ഭൂമി ലക്ഷ്യമാക്കി രണ്ട് ഉല്‍ക്കകള്‍ വരുന്നു
വാഷിങ്ടണ്‍: ഭൂമി ലക്ഷ്യമാക്കി രണ്ട് ഭീമന്‍ ഉല്‍ക്കകള്‍ വരുന്നതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ വെളിപ്പെടുത്തി. സെപ്റ്റംബര്‍ 24ന് ഭൂമിയെ സമീപിക്കുമെന്നാണ് നാസ നല്‍കുന്ന മുന്നറിയിപ്പ്. 2020 ജിഇ, 2024 ആര്‍ഒ 11 എന്നീ ഉല്‍ക്കകളാണ് അതിവേഗം ഭൂമിയെ സമീപിച്ചുകൊണ്ടിരിക്കുന്നത്.
ഇവയില്‍ ഒരെണ്ണത്തിന് ഒരു വിമാനത്തിന്റെ വലിപ്പമാവുമെങ്കില്‍ രണ്ടാമത്തേതിന് ഒരു ബസിന്റെ വലിപ്പമാവും ഉണ്ടാവുകയെന്നാണ് നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്.
സൗരയുഥത്തിലെ വസ്തുക്കളില്‍ നിന്നുള്ള പൊടിപടലങ്ങളോ ചിതറിത്തെറിച്ച കഷണങ്ങളോ ആണ് ഉല്‍ക്കകള്‍. സൂര്യനെ വലം വെക്കുന്ന ഗ്രഹങ്ങളേക്കാള്‍ ചെറുതായ പാറക്കഷണങ്ങളെന്നാണ് പൊതുവില്‍ ഉല്‍ക്കകളെ നിര്‍വചിക്കാറ്.
മറ്റുഗ്രഹങ്ങളുടെ ശക്തമായ ആകര്‍ഷണം മൂലം ഉല്‍ക്കകള്‍ക്ക് സ്ഥാനചലനം സംഭവിക്കുകയും ഭൂമി പോലുള്ള ഇതര ഗ്രഹങ്ങളുടെ അന്തരീക്ഷത്തിലേക്കു ചുഴറ്റിയെറിയപ്പെടുകയും ചെയ്യുന്നതിലൂടെയാണ് ഇവ പുറത്തേക്കെത്തുന്നത്..
രണ്ട് ഉല്‍ക്കകളും ഭൂമിയ്ക്ക് തൊട്ടരികിലൂടെയാണ് കടന്നുപോകുകയെങ്കിലും ഇവ കൂട്ടിയിടിയ്ക്കുള്ള സാധ്യത വളരെ കുറവാണെന്നത് ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യര്‍ ഉള്‍പ്പെടെയുള്ള ജീവികള്‍ക്ക് ആശ്വാസം നല്‍കുന്ന കാര്യമാണ്.
ഉല്‍ക്കകളുടെ സഞ്ചാരപഥത്തിന് അല്‍പ്പം മാറ്റം സംഭവിച്ചാല്‍ അത് വന്‍ ദുരന്തത്തിന് ചിലപ്പോള്‍ വഴിയൊരുക്കിയേക്കാമെന്നതിനാലാണ് ഇത്തരം കാര്യങ്ങളെക്കുറിച്ച് നാസ ഇടക്കിടെ വാര്‍ത്തയും മുന്നറിയിപ്പും നല്‍കുന്നത്.