Business

അനില്‍ അംബാനിയെ കടവിമുക്തനാക്കിയ ആ മാസ്റ്റര്‍ ബ്രെയിന്‍ ആരുടേത്?

മുംബൈ: കടത്താല്‍ തലയോളം മുങ്ങി, ഇനി ഒരു തിരിച്ചുവരവ് സാധ്യമാവില്ലെന്ന് ബിസിനസ് ലോകം വിധിയെഴുതിയ അനില്‍ അംബാനി എന്ന ബിസിനസുകാരനെ കട വിമുക്തനാക്കിയ ആ മാസ്റ്റര്‍ ബ്രെയിന്‍ ആരുടേതാണെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. തന്റെ കടങ്ങളെല്ലാം വീട്ടിത്തീര്‍ത്ത അനില്‍ ഇപ്പോള്‍ തിരിച്ചു വരവിന്റെ ട്രാക്കിലേക്ക് കയറിയിരിക്കുകയാണ്.

ലോകസമ്പന്നരുടെ പട്ടികയില്‍ ഒരുകാലത്ത് ആറാം സ്ഥാനത്തായിരുന്ന അനില്‍ അംബാനി ഒന്നുമില്ലാതെ കടത്തില്‍ മുങ്ങിത്താഴ്ന്ന അവസ്ഥയില്‍നിന്നും ഇപ്പോള്‍ കരകയറിയിരിക്കുകയാണ്. സമ്പത്തിന്റെ നെറുകയില്‍ നില്‍ക്കേ എങ്ങനെയോ കാലിടറിയാണ് അദ്ദേഹം കടത്തിന്റെ മഹാപ്രവാഹത്തിലേക്കു കൂപ്പുകുത്തിയമര്‍ന്നത്. ധീരുഭായ് അംബാനിയെന്ന തന്റെ പിതാവിന്റെ രക്തം ആ സിരകളില്‍ ഓടവേ അത്ര പെട്ടെന്ന് വീണു പോകാന്‍ അദ്ദേഹത്തിനാവുമായിരുന്നില്ലെന്ന് കാലം തെളിയിച്ചിരിക്കയാണ്.

2008ല്‍ ആയിരുന്നു അനില്‍ അംബാനി ലോക ശതകോടീശ്വര പട്ടികയില്‍ ആറാം സ്ഥാനത്തുണ്ടായിരുന്നത്. ഒന്ന് ശുഭമായി കലാശിച്ചാല്‍ എല്ലാം അതിനെ പിന്തടരുമെന്ന് പറയാറില്ലേ, അത് അക്ഷരാര്‍ഥത്തില്‍ അനിലിന്റെ കാര്യത്തില്‍ ശരിയായിരിക്കുകയാണ്. അനില്‍ അംബാനിക്ക് ആശ്വാസമേകുന്ന കാര്യങ്ങളാണ് നടക്കുന്നത്. അദ്ദേഹത്തിന് കീഴിലുള്ള റിലയന്‍സ് പവര്‍ കടരഹിതമായി. ഇതോടെ ഓഹരി വിലകള്‍ കുതിച്ചു കയറി. അദ്ദേഹത്തിന്റെ മറ്റൊരു കമ്പനിയായ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, കടബാധ്യത 87 ശതമാനത്തോളം കുറച്ചു കൊണ്ടുവന്നു. അനില്‍ അംബാനി കമ്പനികളുടെ രാശി മാറിയെന്നുതന്നെ ഉറപ്പിക്കാം.

റിലയന്‍സ് പവറും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറും ഓഹരി വിപണിയില്‍ സ്വപ്നതുല്യമായ പ്രകടനമാണ് കഴിഞ്ഞ ദിനങ്ങളില്‍ നടത്തിയത്. ഏതാനും ദിവസങ്ങള്‍ക്കിടയില്‍ നിക്ഷേപകര്‍ക്ക് 60 ശതമാനം ലാഭമാണ് ഓഹരിയിലൂടെ ലഭിച്ചത്. പശ്ചിമ ബംഗാളിലെ ദാമോദര്‍ വാലി കോര്‍പ്പറേഷനുമായുള്ള തര്‍ക്കത്തില്‍, അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് അനുകൂലമായ വിധിയാണ് കല്‍ക്കത്ത ഹൈക്കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്. ഇതിലൂടെ 780 കോടിയുടെ കരാറാണ് റിലയന്‍സിന് ലഭിക്കുന്നത്. ഇതും അനിലിന്റെ കമ്പനികലുടെ ഓഹരി വിലകളില്‍ പ്രതിഫലിച്ചു.

കമ്പനിക്ക് പുതിയ ഓര്‍ഡറുകളും വന്നു തുടങ്ങിയിരിക്കുന്നൂവെന്നതും ശുഭസൂചകമാണ്. ഭൂട്ടാനില്‍ 1,270 മെഗാവാട്ടിന്റെ സോളാര്‍-ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടുകള്‍ നടപ്പാക്കുമെന്ന് കഴിഞ്ഞ ബുധനാഴ്ച്ചയാണ് റിലയന്‍സ് പ്രഖ്യാപിച്ചത്. ഇതിനായി റിലയന്‍സ് എന്റര്‍പ്രൈസസ് എന്ന ഒരു കമ്പനി സ്ഥാപിക്കും. ഭൂട്ടാനിലെ റിന്യൂവബിള്‍ ഗ്രീന്‍ എനര്‍ജി മേഖലയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനായി ഡ്രക് ഹോള്‍ഡിങ് എന്ന കമ്പനിയുമായി സഹകരിക്കാനാണ് അനില്‍ അംബാനി തീരുമാനിച്ചിരിക്കുന്നത്.

അനില്‍ അംബാനിയെ പ്രതീക്ഷയുടെ തീരത്തേക്ക എത്തിച്ചത് പുറത്തുനിന്നുമുള്ളവരല്ല, മക്കളായ ജയ് അന്‍മോള്‍ അംബാനിയും ജയ് അന്‍ഷുല്‍ അംബാനിയുമാണ് അച്ഛനെ ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ പ്രാപ്തമാക്കിയത്.

Related Articles

Back to top button