മാധ്യമ ഭീമന് റുപര്‍ട്ട് മര്‍ഡോക്കിന്റെ പാളയത്തില്‍ പട; അധികാരത്തിനായി മക്കള്‍ അടിയോട് അടി
വാഷിങ്ടണ്‍: ആഗോള മാധ്യമ രാജാവ് കെയ്ത്ത് റുപര്‍ട്ട് മര്‍ഡോക്കിന് തലവേദനകള്‍ ഒഴിഞ്ഞ നേരമില്ല. 93ാം വയസ്സില്‍ അദ്ദേഹം ഈ വര്‍ഷമാണ് ഒരു പുതിയ വിവാഹം കഴിച്ചത്. സമാധാനത്തോടെ ഒരു മധുവിധുവൊന്നും സാധ്യമല്ലെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഓസ്ട്രേലിയയിലെ മെല്‍ബണില്‍ പിറന്ന ഇദ്ദേഹം മര്‍ഡോക്ക് ന്യൂസ് കോര്പറേഷന് എംഡിയും ചെയര്‍മാനുമാണ്.
ഫോര്‍ബ്സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏകദേശം 17 ബില്യണ്‍ ഡോളര്‍ (14,27,41,77,50,000 രൂപ) ആണ് ഈ ശതകോടീശ്വരന്റെ മൊത്തം ആസ്തി. ഈ വര്‍ഷം ജൂണ്‍ മൂന്നിന് ആയിരുന്നു അദ്ദേഹം 67 കാരിയായ മോളിക്യൂലാര്‍ ബയോളജിസ്റ്റ് എലീന സുക്കോവയെ ജീവിതസഖിയാക്കിയത്. പിന്നാലെ 93ാം വയസില്‍ ഫോക്സ് ന്യൂസിന്റെ ഔദ്യോഗിക ചുമതലകളില്‍ നിന്നും സ്വയം വിരമിക്കുകയും മൂത്തമകനെ ഫോക്സ് ന്യൂസിന്റെ മാതൃകമ്പനികളായ ഫോക്സ് കോര്‍പറേഷന്റെയും ന്യൂസ് കോര്‍പറേഷന്റെയും തലപ്പത്ത് എത്തിക്കുകയും ചെയ്തെങ്കിലും കാര്യങ്ങളൊന്നും ആള് വിചാരിച്ച രീതിയില്‍ ശുഭമായില്ല.
ഫോക്സ് കോര്‍പ്പറേഷനെന്ന മാധ്യമമുത്തശ്ശന്റെ മുന്‍ചെയര്‍മാന്‍ കൂടിയായ മര്‍ഡോക്കിനെ ഇന്നലെയുടെയും ഇന്നിന്റെയും നാളെയുടെയും വാര്‍ത്താലോകത്തിന്റെ കഥപറയുന്ന മാധ്യമസാമ്രാജ്യത്തിന്റെ അധിപന് എന്നാണ് ലോകം വിശേഷിപ്പിക്കുന്നത്. 93ാം വയസിലും നെട്ടോട്ടത്തിലാണ് ഈ മാധ്യമ കുലപതി. വാര്‍ത്തകളുമായുള്ള മത്സരയോട്ടമൊന്നുമല്ല ഇപ്പോള്‍ അദ്ദേഹം നടത്തുന്നത്. തനിക്ക് ശേഷം ആര് ഫോക്സ് കോര്‍പ്പറേഷനെ നയിക്കുമെന്ന സുപ്രധാന തീരുമാനമെടുക്കുന്നതിനുള്ള നിയമപോരാട്ടത്തിന്റെ ഭാഗമായ ഓട്ടത്തിലാണ് ഈ മനുഷ്യന്.
എന്നും തന്റെ തീരുമാനങ്ങള്‍ക്കൊപ്പം അണുവിട തെറ്റാതെ നിലയുറപ്പിക്കുന്ന മൂത്തമകന് തന്റെ സാമ്രാജ്യത്തിന്റെ താക്കോല്‍ കൈമാറണമെന്നാണ് മര്‍ഡോക്കിന്റെ ആഗ്രഹം. വലതുപക്ഷ സ്വഭാവമുള്ള ഈ മാദ്ധ്യമസ്ഥാപനങ്ങള്‍ ഇതുപോലെ തന്നെ തുടരണമെങ്കില്‍ തന്റെ മക്കളില്‍ ഏറ്റവും യാഥാസ്ഥിതികനായ ലാച്ചലന് തന്നെ അതിന്റെ ഉടമസ്ഥതയിലേക്കെത്തണമെന്നാണ് മര്‍ഡോക്ക് വിശ്വസിക്കുന്നത്. അതില്‍ അദ്ദേഹത്തെ കുറ്റംപറയാനും ആര്‍ക്കും പറ്റില്ല.
പക്ഷേ ബാക്കിയുള്ള മര്‍ഡോക്കിന്റെ അഞ്ചു മക്കളും അച്ഛന്റെ സ്വത്തില്‍ അവകാശം വേണമെന്നുറപ്പിച്ചുള്ള പിന്തുടര്ച്ചാവകാശ പോരാട്ടത്തിലാണ്. ഇരുചെവിയറിയാതെ തമ്മിലടി ഒത്തുതീര്‍പ്പാക്കാനായി പരക്കം പായുകയാണ് മര്‍ഡോക്കും മക്കളും. കഴിഞ്ഞ കുറേ ദിവസങ്ങളായി കറുത്ത എസ്യുവികളുടെ വാഹനവ്യൂഹം തന്നെയാണ് കോടതിയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
രണ്ടാമത്തെ വിവാഹമോചന സമയത്ത് എടുത്ത കടുത്ത ഒരു തീരുമാനമാണ് ഇപ്പോള്‍ മര്‍ഡോക്കിന് വിനയായി തീര്‍ന്നിരിക്കുന്നത്. അന്ന് ഒരു ട്രസ്റ്റ് രൂപീകരിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായതാണ് എല്ലാം കലങ്ങിമറിയാന്‍ ഇടയാക്കിയത്. കുടുംബ ട്രസ്റ്റിന്റെ നിയമപ്രകാരം ലാച്ചലന് മര്‍ഡോക്കിന്റെ സഹോദരന് ജെയിംസിനും സഹോദരിമാരായ എലിസബത്തിനും പ്രുഡന്‍സിനും കമ്പനിയുടെ നടത്തിപ്പില്‍ ഇടപെടാനുള്ള അവകാശമുണ്ടെന്നായിരുന്നു ഇതിലെ വ്യവസ്ഥ.
എന്നാല്‍ താന്‍തന്നെ കുഴിച്ച കുഴിയില്‍നിന്നും കരകയറാനുള്ള നിയമപരമായ സാധ്യതകളാണ് ഇപ്പോള്‍ മര്‍ഡോക്കിനെ നില്‍ക്കാതെ ഓടാന്‍ നിര്‍ബന്ധിതനാക്കിയിരിക്കുന്നത്. അഞ്ച് തവണ വിവാഹിതനായ മര്‍ഡോക്കിന് മര്‍ഡോക്കിന്റെ മൂത്ത നാല് മക്കള്‍ക്ക് ട്രസ്റ്റില്‍ വോട്ടവകാശമുണ്ടെങ്കിലും ഇളയ രണ്ട് കുട്ടികള്‍ക്ക് സ്വത്തില്‍ അവകാശങ്ങളൊന്നും പറയുന്നില്ലെന്നതാണ് ഏറെ വിചിത്രം.
ട്രസ്റ്റ് നിയമങ്ങള്‍ മറികടന്ന് മൂത്തമകനെ തന്റെ പിന്‍ഗാമിയായി അവരോധിക്കാനുള്ള ശ്രമങ്ങള്‍ക്ക് ബാക്കി അഞ്ചു മക്കളും ഒറ്റക്കെട്ടായി തടയിട്ടതോടെ പണിപാളി. പ്രൊജക്റ്റ് ഹാര്‍മണി എന്ന പേരില്‍ യുഎസിന്റെ അറ്റോര്‍മി ജനറല്‍ ആയിരുന്ന വില്യം ബാറിന്റെ നേതൃത്വത്തില്‍ സമവായത്തിന് ശ്രമിച്ചെങ്കിലും സമ്പൂര്‍ണ പരാജയം ആയിരുന്നു ഫലം. ഇതോടെയാണ് വിഷയം കോടതി കയറിയതും മാധ്യമ കുലപതിക്ക് വിശ്രമമെന്നത് വിദൂര സ്വപ്നമായി തീര്‍ന്നത്.