Novel

നിലാവിന്റെ തോഴൻ: ഭാഗം 116

രചന: ജിഫ്‌ന നിസാർ

“ഈ മാസം പതിനഞ്ചിന് തന്നെ ഉറപ്പിക്കുകയല്ലേ ക്രിസ്റ്റി?”
മുഹമ്മദ്‌ ക്രിസ്റ്റിയെ നോക്കി.

അവന്റെ കണ്ണുകൾ മീരയുടെ നേരെയായിരുന്നു.

അവളൊന്നും മിണ്ടാതെ പാത്തുവിന്റെ പിന്നിലേക്ക് മാറിയതും അവനൊന്നു ചിരിച്ചു.

ശേഷം അവന്റെ കണ്ണുകൾ ഫൈസിയെ തേടി.

അന്നോളം കണ്ടതിൽ വച്ചേറ്റവും മനോഹരമായൊരു ചിരിയോടെ നിൽപ്പുണ്ട്… ചെക്കൻ.

“അന്ന് തന്നെ ഉറപ്പിക്കാം. അല്ല്യോ ഡാ? ”
ക്രിസ്റ്റി ഫൈസിയെ നോക്കി ചോദിച്ചു.

അവനൊന്നു തലയാട്ടിയതല്ലാതെ ഒന്നും മിണ്ടിയില്ല.

“ഇതെന്താ ക്രിസ്റ്റി.. പതിനഞ്ചിന് ഇത്രേം പ്രതേകത?”

ഷാനവാസ്‌ അവനെ നോക്കി കുഞ്ഞൊരു ചിരിയോടെ ചോദിച്ചു.

“അന്ന്.. അന്നാണെന്റെ അനിയൻ ജയിലിൽ നിന്നും റിലീസാവുന്നത് ”

അതേ ചിരിയോടെ തന്നെ അവനത് പറയുമ്പോൾ ഡെയ്സി കണ്ണ് നിറച്ചു കൊണ്ടവനെ നോക്കി.

എന്റെ അനിയൻ…

വല്ലാത്തൊരു ശക്തമായ വാക്കുകൾ.
“എന്റെ”… ഒരാൾക്കു കൊടുക്കാവുന്ന ഏറ്റവും നല്ല സമ്മാനം…

എന്റെയല്ലേ… എന്നൊരു വാക്ക് മതിയാവും.

“അവനൊരുപാട് മാറി പോയിട്ടുണ്ട്. ഈ പതിനഞ്ചു ദിവസം ജീവിതത്തിൽ അവനൊരിക്കലും മറക്കത്തില്ല. അങ്ങനെയുള്ള അവന്റെ ജീവിതത്തിൽ അവനിറങ്ങി വരുന്ന ആ ദിവസവും സ്പെഷ്യൽ ആയിരിക്കണം.. അതും അവനൊരിക്കലും മറക്കരുതെന്നെനിക്ക് നിർബന്ധമുണ്ട് .”

ക്രിസ്റ്റി അവരെയെല്ലാം നോക്കിയിട്ടാണ് പറയുന്നത്.

എല്ലാവരിലും സ്നേഹത്തോടെ അവനായിട്ട് ചുണ്ടിലൊരു ചിരി ബാക്കിയുണ്ടായിരുന്നു.

“നിന്റെ ആഗ്രഹത്തിനൊപ്പം നിൽക്കാനാണെടോ ഞങ്ങൾക്കും ഇഷ്ടം ”
മുഹമ്മദ്‌ അവനെ നോക്കി പറഞ്ഞു.

“ഈ മാസം പതിനഞ്ച് എന്നൊക്കെ പറയുമ്പോൾ.. ഇനി ഒരാഴ്ചയൊള്ളു കേട്ടോ ”
മാത്തൻ ഓർമ്മിപ്പിച്ചു.

“നമ്മൾ ഒരുമിച്ച് നിന്നാ ഒരാഴ്ച വേണോ.. വല്യപ്പച്ച.രണ്ടൂസം കൊണ്ട് സെറ്റക്കി എടുക്കാവുന്നതെയുള്ളൂ “ആര്യൻ പറഞ്ഞതോടെ അവരെല്ലാം തലയാട്ടി സമ്മതിച്ചു.

ഫൈസിയുടെ കണ്ണുകൾ ഇടയ്ക്കിടെ മീരയെ തഴുകി തലോടി കടന്ന് പോകുന്നുണ്ടായിരുന്നു.. അപ്പോഴെല്ലാം.

ഒരാഴ്ചക്ക് ശേഷം ക്രിസ്റ്റിയെ ഒന്ന് ഫ്രീയായി കിട്ടിയതിന്റെ സന്തോഷം മുഴുവനുമുണ്ട് കുന്നേൽ കുടുംബത്തിലുള്ള എല്ലാവരിലും.

നല്ലൊരു ദിവസം നോക്കി പിള്ളേരെ പിടിച്ചു കെട്ടിക്കാമെന്ന് മുഹമ്മദ്‌ ആവിശ്യപെട്ടപ്പോൾ അതുറപ്പിക്കാൻ വേണ്ടി ക്രിസ്റ്റിയവരെ കുന്നേലേക്ക് ക്ഷണിച്ചു.

രണ്ട് പ്രാവശ്യം ജയിലിൽ പോയി റിഷിനെ കാണാൻ ഇല്ലാത്ത സമയമുണ്ടാക്കി അവൻ ശ്രമിച്ചിരുന്നു.
പക്ഷേ രണ്ട് പ്രാവിശ്യവും ആരെയും കാണാൻ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞിട്ട് റിഷിനവനെ കാണാൻ കൂട്ടാക്കിയതുമില്ല.
അന്നുറപ്പിച്ചതാണ് ക്രിസ്റ്റി…മീരയുടെയും ഫൈസിയുടെയും കല്യാണത്തിന് അവനെന്തായാലും വേണമെന്നുള്ളത്.

ഷാനവാസിനോട് കല്യാണമുറപ്പിക്കാൻ ലില്ലിയെ കൂട്ടിയിട്ട് വരാൻ പറയാനും മറന്നില്ല.

ആ മാസം പതിനഞ്ചിന് തന്നെ കല്യാണതീയതി ഉറപ്പിച്ചു.

സന്തോഷത്തോടെ ഭക്ഷണം കഴിച്ചു കൊണ്ടാണ് അവരെല്ലാം പിരിഞ്ഞത്.മുഹമ്മദ്‌ കഴിച്ചു കഴിഞ്ഞു പോയിരുന്നു.

അയാൾക്ക് പിറകെ ആര്യനും പെട്ടന്ന് യാത്ര പറഞ്ഞു പോയി.

അച്ഛന്റെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും അവൻ മോചിതനായിട്ടില്ല.
ക്രിസ്റ്റി നിർബന്ധിച്ചു വിളിച്ചത് കൊണ്ട് മാത്രം അവൻ അന്നങ്ങോട്ട് വന്നതാണ്.

“രണ്ടൂസം കഴിഞ്ഞിട്ട് പോകാം കുഞ്ഞാന്റി ”
ഭക്ഷണം കഴിച്ചു കഴിഞ്ഞതും പോകാൻ ധൃതിക്കൂട്ടി ഷാനവാസിന്റെ അരികിലെത്തിയ ലില്ലിയോട് ക്രിസ്റ്റി പറഞ്ഞു.

“ഏയ്.. അത് പറ്റൂലെട മോനെ.. ഞാനില്ലേൽ ഒന്നും ശെരിയാവില്ല ”
ഒരാഴ്ച കൊണ്ടൊരു ഭാര്യയുടെ സംസാരത്തിലേക്കും ചിന്തയിലേക്കും ലില്ലി മാറി പോയിരുന്നു.

താനില്ലെങ്കിൽ തന്റെ കുടുംബത്തിൽ ഒന്നും നടക്കില്ലെന്നുള്ള മിഥ്യധാരണയോടെ ജീവിക്കുന്ന അനേകം ഭാര്യമാരിലേക്ക് അവള് കൂടി ചെർക്കപെട്ടിരുന്നു.

താനില്ലെങ്കിലും ഉണ്ടെങ്കിലും എല്ലാം.. എല്ലാർക്കും ചെയ്യാനാവുമെന്നു മനസ്സിലാക്കാതെ പോകുന്ന വിഡ്ഢികളായ അനേകം ഭാര്യമാരെ പോലെ.. അവളും ഊറ്റം കൊള്ളാൻ പഠിച്ചിരിക്കുന്നു!

“ആർക്ക് കുഞ്ഞാന്റി?”
അവിടെ ക്രിസ്റ്റിക്കരികിൽ തന്നെ ഇരിപ്പുണ്ടായിരുന്ന ഫൈസി ചിരിയോടെ ചോദിച്ചു.

നിമിഷങ്ങൾ കൊണ്ട് കുഞ്ഞാന്റി വിളറി പോവുന്നതും ആ മുഖത്തു കാണാൻ മനോഹരമായൊരു ഭാവം വിരിയുന്നതും.. കൺകോണ് കൊണ്ട് ഷാനവാസിനെ ഒന്ന് നോക്കിയിട്ട് അവളകത്തേക്ക് പോകുന്നതും ക്രിസ്റ്റി നിർവൃതിയോടെ കണ്ടിരുന്നു പോയി.

മനസ്സിൽ വല്ലാത്തൊരു സുഖം നൽകുന്നുണ്ട് ആ കാഴ്ചകൾ.

“ഉമ്മാക്കിപ്പോ എങ്ങനുണ്ട് ഷാനിക്കാ?”
ക്രിസ്റ്റി ഷാനവാസിനെ നോക്കി.

“ഉമ്മേം മോളും കൂടി തകർക്കുവല്ലേ ക്രിസ്റ്റി.. ഞാനിപ്പോ അവിടെ നിന്നും ഔട്ടാവുന്ന മട്ടാ ”
ഉള്ള് നിറഞ്ഞൊരു ചിരിയോടെ അയാൾ പറഞ്ഞു.

ജീവിതത്തിൽ അങ്ങേയറ്റം സംതൃപ്തി നിറഞ്ഞൊരു മനസ്സ് കൂടി ക്രിസ്റ്റി അയാളുടെ മുഖത്ത് പ്രതിഫലിച്ചു കണ്ടിരുന്നു.

ക്രിസ്റ്റി ഫൈസിയെ നോക്കിയൊന്ന് ചിരിച്ചു.

യാത്ര പറഞ്ഞു ഇറങ്ങി വന്ന ലില്ലിക്ക് പിറകിൽ എന്തൊക്കെയോ സാധനങ്ങൾ നിറച്ച നിരവധി കവറുകളും തൂക്കി അകത്തുള്ള മിക്കവരും ഉണ്ടായിരുന്നു.

“ക്രിസ്റ്റി… ഇതൊന്നാ വണ്ടിയിലേക്ക് വെച്ച് കൊടുത്തേ നീ ”
കയിലുള്ള ചാക്ക് താഴെ വെച്ച് മറിയാമ്മച്ചി ക്രിസ്റ്റിയെ നോക്കി വിളിച്ചു പറഞ്ഞു.

“പടച്ചോനെ… ഇതെല്ലാം കൂടി അതിനകത്തു വെച്ചാ ഞാനും ലില്ലിയും പോകാൻ വേറെ വണ്ടി വിളിക്കേണ്ടി വരുമല്ലോ ”
ഷാനവാസ് അത് പറഞ്ഞു കൊണ്ട് എഴുന്നേറ്റു.

“ഓഓഓ.. അതിന് മാത്രം ഇതെന്നതാട മോനെ ഉള്ളത്.പറമ്പിൽ ഒണ്ടായ കൊറച്ചു പച്ചക്കറിയും മറ്റുമാണ്. ചുമ്മാ കാശ് കൊടുത്തു വെഷം വാങ്ങിച്ചു കഴിക്കുന്നതിലും നല്ലതല്ലേ വല്ലപ്പോഴും ഇതും കഴിക്കുന്നത് ?”
ത്രേസ്യ കൂടി പറഞ്ഞതോടെ ഷാനവാസ് ലില്ലിയെ നോക്കി.

“ഞാൻ.. ഞാൻ പറഞ്ഞിട്ടൊന്നുമല്ല ”
അത് വരെയും കാണാത്തൊരു കുറുമ്പോടെ ലില്ലി അയാളോട് പറയുന്നത് കേട്ടതും അവിടുള്ളവരുടെ മുഖത്തിനൊപ്പം മനസ്സ് കൂടി നിറയുകയായിരുന്നു.

കാരണം അത്രമാത്രം അടുപ്പമുള്ളവരോട് മാത്രമേ നമ്മൾ കുറുമ്പും കുസൃതിയും കാണിക്കാറൊള്ളല്ലോ….?

❣️❣️

“നീ എന്തിനാടാ എന്നോടാ ഓഫീസിൽ ജോയിൻ ചെയ്യേണ്ടന്ന് പറഞ്ഞത്. നല്ലൊരു ഓപ്ഷൻ ആയിരുന്നു എനിക്കത്. ഇന്റർവ്യൂ അറ്റന്റ് ചെയ്തത് മുതൽ ഞാൻ പ്രതീക്ഷയോടെ കാത്തിരുന്ന ജോലിയാണ്. അപ്പഴാ അവന്റെയൊരു വാശി ”

ലില്ലിയെയും ഷാനവാസിനെയും യാത്രയാക്കി അവരെല്ലാം അകത്തേക്ക് പോയതും സിറ്റൗട്ടിൽ കസേരയിലിരുന്ന് കൊണ്ട് ഫൈസി ക്രിസ്റ്റിയെ നോക്കി.

“അതൊക്കെയുണ്ട്… ഞാൻ പറയാം നിന്നോട്. ഇപ്പൊ ഏതായാലും നിനക്കാ ജോലി വേണ്ട മോനെ ഫൈസൽ മുഹമ്മദേ ”
അവനരികിലെ മറ്റൊരു കസേരയിൽ ഇരുന്നു കൊണ്ട് ക്രിസ്റ്റി ചിരിയോടെ പറഞ്ഞു.

“നീ കാര്യം പറ… ഒരുമാതിരി സസ്പെൻസിടാതെ.. ഒരാഴ്ച കഴിഞ്ഞ എന്റെ കല്യാണമാണ് പഹയാ. അന്നേരം ജോലിയില്ലാതെ ഒക്കുവോ..?”
ഫൈസി അവനെ നോക്കി കണ്ണുരുട്ടി.

“അവളെ സംരക്ഷിക്കാൻ കഴിയുന്നൊരു ജോലി.. നിനക്ക് കിട്ടിയിരിക്കും ”
ക്രിസ്റ്റി ഉറപ്പോടെ തന്നെ പറഞ്ഞു.

“എന്താടാ.. നീ എനിക്ക് സ്ത്രീധനം തരാനുള്ള വല്ല പരിപാടിയുമാണോ..?അങ്ങനെങ്ങാനും നീ എന്നെ കണ്ടാ പൊന്ന് മോനെ.. അടിച്ചു നിന്റെ പല്ല് കൊഴിക്കും ഞാൻ ”
ഫൈസി കടുപ്പത്തിൽ ക്രിസ്റ്റിയെ നോക്കി പറഞ്ഞു.

“അതിന് നീ എനിക്ക് അളിയനാവുന്നുണ്ടോ?ക്രിസ്റ്റി അപ്പോഴും ചിരിയിലാണ്.

“പെങ്ങളെ കെട്ടുന്നവൻ പിന്നെ നിന്റെ കുഞ്ഞമ്മയായിട്ട് വരുവോ?”
ഫൈസി പല്ല് കടിച്ചു.

“പെങ്ങളെ കെട്ടുന്നുണ്ട്. സമ്മതിച്ചു. പക്ഷേ നീ എനിക്കെന്റെ കൂട്ടുകാരൻ ആയിരുന്നാൽ മതിയെടാ… അതാണ് എനിക്കിഷ്ടം ”
നേർത്തൊരു ചിരിയോടെ ക്രിസ്റ്റി പറയുമ്പോൾ അതേ ചിരി ഫൈസിയുടെ മുഖത്തും ഉണ്ടായിരുന്നു.

“എന്റെ മനസിലൊരു ഐഡിയ ഉണ്ട്. പത്തു പൈസ കയ്യിലില്ലാത്ത കാലത്തും ഞാൻ കണ്ടിരുന്നൊരു സ്വപ്നമുണ്ട്. അതിന്റെ അവസാനമിനുക്ക് പണിയിലാണ് ഞാൻ. നിനക്ക് തരുന്ന സ്ത്രീധനമായിട്ടല്ല. നിങ്ങളെ പിരിയാതിരിക്കാൻ ഞാൻ കണ്ട് പിടിച്ചൊരു സൂത്രമാണത് .. നമ്മൾ ഒരുമിച്ച്.. ഞാനും നീയും ആര്യനും..”

ഫൈസി ഒന്നും പറയാതെ അവനെ കേട്ടിരുന്നു.

“ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങൾ ബാക്കിയുണ്ട് ഫൈസി. എനിക്കൊപ്പം നിങ്ങൾ കൂടി ചേരുമ്പോൾ മാത്രം പൂർത്തിയാവുന്ന നിരവധി കാര്യങ്ങൾ. അത്.. നമ്മൾക്കത് ചെയ്യണം ”

ക്രിസ്റ്റി പറയുമ്പോൾ ഫൈസി ഒന്നും മിണ്ടാതെ അവനെ നോക്കി തലയാട്ടി.

എന്താണ് നിന്റെ സ്വപ്നമെന്നോ… എന്താണ് അവിടെ തന്റെ റോളെന്നോ ഫൈസി ചോദിച്ചില്ല.

അതെന്ത് തന്നെയായാലും അവൻ തനിക്കൊപ്പം ഉണ്ടാവുമെന്ന് ക്രിസ്റ്റിക്ക് ഉറപ്പിക്കാൻ പാകത്തിനൊരു ചിരിയോടെ ഫൈസി അവനരികിലിരുന്നു.

❣️❣️

“ഉറങ്ങിയോ?”ഫൈസിയെ യാത്രയാക്കി
മുറിയിലെത്തി നോക്കുമ്പോൾ ചെരിഞ്ഞു കിടന്നു കള്ളയുറക്കം നടിച്ചു കിടപ്പാണ് പെണ്ണെന്നു മനസ്സിലായിട്ട് തന്നെ അവളുടെ കവിളിൽ അമർത്തി ഉമ്മ വെച്ച് കൊണ്ട് ക്രിസ്റ്റി ആ അരികിലേക്ക് കിടന്നു.

“പോ അവിടുന്ന്.. എനിക്കുറക്കം വരുന്നു ”
പാത്തു അവന്റെ തള്ളി മാറ്റി കൊണ്ട് പരിഭവത്തോടെ പറഞ്ഞു.

“പിന്നെ… നീ ഉറങ്ങിയത് തന്നെ ”

അതെ സ്പീഡിൽ അവളെ കൂടുതൽ ഇറുകെ കെട്ടിപിടിച്ചു കൊണ്ടവൻ ചിരിയോടെ പറഞ്ഞു.

“ഞാനെത്ര നേരായി കാത്തിരിക്കുന്നു ”
പാത്തു മുഖം വീർപ്പിച്ചു കൊണ്ടവനെ നോക്കി.

“അതറിയാവുന്നത് കൊണ്ടല്ലേടി പാത്തോ ഞാനോടി വന്നത് ”
അവന്റെ ചിരിയിലേക്ക് നോക്കിയതും അവളിലെ പിണക്കവും പരിഭവവും മഞ്ഞു പോലെ ഉരുകി പോയിരുന്നു.

നാളുകൾക്ക് ശേഷമാണ് അവനത്രയും ഫ്രീയായിട്ട് അവൾക്കരികിൽ ഉണ്ടാവുന്നത്.

ഏത് പാതിരാത്രി വന്നാലും തന്നെ വിളിച്ചുണർത്തിയില്ലേലും പൊതിഞ് പിടിച്ച് കൊണ്ടാ നെഞ്ചിൻ ചൂടിൽ ചേർത്തുറക്കുമായിരുന്നു.

“മ്മ്… ന്താ നോക്കുന്നേ?”
കട്ടിലിലേക്ക് ചാരി കയറി ഇരുന്നു കൊണ്ട് ക്രിസ്റ്റി ചോദിച്ചു.

“കുറേ നാളായില്ലേ ഇങ്ങനെ കിട്ടിയിട്ട്. നോക്കിയിട്ട് കൊതി തീരുന്നില്ല ”

പാത്തുവോരു ചിരിയോടെ അവനോട് പറഞ്ഞു.

“ആണോ..?”
കുസൃതിചിരിയോടെ ക്രിസ്റ്റി അവളെ പിടിച്ചു വലിച്ചു കൊണ്ട് തന്നിലേക്ക് ചേർത്തിരുത്തി.

“തിരക്കൊക്കെ തീർന്നോ..?”

പാത്തു മുഖം ചെരിച്ചു കൊണ്ടവനെ നോക്കി.

“എവിടുന്ന്.. ഇനിയങ്ങോട്ട് തിരക്ക് കൂടുവല്ലേ പാത്തോ ”

അവനവളുടെ തോളിലേക്ക് മുഖം ചായ്ച്ചു കൊണ്ട് പറഞ്ഞു.

“മീരയുടെ കല്യാണം നമ്മുക്ക് അടിപൊളിയാക്കണം.”
പാത്തു ആവേശത്തിൽ പറഞ്ഞു.

“അവളുടെ വിരലിൽ കോർത്തു പിടിച്ചു കൊണ്ട് ക്രിസ്റ്റി മൂളി.
പിന്നെയും അവളെന്തൊക്കെയോ സ്വപ്നങ്ങളെ കുറിച്ച് പറയുന്നുണ്ട്..

അവളെ കൂടുതൽ തരളിതയാക്കുന്ന തലോടലും ചുംബനങ്ങളും കൊണ്ട് അവനതെല്ലാം മൂളി കേൾക്കുന്നുമുണ്ട്…

💞💞

കുന്നേൽ നിന്നുള്ളവരെല്ലാം ചെന്നു കയറുമ്പോൾ കോളനിയിലുള്ളവർ ഒന്നടങ്കം പകച്ചുപോയി.

പെട്ടന്നവരെ അവിടെ അവരും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല.

അത് മാത്രമല്ല.. റിഷിന്റെ കാര്യങ്ങൾ കൂടി അറിഞ്ഞതോടെ ഇനി ഗൗരിയുമായിട്ടൊരു ബന്ധം അവരാഗ്രഹിക്കുന്നുണ്ടാവില്ല എന്നുറപ്പിച്ചു നിൽക്കുന്നയിടത്തേക്കാണ് ക്രിസ്റ്റിയുടെ കൂടെ അവരെല്ലാം വന്നിറങ്ങിയത്.

“ഇതെന്താണ്.. എല്ലാരും ഇങ്ങനെ നിൽക്കുന്നെ..?”

ക്രിസ്റ്റീയൊരു ചിരിയോടെ ചോദിച്ചു.

“ഞങ്ങൾ വന്നത് ഇഷ്ടമായില്ലേ ഇനി…?”
അവനത് കൂടി ചോദിച്ചത്തോടെ അവരെല്ലാം പരസ്പരം നോക്കി.

“അല്ല.. ഞങ്ങളെല്ലാരും കരുതി.. ഇനി.. ഇനി ”
ക്രിസ്റ്റിയുടെ മുഖത്തു നോക്കി ബാക്കി പറയാൻ അവർക്കൊരു ബുദ്ധിമുട്ടുണ്ടായിരുന്നു.

ക്രിസ്റ്റോയൊന്നു ചിരിച്ചു.

“റിഷിന്റെ കാര്യങ്ങൾ നിങ്ങളും അറിഞ്ഞതല്ലേ.. ഗൗരിയെ ഇനി അവനെയെല്പ്പിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടോ?”

ഗൗരിയുടെ അച്ഛൻ രാജന്റെ അരികിൽ ചെന്നിട്ടാണ് ക്രിസ്റ്റി ചോദിച്ചത്.

അയാൾ പിന്നിൽ മുഖം കുനിച്ചു നിൽക്കുന്ന ഗൗരിയെ നോക്കി.

അവളൊന്നും മിണ്ടിയില്ല.. മുഖം ഉയർത്തി നോക്കിയതുമില്ല.

“അവനെന്റെ അനിയനാണ്.. പക്ഷേ ഞാനവനെ ഒരിക്കലും ന്യായീകരിക്കാൻ ശ്രമിക്കുകയില്ല. അവൻ ചെയ്തതും പ്രവർത്തിച്ചതുമെല്ലാം തെറ്റ് തന്നെയാണ്. ഗൗരിയോട് ചെയ്തത് അതിലേറ്റവും ഗൗരവമേറിയതുമാണ്.പക്ഷേ എനിക്കുറപ്പുണ്ട്.. ഇനി പുറത്തിറങ്ങി വരുന്ന റിഷിൻ.. അവനൊരു പുതിയ ആളായിരിക്കുമെന്നത്. തെറ്റും ശെരിയും വളരെ വ്യക്തമായി വേർതിരിച്ചു കാണാൻ കഴിയുന്ന ഒരു മനുഷ്യനായിരിക്കുമെന്നത് ”

കൂടി നിൽക്കുന്നവരെ എല്ലാവരെയും നോക്കിയിട്ടാണ് ക്രിസ്റ്റി അത് പറഞ്ഞത്.

അവരാരും ഒന്നും മിണ്ടിയില്ല.

“ഞാൻ നിങ്ങളെ നിർബന്ധിക്കുകയല്ല. തീരുമാനം തീർച്ചയായും നിങ്ങൾക്കെടുക്കാനുള്ള സ്വതന്ത്ര്യവുമുണ്ട്. പക്ഷേ.. ഗൗരി… ഒരിക്കൽ നീ സ്നേഹിച്ചവനാണ്.. നിനക്കവനെ മറക്കാൻ കഴിയുമെങ്കിൽ … മറ്റൊരാൾക്കൊപ്പം അവനെ ഓർക്കാതെ സന്തോഷത്തോടെ നിനക്ക് ജീവിക്കാൻ കഴിയുമെങ്കിൽ.. നിനക്കവനെ ഉപേക്ഷിച്ചു പോകാം. ആരും തടയില്ല ”

ക്രിസ്റ്റി ഗൗരിയുടെ അരികിലേക്ക് നീങ്ങി നിന്നു.

കരഞ്ഞു ചുവന്ന കണ്ണുകളിൽ റിഷിൻ വാക്കുകൾ കൊണ്ടെല്പിച്ച മുറിവിന്റെ വേദന അവൻ വ്യക്തമായും കാണുന്നുണ്ട്.

“എനിക്കറിയില്ല… സത്യമായും എന്ത് വേണമെന്ന് എനിക്കറിയില്ല ഏട്ടാ.. ഞാൻ.. എനിക്ക്.. എനിക്ക് റിഷിയേട്ടനെ മറക്കാൻ…മറക്കാനൊന്നും കഴിയില്ല.. പക്ഷേ.. പക്ഷേ എന്നേ ഇഷ്ടമല്ലെന്ന് പറഞ്ഞു.. ഞാൻ.. എന്നോടുള്ള ഇഷ്ടം വെറും ടൈം പാസ് ആയിരുന്നെന്നു പറഞ്ഞു.. ഇനിയും.. ഇനിയും അങ്ങനെ പറഞ്ഞ.. അത് കേൾക്കാൻ… എനിക്ക് കഴിയില്ല.. ഞാൻ ഞാനത്ര സ്നേഹിക്കുന്നുണ്ട് ”

മുഖം പൊതിഞ്ഞു കരയുന്നവളെ, ക്രിസ്റ്റി തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ടവളുടെ തോളിൽ തട്ടി.

“അവൻ വരട്ടെ… അവനും മനസ്സിലാവും ഈ സ്നേഹം. പറഞ്ഞു പോയതിനും ചെയ്തു കൂട്ടിയതിനുമെല്ലാം അവനവന്റെ സ്നേഹം കൊണ്ട് പ്രായശ്ചിത്തം ചെയ്‌തോളും ”

ക്രിസ്റ്റി അവളെ ആശ്വാസിപ്പിച്ചു.

“ഒരു അനുനയചർച്ചകല്ല കേട്ടോ ഞങ്ങളിപ്പോ വന്നത്. എന്റെ കൊച്ചു മോളുടെ കല്യാണത്തിന് നിങ്ങളെ എല്ലാവരെയും ക്ഷണിക്കാനാണ്.”

മാത്തൻ അവരെ നോക്കി ചിരിച്ചു.

മീരയുടെ കണ്ണുകളാണ് അത് കേട്ടതും ആദ്യം നിറഞ്ഞത്.

“വരൂ.. എല്ലാവരും ഇരിക്കൂ ”

മൂകത നിറഞ്ഞ അന്തരീക്ഷത്തിനൊരു അയവ് വന്നതെത്ര പെട്ടന്നാണ്.

അവരെല്ലാം പെട്ടന്ന് ആതിഥെയരായി.. അവരെ സ്വീകരിച്ചു.

ക്രിസ്റ്റി ജയിലിൽ കിടന്ന അന്നത്തെ കോളനിക്കാരുടെ പ്രഹസനം മനസ്സിലുള്ളത് കൊണ്ട് തന്നെ മറിയാമ്മച്ചി മുഖം കയറ്റി പിടിച്ചു കൊണ്ട് അവരോടുള്ള ദേഷ്യം തീർക്കുന്നുണ്ട്.

ഒടുവിൽ ക്രിസ്റ്റിയാണ് ആ ദേഷ്യത്തിന്റെ കാരണം അവർക്ക് മുന്നിൽ വെളിപ്പെടുത്തി കൊടുത്തത്.

അന്ന് കുന്നേൽ വന്നതും ബഹളമുണ്ടാക്കിയതൊന്നും തങ്ങളിൽ പെട്ട ആരുമല്ലെന്ന് അവർ ആണയിട്ട് പറഞ്ഞിട്ടും അന്ന് വന്നവർ ക്രിസ്റ്റിയെ പറഞ്ഞ വാക്കുകൾ അത്ര പെട്ടന്നൊന്നും ആ മനസ്സിൽ നിന്നും മാഞ്ഞു പോകുന്നതായിരുന്നില്ല.

ഏറെ സന്തോഷം നിറഞ്ഞൊരു ഒത്തു കൂടലായിരുന്നു.

കുന്നേൽ ഉള്ളവർ അവരുടെ ബന്ധുക്കാളായി താങ്ങളെ അംഗീകരിക്കുന്നു എന്നാ ചിന്ത തന്നെ കോളനിക്കാർക്കിടയിൽ വല്ലാത്തൊരു മർമരം തീർത്തു.

അതിന്റെ സന്തോഷം അവരുടെ വാക്കിലും പ്രവർത്തിയിലും പ്രകടമായി തന്നെ ഉണ്ടായിരുന്നു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button