നിലാവിന്റെ തോഴൻ: ഭാഗം 110
രചന: ജിഫ്‌ന നിസാർ
കുളിച്ചു മാറ്റി ക്രിസ്റ്റി മുടി ചീകി കൊണ്ടിരിക്കുമ്പോഴാണ് പാത്തു മുറിയിലേക്ക് കയറി ചെന്നത്.
അവൻ തിരിഞ്ഞു നോക്കിയതും അവളൊരു നിമിഷം സ്റ്റക്കായി നിന്നു.
“ഇതെന്താണ്.. ഒട്ടി പിടിച്ചു പോയോ?”
ക്രിസ്റ്റീയൊരു ചിരിയോടെ ചോദിച്ചു കൊണ്ടവളുടെ അരികിലേക്ക് ചെന്നു.
പാത്തു മുഖം കുനിച്ചു നിൽപ്പാണ്.
ക്രിസ്റ്റി വിരൽ കൊണ്ടവളുടെ മുഖം പിടിച്ചുയർത്തി കൊണ്ടാ പിടക്കുന്ന കണ്ണുകളിലേക്ക് നോക്കി.
“മ്മ്.. ”
ഞൊടിയിട കൊണ്ടവളുടെ മുഖം ചുവന്നു തുടുത്തു.
“ഇതൊക്കെ നാച്ചുറലായി എല്ലാവരുടെയും ലൈഫിൽ നടക്കുന്നതല്ലേ പാത്തോ.. അതിനിങ്ങനെ നാണിച്ചാലോ ”
അവളെ തന്നിലെക്കു ചേർത്ത് നിർത്തി കൊണ്ടവൻ പറഞ്ഞതും പാത്തു അവന്റെ നേരെ മുഖം ഉയർത്തി നോക്കി.
“നമ്മൾ തുടങ്ങിയിട്ടല്ലേ ഒള്ളു.. ഇനിയെന്താല്ലാം കാണാൻ കിടക്കുന്നു.. ഇപ്പഴേ ഇങ്ങനെ നാണിച്ചു ചുവന്നാലെങ്ങനാ പെണ്ണേ ശെരിയാവുന്നത് ”
അവനവളുടെ കഴുത്തിലൂടെ കയ്യിട്ടു പിടിച്ചു കൊണ്ട് പറഞ്ഞു.
“ഇച്ഛാ..”
ചിണുങ്ങി കൊണ്ടവൾ അവന്റെ കയ്യിൽ അമർത്തി നുള്ളി.
“സ്സ്..”
ക്രിസ്റ്റി വേദനയോടെ കൈ പിൻവലിച്ചു കൊണ്ടവളെ നോക്കി കണ്ണുരുട്ടി.
“സ്കൂളൊക്കെ കഴിഞ്ഞില്ലേ.. ഇനിയെങ്ങോട്ട് പോകുവാ?”
പാത്തു കുറുമ്പോടെ അവനെ നോക്കി.
“ഒരിടം വരെയും പോവാനുണ്ട്. ഇന്നാണ് അന്തിമ വിധി വരുന്നത്. എനിക്കത് നേരിട്ട് കാണണം.. ആസ്വദിക്കണം ”
ക്രിസ്റ്റിയുടെ സ്വരവും മുഖവും കടുത്തു പോയിരുന്നു അത് പറയുമ്പോൾ.
അവൻ പറഞ്ഞതിന്റെ പൊരുളറിഞ്ഞതും പാത്തുവിന്റെയും മുഖം മാറി.
കണ്ണിൽ വല്ലാത്തൊരു ഭാവം തെളിഞ്ഞു.
“എനിക്കും… എനിക്കും കേൾക്കണം ഇച്ഛാ.. മനസ്സ് നിറഞ്ഞു കൊണ്ട് അത് ആസ്വദിക്കുകയും വേണം ”
അവളവന്റെ മുന്നിൽ പോയി നിന്നു.
“ഞാൻ… അവൻ കാരണം അത്ര മാത്രം വേദനിച്ചിട്ടുണ്ട്. അവന്റെ വേദന കൊണ്ട് വിങ്ങിയ മുഖം.. അതെനിക്കും കാണണം ഇച്ഛാ. എങ്കിലേ എന്റെ നെഞ്ചിലെ തീ പൂർണമായും അണയൂ..”
പാത്തു കിതപ്പോടെ ക്രിസ്റ്റിയെ പിടിച്ചുലച്ചു.
“എനിക്കറിയാം.. എനിക്കറിയാലോ പാത്തോ ”
അവനവളെ സ്വന്തം നെഞ്ചിലേക്ക് പൊതിഞ്ഞു പിടിച്ചു.
“ഞാൻ കൊണ്ട് പോകും നിന്നെ.. അത് ഞാനും തീരുമാനിച്ചു വെച്ചതാണ് ”
ക്രിസ്റ്റി പാത്തുവിന്റെ മുടിയിൽ തലോടി.
“പക്ഷേ ഇന്നല്ല. ഇന്നിപ്പോൾ കോടതിയിലേക്കാണ് ഞാൻ പോകുന്നത്. അവിടെയല്ല.. അവിടെ വെച്ചല്ല നമ്മളവനെ കാണേണ്ടത്..”
ക്രിസ്റ്റി പാത്തുവിന്റെ നെറ്റിയിൽ പതിയെ ചുണ്ട് ചേർത്ത് കൊണ്ട് ശാന്തമായി പറഞ്ഞു.
പാത്തു ഒന്ന് തലയാട്ടി.
“റിഷിയുടെ കാര്യം ന്താവും?”പാത്തു ആകുലതയോടെ ചോദിച്ചു.
‘എനിക്കറിയില്ലടി..ഞാനെന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. നല്ലൊരു വക്കീലിനെയും അവന് വേണ്ടി ഏർപ്പാട് ചെയ്തിട്ടുണ്ട്. പക്ഷേ പലപ്പോഴും അവൻ കോപ്പ്റേറ്റ് ചെയ്തിട്ടില്ല. അത്.. അത് കേസിനെ പ്രതികൂലമായി ബാധിച്ചേക്കും. എന്തും നേരിടാൻ ഒരുങ്ങിയിരിക്കണമെന്ന് വക്കീലും പറഞ്ഞിട്ടുണ്ട് ”
ക്രിസ്റ്റിയൊരു നെടുവീർപ്പോടെ പറഞ്ഞു.
“അമ്മയുടെ കാര്യമാണ്… ഇപ്പൊ തന്നെ രാവിലെ പോയതാ പള്ളിയിലേക്ക്.. പാവം.. നല്ല സങ്കടമുണ്ട് ഇച്ഛാ.. നമ്മളെ കാണിക്കാഞ്ഞിട്ടാ ”
പാത്തു ക്രിസ്റ്റിയെ നോക്കി.
അവൾ പറഞ്ഞത് ശെരി വെക്കും പോലെ അവനും ഒന്ന് തലയാട്ടി.
“ഞാനും കാണുന്നുണ്ടെടി.. അമ്മക്ക് വേണ്ടി തന്നെയാണ് ഞാനും അത്രത്തോളം ശ്രമിച്ചത്. ഇനിയും ആ സങ്കടം കാണാൻ വയ്യെന്ന് തോന്നിയിട്ട്. പക്ഷേ… വിധി എന്ത് തന്നെയായാലും നമ്മളത് അംഗീകരിച്ചല്ലേ മതിയാവൂ ”
ക്രിസ്റ്റിയുടെ സ്വരം നേർത്തു.
“ചെയ്ത തെറ്റിനുള്ള ശിക്ഷ അവന് കിട്ടണം എന്ന് തന്നെയാണ് എനിക്കും. പക്ഷേ അതിന്റെ പേരിൽ നമ്മടമ്മ കൂടി ശിക്ഷ അനുഭവിക്കുന്നത് കാണാനാണ് വയ്യാത്തത് ”
ക്രിസ്റ്റി വേദന നിറഞ്ഞൊരു ചിരിയോടെ പറഞ്ഞു.
പാത്തു അവന്റെ മുഖം പിടിച്ചു താഴ്ത്തി ആ നെറ്റിയിലൊരു ഉമ്മ കൊടുത്തു.
“ഒന്നും ഉണ്ടാവില്ല. അമ്മേടെ പ്രാർത്ഥനയുണ്ടാവും. അത് മതിയല്ലോ. ഇച്ഛാ ധൈര്യമായിട്ട് പോയിട്ട് വാ..”
പാത്തു അവനെ കെട്ടിപിടിച്ചു കൊണ്ട് ആശ്വാസിപ്പിച്ചു.
രണ്ട് പേരും കൂടിയാണ് താഴെക്കിറങ്ങി ചെന്നത്.
സ്കൂൾ പൂട്ടിയത് പ്രാമാണിച്ചാണ്.. ദിലുവും മീരയും എന്തൊക്കെയോ പ്ലാൻ ചെയ്തു കൊണ്ട് സിറ്റൗട്ടിലിരിപ്പുണ്ട്.
പത്തു മണിക്ക് ചെല്ലണമെന്നാണ് ഫൈസി പറഞ്ഞിട്ടുള്ളത്. ഇപ്പൊ തന്നെ ഒൻപത് കഴിഞ്ഞു.
അവരുടെ നേരെയൊന്ന് നോക്കിയിട്ട് ക്രിസ്റ്റി അടുക്കളയിലേക്കാണ് ചെന്നത്.
“നീ ഇനിയും എവിടെ പോണ്?”
മാറ്റിയിറങ്ങി വന്ന ക്രിസ്റ്റിയെ കണ്ടയുടൻ മറിയാമ്മച്ചി മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു.
“അതെന്നെന്താ.. എനിക്കിനി എവിടേം പോകാൻ പാടില്ലേ?”
ക്രിസ്റ്റിയും അവരെ ചിറഞ്ഞു നോക്കി.
“കല്യാണം കഴിഞ്ഞ സാധാരണ ചെക്കൻമാര് പെണ്ണിനേം വിളിച്ചോണ്ട് ടൂർ വല്ലോം പോകുന്നത് കണ്ടിട്ടുണ്ട്. ഇവിടൊരുത്തൻ നേരെ സ്കൂളിലോട്ടാ പോയത്. അതിനിയും നിർത്താറായില്ലേ എന്നാ ഞാൻ ചോദിച്ചത്?”
നടുവിന് കൈ കുത്തി അവന്റെ നേരെ നോക്കിയിട്ട് മറിയാമ്മച്ചി തന്റെ ചോദ്യം അവന് മുന്നിലിട്ട് തന്നെ കീറി മുറിച്ചു കൊടുത്തു.
പാത്തു അത് കേട്ടതും വാ പൊത്തി ചിരിക്കാൻ തുടങ്ങി.
“ഓഓഓ.. ചിരിച്ചു കൂടി പ്രോത്സാഹനം കൊടുക്ക്.. ഈൗ ഓഞ്ഞ കോമഡിക്ക് ”
ക്രിസ്റ്റി അവളെ നോക്കി കണ്ണുരുട്ടി.
“ഞാനൊരിടം വരെയും പോകുവാ.. പോയി വന്നിട്ട് ബാക്കി പറയാം..”ക്രിസ്റ്റി മേശയുടെ അരികിലുള്ള കസേരയിൽ ഇരുന്നു കൊണ്ട് അവരെ നോക്കി.
“എപ്പോ തിരിച്ചു വരും..?”
അവന് മുന്നിലേക്ക് ഭക്ഷണം വിളമ്പി കൊണ്ട് മറിയാമ്മച്ചി ചോദിച്ചു.
“എന്തേ…?”
ക്രിസ്റ്റി അത് കേട്ടതും മുഖം ഉയർത്തി കൊണ്ടവരെ നോക്കി.
“എനിക്കൊന്ന് പള്ളിയിൽ പോണമായിരുന്നു ”
മറിയാമ്മച്ചി അവനെ നോക്കി.
“കർത്താവിനെ കാണാനായിരിക്കും ”
ക്രിസ്റ്റി ചുണ്ട് കോട്ടി കൊണ്ടവരെ നോക്കി.
“അല്ലടാ.. ഞാനെന്റെ കെട്ട്യോനെ കാണാൻ. എന്തേ.. നിനക്ക് വല്ലതും നഷ്ടമുണ്ടോ?”
മറിയാമ്മച്ചി അവന്റെ നേരെ ചിറഞ്ഞു നോക്കി.
അടുക്കളയിൽ നിന്നും ക്രിസ്റ്റിയുടെ ശബ്ദം കേട്ടിട്ടാണ്,മീരയും ദിലുവും കൂടി അങ്ങോട്ട് വന്നിരുന്നു.
ക്രിസ്റ്റീയും മറിയാമ്മച്ചിയും തമ്മിലുള്ള സംസാരം കേട്ടിട്ട്..എന്താണെന്ന് അരികിൽ നിൽക്കുന്ന പാത്തുവിനോട് കൈ കൊണ്ട് ആംഗ്യം കാണിച്ചു.
അവളൊന്നും മിണ്ടാതെ ചിരിയോടെ കണ്ണ് ചിമ്മി കാണിച്ചു.
“എനിക്കെന്ത് നഷ്ടം. നഷ്ടം മുഴുവനും ഇന്നാ പാവം കെട്ട്യോനല്ലേ. അങ്ങേരുടെ ചെവിയുടെ സുന ഇന്നടിച്ചു പോവുമല്ലോ എന്നോർത്ത് പോയതാ ഞാൻ ”
കഴിക്കുന്നതിനിടെ തന്നെ കിസ്റ്റി പറഞ്ഞു.
“ഓഓഓ. അത് അങ്ങേര് സഹിക്കും. നീ ഓർത്തു വെറുതെ വേവലാതിപ്പെടേണ്ട. കേട്ടോ.”
മറിയാമ്മച്ചി അവന്റെ മുന്നിലേക്ക് ചായ ഗ്ലാസ് നീക്കി വെച്ച് കൊണ്ട് പറഞ്ഞു.
“രാവിലെ..അമ്മ ഇവിടെ നിന്നല്ലേ പോയത്. നിങ്ങൾക്കും പോവായിരുന്നില്ലേ?”
ക്രിസ്റ്റി തല ചെരിച്ചു നോക്കി കൊണ്ട് ചോദിച്ചു.
“എനിക്ക് സൗകര്യമില്ലായിരുന്ന്.. നിനക്കിപ്പോ വൈകുന്നേരം എന്റെ കൂടെ പോരാനൊക്കുവോ ഇല്ല്യോ അത് പറ?”
മറിയാമ്മച്ചി വീണ്ടും അവനെ നോക്കി
“ആഹാ.. അങ്ങനാണോ.. എന്നാ പിന്നെ പോന്നിട്ട് തന്നെ കാര്യം. ഞാൻ പെട്ടന്ന് വരാം.. വൈകുന്നേരമാവുമ്പോഴേക്കും ഒരുങ്ങി നിന്നില്ലേ എന്റെ വിധം മാറുവേ.. പറഞ്ഞില്ലെന്ന് വേണ്ട..”
കഴിച്ചെഴുന്നേറ്റ് പോകും വഴി മറിയാമ്മച്ചിയെ ഇറുകെ പുണർന്നു കൊണ്ടവൻ പറഞ്ഞു.
“എങ്ങോട്ടാ മറിയാമ്മച്ചി?”
ദിലു ചോദിച്ചു.
“പള്ളിയിലോട്ട്.. ”
ചിരിയോടെ മറിയാമ്മച്ചി അവളെ നോക്കി.
“നീ വരുന്നുണ്ടോ?”
കൈ കഴുകി കൊണ്ട് തിരിച്ചു വന്ന ക്രിസ്റ്റി ചോദിച്ചു.
“മ്മ്മ് ”
ദിലു അവനോടൊപ്പം പോകുന്നതിന്റെ ആവേശത്തിൽ തലയാട്ടി.
“നിങ്ങളോ…?”
ക്രിസ്റ്റി പാത്തുവിനെയും മീരയെയും കൂടി നോക്കി കൊണ്ട് ചോദിച്ചു.
“ഞങ്ങളോ…?”
കണ്ണ് മിഴിച്ചു കൊണ്ടവർ പരസ്പരം നോക്കി.
“അതെന്നതാ പിള്ളേരെ.. നിങ്ങളു മനുഷ്യമാരല്ല്യോ?”
മറിയാമ്മച്ചി അവരെ നോക്കി ചോദിച്ചു.
“അവരൊന്നും മിണ്ടാതെ ക്രിസ്റ്റിയെ നോക്കി.
“വല്യപ്പച്ചനോടും വല്യമ്മച്ചിയോടും കുഞ്ഞാന്റിയോടും കൂടി പറഞ്ഞിട്ട് ഒരുങ്ങി നിൽക്കണം. നമ്മുക്കെല്ലാവർക്കും കൂടി ഒരുമിച്ച് പോകാം. ഇപ്പൊ ഞാൻ പോയേച്ചും വരാം ”
പാത്തുവിനോടും മീരയോടുമായി പറഞ്ഞിട്ട് ക്രിസ്റ്റി പുറത്തേക്ക് നടന്നു.
മാത്തനോടും ത്രേസ്യയോടും കോടതിയിൽ പോകുകയാണെന്ന് പറഞ്ഞിട്ട് അവൻ മുറ്റത്തേക്കിറങ്ങുമ്പോൾ മൂവരും സിറ്റൗട്ടിൽ ഹാജരായിട്ടുണ്ട്.
“റിഷിന് വേണ്ടി പ്രാർത്ഥിക്ക്..”
പോകും വഴി മൂന്ന് പേരോടുമായി പറഞ്ഞിട്ടാണ് അവൻ പോർച്ചിൽ നിന്നും കാറെടുത്തത്.
“അമ്മ വരുമ്പോൾ എന്നെയൊന്നു വിളിക്കാൻ പറയണം കേട്ടോ…”
പോകും വഴി തന്നെ തല പുറത്തേക്കിട്ട് അവൻ വിളിച്ചു പറയുന്നുണ്ടായിരുന്നു..
❣️❣️
ജീവപര്യന്ധം..
കൂടാതെ പത്തു ലക്ഷം പിഴയും.
പ്രതീക്ഷിക്കുന്ന വിധിയായിട്ട് കൂടി ഷാഹിദ് ഒന്നുലഞ്ഞു പോയിരുന്നു.
അറിയാതെ തന്നെ അവന്റെ കണ്ണുകൾ ക്രിസ്റ്റീയിരിക്കുന്ന സൈഡിലേക്ക് പാളി.
നിറഞ്ഞ ചിരിയോടെ.. തന്നെയൊരു വെല്ലുവിളിയോടെ നോക്കിയിരിക്കുന്നവൻ.
ആ കാഴ്ച കണ്ടതോടെ ഷാഹിദിന്റെ പതനം പൂർത്തിയായിരുന്നു.
താൻ തോറ്റിരിക്കുന്നു എന്നതിനേക്കാൾ.. ക്രിസ്റ്റി ഫിലിപ്പ് വിജയിച്ചിരിക്കുന്നു എന്നതായിരുന്നു അവനെയേറെ വേദനിപ്പിച്ചത്. തളർത്തിയതും തകർത്ത് കളഞ്ഞതും.
വർക്കിയുടെയും അവസ്ഥ ഏറെക്കുറെ അത് തന്നെയായിരുന്നു.
ബന്ധങ്ങൾ കൊണ്ട് ഊറ്റം കൊണ്ട് നടന്നവന് നല്ലൊരു വക്കീലിനെ വെച്ച് വാദിക്കാൻ വേണ്ടി പോലും ആരുമുണ്ടായില്ല.
കൊന്നും കൊല വിളിച്ചും നേടിയ സമ്പാദ്യവും അയാൾക്കാവിടെ രക്ഷയായില്ല.
ശേഷിക്കുന്ന ജീവിതം ഇനി ജയിലറകൾക്കുള്ളിൽ തീരേണ്ടി വരുമെന്നുള്ള തിരിച്ചറിവ്..അയാളെ അപ്പാടെ തകർത്തു കളഞ്ഞിരുന്നു.
ഇനിയൊരു രക്ഷയുമില്ലെന്നുള്ള മരവിപ്പ് വർക്കിയുടെയും ഷാഹിദിന്റെയും കണ്ണിൽ കരിനീലിച്ചു കിടപ്പുണ്ടായിരുന്നു.
ക്രിസ്റ്റിയുടെ പരിശ്രമം വെറുതെയായില്ല.
റിഷിനെ പതിനഞ്ചു ദിവസത്തേക്ക് മാത്രം ശിക്ഷ ഒതുക്കി കിട്ടി.
അവനതിൽ തൃപ്തനല്ലെന്നു അവന്റെ മുഖത്തുണ്ടായിരുന്നു.
ക്രിസ്റ്റിക്കപ്പോഴാണ് ശ്വാസം നേരെ വീണത്.അരികിലിരിക്കുന്ന ഫൈസിയുടെ കയ്യിൽ അവൻ അമർത്തി പിടിച്ചു.
ക്രിസ്റ്റിയപ്പോൾ തന്നെ ഡെയ്സിയേ വിളിച്ചിട്ട് കാര്യം പറഞ്ഞിരുന്നു.
ഈ വാർത്ത കേൾക്കുമ്പോൾ തെളിയുന്ന ആ മുഖം മനസ്സിലോർത്തതും അവന്റെയും മുഖം പൂനിലാവ് പോലെ തിളങ്ങുന്നുണ്ടായിരുന്നു……….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…