കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 100
രചന: റിൻസി പ്രിൻസ്
സൗഹൃദം പോയിട്ട് അവനെ ഒന്ന് കാണുന്നതുപോലെ തനിക്ക് ഇഷ്ടമല്ലെന്ന് അവനെ എങ്ങനെ മനസ്സിലാക്കും എന്ന് ചിന്തയിലായിരുന്നു ആ നിമിഷം അവൾ…. അവന്റെ ശല്യം ഇത്രമേൽ അധികരിക്കുകയാണെങ്കിൽ സുധിയോട് നേരിട്ട് പറഞ്ഞു തന്നെ ഇത് നിർത്തണമെന്ന ചിന്തയിലേക്ക് അവൾ എത്തിയിരുന്നു, കാരണം ഇതിനൊരു അവസാനം നൽകിയില്ലെങ്കിൽ ഇതു തന്റെ ജീവിതത്തെയാണ് ബാധിക്കുന്നത്. ഇമോഷണൽ രീതിയിലാണ് പറഞ്ഞതെങ്കിലും തന്നെ ഭയപ്പെടുത്തുന്ന രീതിയിലുള്ള ഒരു ഭീഷണി തന്നെയാണ് അവൻ കുറച്ചു മുൻപ് നടത്തിയിട്ട് പോയത്. “ഞാൻ ഈ വിവരം അമ്മായിയോട് മറ്റോ പറഞ്ഞാൽ നിന്റെ ഇവിടുത്തെ സ്ഥിതി എന്താകുമെന്ന് അറിയുമോ” എന്ന അവന്റെ ചോദ്യം ഒരു ഓർമ്മപ്പെടുത്തൽ തന്നെയാണ്. താൻ അവനോട് സൗഹൃദം കാണിക്കുകയാണെങ്കിൽ ഒന്നും ആരും അറിയില്ല എന്നും തന്റെ തീരുമാനം മറിച്ചാണെങ്കിൽ എല്ലാം എല്ലാവരെയും അറിയിക്കാൻ അവനു സാധിക്കുമെന്നുമാണ് അവനാ വാക്കിലൂടെ തന്നോട് പറയാതെ പറയുന്നത്. എന്തിനാണ് താൻ അവനെ ഇത്രമേൽ ഭയപ്പെടുന്നത്…? തനിക്ക് അവനോട് പ്രണയമായിരുന്നു ആ വിവരം താൻ തന്റെ ഭർത്താവിനോട് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ഇനി അക്കാര്യത്തിൽ ഭയപ്പെടേണ്ട കാര്യമില്ല, മറ്റാരെയാണ് തനിക്ക് ബോധ്യപ്പെടുത്താൻ ഉള്ളത്. ഒരുപക്ഷേ ഈ വിവരം അറിയുമ്പോൾ സുധിയുടെ അമ്മയിൽ നിന്നും ഒട്ടും നല്ലതല്ലാത്ത ചില അനുഭവങ്ങൾ തനിക്ക് നേരിടേണ്ടി വന്നേക്കാം. പക്ഷേ സ്വന്തം ഭർത്താവിനോട് താനെല്ലാം തുറന്നു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ താൻ ഇവിടെ മറ്റാരെയും ഭയപ്പെടേണ്ട കാര്യമില്ല, ഇനി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാലും ജീവിതകാലം മുഴുവൻ നീറി നീറി കഴിയുന്നതിനേക്കാൾ നല്ലത് ഉണ്ടാകുന്ന പ്രശ്നങ്ങളെ നേരിടുക എന്നതാണ്. അതുകൊണ്ടു തന്നെ ഒരു കാരണവശാലും അവനുമായി അടുക്കുവാനും ഇനിയൊരു സൗഹൃദത്തിനും നിൽക്കേണ്ട കാര്യമില്ല എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ഈ വിഷയം പറഞ്ഞാൽ ഇനിയും തന്നെ സമീപിച്ചുകൊണ്ട് അവൻ എത്തുകയാണെങ്കിൽ അവനുള്ള മറുപടി സുധിയെ കൊണ്ട് തന്നെ പറയിപ്പിക്കണം എന്ന തീരുമാനത്തിലും അവൾ എത്തിയിരുന്നു. അതുകൊണ്ടു തന്നെ അവൾക്ക് തെല്ലും ആശങ്ക തോന്നിയില്ല, ഇനി അവനുമായി യാതൊരു ബന്ധവുമില്ല എന്ന് നേരത്തെ തന്നെ തീരുമാനിച്ചതാണ്. അല്ലെങ്കിലും ഒരിക്കൽ സ്നേഹിച്ചവർ പിന്നീട് എത്ര കാലം കഴിഞ്ഞ് സുഹൃത്തുക്കളായിരിക്കും എന്ന് പറഞ്ഞാലും ആ സൗഹൃദത്തിൽ കളവുണ്ടാകും, ഒരിക്കൽ പരസ്പരം മനോഹരമായി പ്രണയിച്ചവരാണ് അവർക്ക് ഒരിക്കൽ കമിതാക്കളായവർ അവർക്ക് സുഹൃത്തുക്കളായിരിക്കാൻ സാധിക്കില്ല. ഓരോ വട്ടവും പണ്ട് മനസ്സിൽ ചേക്കേറിയ സ്വപ്നങ്ങൾ വിരുന്നിനെത്തും. ഒരു തെറ്റുപറ്റാൻ ഒരു നിമിഷം മതി, ഒരിക്കലും അങ്ങനെ ഒരു സൗഹൃദത്തിന്റെ ആവശ്യം തനിക്കില്ല. ഒരിക്കൽ പ്രണയിച്ചതാണ് അത് നടന്നില്ല തനിക്ക് വിധിച്ചത് അവൻ ആയിരുന്നില്ല. അങ്ങനെ വിശ്വസിക്കുവാനാണ് ഏറ്റവും ഇഷ്ടം. എന്നാൽ വിധിച്ചത് ഒട്ടും മോശമായിരുന്നില്ല. വളരെ നല്ലതു തന്നെ, അതുകൊണ്ട് എന്തിനാണ് നഷ്ടപ്പെട്ടതിനെ ഓർത്ത് ഇനി തേങ്ങുന്നത്..? അതിന്റെ ആവശ്യമില്ല, അതുകൊണ്ട് തന്നെ പഴയ ബന്ധങ്ങൾ പുതുക്കിയെടുക്കാനും തനിക്ക് താല്പര്യം ഇല്ല. മനസ്സിൽ അങ്ങനെയൊക്കെ ചിന്തിച്ചു കൊണ്ടിരുന്നപ്പോഴാണ് മുറ്റത്തു നിന്നും സുധി നടന്നു വരുന്നത് കണ്ടത്. അവനെ കണ്ടപ്പോൾ പെട്ടെന്ന് ഒരു ആശ്വാസമാണ് അവൾക്ക് തോന്നിയത്. ഈ സമയം തനിക്ക് ആവശ്യമുള്ളത് അവന്റെ സാന്നിധ്യമായിരുന്നു, ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് ഒന്ന് കരയാനാണ് തോന്നിയത്. പക്ഷേ അവന്റെ മുഖം കണ്ടപ്പോൾ തന്നെ അവൻ അസ്വസ്ഥനാണ് എന്നും പോയ കാര്യം എന്തോ സാധിച്ചിട്ടില്ല എന്നും അവൾക്ക് മനസ്സിലാക്കാൻ സാധിച്ചു. താൻ ഇപ്പോൾ ഈ വേദനകൾ അവനോട് പങ്കുവെച്ചാൽ, അവന്റെ മനസ്സിലെ ഉള്ള സമാധാനം കൂടി കളയാൻ മാത്രമേ തനിക്ക് കഴിയുകയുള്ളൂ. മറിച്ച് ഇപ്പോൾ അവന് ആശ്വാസവും സാന്ത്വനവും ആണ് താൻ നൽകേണ്ടത്. ഇപ്പോൾ അവന് ഒപ്പം നിൽക്കേണ്ടതാണ്. അവന്റെ പ്രശ്നങ്ങൾ എല്ലാം തീർന്നതിനു ശേഷം തന്റെ ബുദ്ധിമുട്ടുകൾ അവനോട് പറയാം. താൻ ഒരിക്കലും അവനെ ചതിക്കില്ലെന്ന് പൂർണ ബോധ്യം അവന് ഉണ്ട്. മറ്റുള്ളവർ എന്തു പറഞ്ഞാലും തനിക്ക് അപ്പുറം മറ്റൊരു വിശ്വാസവും അവന് ഉണ്ടാവില്ല. അത് തന്നോട് തുറന്നു പറഞ്ഞിട്ടുള്ളതുമാണ്. മാത്രമല്ല അർജുൻ തന്നെ ശല്യപ്പെടുത്തിയ നിമിഷം മുതൽ തന്നെ ഈ വിഷയം അവനോട് പറയുകയും ചെയ്തിട്ടുണ്ട്. പിന്നെ എന്തിനാണ് താൻ ഇനിയും അവനെ വേദനിപ്പിക്കുന്നത്, ഇപ്പോൾ അവന് ഒരു താങ്ങായി നിൽക്കുകയാണ് താൻ ചെയ്യേണ്ടത്. ഈ സമയത്ത് അവന്റെ പ്രശ്നങ്ങൾക്കൊപ്പം നിന്ന് അവനെ ഉയർത്തിക്കൊണ്ടു വരേണ്ടതിന് പകരം തന്റെ പ്രശ്നങ്ങൾ പറഞ്ഞ് അവനെ തളർത്തുകയല്ല വേണ്ടത് എന്ന് ആ നിമിഷം അവൾ മനസ്സിൽ ചിന്തിച്ചിരുന്നു….
വലിയ പ്രതീക്ഷയോടെ തന്നെയാണ് അവന്റെ അരികിലേക്ക് അവൾ ഓടി ചെന്നത്. അവളെ കണ്ടപ്പോൾ അവനും വലിയ ആശ്വാസമാണ് തോന്നിയത്, ഒറ്റയ്ക്കായി പോയ ഒരു തുരുത്തിൽ രക്ഷിക്കാൻ എത്തുന്ന ഒരു പ്രിയപ്പെട്ട വ്യക്തിയെ പോലെ. ഈ സമയം അത്രയും മനസ്സിൽ വിഷമങ്ങൾ ആയിരുന്നു, എങ്ങനെ മുൻപോട്ട് ജീവിതം നയിക്കും എന്നുള്ള പേടിയായിരുന്നു ആ പേടിയിൽ നിന്നും ഉള്ള പ്രതീക്ഷയാണ് തനിക്ക് മുൻപിൽ നിൽക്കുന്നത്. ജീവിതത്തോട് എങ്ങനെയും പൊരുതണം എന്നുള്ള തന്റെ പ്രതീക്ഷ…
” സുധിയേട്ടൻ ഒരുപാട് താമസിച്ചു പോയല്ലോ ഞാൻ വിചാരിച്ചു എവിടെ പോയി എന്ന്
” വിനോദിന്റെ കൂടെ ഒന്ന് രണ്ട് സ്ഥലങ്ങളൊക്കെ കാണാൻ വേണ്ടി പോയത് ആണ്… എന്തെങ്കിലും ചെറിയ കാര്യങ്ങളൊക്കെ ശരിയാക്കണ്ടേ?
“ഞാൻ ഒരു ചായ ഇടട്ടെ..?
” ചായ വേണ്ട തണുത്ത എന്തെങ്കിലും എടുക്ക് ,ഒരു നാരങ്ങ പിഴിഞ്ഞ് എടുക്ക്,
“ഇപ്പൊ എടുക്കാം,
തിരികെ പോകുന്നതിനു മുൻപേ അവൾ ഒന്നു നിന്നു ശേഷം അവന്റെ മുഖത്തേക്ക് നോക്കി.. അവൾക്ക് എന്തോ പറയാനുണ്ടെന്ന് അവനും മനസ്സിലായിരുന്നു
“സുധിയേട്ടാ അർജുൻ വന്നിരുന്നു
പെട്ടെന്ന് സുധിയുടെ മുഖം മാറുന്നത് അവൾ ശ്രദ്ധിച്ചിരുന്നു… അവന്റെ മുഖത്ത് ആവലാതിയോ ആകാംക്ഷയോ ഒക്കെ നിറഞ്ഞു നിൽക്കുന്നു
“എന്തിന്…? എന്നിട്ട് എന്തു പറഞ്ഞു,
പ്രത്യേകിച്ചൊന്നും പറഞ്ഞില്ല.
” അമ്മയോട് ആണ് സംസാരിച്ചത്, ചായ കൊടുക്കാൻ അമ്മ പറഞ്ഞു ഞാൻ ഒരു ചായ ഇട്ടു കൊടുത്തു. കുറച്ചുസമയം അമ്മയോട് എന്തൊക്കെയോ സംസാരിച്ചതിനു ശേഷം തിരികെ പോകുന്നത് കണ്ടു
മുഖം മാറിയപ്പോൾ തന്നെ ഈ കാര്യം അവന് അസ്വസ്ഥത നൽകുന്നതാണ് എന്ന് അവൾക്ക് മനസ്സിലായി.. അതുകൊണ്ടാണ് തന്നോട് പറഞ്ഞ കാര്യങ്ങൾ ഒന്നും അവനോട് പറയാതിരുന്നത്, ഈ നിമിഷം അത് പറയേണ്ടതില്ല എന്ന് അവൾക്കും തോന്നിയിരുന്നു.
” നിന്നോട് എന്തെങ്കിലും പറഞ്ഞൊ
ഭയത്തോടെയാണ് ചോദ്യം ആ മനസ്സിലെ ആശങ്ക എത്രത്തോളം ആണെന്ന് അവൾക്ക് ഊഹിക്കാൻ സാധിക്കുന്നുണ്ടായിരുന്നു.. ആ നിമിഷം അവനോട് അവൾക്ക് പാവം തോന്നി,
” ഞാൻ മുഖത്ത് പോലും നോക്കാൻ നിന്നില്ല. എനിക്ക് ഇഷ്ടമായില്ല അവൻ ഇവിടെ വന്നത്.. പിന്നെ അമ്മയുടെ മുൻപിൽ വച്ച് എനിക്ക് എന്തെങ്കിലും പറയാൻ പറ്റൂമോ
അത് പറഞ്ഞു കൊണ്ടിരുന്നപ്പോഴാണ് ഉമ്മറത്തു നിന്നും സതി നടന്നു വരുന്നത് കണ്ടത്. ആ സംസാരം അവിടെനിന്നു. ആ നിമിഷം കൊണ്ട് അവൾ അകത്തേക്ക് പോയി നാരങ്ങ പിഴിയാൻ തുടങ്ങിയിരുന്നു. സുധിയും സതിയും തമ്മിൽ സംസാരിക്കുന്നതും ഒക്കെ കേൾക്കാമായിരുന്നു, അർജുൻ വന്നതിന്റെ വിശേഷങ്ങളും അവന്റെ ശമ്പളത്തെ കുറിച്ചും ഒക്കെ വാചാലയായി പറയുകയാണ് സതി. സുധി ആണെങ്കിൽ ഒന്നും ആസ്വദിക്കാൻ പറ്റാത്ത ഒരു മാനസികാവസ്ഥയിലും. അകത്തു നിന്നും നാരങ്ങ പിഴിഞ്ഞു കൊണ്ടുവന്ന അവന്റെ കൈകളിലേക്ക് കൊടുത്തുകൊണ്ട് അവൾ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു
“വിനോദേട്ടൻ എന്തു പറഞ്ഞു..?
അവളുടെ വിനോദേട്ടൻ എന്നുള്ള ആ വിളി സധിക്ക് ഇഷ്ടപ്പെട്ടില്ല. അതിന്റെ ദേഷ്യം മുഖത്ത് കാണാനും ഉണ്ടായിരുന്നു.
” അവൻ പറയുന്നത് ഒരു പഴയ ബേക്കറി കൊടുക്കാനുണ്ടെന്ന്, സാധനങ്ങൾ അടക്കം വലിയ രൂപ ആവില്ല, നമ്മുടെ കവലയിലെ പ്രവർത്തിച്ചു കൊണ്ടിരുന്നത് ആണ്. അത് മേടിക്കുകയാണെങ്കിൽ കുറച്ച് സാധനങ്ങൾ ഇറക്കണം, നല്ല കച്ചവടം കിട്ടും. കിട്ടുന്ന സ്ഥലം ആണെന്ന് അവൻ പറയുന്നത്. കാരണം അത്യാവശ്യം നല്ല സെറ്റപ്പിൽ ഉള്ള ഒരു ബേക്കറി ആണ്. അത് നടത്തിക്കൊണ്ടിരുന്ന ആൾക്ക് എന്തോ പണത്തിന്റെ ബുദ്ധിമുട്ട് വന്നതു കൊണ്ട് ഇപ്പോൾ ആകെ അലങ്കോലമായി കിടക്കുക ആണ്. കുറച്ച് സ്റ്റോക്കും എടുത്ത് ചെയ്യുകയാണെങ്കിൽ പെട്ടെന്ന് നല്ല കച്ചവടം കിട്ടും, വിനോദ് പറഞ്ഞിട്ട് ഞങ്ങൾ രണ്ടുപേരും കൂടെ പോയി ആ കടയിൽ, അവരെ കണ്ടു, അവര് ഒരുപാട് പണം ഒന്നും ചോദിക്കുന്നില്ല അതിനു മുടക്കിയ പൈസ മാത്രമേ ചോദിക്കുന്നുള്ളൂ. എല്ലാം കൂടെ ഒരു പത്തു രൂപയോളം അവർ ചോദിക്കുന്നുണ്ട്. അമ്മയുടെ കൈയിലും 5 ലക്ഷം രൂപ ഉണ്ടല്ലോ, പിന്നെ ഒരു മൂന്നുലക്ഷം രൂപ വിനോദ് അറേഞ്ച് ചെയ്യാം എന്ന് പറഞ്ഞു. 2 ലക്ഷം രൂപ കൂട്ടുകാരോട് ആരോടെങ്കിലും ചോദിച്ചാൽ എനിക്കും ഉണ്ടാക്കാൻ പറ്റും. അങ്ങനെയാണെങ്കിൽ ഈസി ആയിട്ട് ആ കട നമുക്ക് എടുക്കാൻ പറ്റും. ഇന്ന് തന്നെ കെഎസ്എഫ്ഇ പോയി ചിട്ടിയുടെ കാര്യങ്ങൾ സംസാരിക്കണം.
സുധി അത് പറഞ്ഞപ്പോൾ സതിയുടെ ഇടനെഞ്ചിൽ ഒരു മിന്നലേറ്റു….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…