ആരോപണ ശരങ്ങളേറെയും പിണറായിക്ക് നേരെ; അൻവറിനെ നേരിടാനുറച്ച് സിപിഎം
മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമർശനവുമായി രംഗത്തുവന്ന പിവി അൻവറിനെ നേരിടാനുറച്ച് സിപിഎം. പാർട്ടി അംഗമല്ലാത്തതിനാൽ അച്ചടക്ക നടപടിക്ക് പരിമിതിയുണ്ടെങ്കിലും അൻവറുമായുള്ള ബന്ധം അവസാനിപ്പിച്ച് ശക്തമായി തിരിച്ചടിക്കാനാണ് പാർട്ടി തീരുമാനം. എന്നാൽ എംഎൽഎ സ്ഥാനം രാജിവെക്കാതെ രണ്ടും കൽപ്പിച്ചുള്ള പോരാട്ടത്തിനാണ് അൻവർ നീങ്ങുന്നത്
ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിന് ശേഷം അൻവറെ പൂർണമായും തള്ളുന്ന സമീപനമാണ് സിപിഎം നേതാക്കളിൽ നിന്നുണ്ടായത്. പാർട്ടി ശത്രുക്കളുടെ കയ്യിലെ പാവയായി അൻവർ മാറിയെന്ന് പി ജയരാജൻ പ്രതികരിച്ചു. വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിക്കയ്യായി അൻവർ മാറിയെന്ന് എംവി ജയരാജൻ പറഞ്ഞു. ഉത്തരം താങ്ങുന്നുവെന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് അൻവർ എന്നായിരുന്നു വി ശിവൻകുട്ടിയുടെ വിമർശനം
അൻവറിന്റെ ആരോപണശരങ്ങളേറെയും പിണറായിക്കും എംവി ഗോവിന്ദൻ മാഷിനും മുഹമ്മദ് റിയാസിനുമെതിരെയാണ്. പിണറായിക്കെതിരെ അസാധാരണ പോരാട്ടത്തിനാണ് അൻവർ വഴി തുറന്നത്. താഴെ തട്ട് മുതൽ അൻവറിനെതിരെ ആക്രമണം കടുപ്പിക്കുകയെന്നതാകും സിപിഎമ്മിന്റെ തിരിച്ചടി.