്രോസ്റ്റേറ്റ് കാന്‍സര്‍ ബഫറ്റിന് 2012ല്‍ സ്ഥിരീകരിച്ചിരുന്നെങ്കിലും കൊക്കകോള മൂലമാണ് തനിക്ക് രോഗമുണ്ടായതെന്ന് താന്‍ കരുതുന്നില്ലെന്നായിരുന്നു അദ്ദേഹം ഇതിനോട് പ്രകരിച്ചത്. പണ്ട് പെപ്സിയുടെ കടുത്ത ആരാധകനായിരുന്ന ബഫറ്റ് പിന്നീടാണ് കൊക്കകോളയെ പ്രണയിക്കാന്‍ ആരംഭിച്ചത്. സ്വന്തം മകനില്‍നിന്ന് പെപ്‌സി കുടിക്കുന്നതിനാല്‍ അദ്ദേഹത്തിന് ‘പെപ്സി വാറന്‍’ എന്ന കളിപ്പേരുപോലും കിട്ടിയിരുന്നു.