Novel

നിൻ വഴിയേ: ഭാഗം 26

രചന: അഫ്‌ന

“എന്നാലും ഈ ചെക്കൻ എന്താ ഒന്നും മിണ്ടാതെ പോയേ,”അമ്മ

“ജോലിയുടെ ആവിശ്യത്തിന് പോയതന്നല്ലേ മാലതി പറഞ്ഞേ “മുത്തശ്ശി

“എന്നാലും എല്ലാത്തിനും മുൻപിൽ നിന്ന് നടത്തേണ്ടവനാ, നിശ്ചയത്തിനും എത്തില്ലെന്ന് കേട്ടപ്പോൾ എന്തോ വല്ലാത്തൊരു വീർപ്പുമുട്ടൽ….”അമ്മ രാവിലെ മാലതിയുടെ അടുക്കൽ വിശേഷം അറിയാൻ പോയപ്പോയാണ് ദീപു പോയ വിവരമൊക്കെ അമ്മ അറിയുന്നത്… ഒന്നും മിണ്ടാതെ പോയെന്നുള്ള സങ്കടം ആണ് ഇപ്പോ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നത്.

ഇതെല്ലാം കേട്ട് അകത്തേക്ക് കയറാൻ നിന്ന് അജയ് തിരിച്ചു ഉമ്മറത്ത് തന്നെ വന്നിരുന്നു….. അവന്റെ ഉള്ളിൽ വീണ്ടും അന്ന് രാത്രി ദീപു അമ്മയോട് പറയുന്ന വാക്കുകളായിരുന്നു.

നീ ഇത്രയധികം അവളെ സ്നേഹിച്ചിരുന്നോ ദീപു….ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഞാൻ കൂടെ നിൽക്കില്ലേ.പക്ഷേ ഇപ്പൊ എനിക്ക് നിന്നോട് ഒന്നും ചോദിക്കാൻ വയ്യ. കാരണം സമയം ഒരുപാട് വൈകി…. തനുവിന്റെ മനസ്സിൽ അഭിയും അവന്റെ മനസ്സിൽ തനുവും മാത്രമായി……. ഇല്ലെങ്കിൽ ആരൊക്കേ കണ്ടിട്ട് പോയാലും അച്ഛൻ നിന്റെ അടുത്തേക്ക് തന്നെ വന്നേനെ…… നിന്റെ മനസ്സിൽ അങ്ങനെ ഒന്നില്ലെന്ന് കരുതിയല്ലേ എല്ലാവരും മൗനം പാലിച്ചേ. എന്നിട്ടിപ്പോ ഈ അവസാന നിമിഷം……..

അജയ് നിറഞ്ഞ കണ്ണുകൾ മുണ്ടിന്റെ അറ്റം കൊണ്ടു തുടച്ചു പടിയിൽ തല ചായ്ച്ചിരുന്നു.

“നിങ്ങളിത് ഇവിടെ ഇരിക്കുവാണോ? ഞാൻ എവിടെയെല്ലാം നോക്കി….. അയ്യോ മുഖം എന്താ വല്ലാതിരിക്കുന്നെ. വയ്യേ “അജയുടെ മുഖം കണ്ടു ഇഷാനി വേവലാതിയോടെ അവന്റെ കഴുത്തിലും നെറ്റിയിലും കൈ വെച്ചു നോക്കി.

“ഒന്നും ഇല്ല പെണ്ണെ, നിന്റെ പേടി കണ്ടു എനിക്കൊന്നും വരാതിരുന്നാൽ മതി”അജയ് മുഖത്തു ചിരി വരുത്തി അവളുടെ പുറകിൽ നിന്ന് കൂട്ടി പിടിച്ചു പുറത്തു മുഖം ചേർത്ത് കിടന്നു.

“എന്തെങ്കിലും അലട്ടുന്നുണ്ടോ ഏട്ടാ “ഇഷാനി കൈ ചേർത്ത് പിടിച്ചു.

“മ്മ് ”

“എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ പറയാം, അല്ലെങ്കിൽ വേണ്ട ”

“പറയാം, പക്ഷേ ഇപ്പൊയല്ല “അവൻ അത്രയും പറഞ്ഞു നെടുവീർപ്പിട്ടു അവളെ ഒന്നൂടെ കൂട്ടി പിടിച്ചു കിടന്നു.

“വന്നു വന്നു ഉമ്മറത്തെത്തിയോ രണ്ടും റൊമാൻസിച്ചു “പുറകിൽ നിന്ന് അശരീരി കേട്ട് രണ്ടും ഞെട്ടി എണീറ്റു.

മുറ്റത്തു ചൂലും പിടിച്ചു ഊരയ്ക്ക് കൈ കൊടുത്തു നിൽക്കുന്നവളെ കണ്ടു,… നീ ആയിരുന്നോ എന്ന പുച്ഛഭാവത്തിൽ വീണ്ടും ഇരുവരും അതെ പടി ഇരുന്നു.

“എല്ലാത്തിനും എന്നേയൊരു പുച്ഛം,”തൻവി പിറുപിറുത്തു കൊണ്ടു മുറ്റം അടിച്ചു വരാൻ തുടങ്ങി.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

 

അഭിയുടെ വീടിനു മുൻപിൽ കാറുകൾ വന്നു നിർത്തുന്ന ശബ്ദം കേട്ട് അച്ഛമ്മ വലിയ സന്തോഷത്തിൽ പുറത്തേക്ക് നടന്നു.

കാറിൽ നിന്ന് ഇറങ്ങി വരുന്ന പ്രവീണയെയും അപർണയെയും കണ്ടു അവരുടെ മുഖം വിടർന്നു.അവർ മുറ്റത്തേക്ക് ഇറങ്ങി..

“മുത്തശ്ശി “അപർണ ഓടി വന്നു അവരുടെ കാലിൽ തോട്ട് വണങ്ങി.

“എത്ര നേരമായി നോക്കി ഇരിക്കുന്നു. എന്തെ ഇത്രയും നേരം വൈകിയേ, സോമൻ വന്നില്ലേ “പ്രവീണയേ നോക്കി.

“ട്രെയിൻ വരാൻ കുറച്ചു വൈകി, ഏട്ടന് ഉത്സവത്തിന് നാട്ടിൽ എത്തിക്കോളാം എന്നാ പറഞ്ഞേ “പ്രവീണ

“മ്മ്, മക്കള് അകത്തേക്ക് കയറി ഇരിക്ക് ”

“അമ്മാ എന്തായി ഇവളുടെ കാര്യം,”അകത്തേക്ക് കയറാൻ നേരം പ്രവീണ അമ്മയെ പിടിച്ചു ചോദിച്ചു.

“അതിന് മുൻപ് ആ തല തെറിച്ചവൻ ആ എരണം ക്കെട്ടവളെ അവന്റെ അപ്പന്റെ പോലെ അത് തന്നെ മതി എന്ന് വാശി പിടിച്ചു ഉറപ്പിച്ചു എല്ലാം കുളമാക്കി.”അവർ വെറുപ്പോടെ പറഞ്ഞു.ഇത് കേട്ട് ഞെട്ടലോടെ അമ്മയും മോളും പരസ്പരം മുഖത്തോട് മുഖം നോക്കി.

“അമ്മ എന്താ ഈ പറയുന്നേ, അപ്പൊ എന്റെ മോള്, പിന്നെ എന്തിനാ ഞങ്ങളോട് ഇങ്ങോട്ട് കെട്ടിയെടുക്കാൻ പറഞ്ഞേ “പ്രവീണ

“വേറെ ചിലത് എന്റെ മനസ്സിൽ ഉണ്ട് മോളെ,…. നിശ്ചയം എങ്ങനെയെങ്കിലും മുടക്കണം…. അത് മുടങ്ങിയില്ലെങ്കിൽ വിവാഹം.”

“മുത്തശ്ശി എന്താ പറയുന്നേ “അപർണ സംശയ ഭാവത്തിൽ ചോദിച്ചു.

“അഭിയെ മോൾക്ക് വേണമെങ്കിൽ, നീ ബുദ്ധി പ്രയോഗിക്കണം, അവരെ തമ്മിൽ പിരിക്കണം…… ”

“എങ്ങനെ ”

“അതൊക്കെ പറയാം, മക്കൾ അകത്തേക്ക് വാ ”

അവര് അകത്തേക്ക് കയറിയതും അടുത്ത കാർ വന്നു നിന്നു.

ജയശ്രീയും മക്കളും ആയിരുന്നു അത്.
അഭിയുടെ അമ്മ മുത്തശ്ശി പോകുന്നില്ലെന്ന് കണ്ടു പുറത്തേക്ക് നടന്നു.

“നാത്തൂനേ..”ബിന്ദു അവരെ പുണർന്നു.

“എന്റെ അമ്മ ഇവിടെ ഉണ്ടെന്ന് കേട്ടു,നാത്തൂനേ… ഞങ്ങൾ വന്നതറിഞ്ഞില്ലേ.അതോ അമ്മയുടെ പുന്നാര പുത്രി എത്തിയോ “ജയശ്രീ പുച്ഛത്തോടെ അകത്തേക്ക് നോക്കി അവര് കേൾക്കാൻ ഭാഗത്തിന് പറഞ്ഞു.

“അവരെത്തി, കുറച്ചു നേരമേ ആയുള്ളൂ. നിങ്ങള് വാ “അമ്മ ചിരിയോടെ ഇരുവരെയും അകത്തേക്ക് ക്ഷണിച്ചു.വിനുവും ലച്ചുവും തങ്ങളുടെ ബാഗും തോളിലിട്ട് അവരുടെ കൂടെ അകത്തേക്ക് നടന്നു.

“അമ്മായി അഭിയേട്ടൻ എവിടെ “വിനു

“അവന് ഫുട്ബോൾ കളിക്കാൻ പോയതാ, രാവും പകലും എന്നൊന്നും ഇല്ല…. ഇരുപത്തിനാലു മണിക്കൂറും ആ ഗ്രൗണ്ടിലാ “അമ്മ

“ഇതൊക്കെ അല്ലേ അവരുടെ പ്രായം”ജയശ്രീ പുഞ്ചിരിയോടെ പറഞ്ഞു.

.”എന്തോ,…..എങ്ങനെ……അമ്മ പറഞ്ഞത് ഞാൻ ശരിക്കു കേട്ടില്ല “വിനു ചെവിയുമായി അമ്മയുടെ അടുത്ത് വന്നു.

“ദേ ചെക്കാ, എന്റെ കയ്യിൽ നിന്ന് കിട്ടേണ്ടങ്കിൽ അങ്ങോട്ട് നീങ്ങി ഇരി. അവന്റെ ഒരു കണ്ടുപിടിത്തം.”

“നിനക്ക് കിട്ടേണ്ടേയെങ്കിൽ വാ അടച്ചു വെക്ക് “ലച്ചു കളിയാക്കി.

“നീ പോടീ “വിനു

“നീ പോടാ “ലച്ചു വിട്ടു കൊടുത്തില്ല

“രണ്ടും വന്നപ്പോ തന്നെ തുടങ്ങിയോ “കയ്യിൽ ഉണ്ടായിരുന്ന ബോൾ വിനുവിന് നേരെ എറിഞ്ഞു കൊണ്ടു അഭി അകത്തേക്ക് കയറി.

“ആരിത് അഭിയോ? നിശ്ചയം ആണെന്നൊക്കെ കേട്ടു ”

“ആ അങ്ങനെയൊക്കെ സംഭവിച്ചു. ഇനി കൂടിയിട്ട് പോകാം ”

“അഭിയേട്ടാ….. ഞങ്ങൾക്കുള്ള മുറി എവിടെ “ലച്ചു ബാഗ് തോളിൽ നിന്നിറക്കി സംശയത്തിൽ ചോദിച്ചു.

“നിങ്ങൾക്ക് ഇവിടെ മുറിയില്ല. അതൊക്കെ വൃന്ദാവനത്തിലാ “അഭി

“എന്ത്? വൃന്ദാവനത്തിലോ?”അഭി വന്നതറിഞ്ഞു ഓടി വന്ന അപർണ ഇത് കേട്ട് ഞെട്ടി.

“നീയും എത്തിയോ? അപ്പച്ചി എവിടെ?”അഭി അവൾക്ക് കൈ കാണിച്ചു.

“അവര് മുകളിലുണ്ട്,….. അഭിയേട്ടൻ എന്താ ഇപ്പൊ പറഞ്ഞേ. വൃന്ദാവനത്തിൽ എന്തിനാ ഞങ്ങൾ പോകുന്നെ “അപർണ താല്പര്യമില്ലാതെ ചോദിച്ചു

“ചേച്ചി വരുന്നില്ലെങ്കിൽ വേണ്ട, ഞങ്ങൾ പോകും “ലച്ചു വിനുവിന്റെ തോളിൽ കയ്യിട്ടു കൊണ്ടു പറഞ്ഞു. അതിന് അവരെ രൂക്ഷമായി നോക്കി വീണ്ടും അഭിയോട് സംസാരം തുടങ്ങി.

“അത് മോളെ ഇവിടെ എല്ലാവർക്കും താമസിക്കാനുള്ള മുറികൾ ഇല്ലല്ലോ, അതുകൊണ്ട് ഏട്ടനാ പറഞ്ഞേ പിള്ളേരെയൊക്കെ അവിടെ താമസിപ്പിക്കാമെന്ന് “അഭിയുടെ അമ്മ പറഞ്ഞു.

മറുത്തൊന്നും പറയാൻ കഴിയാതെ അപർണ മുകളിലേക്ക് പോയി.അവിടെ ജയശ്രീ വന്നതറിഞ്ഞിട്ടും പ്രവീണയോട് വിശേഷം പറഞ്ഞിരിക്കുവാണ് മുത്തശ്ശി….. പ്രവീണ അമ്മയെ പോലെ കുശുമ്പും വെറുപ്പും വെച്ചു പുലർത്തുന്ന കൂട്ടത്തിൽ പെട്ടതാണ്. പക്ഷേ ജയശ്രീ അങ്ങനെയല്ല.
ഇഷ്ടമില്ലാത്തത് ആരോടും തുറന്നടിച്ചു പറയും, അതുകൊണ്ട് തന്നെ അമ്മയ്ക്ക് ജയശ്രീയേ കണ്ണിൽ പിടിക്കില്ല.

“മുത്തശ്ശി,”അപർണ കലിതുള്ളി മുറിയിലേക്ക് കയറി.

“എന്താ മോളെ, ”

“ഞങ്ങൾ എല്ലാവരും വൃന്ദാവനത്തിൽ ആണോ താമസിക്കാ”

“അത് പിന്നെ, നിങ്ങളുടെ അച്ഛൻ വന്നാൽ പിന്നെ മക്കൾക്ക് കിടക്കാൻ മുറിയുണ്ടാവില്ല……”

“എന്നുവെച്ചു “അപർണ ദേഷ്യത്തിൽ ബെഡിൽ ഇരുന്നു

‘”മോള് ദേഷ്യപ്പെടാതെ. എന്തെങ്കിലും വഴി കാണാതെ മുത്തശ്ശി ഇതിന് സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ?”

“ദീപ്തി വരുന്നുണ്ടോ അങ്ങോട്ട് ”
അപർണ സംശയ ഭാവത്തിൽ വീണ്ടും ചോദിച്ചു.

“വരുന്നുണ്ടെന്നാ കേട്ടെ.”

“അവളുണ്ടെങ്കിൽ ഞാൻ പോകാം.”അപർണ അങ്ങനെ പോകാൻ സമ്മതം മൂളി.

എല്ലാവരും ചായ കുടിച്ച് അങ്ങോട്ട്‌ ഇറങ്ങാൻ സാധങ്ങൾ എല്ലാം എടുത്തു കാറിൽ കയറ്റി.

“നമ്മളെ മുത്തശ്ശിയ്ക്ക് കാണാൻ പറ്റുന്നില്ലേ ലച്ചു ‘വിനു പോകാൻ നേരം മുത്തശ്ശിയും അപർണയും തമ്മിലുള്ള കുറുകൽ കണ്ടു പറഞ്ഞു.

“ഉണ്ടാവില്ലന്നേ, അപർണെച്ചിയും മുത്തശ്ശിയും ഒരേ വേവ്ലെഗ്ത് അല്ലെ. അതായിരിക്കും സയാമീസ് ഇരട്ടകളെ പോലെ “ലച്ചു പുച്ഛിച്ചു.

അൽപ്പ സമയം കൊണ്ടു തന്നെ കാർ വൃന്ദാവനത്തിൽ വന്നു നിന്നു. ഇരുവരെയും കാത്തു എല്ലാവരും ഉമ്മറത്തു തന്നെ നിൽപ്പുണ്ട്.

ലച്ചുവും വിനുവും വേഗം ഇറങ്ങി തൻവിയുടെ അടുത്തേക്ക് ഓടി. അപർണ താല്പര്യമില്ലാത്ത മട്ടിൽ ഫോണിൽ നോക്കി പുറത്തേക്കിറങ്ങി.

അഭി ഒരുവരുടെയും ബാഗുകൾ എടുത്തു പുറത്തിറക്കിയതും മറ്റൊരു കാർ കൂടെ ആ മുറ്റത്തു വന്നു നിന്നു.

പുഞ്ചിരിയോടെ ഇറങ്ങി വരുന്ന ദീപ്തിയേ കണ്ടു അഭിയും തൻവിയും ആശ്ചര്യത്തിൽ പരസ്പരം നോക്കി.

അപർണ അവളെ കണ്ടപ്പാടെ അങ്ങോട്ട് ഓടി.

“ഞാൻ നീ വരില്ലെന്ന് കരുതി “അപർണ

“ഞാൻ വരാതിരിക്കോ, എന്റെ കസിന്റെ നിശ്ചയമൊക്കെ അല്ലെ ”
ദീപ്തി ചിരിയോടെ അഭിയെ ഇടക്കണ്ണിട്ട് നോക്കി.

അവളുടെ നോട്ടം ഇഷ്ടപ്പെടാത്തത് കൊണ്ടു തൻവിയോട് പോകുവാണെന്നു കാണിച്ചു അഭി കാർ എടുത്തു വീട്ടിലേക്ക് തന്നെ തിരിച്ചു.

“മക്കള് മുറ്റത്തു നിൽക്കാതെ അകത്തേക്ക് കയറി വാ….”അമ്മ പറയുന്നത് കേട്ട് എല്ലാവരും അകത്തേക്ക് നടന്നു.

എന്നിട്ടും ദീപ്‌തിയുടെ ചുണ്ടിലെ ചിരി മാഞ്ഞിരുന്നില്ല. അത് തൻവിയിൽ വല്ലാതെ അസ്വസ്ഥ നിറച്ചു. പക്ഷേ തോന്നലാണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്നു.എന്നിട്ടും അവൾക്ക് ആശ്വാസം കണ്ടെത്താൻ ആയില്ല…….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button